സത്യവുമായുള്ള മനുഷ്യന്റെ ഗാഢമായ ബന്ധം

സത്യസന്ധതയും, ആത്മാര്‍ത്ഥതയുമാണ്‌ ബന്ധങ്ങള്‍ക്ക്‌ കെട്ടുറപ്പു നല്‍കുന്നത്‌. ജീവിതത്തില്‍ എന്തെല്ലാംതന്നെ സംഭവിച്ചാലും സത്യവുമായുള്ള ബന്ധം ഒരിക്കലും കൈവിട്ടുകളയരുത്‌.
 

സത്യത്തിനോടുചേര്‍ന്നു നില്‍ക്കാനായില്ല എങ്കില്‍, ജീവിതം നിത്യേനയെന്നോണം നമ്മെ ബലാത്‌കാരം ചെയ്യുന്നതുപോലെയാണ്‌ അനുഭവപ്പെടുക.

 

സദ്‌ഗുരു: സത്യവും നമ്മളുമായി ഗാഢമായൊരു ബന്ധമുണ്ട്‌, അതില്ലായിരുന്നുവെങ്കില്‍ നമ്മള്‍ നിലനില്‍ക്കുമായിരുന്നില്ല. എന്നാല്‍ മനുഷ്യന്‍റെ ഇപ്പോഴത്തെ സ്ഥിതിവിശേഷം ശ്രദ്ധിച്ചാല്‍, സത്യവുമായി യാതൊരുവിധ ബന്ധവുമില്ല എന്ന രീതിയിലാണവന്‍ ജീവിക്കുന്നത്. ഒരു ദിശയിലേയ്ക്ക് മാത്രം നീങ്ങുന്ന (one way traffic) അതായത്, അവിടെനിന്നും ഇങ്ങോട്ടുമാത്രമായുള്ള ഒരുതരം പ്രേമബന്ധം, ഇപ്പോള്‍ സാധാരണമായി അതാണു കണ്ടു വരുന്നത്. ജീവിതത്തില്‍ എന്തെല്ലാംതന്നെ സംഭവിച്ചാലും സത്യവുമായുള്ള ബന്ധം ഒരിക്കലും കൈവിട്ടുകളയരുത്‌. സത്യത്തിനോടുചേര്‍ന്നു നില്‍ക്കാനായില്ല എങ്കില്‍, ജീവിതം നിത്യേനയെന്നോണം നമ്മെ അടിച്ചുപിഴിഞ്ഞ്, യാതൊന്നിനും കൊള്ളരുതാത്ത ജീവശ്ശവം കണക്കെ രൂപാന്തരപ്പെടുത്തുന്നതായാണ് അനുഭവപ്പെടുക.

സത്യം എന്നത്‌ നമ്മുടെ സ്വന്തം സൃഷ്‌ടിയല്ല. എന്നാലും നമ്മളോടേറ്റവും അടുത്തു നില്‍ക്കുന്നത്‌ അതാണെന്ന വസ്തുത മറക്കരുത്‌

ജീവിതത്തില്‍ ഏതെങ്കിലും ഒരാശയത്തോട്‌ ഉറച്ച പ്രതിബദ്ധത ഉണ്ടായിരിക്കണം. അതില്ല എങ്കില്‍ മുന്നോട്ടുപോകാനാകാതെ ജീവിതം നിന്നിടത്തുതന്നെ ഉറച്ചുപോകും, ദുസ്സഹമായിത്തീരുകയും ചെയ്യും - രാവിലെ ഉണര്‍ഴുന്നേല്‍ക്കുന്നത്‌ എന്തിനാണ്‌ എന്നുപോലും സ്വയം ചോദിക്കുന്ന ഒരവസ്ഥയിലെത്തിച്ചേരും. അതേ സമയം, സത്യത്തിന്റെ നേരെ കൈ എത്തിക്കാനായാലോ, ജീവിതം അടിമുടി ചൈതന്യവത്താവുകയും ചെയ്യും. സത്യം എന്നത്‌ നമ്മുടെ സ്വന്തം സൃഷ്‌ടിയല്ല. എന്നാലും നമ്മളോടേറ്റവും അടുത്തു നില്‍ക്കുന്നത്‌ അതാണെന്ന വസ്തുത മറക്കരുത്‌.

അസത്യത്തെ ഉന്മൂലനം ചെയ്യുക

അസത്യം - അതിനെ നിര്‍ജ്ജീവമാക്കിയാലേ സത്യത്തിനെ സ്വന്തമാക്കാനാകുകയുള്ളു. ജീവിതത്തില്‍ അനാവശ്യമാണെന്നു തോന്നുന്ന വികാരവിചാരങ്ങളെ ഓരോന്നായി നശിപ്പിക്കുക, അതായത് നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വികാരങ്ങളെയും താല്‍പര്യങ്ങളെയും. ഉദാഹരണത്തിന്‌, ഉള്ളിലുള്ള ദേഷ്യം, പക, വൈരാഗ്യം, അസൂയ തുടങ്ങിയ നീചവികാരങ്ങളെ എന്നെന്നേയ്ക്കുമായി ഇല്ലാതെയാക്കും എന്നു മനസ്സ് കൊണ്ടു തീരുമാനിച്ചാല്‍ പോര, ഇനിയൊരിക്കലും ഉണര്‍ന്നു പൊങ്ങി വരാത്തവിധം വെട്ടി നിരപ്പാക്കി അവയെ ഉന്മൂലനം ചെയ്യണം.

"എന്റെ ഈ പെരുമാറ്റരീതിയില്‍ മാറ്റം വരുത്താന്‍ പറ്റിയിരുന്നെങ്കില്‍ ജീവിതം കൂടുതല്‍ സന്തോഷകരമായിരുന്നേനെ” എന്നു പലപ്പോഴും തോന്നാറില്ലേ? അങ്ങനെയുള്ള അനാവശ്യ വികാരങ്ങളെ വ്യക്തമായി തിരിച്ചറിയുക. അവയെ ഉന്മൂലനം ചെയ്യുമെന്ന്‍ സ്വയം ഉറപ്പിക്കുക. അങ്ങനെ ഉറപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ല, ബോധപൂര്‍വ്വം പരിശ്രമം തുടര്‍ന്നു കൊണ്ടിരിക്കുകയും വേണം.

പലപ്പോഴും മനസ്സില്‍ നമ്മള്‍ പറയും, ``ഇനി മുതല്‍ ഞാന്‍ ആരോടും ദേഷ്യപ്പെടുകയില്ല, ആരുടെ നേര്‍ക്കും മനസ്സ് നോവുന്ന വാചകങ്ങള്‍ ഉപയോഗിക്കുകയില്ല.” വാസ്‌തവത്തില്‍ അത്തരത്തിലുള്ള തീരുമാനം തന്നെ സത്യത്തിനെതിരാണ്. ഇതൊന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്നതാണ്‌ സത്യം. ചെറിയ ചുവടുകള്‍വെച്ച്‌ വലിയ ദൂരങ്ങള്‍ നമുക്കു താണ്ടാനാകും, പക്ഷെ ആ ചെറിയ ചുവടുകള്‍ വെയ്ക്കാന്‍ നമ്മള്‍ സ്വമനസ്സാലെ തയ്യാറാകണം. അവനവനെക്കൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങള്‍ ചെയ്‌തിരിക്കുമെന്ന ദൃഢനിശ്ചയം, അതാണാദ്യം വേണ്ടത്. പിന്നീടത്‌ പരമാവധി നടപ്പിലാക്കാന്‍ പ്രയത്‌നിക്കുക. അല്ലാതെ ഞാന്‍ മനസ്സുകൊണ്ടുറപ്പിച്ചു കഴിഞ്ഞു, അതുകൊണ്ടതു സ്വമേധയാ നടന്നുകൊള്ളും എന്നു സ്വയം പറഞ്ഞ് അവനവനെത്തന്നെ കബളിപ്പിക്കുകയല്ല. അസത്യത്തിന്റെ കൂട്ടുപിടിച്ച്‌ ഒരാള്‍ക്കും സത്യത്തിനോടടുക്കാന്‍ സാദ്ധ്യമല്ല.

ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍, അതുകൊണ്ട് ‌നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ നേട്ടമുണ്ടാവുമെന്നു തോന്നിയാല്‍, ഒരുക്ഷണംപോലും മടിച്ചുനില്‍ക്കരുത്‌. "ഞാന്‍ ഇങ്ങനെയായിപ്പോയി, ഇനി എന്തു ചെയ്യാന്‍,” എന്ന ചിന്താഗതി ഒരിക്കലും ശരിയല്ല. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതാവും അതിന്റെ സാരം, അല്ലെങ്കില്‍ അതിനൊന്നും മിനക്കെടാന്‍ വയ്യ എന്നുമാകാം. എപ്പോഴും ആവലാതിപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരുപാടു പേരുണ്ട്, എന്നാല്‍ പരിഹാരങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അവ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയുമില്ല. ``ഇനിയെത്രകാലം? എനിക്കിനി മാറാനൊന്നും പറ്റില്ല. അതിനുള്ള പ്രായമൊക്കെ കഴിഞ്ഞു. ഇത്ര നാളും കഴിഞ്ഞതുപോലെ ഇനിയും അങ്ങു കഴിയാം”എന്ന് മനസ്സില്‍ കരുതും. ഇത്തരം സത്യസന്ധത ഇല്ലാത്ത മാനസിക വികാരത്തെ വേരോടെ പിഴുതു കളയുക; അതുമാത്രം മതി സത്യം വെളിപ്പെടുത്തിക്കിട്ടാന്‍.

മനുഷ്യന് എന്നും മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും, പ്രജ്ഞയുള്ളത്തോളം കാലം!

ഇതിനൊന്നും പ്രായം ഒരു വിലങ്ങാവില്ല. നേരെ മറിച്ച്, അനുഭവങ്ങളുടെ മാറാപ്പു കൂടുംതോറും - പ്രത്യേകിച്ച് കയ്പേറിയ അനുഭവങ്ങള്‍; മാറ്റങ്ങളുള്‍ക്കൊള്ളാനുള്ള മനക്കരുത്തിന്റെ വ്യാപ്തിയും കൂടും. മനുഷ്യന് എന്നും മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും, പ്രജ്ഞയുള്ളത്തോളം കാലം! പരിശ്രമമെന്നോണം, എല്ലാ മാസവും ഒന്നാം തീയതി, "ഇതു ഞാന്‍ ചെയ്യുന്നത് ശരിയാംവിധമല്ല" എന്ന് തോന്നുന്ന ഏതെങ്കിലും ഒരു പ്രവൃത്തിയിലേയ്ക്കു ശ്രദ്ധ തിരിക്കു. അടുത്ത ഒന്നാം തീയതിയാകുമ്പോഴേക്കും ആ ശീലം അല്ലെങ്കില്‍ രീതി പൂര്‍ണമായും തുടച്ചുമാറ്റിയിരിക്കും എന്നൊരു പ്രതിജ്ഞ എടുത്തു നോക്കു. പ്രതിജ്ഞ എടുത്താല്‍ മാത്രം പോര, അതിലേയ്ക്കായി അഘോരമായി പ്രയത്നിക്കുകയും വേണം.

തുടരും...