सद्गुरु

ഇവിടെ സദ്ഗുരു തന്‍റെ ഒരു അനുഭവം നമ്മളുമായി പങ്കു വെക്കുകയാണ്. ഒരേ സമയം പേടിപെടുത്തുന്നതും, തമാശയുമായി തോന്നുന്നതുമായ ഈ സംഭവം നമ്മൾ ഉണ്ടെന്നു ഭാവിക്കുന്ന ഉറപ്പും സംരക്ഷണവും എത്ര ചെറുതാണെന്ന് നമ്മെ കാണിച്ചു തരുന്നു. സദ്ഗുരു പറയുന്നു ," സത്യമായ അവസ്ഥയിലേക്ക് ഇറങ്ങി വരുന്നത് ഒരു അനുഗ്രഹമാണ്."

കഠ്മണ്ഡുവിലേക്കു പോകാനായി ഞാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയിരിക്കുകയാണ്. . പൊതു സ്ഥലങ്ങളിൽ ഞാൻ ആളുകളെ നിരീക്ഷിക്കുമ്പോൾ മനസ്സിലായിട്ടുള്ള ഒരു കാര്യം നമ്മളെല്ലാം എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല ഉറപ്പുള്ളതുപോലെയാണ് നടക്കുന്നത് എന്നാണ്. അതിനെപ്പറ്റി ഓർക്കുമ്പോൾ ഞാൻ അമേരിക്കയിൽ നിന്നും ഡൽഹിയിലേക്ക് വരുന്ന വിമാന യാത്രയിൽ ഉണ്ടായ ഒരു കാര്യത്തെക്കുറിച്ച് ഓർമ്മ വരുന്നു. സാൻഫ്രാൻസിസ്കോ മുതൽ യൂറോപ് വരെ വിമാനത്തിന് സാങ്കേതികമായ എന്തോ പ്രശനം ഉണ്ടായിരുന്നത് കൊണ്ട് ഒന്നര മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. ഈ യാത്രക്ക് മുൻപുള്ള രണ്ട് രാത്രികളിലും ഞാൻ ഉറങ്ങിയിരുന്നില്ല. അവിടെ ഉണ്ടായിരുന്ന പേപ്പറുകളും മാസികകളും എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ, ഞാൻ ഉറങ്ങാൻ തീരുമാനിച്ചു. യന്ത്രങ്ങളെ ഇഷ്ടപെടുന്ന ആളെന്ന നിലയിലും, ഒരു വൈമാനികൻ എന്ന നിലയിലും ഞാൻ എഞ്ചിനുകളുടെ ശബ്ദത്തെ പറ്റി വളരെ ബോധവാനാണ്. ഞാൻ ഗാഢ നിദ്രയിലായിരുന്നു. പെട്ടന്ന് എൻജിന്‍റെ സാധാരണ കേൾക്കുന്ന ശബ്ദം കേൾകുന്നില്ലെന്നു എനിക്ക് മനസ്സിലായി. ഞാൻ എണീറ്റിരുന്നു. മറുവശത്തെ എൻജിൻ ശബ്ദത്തോടെ പ്രവർത്തിച്ചിരുന്നു; പക്ഷെ എന്‍റെ ഭാഗത്തെ എൻജിൻ നിശബ്ദമായിരുന്നു. ഞാൻ ജനാല തുറന്നു പുറത്തേക്കു നോക്കി. എൻജിൻ ഒരു ടർബോ ഫാൻ പോലെ കറങ്ങുകയായിരുന്നു.

ഞാൻ ഉടനെ തന്നെ എയർ ഹോസ്റ്റസിനെ വിളിച്ചു . അവർ വന്നപ്പോൾ ഞാൻ പറഞ്ഞു, "ഈ എൻജിൻ പ്രവർത്തിക്കുന്നില്ല. നിങ്ങൾ എന്തുകൊണ്ടാണ് ഞങ്ങളോട് അതിനെപ്പറ്റി പറയാതിരുന്നത്? " ഞാൻ കാപ്റ്റനെ വിളിച്ചുകൊണ്ട് വരാം എന്നുപറഞ്ഞു അവർ പോയി. കാപ്റ്റൻ വന്നു തന്‍റെ ജർമൻ ചുവയുള്ള ഭാഷയിൽ പറഞ്ഞു, " മിസ്റ്റർ വാസുദേവ്, പ്രശ്നമൊന്നുമില്ല." ഞാൻ വീണ്ടും പറഞ്ഞു, " ആ എൻജിൻ പ്രവർത്തിക്കുന്നില്ല. നിങ്ങൾ എന്തുകൊണ്ടാണ് അത് ഞങ്ങളോട് പറയാതിരുന്നത്? " സാരമില്ല ഒരു പ്രശ്നവും ഉണ്ടാകില്ല" പൈലറ്റ് വീണ്ടും പറഞ്ഞു. നമ്മൾ സുരക്ഷിതരായി ഇറങ്ങും. കുറച്ചു വേഗത കുറവാണെന്നു മാത്രം." ഞാൻ ചോദിച്ചു, "നമ്മൾ എത്ര വേഗത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്?" " ഇരുനൂറ്റി ഇരുപത് നോട്ട് " ഈ വിമാനം അഞ്ഞൂറ് നോട്ട് വേഗതിയിലാണ് സഞ്ചരിക്കേണ്ടത്.

ഞാൻ ചോദിച്ചു, "നമ്മൾ എത്ര നേരം വൈകിയാകും എത്തുക?" "ഏതാണ്ട് നാല് മണിക്കൂർ, പക്ഷെ പ്രശ്നമൊന്നും ഉണ്ടാകില്ല , മിസ്റ്റർ വാസുദേവ്. " " പ്രശ്നമില്ലെങ്കിൽ....ശരി " ഞാനും പറഞ്ഞു. . ഞാൻ എന്‍റെ കുർത്ത മാറ്റി ടി-ഷർട്ട് ധരിച്ചു - അറ്റ്ലാന്റിക്കിൽ നീന്തേണ്ടി വന്നെങ്കിലോ?. ഞാൻ ഒന്നും കഴിച്ചിരുന്നില്ല. ഞാൻ എയർ ഹോസ്റ്റസിനോടു ചോക്കലേറ്റുകൾ മുഴുവനും കൊണ്ട് വരുവാൻ പറഞ്ഞിട്ട് അത് മുഴുവനും കഴിച്ചു. പ്ലെയിൻ നിലത്തിറങ്ങിയാൽ എനിക്ക് വേണ്ടത്ര വിശ്രമം ലഭിച്ചിട്ടുണ്ട്, യോജിച്ച വസ്ത്രമാണ് ധരിച്ചിട്ടുള്ളത്, വേണ്ടത്ര ഊർജ്ജവുമുണ്ട്.....അത് കുറച്ചു സഹായിക്കും. ഞാൻ വീണ്ടും ഉറങ്ങി. ഞാൻ വിചാരിച്ചത് വിമാനം ഇടിച്ചിറങ്ങുമെന്നാണ്. പക്ഷെ നാല് മണിക്കൂറിനു ശേഷം പൈലറ്റ് വിമാനം കൃത്യമായി നിലത്തിറക്കി. അത് പ്രശംസനീയമാണെന്നു എനിക്ക് തോന്നി.

വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകളിൽ അധികം പേരും മനസ്സിലാക്കുന്നില്ല അവർ നാല്‍പതിനായിരം അടി മുകളിൽ ഒരു ടിൻ പെട്ടിയിലാണ് ഇരിക്കുന്നത് എന്ന്.

വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകളിൽ അധികം പേരും മനസ്സിലാക്കുന്നില്ല അവർ നാല്‍പതിനായിരം അടി മുകളിൽ ഒരു ടിൻ പെട്ടിയിലാണ് ഇരിക്കുന്നത് എന്ന്. വിമാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എല്ലാം അവർ ആലോചിക്കുന്നത് ഇങ്ങനെയൊക്കെയാണ്, ' അത് ഇതുവരെ ടേക്ക് ഓഫ് ചെയ്തില്ല' അല്ലെങ്കിൽ ' അത് ഇതുവരെയും ലാൻഡ് ചെയ്തിട്ടില്ല', ' അത് അഞ്ചു മിനിറ്റ് വൈകിയിരിക്കുന്നു', ' എന്‍റെ ഫോൺ പ്രവർത്തിക്കുന്നില്ല ' - എന്നിങ്ങനെയൊക്കെ. അവർ മനസ്സിലാക്കുന്നില്ല ഒരു ടിൻ കൊണ്ടുണ്ടാക്കിയ പെട്ടിയാണ് മുന്നൂറിലധികം ആളുകളുമായി ആകാശത്തുകൂടെ പറക്കുന്നത് എന്ന്. ഒരു വിമാനത്തിന്‍റെ ആയിരം ഭാഗങ്ങളിൽ ഒന്നെങ്കിലും ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ഈ മുന്നൂറു പേരുടെയും, നിങ്ങളുടെയും ജീവൻ അപകടത്തിലായിരിക്കും. ഓരോ തവണ വിമാനത്തിൽ കയറുമ്പോഴും ഇതെല്ലാം ഓർമിച്ചിരിക്കണം. അപ്പോൾ നിങ്ങൾക്കുള്ളിൽ എന്തോ ഒരു ചലനം ഉണ്ടാകണം; ആ ചലനം നിങ്ങൾ ആസ്വദിക്കുകയും വേണം.

ഒരിക്കൽ ഇന്ത്യയിൽ വച്ച് ഞാൻ ഒരു ചെറിയ വിമാനത്തിൽ കയറിയപ്പോൾ, അതിലുള്ള ഒരാൾ എന്നോട് പറഞ്ഞു, "ഇത് കാലവർഷത്തിന്‍റെ സമയമാണ്, സദ്ഗുരു. അന്തരീക്ഷം പ്രക്ഷുബ്ധമായിരിക്കും. അതുകൊണ്ട് സീറ്റ് ബെൽറ്റ് ഇടണം." ഞാൻ പറഞ്ഞു, "പേടിക്കേണ്ട , പ്രക്ഷുബ്ധമായിരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. " ഇതുകേട്ട അയാൾ ഉറക്കെ ചിരിച്ചു. "എന്തിനാണ് ചിരിക്കുന്നത് ?" ഞാൻ ചോദിച്ചു. അയാൾ മറുപടി പറഞ്ഞു. "എനിക്കും അത് ഇഷ്ടമാണ്." നമ്മൾ എന്തിലേക്കാണ് പോകുന്നത് എന്നറിയാതെയുള്ള ജീവിതം കുറച്ചു ആവേശം തരുന്നതാണ്. അറിവില്ലായ്മ ഒരു അനുഗ്രഹം തന്നെയാണ്. പക്ഷെ ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗം ഇതാണ് - ഇതെല്ലാം അറിഞ്ഞിട്ടും നാം അത് ചെയ്യുന്നു എന്നുള്ളത്. അതിൽ ഒരു പ്രത്യേക സുഖമുണ്ട്.

അവനവനോട് തന്നെയും മറ്റുള്ളവരോടും വിചിത്രമായ കഥകൾ പറഞ്ഞു കൊണ്ട് മനുഷ്യർ അവരുടെ ജീവിതത്തിൽ ഒരു വാസ്തവത്തിൽ ഇല്ലാത്ത സുരക്ഷയുടെ പ്രതീകം സൃഷ്ടിക്കുവാൻ നോക്കുകയാണ്. അവ എന്തെങ്കിലുമാകാം - ചിലപ്പോൾ വിശുദ്ധ ഗ്രന്ഥങ്ങളിലെ കഥകൾ, ചിലപ്പോൾ മതപരമായത്, ചിലപ്പോൾ പ്രേമ കഥകൾ. എങ്ങിനെയെങ്കിലും ജീവിതം കഴിച്ചു കൂട്ടുവാനായി നിങ്ങൾ കഥ പറഞ്ഞു കൊണ്ടിരിക്കുകയാണ്. പക്ഷെ ജീവിതം നിങ്ങളുടെ തലക്കടിക്കുമ്പോൾ പെട്ടന്ന് എല്ലാം തകർന്നു പോകുന്നു; നിങ്ങൾ പരിഭ്രമിക്കുന്നു; പേടിക്കുന്നു. പേടി തോന്നുന്നത് നിങ്ങൾ പെട്ടന്ന് യാഥാർഥ്യത്തിലേക്ക് വന്നിരിക്കുകയാണ്, എന്നതുകൊണ്ടാണ്. യാഥാർഥ്യത്തിലേക്ക് വരുന്നത് ഒരു അനുഗ്രഹമാണ്. നിങ്ങൾ തെറ്റായ വഴിയിലൂടെ പോയികൊണ്ടിരിക്കുമ്പോൾ അങ്കലാപ്പ് തോന്നിയാൽ അത് നല്ലതാണ്.

ഉദാഹരണത്തിന് നിങ്ങൾ കാട്ടിലൂടെ നടക്കുകയാണെന്ന് വിചാരിക്കു. നിങ്ങൾക്ക് വഴി അറിയാം. പക്ഷെ അപ്പോഴാണ് നിങ്ങള്‍ക്ക് മനസ്സിലാകുന്നത് നിങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് തീർച്ചയില്ല എന്ന്. കിഴക്കും പടിഞ്ഞാറും, വടക്കും, തെക്കും നിങ്ങള്‍ക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. ഇങ്ങിനെ സംശയത്തിലാകുമ്പോൾ ആദ്യം വേണ്ടത് നടത്തം നിർത്തി ചുറ്റും നോക്കുകയാണ്. ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കണം. എവിടെയെങ്കിലും എങ്ങോട്ടു പോകണമെന്നതിന്‍റെ ഒരു സൂചന ഉണ്ടായിരിക്കും. സൂര്യന്‍റെ വെളിച്ചം എങ്ങിനെയാണ് വീഴുന്നതെന്ന് നോക്കൂ. രാത്രിയാണെങ്കിൽ നക്ഷത്രങ്ങളെ ശ്രദ്ധിക്കു. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലംകാണുന്നുണ്ടോ എന്ന് നോക്കു. ഒന്നുമില്ലെങ്കിൽ ആനയുടെ പിണ്ഡം ഏത് ദിക്കിലേക്കാണ് പോകുന്നതായി കാണിക്കുന്നതെന്ന് നോക്കു. അത് നോക്കിയിട്ടു ഒരു നഗരത്തിൽ എത്താൻ സാധിച്ചില്ലെങ്കിലും വെള്ളത്തിനടുത്തു എത്താൻ സഹായിക്കും. സംശയം തോന്നിയാൽ പരിഭ്രമിച്ച് എല്ലായിടത്തും ഓടി നടക്കരുത്.

ഈ ലോകം മുഴുവനും സംശയങ്ങളിലൂടെയും, പ്രശ്നങ്ങളിലൂടെയും കടന്നു പോയ്കൊണ്ടിരിക്കുകയാണ്. അതിൽ എത്ര പേര് ശരിയായ ചുവട് വെയ്പ്പ് എടുക്കും. സംശയം ബുദ്ധിഹീനമായ തീരുമാനങ്ങളെക്കാൾ നല്ലതാണ്. നിങ്ങള്‍ക്ക് സംശയമുള്ളതിൽ സന്തോഷിക്കു; ഒന്നുമില്ലെങ്കിലും താൻ ചെയ്യുന്നതെല്ലാം ശരിയാണെന്നും, താൻ സ്വർഗത്തിലേക്ക് പോകുമെന്നുമുറച്ചു വിശ്വസിക്കുന്ന തീവ്രവാദിയെക്കാൾ ഭേദമാണത്. നിങ്ങള്‍ക്ക് സംശയം ഉള്ളപ്പോൾ നിങ്ങള്‍ക്ക് പേടി തോന്നുന്നതിന്‍റെ കാരണം, നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട് നിങ്ങൾ ഒരു തെറ്റാകുവാൻ സാധ്യതയുള്ള ഉറപ്പിന്മേലാണ് ജീവിക്കുന്നത് എന്ന്. പെട്ടെന്ന് തനിക്കു ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കുമ്പോൾ നിങ്ങള്‍ക്ക് പേടി തോന്നും. പക്ഷെ ജീവിതത്തെക്കുറിച്ച് അജ്ഞത ഉണ്ടാകുന്നത് ഒരു പുതിയ പ്രതിഭാസമൊന്നും അല്ല. നിങ്ങളുടെ ബാലിശമായ വിശ്വാസങ്ങൾ തകർന്നു പോയി എന്ന് മാത്രം. - അത് ഒന്നുകിൽ ജീവിതം നിങ്ങൾക്കായി ചെയ്തതാണ്; അല്ലെങ്കിൽ ഞാൻ ചെയ്തതാണ്.

ജീവിതം മുഴുവൻ തെറ്റായി ജീവിച്ചു പോകുന്നതിനു പകരം, പകുതിക്കു വച്ച് നിങ്ങൾക്ക് സംശയം ഉണ്ടായാൽ അത് ഒരു നല്ല കാര്യമല്ലേ?

ജീവിതം മുഴുവൻ തെറ്റായി ജീവിച്ചു പോകുന്നതിനു പകരം, പകുതിക്കു വച്ച് നിങ്ങൾക്ക് സംശയം ഉണ്ടായാൽ അത് ഒരു നല്ല കാര്യമല്ലേ? ഇല്ലെങ്കിൽ മരിക്കുമ്പോൾ നിങ്ങൾ പരിഭ്രമിച്ചതു പോലെ ഇരിക്കും. അങ്ങിനെ മരിക്കുന്നത് നല്ലതല്ല. പക്ഷെ ദൗർഭാഗ്യവശാൽ എൺപതു ശതമാനം ആളുകളും പരിഭ്രമത്തോടെയാണ് മരിക്കുന്നത്. ഇങ്ങിനെ ഒരു കാര്യം അവർക്കു സംഭവിക്കുമെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട് എത്ര വേഗത്തിൽ നിങ്ങള്‍ക്ക് സംശയം വരുന്നുവോ, അത്രയും നല്ലത്. സംശയം ഉള്ളതിന്‍റെ അർഥം നിങ്ങളുടെ തീരുമാനങ്ങളെല്ലാം മാറിപ്പോയി എന്നാണ്. നിങ്ങൾ അങ്ങേയറ്റം സംശയാലുവാകുമ്പോൾ, നിങ്ങളുടെ ഓരോ കഴിവുകളും ഉണർന്നു പ്രവർത്തിക്കും - നിങ്ങൾ കൂടുതൽ നന്നായി കാണുകയും കേൾക്കുകയും ചെയ്യും.

കാട്ടിലൂടെ നടക്കുമ്പോൾ ചെവിയിൽ ഹെഡ് ഫോൺ വയ്ക്കുന്നത് പോലെയാണ് ഇത്. പുലി അലറിയാലും നിങ്ങൾ അറിയുകയില്ല. പെട്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങൾ എവിടേക്കാണ് പോകുന്നതെന്ന്. നിങ്ങള്‍ക്ക് തന്നെ അറിയുകയില്ല എന്ന്. അപ്പോൾ ഹെഡ് ഫോൺ എടുത്തു മാറ്റി. ഇപ്പോൾ സംശയം കൂടുതലുണ്ട്; കുറച്ചു പേടിയുമുണ്ട്. സംശയമുണ്ടാകുന്നതിനോട് യോജിച്ചുപോകുവാൻ സാധിച്ചാൽ നിങ്ങള്‍ക്ക് മനസ്സിലാകും അത് ഒരു നല്ല കാര്യമാണ് എന്ന്. നിങ്ങൾ തനിച്ചല്ല എന്നും മനസ്സിലാകും. മിക്ക ആളുകൾക്കും ജീവിതത്തിൽ ഇത്തരം സംശയങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരും. ഇങ്ങിനെ അല്ലാതെ മറ്റൊരു വഴിയും ഇല്ലേ? ഉണ്ട്. അല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ഇവിടെ ഉള്ളത്? പക്ഷെ മൂന്നു ജന്മങ്ങൾ കഴിഞ്ഞിട്ടാണ് ഞാൻ ബുദ്ധിമാനായത്. ഇത് എന്‍റെ അവസാനത്തെ അവസരമാണ്. സാധ്യത അവിടെയുണ്ട്. പക്ഷെ ആരും സ്വയം ചാടുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. ആരെങ്കിലും അവരെ തള്ളിയിടണം.

സംശയം ഉണ്ട് എന്ന് മനസ്സിലായാൽ പിന്നെ തെറ്റായ ദിശയിൽ കൂടുതൽ പോകരുത്. നില്‍ക്കൂ, കാത്തുനില്‍ക്കൂ, ചുറ്റും നോക്കൂ. കാര്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കൂ. നിങ്ങള്‍ക്ക് സംശയം ഉള്ളപ്പോൾ നിങ്ങളുടെ ബുദ്ധി കൂടുതൽ മൂർച്ചയുള്ളതാകും, പ്രവർത്തനക്ഷമമാകും, എല്ലാം ശ്രദ്ധിക്കും. അങ്ങിനെയാണ് വേണ്ടത്. ഇത് സന്തോഷത്തോടെ ചെയ്യുവാൻ പഠിക്കണം. സംശയങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് വ്യക്തത ലഭിക്കുന്നതിനുള്ള മാർഗം.