സര്‍ഗവാസന എങ്ങിനെ വികസിപ്പിക്കാനാകും?
യഥാര്‍ത്ഥത്തില്‍ മനുഷ്യനൊന്നും സൃഷ്‌ടിക്കുന്നില്ല. ഇക്കണ്ട ആവിഷ്ക്കാരങ്ങളും പുതിയ പുതിയ യന്ത്രോപകരണങ്ങളും മറ്റും ആരും പുതിയതായി സൃഷ്ടിച്ചെടുത്തതല്ല.
 
 

सद्गुरु

എത്ര സങ്കീര്‍ണ്ണമായ യന്ത്രോപകരണങ്ങള്‍ നാം കണ്ടുപിടിച്ചാലും, എത്ര മെച്ചപ്പെട്ട രാസവ്യവസായങ്ങള്‍ ആവിഷ്‌കരിച്ചാലും, അതിലും എത്രയോ ഉന്നത നിലവാരമുള്ള യന്ത്രസംവിധാനവും രാസപ്രവര്‍ത്തനങ്ങളും നമ്മുടെ ശരീരത്തിനുള്ളില്‍ തന്നെയുണ്ട്‌.

എന്തും ഏതും പ്രചോദനമേകുന്നതാകട്ടെ

ഒരു മനുഷ്യനും ഇവിടെയൊന്നും പുതുതായി സൃഷ്‌ടിച്ചിട്ടില്ല. നമ്മുടെ എല്ലാ സൃഷ്‌ടികളും ഇവിടെ എപ്പോഴൊക്കെയോ ആയി സംഭവിച്ചു കഴിഞ്ഞിട്ടുള്ളതിന്റെ അനുകരണമാണ്‌. അല്ലെങ്കില്‍, അതില്‍തന്നെ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളവയാണ്‌. ഏറ്റവും സങ്കീര്‍ണ്ണമായ, അതിസൂക്ഷ്മമായ യന്ത്രോപകരണങ്ങള്‍ നിങ്ങള്‍ കണ്ടുപിടിച്ചാലും, എത്ര മെച്ചപ്പെട്ട രാസവ്യവസായങ്ങള്‍ ആവിഷ്‌കരിച്ചാലും അതിലും അത്യധികം മെച്ചപ്പെട്ടതായ യന്ത്രസംവിധാനവും രാസപ്രവര്‍ത്തനങ്ങളും നമ്മുടെ ശരീരത്തിനുള്ളില്‍തന്നെയുണ്ട്‌ എന്നതാണ്‌ പരമാര്‍ത്ഥം. ചിത്രരചനയോ, ശില്‍പകലയോ ഒക്കെയെടുത്താലും നമ്മള്‍ ചെയ്യുന്നത്‌ പ്രകൃതിയെ അനുകരിക്കല്‍ മാത്രമാണ്‌. യഥാര്‍ത്ഥത്തില്‍ മനുഷ്യനൊന്നും സൃഷ്‌ടിക്കുന്നില്ല. അതു കൊണ്ട്‌, സര്‍ഗവാസന എന്ന വാക്കിന്‌ വലിയ പ്രാധാന്യമൊന്നുമില്ല.

ഏതെങ്കിലുമൊരു മേഖലയില്‍ തനതായ സര്‍ഗവൈഭവം പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍, ആദ്യം ചെയ്യേണ്ടത്‌ ചുറ്റുപാടുകളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണ്‌.

എന്നാലും ഏതെങ്കിലുമൊരു മേഖലയില്‍ തനതായ സര്‍ഗവൈഭവം പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍, ആദ്യം ചെയ്യേണ്ടത്‌ ചുറ്റുപാടുകളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണ്‌. അങ്ങനെയൊരു നീരീക്ഷണപാടവം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍, കാണുന്നതെന്തായാലും അതു നിങ്ങളുടെ കണ്‍മുമ്പില്‍ പുതിയൊരു ലോകം വിടര്‍ത്തിത്തരും. അതിന്റെ പ്രതിഫലനം നിങ്ങള്‍ ചെയ്യുന്നതിലെല്ലാം നവ്യമായൊരു പ്രകാശം പരത്തുകയും ചെയ്യും. നിങ്ങളുടെ കാഴ്‌ചപ്പാട്‌ പതുക്കെ പതുക്കെ ഈ പ്രപഞ്ചത്തോളം വിശാലമാകും.

സര്‍ഗവൈഭവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌, അതിശയകരമായ എന്തെങ്കിലും പുതിയതായി സൃഷ്‌ടിക്കുക എന്നതല്ല. നിലം തൂത്തുതുടയ്ക്കുന്നതിലും നിങ്ങള്‍ക്കു വേറിട്ടൊരു ശൈലി സ്വീകരിക്കാം. ചുറ്റുപാടുകളെ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നാല്‍ ചെയ്യുന്ന ഏതു പ്രവൃത്തിയിലും തനിമയുള്ള ഒരു പുതുമ കൊണ്ടുവരാന്‍ നമുക്കു സാധിക്കും. അതോടൊപ്പം അവനവന്റെ ആന്തരികമായ ചെയ്തികളില്‍ ശ്രദ്ധയര്‍പ്പിക്കാനായാല്‍, പ്രവൃത്തികളെന്തായാലും അവയ്ക്കൊരു പുതിയ മാനം കൈവരും.

വികലമായ കാഴ്‌ചപ്പാടുകള്‍ വേണ്ട

സര്‍ഗപ്രതിഭക്കു വളരാന്‍ ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ്‌ തെളിവുറ്റ ഒരു മനസ്സ്‌. മുന്‍ധാരണകളും, മുന്‍വിധികളും, സ്വാര്‍ത്ഥചിന്തകളും കൊണ്ട് വികലമായൊരു മനസ്സ്‌ സര്‍ഗാത്മതയ്ക്ക്‌ തീരെ ചേര്‍ന്നതല്ല. ജീവിതത്തിന്റെ, പാരമ്പര്യത്തിന്റെ കാണാച്ചുമടും പേറിയാണ്‌ നിങ്ങള്‍ സഞ്ചരിക്കുന്നതെങ്കില്‍, കാണേണ്ടതു പലതും നിങ്ങള്‍ കണ്ടില്ലെന്നുവരും. കണ്ടതു തന്നെയും വേണ്ടവിധത്തിലായില്ലെന്നും വരും.

യോഗശാസ്‌ത്രത്തില്‍ മനസ്സിനെ കണ്ണാടിയോടാണ്‌ ഉപമിക്കാറുള്ളത്‌. കണ്ണാടി അഴുക്കില്ലാതെ ശുദ്ധമായിരുന്നാലെ, അതുകൊണ്ടു പ്രയോജനമുള്ളു. കണ്ണാടി വളഞ്ഞും ചെരിഞ്ഞുമിരുന്നാലും, രൂപങ്ങള്‍ വികലമായിരിക്കും. വസ്‌തുക്കളെ അതാതിന്റെ മട്ടില്‍ അത്‌ പ്രതിഫലിപ്പിക്കുകയില്ല. കണ്ണാടിയുടെ മുമ്പില്‍ അന്തസ്സോടെ നിവര്‍ന്നു നിന്നാല്‍ അതേ അന്തസ്സോടെ അത്‌ നിങ്ങളെ പ്രതിഫലിപ്പിക്കും. അതിന്റ മുമ്പില്‍നിന്നും മാറിക്കഴിഞ്ഞാലോ, പിന്നെ നിങ്ങളുടെ നിഴല്‍പോലും അതില്‍ കാണാനാവില്ല. ഇനിയൊരാള്‍ മുമ്പില്‍ വന്നുനിന്നാല്‍ അയാളെയായിരിക്കും കണ്ണാടി പ്രതിഫലിപ്പിക്കുക

നമ്മുടെ മനസ്സും കണ്ണാടിപോലെയായിരിക്കണം. ജീവിതത്തെ അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി സ്വീകരിക്കാം, എന്നാല്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മാറാലയും, പൊടിയും മനസ്സില്‍ പറ്റി നില്‍ക്കാതെ സമയാസമയം തട്ടിക്കളയാന്‍ ശ്രദ്ധിക്കണം. അങ്ങനെയായാല്‍ കലര്‍പ്പൊന്നുമില്ലാതെ, എല്ലാത്തിനെയും അതാതിന്റെ രൂപത്തിലും, വേഷത്തിലും വീക്ഷിക്കാന്‍ നമുക്ക് കഴിയും. അങ്ങനെ തിരക്കൊഴിഞ്ഞ ഒരു മനസ്സുണ്ടായാല്‍, അതില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വളരാന്‍ നിങ്ങളുടെ സര്‍ഗശക്തിക്ക്‌ ഇടം കിട്ടും. ഒരു കണ്ണാടിയിലെന്നപോലെ ദൃശ്യങ്ങള്‍ അതാതിന്റെ രൂപഭാവങ്ങളോടെ മനസ്സിലൂടെ കടന്നുപോകട്ടെ. ഒന്നിനും സ്ഥിരമായൊരു സ്ഥാനം കൊടുക്കേണ്ടതില്ല. ചിന്തകളുടെ ഭാരം പേറി നിവര്‍ന്നു നില്‍ക്കാനാകാത്ത മനസ്സുകൊണ്ട് എന്തു സൃഷ്‌ടിയാണ്‌ നടത്താനാവുക?

ചിന്തകളുടെ ഭാരം പേറി നിവര്‍ന്നു നില്‍ക്കാനാകാത്ത മനസ്സുകൊണ്ട് എന്തു സൃഷ്‌ടിയാണ്‌ നടത്താനാവുക?

സൃഷ്‌ടിക്കു പ്രചോദനമാകുന്നത്‌ നമ്മുടെ ചുറ്റുപാടുകളാണ്‌. അതില്‍ പ്രധാനപ്പെട്ടതും പ്രാധാന്യമര്‍ഹിക്കാത്തതുമുണ്ടാകും. ചിലതിനോടിഷ്‌ടം തോന്നും; മറ്റു ചിലതിനോട്‌ അനിഷ്‌ടവും. അങ്ങനെ വരുമ്പോള്‍ ചിലതില്‍നിന്നും നിങ്ങള്‍ മാറിനില്‍ക്കുന്നു; അകല്‍ച്ച പാലിക്കുന്നു. സര്‍ഗാത്മകതയുടെ കാര്യത്തില്‍ ഈ രീതി ശരിയല്ല, കാരണം, സ്വന്തമെന്ന വിചാരം ഇല്ലാതാകുമ്പോള്‍ മാത്രമേ മനസ്സുണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയുള്ളു. വിഷയമെന്തായാലും അതില്‍ മാത്രം മനസ്സുമുഴുകി, 'ഞാന്‍' ചെയ്യുന്നു, എന്തോ 'ലാഭേച്ഛ' കണ്ടുകൊണ്ടു ചെയ്യുന്നു എന്ന വിചാരം വെടിഞ്ഞ്, ഏറ്റെടുത്ത ജോലി ചെയ്യുന്നു, എന്നാലാവും വിധം നന്നായി ചെയ്യും എന്ന വിചാരം വരുത്താന്‍ കഴിഞ്ഞാല്‍ അതു നമുക്ക് പ്രത്യേകിച്ചൊരു ഉള്‍ക്കാഴ്‌ച പകര്‍ന്നു തരും.

വേണ്ടതെല്ലാം നമ്മുടെ ചുറ്റുപാടിലുമുണ്ട്‌, അവയെ കണ്ടെത്തി കൈയ്യിലെടുത്ത്‌ സ്വന്തം ഭാവനയ്ക്കനുസരിച്ച്‌ സൃഷ്‌ടി നടത്തുക. ഒന്നിനേയും അകറ്റി നിര്‍ത്തേണ്ട, ചുറ്റുപാടുകളുമായി ഇടപഴകി ജീവിക്കുക.

 
 
  0 Comments
 
 
Login / to join the conversation1