सद्गुरु

കുടുംബബന്ധങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാവുന്നത് അപൂര്‍വ്വമല്ല. അതിനെത്തുടര്‍ന്ന്‍ അന്തരീക്ഷം സംഘര്‍ഷപൂര്‍ണമാകുന്നു. ഏറ്റവും അടുപ്പമുള്ളവര്‍ തമ്മിലാകും ഏറ്റവുമധികം സ്വരചേര്‍ച്ചയില്ലായ്‌മ. അച്ഛനമ്മമാരോടായിരിക്കും ചിലപ്പോള്‍ വിയോജിപ്പ്‌, സഹോദരങ്ങള്‍ തമ്മിലുള്ള കലഹവും വളരെ സാധാരണമാണ്‌. എന്താണിതിനൊരു പോംവഴി?

സദ്ഗുരു : മാതാപിതാക്കന്മാര്‍, സഹോദരീസഹോദരന്മാര്‍ എന്ന്‍ പറഞ്ഞല്ലോ. അതോടെ ഒരു കാര്യം ഉറപ്പായി. ഇവരെ ആരേയും നമ്മള്‍ സ്വന്തം ഇഷ്‌ടപ്രകാരം തെരഞ്ഞെടുത്തതല്ല. ഭാര്യാ ഭര്‍ത്താക്കന്മാരുടെ കാര്യമാണെങ്കില്‍ പ്രശ്‌നം തെരഞ്ഞെടുതത്തില്‍ പറ്റിയതാണെന്ന് ചൂണ്ടിക്കാട്ടാമായിരുന്നു. അതിനുത്തരവാദി മറ്റാരുമല്ല, നിങ്ങള്‍ തന്നെ എന്നു പറയാനുമാവും.

കുടുംബം എന്നു പറഞ്ഞാല്‍, അതൊരു ചെറിയ കൂടുപോലെയാണ്‌. ഇഷ്‌ടമുണ്ടോ ഇല്ലയൊ, കുറച്ചുകാലമെങ്കിലും അവരോടൊത്ത്‌ കഴിയാന്‍ ഒരാള്‍ ബാദ്ധ്യസ്ഥനാണ്‌.

സ്വന്തം പരിമിതികള്‍ മനസ്സിലാക്കാന്‍ ഏറ്റവും പറ്റിയ ഒരിടമാണ്‌ കുടുംബം. ഏതാനും ചില വ്യക്തികള്‍ മാത്രമടങ്ങുന്ന ഒരു ചെറു വൃത്തത്തിനുള്ളിലാണ് നിങ്ങള്‍. അവരെ കാണാതേയും, കേള്‍ക്കാതെയും അവരുമായി ഇടപഴകാതെയും ഒഴിഞ്ഞു മാറാനാവില്ല. അവര്‍ ചെയ്യുന്ന പലതും നിങ്ങള്‍ക്കിഷ്‌ടമായില്ലെന്നു വരാം, എന്നാലും മാറിനില്‍ക്കാനാവില്ല. കുടുംബം എന്ന് പറയുമ്പോള്‍ ഇന്നത്തെ ഫേസ്‌ബുക്ക്‌ കുടുംബത്തിനെപ്പറ്റിയല്ല വിശദീകരിക്കുന്നത്, അതില്‍ പതിനായിരം പേരുണ്ടെങ്കിലും പ്രശ്‌നമില്ല, ഇഷ്‌ടക്കേടു തോന്നിയാല്‍ പുറത്താക്കാന്‍ ഒരു ‘ക്ലിക്‌’ മാത്രം മതി. അതുകൊണ്ടാണാദ്യമേ സൂചിപ്പിച്ചത്‌, കുടുംബം നല്ലൊരു പരിശീലനക്കളരിയാണെന്ന്‍.

അവനവന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കപ്പുറം പറന്നുയരാന്‍ മനസ്സിനെ പഠിപ്പിച്ചെടുക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ്‌ കുടുംബം. നിങ്ങളുടെ വാശികള്‍ക്ക്‌ നിദാനം നിങ്ങളുടെ ഇഷ്‌ടങ്ങളും ഇഷ്‌ടക്കേടുകളുമാണ്‌. ആരോടെങ്കിലും അല്ലെങ്കില്‍ എന്തിനോടെങ്കിലും ഇഷ്‌ടം തോന്നിയാല്‍, അത്‌ സ്വന്തമാക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള വാശി. അവയ്ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ വിവേകം സ്വയം പിന്‍വാങ്ങുന്നു. എന്നാല്‍ ഇഷ്‌ടം തോന്നാത്തതിനെ ഒഴിവാക്കാനും, അകറ്റിനിര്‍ത്താനുമായിരിയ്ക്കും നിങ്ങളുടെ ശ്രമം. രണ്ടും രണ്ടു തരത്തിലുള്ള നിര്‍ബന്ധബുദ്ധിയാണെന്നു പറയാം.

കുടുംബം എന്നു പറഞ്ഞാല്‍, അതൊരു ചെറിയ കൂടുപോലെയാണ്‌. ഇഷ്‌ടമുണ്ടോ ഇല്ലയൊ, കുറച്ചുകാലമെങ്കിലും അവരോടൊത്ത്‌ കഴിയാന്‍ ഒരാള്‍ ബാദ്ധ്യസ്ഥനാണ്‌. ഈ കാലയളവ്‌ എങ്ങനെയായിരിക്കണമെന്ന്‍ നിങ്ങള്‍ക്ക്‌ സ്വയം തീരുമാനിക്കാം. ഒന്നുകില്‍ പിണങ്ങിയും എതിര്‍പ്പ്‌ പ്രകടിപ്പിച്ചും ദിവസങ്ങള്‍ കയ്‌പു നിറഞ്ഞതാക്കാം, അല്ലെങ്കില്‍ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കപ്പുറം കടന്ന്‍ കുടുംബസമാധാനം പുലര്‍ത്താന്‍ ശ്രമിക്കാം. നിങ്ങളുടെ ഭര്‍ത്താവിന്റെ കാര്യം തന്നെയെടുക്കാം, അദ്ദേഹത്തിന്റെ ചില ശീലങ്ങള്‍ നിങ്ങള്‍ക്കു പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസം. എങ്കിലും നിങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കാതെ സഹിച്ചു ജീവിക്കുന്നു ‘അങ്ങനെയെങ്കില്‍ അങ്ങനെ’ എന്ന ഭാവം. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ ശീലത്തിനു മാറ്റമുണ്ടാവില്ല, പക്ഷെ നിങ്ങള്‍ അതിനകം സ്വന്തം ഇഷ്‌ടക്കേടിനെ അതിജീവിക്കാന്‍ പഠിച്ചിരിക്കും. സാഹചര്യങ്ങളെ അതിന്റെ രീതിയില്‍ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറായി എന്നാണതിന്റെ അര്‍ത്ഥം. അതിനുപകരം, "എന്റെ ഗതി ഇതായല്ലോ’ എന്നു തലയില്‍ കൈവച്ചു നിലവിളിച്ചുകൊണ്ടിരുന്നാല്‍ അതയാളില്‍ ഒരു മാറ്റവുമുണ്ടാക്കില്ല. നിങ്ങളുടെ കണ്ണീരും നിലവിളിയും പാഴായിപ്പോയിയെന്നു മാത്രം. മാറ്റാനാവാത്ത പരിതസ്ഥിതികളെ എതിര്‍ക്കാനും ശപിക്കാനും നില്‍ക്കാതെ ബോധപൂര്‍വ്വം അതിനെ മനസ്സിലാക്കി പൊരുത്തപ്പെട്ടുപോവുകയാണ്‌ നല്ലത്‌. അങ്ങനെ ആ പ്രതികൂല ഘട്ടത്തെ മനസ്സറിഞ്ഞ്‌ മറികടക്കുന്നു.

നമ്മള്‍ വന്നുപെട്ടിരിക്കുന്ന സാഹചര്യങ്ങള്‍, പൂര്‍ണമായും നമ്മള്‍ തിരഞ്ഞെടുത്തതാണെന്ന്‍ പറയുക വയ്യ, പക്ഷെ അതിനെ നമ്മള്‍ എങ്ങനെ കാണുന്നു, ഏതു വിധത്തില്‍ സ്വീകരിക്കുന്നു എന്നത്‌ തീര്‍ച്ചയായും നമുക്കു തീരുമാനിക്കാവുന്ന വിഷയമാണ്‌. ആ കാര്യത്തില്‍ പ്രധാനമായും ശ്രദ്ധ വെയ്ക്കാം. തുടക്കത്തില്‍ സ്വയമറിയാതെയാകും സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കപ്പുറത്ത്‌ നിങ്ങള്‍ ജീവിതത്തെ കാണുന്നത്‌. പതുക്കെ പതുക്കെ ആ പ്രക്രിയ ബോധപൂര്‍വമാകുന്നു, അതിനിടയില്‍ അവനവനറിയാതെ തന്നെ മനസ്സ്‌ ആത്മീയതയിലേക്ക്‌ ചായാന്‍ തുടങ്ങുന്നു. ആദ്ധ്യാത്മികബോധമുണരാന്‍ ഏറ്റവും പറ്റിയ വഴിയാണത്‌. അതിന്‌ ആരുടേയും സമ്മതം വാങ്ങേണ്ടതില്ല. ഞാന്‍ ആത്മീയ പാതയിലേക്കു തിരിയുന്നു എന്ന്‍ വിളിച്ചുപറയേണ്ടതുമില്ല. ജീവിതത്തെ നിങ്ങള്‍ കൂടുതലായി മനസ്സിലാക്കുന്നു, സ്വന്തം പരിമിതികളേയും ഇഷ്‌ടാനിഷ്‌ടങ്ങളേയും മറികടക്കാന്‍ ശീലിക്കുന്നു.

"ആത്മീയം’ എന്ന്‍ ആ മനോഭാവത്തിന്‌ പേരെഴുതി ഒട്ടിക്കേണ്ടതില്ല. ഒന്നിനോടും ബോധപൂര്‍വം പ്രതികരിക്കാതിരിക്കുക, ഒന്നിനെക്കുറിച്ചും വിശേഷിച്ചൊരു മമതയോ വിദ്വേഷമോ തോന്നാതിരിക്കുക; ഇതൊക്കെത്തന്നെയാണ് ആത്മീയമാര്‍ഗത്തിലേക്കുള്ള ആദ്യചുവടുകള്‍. ഈ വിഷയത്തില്‍ പരിശീലനം നേടാന്‍ ഏറ്റവും പറ്റിയ ഇടമാണ്‌ സ്വന്തം കുടുംബം. ‘ഈ കെണിയില്‍ ഞാന്‍ എക്കാലത്തേക്കുമായി പെട്ടുപോയല്ലോ’ എന്നു പരിതപിക്കേണ്ടതില്ല. നിങ്ങളുടെ കുടുംബം ഏതു തരത്തിലുള്ളതായാലും അത്‌ ഏതാനും വര്‍ഷങ്ങള്‍ക്കു മാത്രം വേണ്ടിയുള്ളതാണ്‌. ആ കാലഘട്ടം ബോധപൂര്‍വം പ്രയോജനപ്പെടുത്താം, ജീവിതത്തെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കപ്പുറത്തേക്ക്‌ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ എങ്ങിനെ കഴിയും എന്നു പരിശീലിയ്ക്കാം.

വീട്ടിലുള്ളവര്‍ നിങ്ങളുടെ അഭിപ്രായങ്ങളുമായി യോജിക്കുന്നില്ലേ, വളരെ നന്നായി. ആശ്രമത്തിലെ അന്തേവാസികളോട്‌ ഞാന്‍ എപ്പോഴും പറയാറുണ്ട്, പങ്കാളിയായി, മനസ്സിനൊട്ടും ഇണങ്ങാത്ത ഒരാളെ തിരഞ്ഞെടുക്കൂ. അവരുമായി ഒത്തുചേര്‍ന്ന്‍ ജോലിയെടുക്കാന്‍ ശീലിക്കൂ. പിറുപിറുത്തുകൊണ്ടല്ല, സന്തോഷത്തോടെ. നിങ്ങളുടെ മനസ്സിനുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍തന്നെ അത്ഭുതപ്പെടും. കൂട്ടിന്‌ തെരഞ്ഞെടുക്കുന്നത്‌ ഇഷ്‌ടമുള്ള ഒരാളെയാണെങ്കില്‍ പിന്നീടത്‌ ബുദ്ധിമുട്ടാകും. എപ്പോഴും അയാള്‍തന്നെ പങ്കാളിയായി ഉണ്ടാവണമെന്ന്‍ മനസ്സ്‌ ശാഠ്യം പിടിക്കും. കുടുംബമല്ല ഈ കാര്യത്തില്‍ പ്രശ്‌നമാവുന്നത്‌, സ്വന്തം ഇഷ്‌ടം സ്ഥാപിച്ചെടുക്കാന്‍ നിങ്ങള്‍ കാട്ടുന്ന നിര്‍ബന്ധബുദ്ധിയാണ്‌ അവിടെ കുഴപ്പം സൃഷ്‌ടിക്കുന്നത്‌. ഇഷ്‌ടമുള്ളത്‌ തെരഞ്ഞെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കൂ. കൈവന്ന വിധിയെ ഏറ്റവും നല്ല അനുഭവമാക്കി മാറ്റൂ.

ഇഷ്‌ടമുള്ളത്‌ തെരഞ്ഞെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കൂ. കൈവന്ന വിധിയെ ഏറ്റവും നല്ല അനുഭവമാക്കി മാറ്റൂ.

നിങ്ങളുടെ കൈയ്യില്‍ എത്തിച്ചേരുന്നതെന്തായാലും അത്‌ നിങ്ങളുടെ ഉത്തരവാദിത്വമല്ല. അതിനെ നിങ്ങള്‍ എങ്ങനെ അവനവന്‌ ഗുണകരമാക്കി മാറ്റുന്നു, അതിലാണ്‌ നിങ്ങളുടെ മിടുക്ക്‌! സാധാരണയായി ആളുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്,‌ ‘ഇന്ന്‍ നല്ലൊരു ദിവസം തന്നെ!’ അല്ലെങ്കില്‍ ‘ആകപ്പാടെ ഒരു മോശം ദിവസം!’ ആകാശം മേഘാവൃതമായതുകൊണ്ട്‌ ദിവസം മോശമാകണമെന്നില്ല. കാലാവസ്ഥയും മറ്റും പ്രകൃതിക്കു വിട്ടു കൊടുത്തേക്കൂ. ഒരു ദിവസം തെളിഞ്ഞ വെയില്‍, അടുത്ത ദിവസം ആകെ മഴക്കാര്‍ വന്ന്‍മൂടി ഇരുണ്ടുകൂടിയത്, പിന്നീടു വരുന്നത്‌ തോരാത്ത മഴയായിരിക്കും, അതു കഴിഞ്ഞാല്‍ ചിലപ്പോള്‍ കനത്ത മഞ്ഞുവീഴ്‌ചയായിരിക്കും. അതൊന്നും നമ്മള്‍ കാര്യമാക്കേണ്ടതില്ല. വെയിലുള്ള ദിവസമാണെങ്കില്‍ ഷര്‍ട്ടിടാതെ പുറത്തേക്കിറങ്ങാം. മഴയുണ്ടെങ്കില്‍ കുടയൊ, മഴക്കോട്ടോ എടുത്തോളു, മഞ്ഞാണെങ്കില്‍ സ്‌നോബോര്‍ഡിന്റെ സഹായകമാവാം. കാലാവസ്ഥ എന്തോ എങ്ങനെയൊ ആയികൊള്ളട്ടെ, ഓരോ ദിവസത്തേയും, നല്ലതും ചീത്തയുമായി വേര്‍തിരിക്കുന്നത് നമ്മുടെ മനോഭാവമാണ്‌.

അതുപോലെത്തന്നെ, അപ്പുറത്തും ഇപ്പുറത്തും ജീവിക്കുന്നതാരാണെന്ന്‍ ശ്രദ്ധിക്കേണ്ട. ആരായാലും ആ സാമീപ്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കൂ. ആരും എവിടേയും സ്ഥിരമല്ല, എല്ലാവരും വന്നു പോകുന്നവരാണ്‌, അവരും, നിങ്ങളും. ആരായാലും, എന്തായാലും അതിനെ നല്ലൊരു അവസരമാക്കാന്‍ ശ്രമിക്കുന്നതിലാണ്‌ നമ്മുടെ വിജയം. മാറ്റം വേണമെന്നുണ്ടെങ്കില്‍ അങ്ങനെയാവാം, പക്ഷെ അത്‌ സന്തോഷപൂര്‍വമായിരിക്കണം, ആരുടേയെങ്കിലും നിര്‍ബന്ധം കൊണ്ടാവരുത്‌. ബോധപ്പൂര്‍വമുള്ള ഒരു തീരുമാനമായിരിക്കണമത്‌. "ഇതിഷ്‌ടമല്ലാത്തതുകൊണ്ട്‌ അതിനെ ചാടിപ്പിടിക്കുന്നു’ എന്ന മട്ടാവരുത്‌. അങ്ങനെയൊരു മനസ്സോടുകൂടിയാണ്‌ നിങ്ങള്‍ ഒരു സ്ഥലത്തു ജീവിക്കുന്നതെങ്കില്‍ പിന്നീടു പോകുന്നയിടത്തും നിങ്ങള്‍ക്ക്‌ തൃപ്‌തി കൈവരികയില്ല. എവിടെചെന്നാലും ഇതുതന്നെയാകും അവസ്ഥ. അവനവന്‌ കിട്ടിയതില്‍ തൃപ്‌തി തോന്നുന്നില്ല എങ്കില്‍ അതിനര്‍ത്ഥം, എങ്ങനെ തൃപ്‌തിനേടാം എന്നത് നിങ്ങള്‍ക്കറിയില്ല എന്നതാണ്‌.

ഈ പംക്തിയുടെ തുടര്‍ച്ച അടുത്ത ഞായറാഴ്ച :