സമാധാനത്തിന്‍റെ സംസ്ക്കാരം

 

सद्गुरु

'നമുക്ക് സമാധാനമുള്ള മനുഷ്യര്‍ ഇല്ല എന്നുള്ളപ്പോള്‍, സമാധാനമുള്ള ഒരു ഭൂമി ഉണ്ടാകുക എന്നത് വെറും ഒരു സ്വപ്നം മാത്രമാണ്.' - സദ്ഗുരു

സദ്ഗുരു: ഇന്നത്തെ ലോകത്തില്‍, സംഘര്‍ഷം കത്തിപ്പടരുമ്പോഴെല്ലാം, ജനങ്ങള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു. ആദ്യമായി, സമാധാനമെന്നത് നാം സൃഷ്ടിച്ചെടുക്കേണ്ട ഒന്നല്ല എന്നു നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. സംഘര്‍ഷം നമ്മുടെ സൃഷ്ടിയാണ്. നമ്മള്‍ സംഘര്‍ഷം ഉണ്ടാക്കിയില്ലെങ്കില്‍, സമാധാനമുണ്ട്.

നിങ്ങളും ഞാനും ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷരായാല്‍ ലോകം വളരെ സമാധാനപൂര്‍ണ്ണമായേനെ, അല്ലേ? പക്ഷേ ഇന്നിവിടെ സംഘര്‍ഷമുണ്ട്. എന്തുകൊണ്ട്? സംഘര്‍ഷം ഉണ്ടാകുന്നത് വ്യത്യസ്തമായ പല തലങ്ങളിലാണ്. ഒരു വ്യക്തിക്കുള്ളില്‍ തന്നെ വളരെയധികം സംഘര്‍ഷമുണ്ട്. അങ്ങനെയല്ലേ? മനുഷ്യനുള്ളില്‍ തന്നെ വളരെയധികം സംഘര്‍ഷമുണ്ട്. അത് എല്ലായിടത്തും വ്യാപിക്കുന്നു: കുടുംബത്തിനുള്ളില്‍ വളരെയധികം സംഘര്‍ഷമുണ്ട്; അയല്‍പക്കത്തും നിങ്ങള്‍ സംഘര്‍ഷം കാണുന്നുണ്ട്. അവര്‍ തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നില്ലായിരിക്കാം, പക്ഷേ അവിടെ വലിയ സംഘര്‍ഷമുണ്ട്. മനുഷ്യര്‍ തമ്മിലുള്ള ഉരസല്‍ പല തലങ്ങളിലാണ് സംഭവിക്കുന്നത്, വര്‍ഗ്ഗങ്ങള്‍ തമ്മില്‍, രാജ്യങ്ങള്‍ തമ്മില്‍, രാജ്യങ്ങളുടെ കൂട്ടങ്ങള്‍ തമ്മില്‍, എല്ലാം എപ്പോഴും സംഘര്‍ഷമുണ്ടായിരുന്നു. മതസമൂഹങ്ങള്‍ തമ്മിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്.


നിങ്ങളും ഞാനും ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷരായാല്‍ ലോകം വളരെ സമാധാനപൂര്‍ണ്ണമായേനെ, അല്ലേ?

സംഘര്‍ഷം നമ്മുടെ ഭൂമിക്ക് പുതുമയുള്ള കാര്യമല്ല. അതിന് മനുഷ്യവര്‍ഗ്ഗത്തോളം തന്നെ പഴക്കമുണ്ട്. അതെപ്പോഴും അവിടെ ഉണ്ടായിരുന്നു. പക്ഷേ നാമതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല. നമ്മളെപ്പോഴും അതെങ്ങനെ തത്ക്കാലം പരിഹരിക്കാമെന്നേ നോക്കിയിട്ടുള്ളൂ. രണ്ടു ഗ്രൂപ്പുകളിലെ വ്യക്തികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയാണെങ്കില്‍, അവര്‍ ഒരു സമാധാനസംഗമം സംഘടിപ്പിക്കും, തല്‍ക്കാലത്തേക്ക് പ്രശ്നം പരിഹരിക്കും, മുന്നോട്ടുപോകും - വീണ്ടും ഏതെങ്കിലും രൂപത്തിലും, പിന്നീട് മറ്റൊരു രൂപത്തിലും അത് പടരുന്നത് കാണാമെന്ന് മാത്രം.

അതിനാല്‍ സംഘര്‍ഷം പുതിയതല്ല; അത് പല രൂപത്തിലും സംഭവിച്ചിട്ടുണ്ട്. കൂടുതലെന്തു പറയാന്‍, തികച്ചും നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ലോകത്തിലെ മതങ്ങള്‍ - ഭൂമിയില്‍ സമാധാനത്തിന്‍റെ ഉറവിടമായിരിക്കേണ്ടവ - അവയാണ് ഇന്ന് ഭൂമിയില്‍ ഏറ്റവുമധികം സംഘര്‍ഷത്തിനു കാരണം. പൊതുവെ ലോകമെമ്പാടും മതത്തിന്‍റെ പേരില്‍ വളരെയധികം ജനങ്ങള്‍ കൊല്ലപ്പെട്ടു, ഏറ്റവും ഭയാനകമായ കാര്യങ്ങള്‍ നടന്നു. നിങ്ങള്‍ ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കുകയാണെങ്കില്‍, ഏറ്റവുമധികം യുദ്ധങ്ങളും, കൊലകളും നടന്നിട്ടുള്ളത് പ്രധാനമായും മതത്തിന്‍റെ പേരിലാണെന്ന് നിങ്ങള്‍ക്ക് കാണാം. അത് വളരെ നിര്‍ഭാഗ്യകരമാണ്.

അതിനാല്‍ ഇപ്പോള്‍ നാം വീണ്ടും ഒരു താല്ക്കാലിക ശാന്തിക്കുവേണ്ടി മാത്രമാണോ ശ്രമിക്കുന്നത്? അതോ ഭൂമിയില്‍ ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരത്തിനാണോ? സമാധാനത്തിന്‍റെ ഒരു സംസ്ക്കാരം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ് നാം ചിന്തിക്കുന്നതെങ്കില്‍, നാം മനസ്സിലാക്കേണ്ട ഒരു കാര്യം, സംസ്ക്കാരമെന്നത് ഒരു രാത്രി കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. സംസ്ക്കാരം ഒരു പ്രമേയം കൊണ്ട് സംഭവിക്കില്ല; ആരെങ്കിലും ഒരു നിയമം പാസാക്കുന്നതു കാരണവും സംസ്ക്കാരം സാധ്യമല്ല. സംസ്ക്കാരം ഒരു നീണ്ടകാലയളവില്‍ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്.

ഒരു തലമുറ മുഴുവനും സമാധാനത്തോടെ ജീവിക്കുമെങ്കില്‍, എങ്കില്‍മാത്രമേ സമാധാനത്തിന്‍റെ ഒരു സംസ്ക്കാരം അടുത്ത തലമുറയിലേക്കും വ്യാപിക്കുകയുള്ളൂ. ആര്‍ക്കും ഒരു രാത്രികൊണ്ട് ഒരു സംസ്ക്കാരം സൃഷ്ടിക്കാനാവില്ല; അത് അസാധ്യമാണ്. അതിനാല്‍ ഇപ്പോള്‍ നാം സമാധാനത്തിന്‍റെ ഒരു സംസ്ക്കാരം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ആത്മാര്‍ത്ഥമായ ഒരു ദീര്‍ഘകാല സമീപനമാണ് വേണ്ടത്. ഇപ്പോഴുള്ള പ്രശ്നത്തിന് പെട്ടെന്നുള്ള ഒരു പരിഹാരം അല്ല വേണ്ടത്; അല്ലെങ്കില്‍ നാളെ നമുക്ക് ഒരു പുതിയ പ്രശ്നം ഉണ്ടാകും.


ഒരു തലമുറ മുഴുവനും സമാധാനത്തോടെ ജീവിക്കുമെങ്കില്‍, എങ്കില്‍മാത്രമേ സമാധാനത്തിന്‍റെ ഒരു സംസ്ക്കാരം അടുത്ത തലമുറയിലേക്കും വ്യാപിക്കുകയുള്ളൂ. ആര്‍ക്കും ഒരു രാത്രികൊണ്ട് ഒരു സംസ്ക്കാരം സൃഷ്ടിക്കാനാവില്ല.

നോക്കൂ, നാം മനസ്സിലാക്കേണ്ടത്, ഇവിടെ മനുഷ്യര്‍ ജീവിക്കുന്നിടത്തോളം കാലം, നാം പരസ്പരം നടത്തുന്ന ഓരോ ഇടപാടുകളിലും, എന്‍റെ ലാഭം നിങ്ങളുടെ നഷ്ടവും, നിങ്ങളുടെ നഷ്ടം എന്‍റെ ലാഭവുമായിരിക്കും. ഇങ്ങനെയാണ് എല്ലാ ഇടപാടുകളും നടക്കുന്നത്, അല്ലേ? ഈ ലോകത്തില്‍ നാം ഏര്‍പ്പെടുന്ന എല്ലാ ഇടപാടുകളും, എല്ലായ്പ്പോഴും കൊടുക്കല്‍ വാങ്ങലാണ്. ചിലര്‍ അല്പം കൂടുതല്‍ ഉണ്ടാക്കുന്നു; ചിലര്‍ അല്പം കുറച്ച് ഉണ്ടാക്കുന്നു; ഇത് സംഭവിച്ചേ മതിയാകൂ.

ഇപ്പോള്‍ ഒരു ഇടപാടില്‍, നമ്മള്‍ അല്പം കുറച്ച് നേടുമ്പോള്‍, നാം സ്വയം കോപാകുലരാകുകയും അസ്വസ്ഥരാകുകയും ചെയ്യുന്നു, അതിനാല്‍ സമാധാനം ഉണ്ടാകുന്നില്ല. കുടുംബത്തിനുള്ളിലായാലും, രാജ്യങ്ങള്‍ തമ്മിലായാലും ഇതു തന്നെയാണ് പ്രധാന പ്രശ്നം. നിങ്ങള്‍ അതിന്‍റെ ഉപരിതലം മാത്രം നോക്കുകയാണെങ്കില്‍, ഈ ഭൂമിയിലെ യുദ്ധങ്ങള്‍ക്കും, വഴക്കുകള്‍ക്കും പല കാരണങ്ങളുള്ളതുപോലെ തോന്നാം. പക്ഷേ നിങ്ങളതിനെ ശരിക്കും നിരീക്ഷിക്കുകയാണെങ്കില്‍, എവിടെയോ കൊടുക്കല്‍ വാങ്ങലിന്‍റെ ഒരു അടിസ്ഥാനപ്രശ്നമുണ്ട്. നാം പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കാത്ത എന്തോ ഒന്ന് നമ്മോട് പങ്കുവെയ്ക്കാന്‍ ആവശ്യപ്പെടുന്നു, അതുകൊണ്ടാണ് ഇവിടെ പ്രശ്നം ഉണ്ടാകുന്നത്. പുറമേ, നാമതിനെ നല്ലതും ചീത്തയുമായി ചിത്രീകരിക്കുന്നു. അതു ശരിയല്ല. ആര്‍ക്കു കൂടുതല്‍ കിട്ടുന്നു, ആര്‍ക്ക് കുറവു കിട്ടുന്നു എന്നുള്ളതാണ് പ്രശ്നം. അതങ്ങനെയല്ലേ?

ജീവിതത്തിലെ ചില നിമിഷങ്ങളില്‍, നമുക്ക് ന്യായരഹിതമായി നല്കേണ്ടിവരുന്നു എന്നു വിചാരിക്കുക. നാം അന്യായത്തിന് വിധേയരായിരിക്കുന്നുവെന്ന് നമുക്ക് തോന്നാം. ഇക്കാര്യങ്ങളെല്ലാം എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. അതെത്രയാണ്, അതിന്‍റെ അളവ്, എന്നിവ വ്യക്തികളുടെ ജീവിതസാഹചര്യം അനുസരിച്ച് വ്യത്യസ്തമായിരിക്കാം. പക്ഷേ നാം ഓരോരുത്തരും ഏതെങ്കിലും തരത്തിലുള്ള അന്യായത്തിനോ, നമ്മോടുള്ള അനീതിക്കോ വിധേയരായിരിക്കും. നിങ്ങളറിഞ്ഞിരിക്കേണ്ടത്, ഈ കാര്യങ്ങള്‍ എവിടെയും സംഭവിക്കാം എന്നതാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍, നമ്മുടെയുളളില്‍ ക്ഷോഭമുണ്ടാകുകയാണെങ്കില്‍, ലോകത്തു സംഘര്‍ഷമുണ്ടാകുന്നത്, സ്വാഭാവികമായും അതിന്‍റെ ഒരു അനന്തരഫലം മാത്രമാണ്. നമുക്ക് സമാധാനമുള്ള മനുഷ്യര്‍ ഇല്ല എന്നുള്ളപ്പോള്‍, സമാധാനമുള്ള ഒരു ഭൂമി ഉണ്ടാകുക എന്നത് വെറും ഒരു സ്വപ്നം മാത്രമാണ്. അങ്ങനെയൊരു കാര്യം ഒരിക്കലും സംഭവിക്കില്ല.

 
 
  0 Comments
 
 
Login / to join the conversation1