सद्गुरु

സദ്‌ഗുരോ, ബുദ്ധിയുള്ളവര്‍ക്കാണ്‌ സംശയങ്ങളുണ്ടാവുക എന്നങ്ങ്‌ പറയുകയുണ്ടായല്ലോ. ഈ സംശയത്തില്‍ നിന്നല്ലേ സങ്കോചമുണ്ടാവുന്നത്‌? കൃഷ്‌ണന്‍ ഗീതയില്‍ പറയുന്നു, സംശയം പാപമാണെന്ന്‍. എല്ലാത്തിനെയും എല്ലാവരെയും ഒരുപോലെ വിശ്വസിക്കാനാകുമോ?

സദ്‌ഗുരു:– സംശയം പാപമാണെന്ന്‍ കൃഷ്‌ണന്‍ പറയാന്‍ കാരണം, ‘സംശയിച്ചു നില്‍ക്കേ കാര്യം കൈവിട്ടുപോകുന്നു’ എന്നതുകൊണ്ടാണ്‌. കാര്യങ്ങളെല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞതിനുശേഷം, അത്‌ ചെയ്യണോ വേണ്ടയോ എന്ന്‍ ശങ്കിച്ചു നില്‍ക്കുന്നത്‌ ശരിയല്ല. എല്ലാം വേണ്ട വിധത്തില്‍ ആലോചിച്ചു കഴിഞ്ഞതിനു ശേഷം, പ്രവര്‍ത്തിക്കാന്‍ മടിച്ചു നിന്നാല്‍ അതുകൊണ്ട്‌ പ്രയോജനമൊന്നുമുണ്ടാവില്ല. കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനു മുമ്പായി യുദ്ധമില്ലാതെ കാര്യങ്ങള്‍ പര്യവസാനിപ്പിക്കാന്‍ കൃഷ്‌ണന്‍ വളരെയധികം അദ്ധ്വാനിച്ചു, ഒരൊത്തുതീര്‍പ്പിലെത്താന്‍ പലവഴികളുമാരാഞ്ഞു, യുദ്ധമൊഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്‌തു. അതൊന്നും പക്ഷെ അദ്ദേഹത്തിന്റെ സങ്കോചത്തിന്റെ ഭാഗമായിരുന്നില്ല.

കാര്യങ്ങളെല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞതിനുശേഷം, അത്‌ ചെയ്യണോ വേണ്ടയോ എന്ന്‍ ശങ്കിച്ചു നില്‍ക്കുന്നത്‌ ശരിയല്ല.

ദുര്യോധനന്‍ യുദ്ധത്തിലേക്ക്‌ എടുത്തു ചാടുകയായിരുന്നു. വരുംവരായ്‌കകളെ കുറിച്ച്‌ ചിന്തിക്കുകയുണ്ടായില്ല, എന്നാല്‍ പാണ്ഡവരും കൃഷ്‌ണനും യുദ്ധത്തിന്റെ സകല വശങ്ങളും വീണ്ടും വീണ്ടും ആലോചിച്ചിരുന്നു. എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ് ഇരു സൈന്യങ്ങളും പടനിലത്തില്‍ നിലയുറപ്പിക്കുകയും ചെയ്‌തപ്പോഴാണ്‌ അര്‍ജുനന്‍ തന്റെ സങ്കോചവും പാരവശ്യവും പ്രകടമാക്കിയത്‌. യുദ്ധത്തിന്‌ തൊട്ടുമുമ്പുള്ള ആ നിമിഷങ്ങളില്‍, അത്തരത്തിലുള്ള സങ്കോചം തികച്ചും അസ്ഥാനത്തായിരുന്നു. പ്രവര്‍ത്തിക്കേണ്ട സമയത്ത്‌ സംശയിച്ചു നിന്നാല്‍ നാശമായിരിക്കും ഫലം. ഹൈവേയില്‍ കൂടി നിങ്ങള്‍ കാറോടിച്ചുപോകുന്നു, നന്നേ തിരക്കുള്ളനേരം. അങ്ങോട്ടും ഇങ്ങോട്ടും ഇടതടവില്ലാതെ വാഹനങ്ങള്‍ പായുന്നു. പാതകളെ വേര്‍തിരിക്കുന്ന ഒന്നും അവിടെയില്ല. കടന്നുപോകാന്‍പോലും ഇടമില്ലെന്നുതന്നെ പറയാം. അധികം ചിന്തിക്കാതെ ഓടിച്ചു പോകുകയാണെങ്കില്‍, എങ്ങനെയെങ്കിലും ഇടം കണ്ടെത്തി കടന്നുപോകാം. ആ നിമിഷം നിങ്ങള്‍ സങ്കോചിച്ചു നിന്നാലോ, എല്ലാം അവതാളത്തിലാവും.

പ്രവൃത്തിയിലേര്‍പ്പെടുമ്പോള്‍ മുഴുവന്‍ ശ്രദ്ധയോടെ അതില്‍ നിരതനാവുക. ആ സമയം നിങ്ങളുടെ ബുദ്ധി പ്രവര്‍ത്തിക്കുന്നത്‌ മറ്റൊരു തലത്തിലായിരിക്കും. അവിടെ നിങ്ങളുടെ ചിന്തയ്ക്കു പ്രസക്തിയില്ല, മറ്റെന്തൊ ആണ്‌ അപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. കളിക്കാര്‍ക്കും കായികാഭ്യാസികള്‍ക്കുമൊക്കെ ഇത്തരം അപൂര്‍വാനുഭവങ്ങളുണ്ടാകാറുണ്ട്‌. ശങ്കിച്ചുനിന്നാല്‍ എല്ലാം തകിടം മറിഞ്ഞുപോകുമെന്ന അവസ്ഥ. സവ്യസാചി എന്നു പേരെടുത്ത അര്‍ജുനനാണ്‌ കൃഷ്‌ണന്‍ ഉപദേശം നല്‍കുന്നത്‌. അസാധാരണ യുദ്ധവൈദഗ്‌ദ്ധ്യം നേടിയ യോദ്ധാവിനെയാണ്‌ സവ്യസാചി എന്നു വിശേഷിപ്പിക്കുക. രണ്ടു കൈകൊണ്ടും ഒരുപോലെ ശരമെയ്യാന്‍ സമര്‍ത്ഥനായിരുന്നു അര്‍ജുനന്‍. അദ്ദേഹത്തെപറ്റി പറയാറുള്ളത്‌ ‘യുദ്ധം ചെയ്യാന്‍ തുടങ്ങിയാല്‍ ആളെ കാണാതാവുമെന്നാണ്‌.’ രണ്ടു കൈകളില്‍ നിന്നുമായി ഇടമുറിയാതെ ശരമാരി പെയ്യും. അത്രയും പേരുകേട്ട, യുദ്ധവിശാരദനായ അര്‍ജുനന്‍ അവസാന നിമിഷം ശങ്കിച്ചു നിന്നാല്‍ എന്താവും കഥ! അതുകൊണ്ടാണ് കൃഷ്‌ണന്‍ അങ്ങനെ പറഞ്ഞത്‌.

ശരിയോ തെറ്റോ എന്ന വിലയിരുത്തലില്ല. “മാലാഖമാര്‍ കടന്നു ചെല്ലാന്‍ മടിച്ചു നില്‍ക്കുന്നിടത്തേക്ക്‌ വിഡ്‌ഢികള്‍ ഓടിക്കയറുന്നു”

“ബുദ്ധിയുള്ളവര്‍ സംശയിക്കും” എന്നു ഞാന്‍ പറഞ്ഞു. വിഡ്‌ഢികളുടെ കാര്യം അങ്ങിനെയല്ല, അവര്‍ക്കെല്ലാ കാര്യവും ഉറപ്പാണ്‌. ശരിയോ തെറ്റോ എന്ന വിലയിരുത്തലില്ല. “മാലാഖമാര്‍ കടന്നു ചെല്ലാന്‍ മടിച്ചു നില്‍ക്കുന്നിടത്തേക്ക്‌ വിഡ്‌ഢികള്‍ ഓടിക്കയറുന്നു” എന്നല്ലേ ചൊല്ല്? ബുദ്ധിയുള്ളവര്‍ ഒന്നിലും എടുത്തു ചാടില്ല. ശരിയും തെറ്റും, ശ്രദ്ധയോടെ വിശകലനം ചെയ്യും. നേരായ മാര്‍ഗ്ഗം അവര്‍ തെരഞ്ഞുപിടിക്കും. എന്നാല്‍ വിഡ്‌ഢികളുടെ ശീലം, ആലോചിക്കാതെ ഓരോരോ പ്രവര്‍ത്തികള്‍ ചെയ്യുക എന്നതാണ്. ഗുണ-ദോഷ ചിന്ത അവര്‍ക്കില്ലതന്നെ.

ആലോചിച്ചുറപ്പിക്കുന്ന സമയം സങ്കോചത്തിന്റേതായി മറ്റുള്ളവര്‍ കണ്ടേക്കാം, പക്ഷെ ആ അര്‍ത്ഥത്തിലല്ല കൃഷ്‌ണന്‍ പറഞ്ഞത്‌. ആ സന്ദര്‍ഭം തന്നെ വേറെയായിരുന്നു. അതില്‍ യാതൊരു വൈരുദ്ധ്യവുമില്ല.