सद्गुरु

അമ്പേഷി : ഗുരുദേവാ, അങ്ങ്‌ ഞങ്ങളോട്‌ പലവുരു പറഞ്ഞിട്ടുണ്ട്, ഈ ജീവിതത്തിലെ കഷ്‌ടതകള്‍ക്കെല്ലാം കാരണം കഴിഞ്ഞ ജന്മങ്ങളിലെ കര്‍മഫലമാണ്‌ എന്ന്‍. ഏതു തരത്തിലുള്ള കര്‍മങ്ങള്‍ ഇന്ന്‍ ചെയ്‌താല്‍ വരും ജന്മങ്ങളിലെ തിക്താനുഭവങ്ങള്‍ ഒഴിവാക്കാം?

സദ്‌ഗുരു : ഏത്‌ അനുഭവവും കൈപ്പേറിയതാവുന്നത്‌ എന്താണ്‌ നടന്നത്‌ എന്നതു കൊണ്ടല്ല, നിങ്ങള്‍ അത്‌ എങ്ങിനെ സ്വീകരിച്ചു എന്നതില്‍ നിന്നാണ്‌. ഒരാള്‍ക്ക്‌ കൈപ്പുളവാക്കുന്ന അനുഭവം മറ്റൊരാള്‍ക്ക്‌ അനുഗ്രഹമായി തോന്നും. ഒരിക്കല്‍ ഒരാള്‍ ദുഃഖാര്‍ത്തനായി ഒരു കല്ലറയുടെ അടുത്തെത്തി കല്ലില്‍ തലയടിച്ച്‌ കരയാന്‍ തുടങ്ങി,

ഏത്‌ അനുഭവവും കൈപ്പേറിയതാവുന്നത്‌ എന്താണ്‌ നടന്നത്‌ എന്നതു കൊണ്ടല്ല, നിങ്ങള്‍ അത്‌ എങ്ങിനെ സ്വീകരിച്ചു എന്നതില്‍ നിന്നാണ്‌.

"ഓ, എന്‍റെ ഈ ജീവിതത്തിന്‌ ഇനിയെന്തര്‍ത്ഥം? നീയില്ലാത്ത ജീവിതത്തില്‍ എന്‍റെ ഈ ജഡംപോലുള്ള ശരീരം കൊണ്ടെന്തു പ്രയോജനം? നീ ജീവിച്ചിരുന്നെങ്കില്‍? നിന്നെ ഈ ലോകത്ത്‌ നിന്ന്‍ കൊണ്ടുപോയ വിധി എത്ര ക്രൂരതയാണ്‌ എന്നോടു കാട്ടിയത്‌,. നീ ഉണ്ടാരുന്നെങ്കില്‍ ഈ ലോകംതന്നെ എത്ര വ്യത്യസ്‌തമായിരുന്നേനെ.”

ഇത്‌ കേട്ടു നിന്ന ഒരു വികാരി ചോദിച്ചു, "ആരാണ് ഈ കുഴിമാടത്തില്‍ കിടക്കുന്നത്‌? താങ്കള്‍ക്ക്‌ വളരെ വേണ്ടപ്പെട്ടവരാരോ ആണെന്നു മനസ്സിലായി."

അയാള്‍ കുറച്ചുകൂടി ഉച്ചത്തില്‍ അലമുറയിട്ടുകൊണ്ട് പറഞ്ഞു, "അത്‌ എന്‍റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവായിരുന്നു.”

സംഭവിക്കുന്നത്‌ എന്താണ്‌ എന്നതിലല്ല അതിന്‍റെ കയ്‌പ്‌, നിങ്ങള്‍ അതിനെ ഏത്‌ നിലയില്‍ സ്വീകരിക്കുന്നു, സ്വയം നിങ്ങള്‍ അത്‌ എങ്ങിനെ അനുഭവിക്കുന്നു എന്നതിലാണ്‌. അതുപോലെതന്നെ മുജ്ജന്മ കര്‍മഫലങ്ങളും പ്രവൃത്തിയെ ആശ്രയിച്ചല്ല, അതിന്‍റെ പിന്നിലെ ഇച്ഛാശക്തിയെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌.

എന്നോടും എന്‍റെ ബോധനങ്ങളോടും തുറന്ന സമീപനമാണ്‌ നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍, എല്ലാ പ്രേരകശക്തികളും ഇല്ലാതാവും. സന്ദര്‍ഭത്തിനനുസൃതമായ രീതിയില്‍ നിങ്ങള്‍ വേണ്ടതു മാത്രം ചെയ്യും. ഉണര്‍വ്‌ എന്നാല്‍ ഇതാണ്‌ ചിത്തവൃത്തി ഇല്ലാത്ത അവസ്ഥ. ചിത്തവൃത്തി ഇല്ലെങ്കില്‍ കര്‍മവും ഇല്ല. വേണ്ടത്‌ എന്താണെന്ന്‍ വെച്ചാല്‍ അതുമാത്രം ചെയ്യുക. അതാണ്‌ സ്വീകാര്യത എന്നതിന്‍റെ അര്‍ത്ഥം. ഒന്നിനോടും പ്രത്യേകിച്ച്‌ മമതയോ വിദ്വേഷമോ ഇല്ലാത്ത ആ അവസ്ഥയാണ്‌, അപരിമിതമായ ചുമതലാബോധം. ഓരോ സന്ദര്‍ഭങ്ങളിലും നിങ്ങളുടെ ബോധത്തില്‍ എന്ത്‌ ചെയ്യണമെന്ന്‍ തോന്നുന്നുവോ, അത്‌ നിങ്ങളുടെ പരമാവധി കഴിവിനനുസരിച്ച്‌ ചെയ്യുക, എന്നാല്‍ നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും സങ്കല്‍പ്പത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത്‌ കര്‍മത്തിന്‌ വഴിയൊരുക്കും, നല്ലതായാലും ചീത്തയായാലും. നിങ്ങളുടെ സങ്കല്‍പത്തിന്‍റെ ശക്തിയാലാണ്‌ കര്‍മമുണ്ടാകുന്നത്‌.

ചിത്തവൃത്തി ഇല്ലെങ്കില്‍ കര്‍മവും ഇല്ല. വേണ്ടത്‌ എന്താണെന്ന്‍ വെച്ചാല്‍ അതുമാത്രം ചെയ്യുക. അതാണ്‌ സ്വീകാര്യത എന്നതിന്‍റെ അര്‍ത്ഥം.

എന്നോട്‌ പലരും ആവര്‍ത്തിച്ച്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌, "അങ്ങയുടെ ജീവിതധര്‍മം എന്താണ്‌?’

ഞാന്‍ അവരോട്‌ "ഒരു പ്രത്യേക ലക്ഷ്യവുമില്ലാതെ ഇങ്ങിനെ കറങ്ങി നടക്കുന്നു” എന്ന്‍ പറയുമ്പോള്‍ ഞാന്‍ ബാലിശമായി സംസാരിക്കുന്നു എന്ന്‍ അവര്‍ ചിന്തിക്കും. ഈ ജീവിതത്തെക്കുറിച്ച്‌ ഏറ്റവും ഗഹനമായ ഒരു പ്രസ്‌താവനയാണ്‌ ഞാന്‍ നടത്തിയതെന്ന്‍ അവര്‍ അറിയുന്നില്ല. യാതൊരു മുന്‍വിധികളുമില്ലാതെ അപ്പോഴപ്പോള്‍ വേണ്ടത്‌ അപ്പോഴപ്പോള്‍ ചെയ്യുന്നു, അത്രമാത്രം. അതില്‍നിന്ന്‍ കര്‍മം ഉണ്ടാവുന്നില്ല. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാം സന്ദര്‍ഭത്തിന്‍റെ ആവശ്യകതക്കനുസരിച്ചാണ്‌. അതില്‍ കര്‍മം എന്നു പറയുന്നത്‌ നിങ്ങള്‍ പ്രവൃത്തി ചെയ്യേണ്ട ആവശ്യം മാത്രമാണ്‌. നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യേണ്ട ആവശ്യമില്ലാത്തപ്പോഴും, വേണ്ടതുമാത്രം ചെയ്‌താല്‍ കര്‍മബന്ധനം ഉണ്ടാകുന്നില്ല; കര്‍മപാശം ഉണ്ടാകുന്നില്ല, അത്‌ നല്ലതോ ചീത്തയോ അല്ല.

https://c2.staticflickr.com/4/3889/15190222775_f14ef58a58_b.jpg