सद्गुरु

ശരിയായ വിധത്തിൽ സ്വീകരിക്കുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ ശിവ എന്ന ശബ്ദം നിങ്ങളിൽ ഒരു സ്ഫോടനം തന്നെ സൃഷ്ടിക്കും - ഒരൊറ്റ ശബ്ദം മതി ഈ അത്യുഗ്ര സ്ഫോടനം നിങ്ങളിൽ സംഭവിക്കുവാൻ.

കുറച്ചു കാലം മുൻപ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ചില അതിഥികൾ എന്റെ കൂടെ ഉണ്ടായിരുന്നു. മൈസൂരിൽ ചില സ്ഥലങ്ങൾ കാണിച്ചു കൊടുക്കുവാനായി ഞാൻ അവരെ കൊണ്ട് പോകുകയായിരുന്നു. ഞാൻ വേഗത്തിൽ വണ്ടി ഓടിച്ചാൽ അവർ 'ഷിറ്റ്' എന്ന് പറയും. ഞാൻ ബ്രേക്ക് ചവുട്ടിയാൽ 'ഷിറ്റ്' എന്ന് പറയും. സുന്ദരമായതെന്തെങ്കിലും കണ്ടാൽ 'ഷിറ്റ്'; വിരൂപമായതു കണ്ടാലും 'ഷിറ്റ്'.

അവർക്ക് എന്തെങ്കിലും ഇഷ്ടപെട്ടാൽ അവർ 'ഷിറ്റ്' എന്ന് പറയും; ഇഷ്ടപെട്ടില്ലെങ്കിലും ' ഷിറ്റ്' എന്ന് പറയും. ഞാൻ ഇത് കുറെ നേരം ശ്രദ്ധിച്ചു. "ഇവർ എന്തിനാണ് ഈ വാക്ക് ഒരു മന്ത്രം പോലെ ദിവസം മുഴുവനും പറഞ്ഞു കൊണ്ടിരിക്കുന്നത്? ഒരു പക്ഷെ അവർക്ക് മലബന്ധം ഉണ്ടായിരിക്കും. അതുകൊണ്ട് അത് ഒഴിവാക്കാനായി അഭ്യർത്ഥിക്കുകയായിരിക്കും. പക്ഷെ അത് കാലത്തു തന്നെ കഴിഞ്ഞതല്ലേ? പിന്നെ ദിവസം മുഴുവനും അത് തന്നെ പറയുന്നതെന്തിനാണ്? അതിൽ ഒരാളെ ഞാൻ ശ്രദ്ധിച്ചു. അയാൾ കോപം വരുമ്പോൾ 'ഷിറ്റ്' എന്ന് പറയും. അതോടെ ദേഷ്യം കുറയും. അതുകൊണ്ട് എനിക്ക് അയാളെ ശല്യം ചെയ്യണമെന്ന് തോന്നിയില്ല. ആർക്കെങ്കിലും ഗുണപ്രദമായ ഒരു കാര്യം തടസ്സപ്പെടുത്തുവാൻ എനിക്ക് ഇഷ്ടമല്ല. ഗുണമുള്ളതാണെങ്കിൽ നടക്കട്ടെ.

ആർക്കെങ്കിലും ഗുണപ്രദമായ ഒരു കാര്യം തടസ്സപ്പെടുത്തുവാൻ എനിക്ക് ഇഷ്ടമല്ല. ഗുണമുള്ളതാണെങ്കിൽ നടക്കട്ടെ.

നമ്മൾ ശിവ എന്ന് പറയുന്നു; അയാൾ ഷിറ്റ് എന്ന് പറയുന്നു. സാംസ്കാരികമായ വ്യത്യാസം മാത്രമേ ഇവ തമ്മിൽ ഉള്ളു. "എന്ത് ? താങ്കൾ ശിവനും ഷിറ്റും (മലം) ഒന്നാണെന്നാണോ പറയുന്നത്? ഒന്ന് ഏറ്റവും ഉന്നതമാണ്, മറ്റേത് ഏറ്റവും താഴ്ന്നതാണ്. എന്നിട്ടും താങ്കൾ അവ സമമാണെന്നു പറയുന്നുവോ?"
ഞാൻ അവ സമമാണെന്നു പറയുകയല്ല. നിങ്ങളുടെ മനസ്സിൽ ശിവനെ ഒരറ്റത്തും മലത്തിനെ (ഷിറ്റ്) വേറൊരിടത്തും വയ്ക്കുവാൻ സാധിക്കുമോ? ഇല്ലല്ലോ? മനസ്സിൽ എല്ലാ വസ്തുക്കളും ഒന്നിച്ചാണിരിക്കുന്നത്. പ്രത്യേകിച്ചും അക്ഷരമാലാക്രമത്തിൽ അടുക്കിയാൽ ശിവനും ഷിറ്റും അടുത്തടുത്തു വരും.

ജീവിതത്തെ പൂർണമായും, ഗഹനമായും മനസ്സിലാക്കിയതിനു ശേഷം നാം "ശിവ" എന്ന ഒരു ശബ്ദത്തിൽ എത്തിചേർന്നു. മുൻപ് പറഞ്ഞ കഥയും ഉദാഹരണവും ഇതിന്റെ വിവിധ തലങ്ങൾ നിങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി പറഞ്ഞതാണ്. ‘ശിവ’ എന്ന ശബ്ദം നമുക്ക് അവിശ്വസനീയമായ കാര്യങ്ങൾ നേടിത്തരുന്നു എന്ന് നിങ്ങൾക്കറിയാം. ശരിയായ വിധത്തിൽ സ്വീകരിക്കുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ ശിവ എന്ന ശബ്ദം നിങ്ങളിൽ ഒരു സ്ഫോടനം തന്നെ സൃഷ്ടിക്കും - ഒരൊറ്റ ശബ്ദം മതി ഈ അത്യുഗ്ര സ്ഫോടനം നിങ്ങളിൽ സംഭവിക്കുവാൻ. അത്തരത്തിലുള്ള കഴിവാണ് ഈ ശബ്ദത്തിനുള്ളത്. നമ്മളെ കുറിച്ചുതന്നെയുള്ള തീവ്രമായ അനുഭവത്തിൽ നിന്ന് വന്ന ഒരു ശാസ്ത്രമാണത്. നാം അതിനെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ചിട്ടുണ്ട്.

ശിവ എന്ന മന്ത്രത്തിൽ ഒരു ശബ്ദം ഊർജം പകരുകയും, മറ്റേ ശബ്ദം സമതുലനം സൃഷ്ടിക്കുകയും, നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.

ശിവ എന്ന വാക്കിലെ 'ശി’ എന്ന ശബ്ദത്തിന്റെ അർഥം ശക്തി അല്ലെങ്കിൽ ഊർജം എന്നാണ്. ഭാരതീയ സമ്പ്രദായമനുസരിച്ച് ശക്തി എന്നും സ്ത്രീ രൂപത്തിലാണ്. എങ്ങിനെയോ ഇംഗ്ലീഷ് ഭാഷയിൽ ഇതേ ശബ്ദം 'ഷീ ' സ്ത്രീ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു - 'ശി' എന്നാൽ അടിസ്ഥാനപരമായി ശക്തി അഥവാ ഊർജം എന്നാണ്. എന്നാൽ നിങ്ങൾ കുറെ അധികം പ്രാവശ്യം 'ശി' എന്ന് പറഞ്ഞാൽ നിങ്ങൾക്ക് സമതുലനം നഷ്ടപ്പെടും. അതിനാൽ ആ മന്ത്രത്തിലെ 'വാ' എന്ന ശബ്ദം വേഗത കുറയ്ക്കുവാനും, സന്തുലിതാവസ്ഥ നിലനിർത്തുവാനുമായി ചേർത്തിട്ടുള്ളതാണ്. 'വാ' എന്ന ശബ്ദം 'വാമ' എന്നതിൽ നിന്നും വന്നതാണ്. 'വാമ' എന്നാൽ നൈപുണ്യം എന്നാണർത്ഥം. അതുകൊണ്ട് ശിവ എന്ന മന്ത്രത്തിൽ ഒരു ശബ്ദം ഊർജം പകരുകയും, മറ്റേ ശബ്ദം സമതുലനം സൃഷ്ടിക്കുകയും, നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. ലക്ഷ്യമില്ലാത്ത ഊർജ്ജം പ്രയോജനമില്ലാത്തതാണ്; അത് വിനാശകാരിയാകുകയും ചെയ്യും. അതിനാൽ നാം 'ശിവ' എന്ന് ഉച്ചരിക്കുമ്പോൾ ഊർജ്ജത്തെ ഒരു പ്രത്യേക ദിശയിലേക്കു തിരിച്ചു വിടുകയാണ് ചെയ്യുന്നത്.

എഡിറ്റരുടെ കുറിപ്പ് : ഈ വരുന്ന ഫെബ്രുവരി ഇരുപത്തിനാലാം തിയ്യതി(24-2-2017) ഈഷ യോഗ സെന്‍റെറിൽ പതിവുപോലെ മഹാശിവരാത്രി വിപുലമായ രീതിയില്‍ ആഘോഷിക്കാനും, യോഗിയും മിസ്റ്റിക്കും പദ്മവിഭൂഷൺ ജേതാവും ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളുടെ പട്ടികയിൽ പെടുന്ന വ്യക്തിയുമായ സദ്ഗുരുവിന്റെ കാര്‍മ്മികത്വത്തില്‍ യോഗേശ്വര്‍ ലിംഗയുടെ പ്രതിഷ്ടാകര്‍മ്മം നിര്‍വ്വഹിക്കാനും ആദിയോഗി ശിവന്‍റെ ഉത്തുംഗമായ വിഗ്രഹത്തിന്‍റെ അനാച്ഛാദനം നിര്‍വ്വഹിക്കാനും തീരുമാനിച്ചിരിക്കുന്നു.