സദ്‌ഗുരുവിന്‍റെ ക്രിസ്‌തുമസ്സ്‌ സന്ദേശം
ഈ പുണ്യദിനത്തില്‍ എല്ലാ മലയാളികള്‍ക്കും ക്രിസ്‌തുമസ്സാശംസകള്‍ നേര്‍ന്നുകൊണ്ട് സദ്‌ഗുരുവിന്‍റെ ക്രിസ്‌തുമസ്സ്‌ സന്ദേശം ഞങ്ങള്‍ വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു. ക്രിസ്തുവും, ക്രൈസ്‌തവതയും ഏറെക്കുറെ…
 
 

सद्गुरु

ഈ പുണ്യദിനത്തില്‍ എല്ലാ മലയാളികള്‍ക്കും ക്രിസ്‌തുമസ്സാശംസകള്‍ നേര്‍ന്നുകൊണ്ട് സദ്‌ഗുരുവിന്‍റെ ക്രിസ്‌തുമസ്സ്‌ സന്ദേശം ഞങ്ങള്‍ വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു.

ക്രിസ്തുവും, ക്രൈസ്‌തവതയും ഏറെക്കുറെ പര്യായ പദങ്ങള്‍ തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. ക്രിസ്‌തു സാക്ഷാത്‌കരിച്ച ഉദാത്തമായ മാനവികതയുടെ സത്ത, “ദൈവപുത്രന്‍റെ നാമത്തില്‍” നാം നഷ്‌ടപ്പെടുത്തുകയാണോ? ക്രിസ്‌തുമസ്സ്‌ ദിനവുമായി ബന്ധപ്പെട്ട്, യേശുദേവന്‍റെ ചൈതന്യം നമ്മുടെ ഹൃദയത്തില്‍ ഏറ്റുവാങ്ങേണ്ടതിനെപ്പറ്റി സദ്‌ഗുരു ഓര്‍മ്മപ്പെടുത്തന്നു.


മുന്‍ധാരണകള്‍ ഏതുമില്ലാതെ, തനിക്ക്‌ ഇഷ്‌ടപ്പെട്ടതാരൊക്കെ, ഇഷ്‌ടമല്ലാത്തതാരൊക്കെ എന്ന വേര്‍തിരിവില്ലാതെ ജീവിക്കുന്നതിനെപറ്റിയാണ്‌ യേശുദേവന്‍ പ്രധാനമായും പ്രതിപാതിച്ചത്‌. അപ്പോള്‍ മാത്രമെ ഒരാള്‍ക്ക്‌ “ദൈവരാജ്യം” അനുഭവവേദ്യമാകൂ. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പ്രബോധനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വശം. “യേശുദേവന്‍” എന്നതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത്, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ജീവിച്ച ഒരു പ്രത്യേക വ്യക്തിയെക്കുറിച്ചല്ല, മറിച്ച്‌ ഓരോ വ്യക്തിയിലും ഉള്ള ഒരു പ്രത്യേക സാധ്യതയെ ആണ്‌. ഈ സവിശേഷഗുണത്തിനെ തനിക്കുള്ളില്‍ വിടരുവാന്‍ അനുവദിക്കുകയെന്നത്‌ ഓരോരുത്തരും അവശ്യം ചെയ്യേണ്ട ഒരു കാര്യമാണ്‌. എന്തുകൊണ്ടെന്നാല്‍, മതത്തിന്‍റെ പേരില്‍ മറ്റൊരാളുടെ ജീവനെടുക്കാന്‍പോലും ഇന്ന് പലരും തയ്യാറാണ്‌. ദൈവീകതയോടുള്ള നമ്മുടെ അഭിലാഷത്തില്‍, മാനവികത നമുക്ക്‌ നഷ്‌ടമാകുന്നു.


തനിക്ക്‌ വേണ്ടപ്പെട്ടവരെന്നും, വെറുക്കപ്പെട്ടവരെന്നുമുള്ള വേര്‍തിരിവില്ലാതെ, മുന്‍ധാരണകള്‍ ഏതുമില്ലാതെ ജീവിക്കേണ്ടതിനെപ്പറ്റിയാണ്‌ “യേശുദേവന്‍“ പ്രധാനമായും നമുക്ക്‌ പറഞ്ഞുതന്നത്. അപ്പോള്‍ മാത്രമെ ഒരാള്‍ക്ക്‌ “ദൈവരാജ്യം“ എന്തെന്നറിയാനാകൂ. “ദൈവരാജ്യം അങ്ങ്‌ മുകളിലല്ല, അത്‌ നിങ്ങള്‍ക്കുള്ളിലാണ്‌” എന്നദ്ദേഹം വ്യക്തമായി പറഞ്ഞു. ദൈവരാജ്യത്തിലേക്ക്‌ നിങ്ങളെ കൊണ്ടുപോകുന്നതിനെപറ്റി യേശുദേവന്‍ പറഞ്ഞത്‌ പ്രാരംഭഘട്ടത്തില്‍ മാത്രമാണ്‌, ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി. തനിക്കു ചുറ്റും ധാരാളം ആളുകള്‍ കൂടി കഴിഞ്ഞപ്പോള്‍ അദ്ദേഹം നേരെ തിരിച്ചു പറഞ്ഞു “ദൈവരാജ്യം നിങ്ങള്‍ക്കുള്ളിലാണ്‌.”

ദൈവരാജ്യം നിങ്ങള്‍ക്കുള്ളിലാണെങ്കില്‍ നിങ്ങളതിനെ തേടേണ്ടതും നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്, അല്ലേ? അതത്രക്കും ലളിതമാണ്‌.

അദ്ദേഹത്തിന്‍റെ പ്രബോധനത്തിലെ ഏറ്റവും സാരവത്തായ ഭാഗം അതായിരുന്നു. തങ്ങള്‍ക്കുള്ളിലെ അത്ഭുതകരമായ ചില കാര്യങ്ങള്‍, നിര്‍ഭാഗ്യവശാല്‍ 99% പേരും അറിയുന്നില്ല. അത്‌ ദൂരെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍, നിങ്ങള്‍ അതിനെ തേടി പുറപ്പെടാന്‍ തുനിഞ്ഞെന്ന് വരില്ല. പക്ഷെ അത്‌ ഇവിടെത്തന്നെ ഉണ്ടായിട്ടും, നിങ്ങളതറിയാതെ പോകുന്നു എന്നത്‌ വല്ലാത്ത ഒരു ദുരന്തം തന്നെയല്ലെ? ദൈവരാജ്യം നിങ്ങള്‍ക്കുള്ളിലാണെങ്കില്‍ നിങ്ങളതിനെ തേടേണ്ടതും നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്, അല്ലേ? അതത്രക്കും ലളിതമാണ്‌.


വിശ്വാസത്തിനെപറ്റി എന്തു പറയുന്നു?


നിങ്ങള്‍ക്കുള്ളില്‍ സൃഷ്‌ടിയുടെ ഉറവിടത്തിന്‍റെ തലത്തിലേക്ക്‌ എത്തുന്നതിനുള്ള ശാസ്‌ത്രീയമായ മാര്‍ഗ്ഗങ്ങളുണ്ട്. നിങ്ങളുടെ ഈ ശരീരം ഉള്ളില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ടതാണ്‌. തന്‍റെ ജീവിതകാലത്ത്‌, ശാസ്‌ത്രീയമായി ഇതിനെ പരിഗണിക്കാനും, പ്രതിപാതിക്കാനും മാത്രം സമയം യേശുദേവനുണ്ടായിരുന്നില്ല. അതുകൊണ്ടദ്ദേഹം വിശ്വാസത്തിനെ കുറിച്ച്‌ സംസാരിച്ചു. കാരണം അത്‌ വേഗമേറിയ മാര്‍ഗ്ഗമാണ്‌. കുട്ടികള്‍ മാത്രമെ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയുള്ളു എന്നദ്ദേഹം പറയുമ്പോള്‍ കുഞ്ഞുങ്ങളെ കുറിച്ചല്ല, മറിച്ച്‌ ശിശു സഹജമായ നിഷ്‌കളങ്കതയുള്ളവരെ കുറിച്ചാണദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, അതായത് തങ്ങളുടെതായ നിഗമനങ്ങളെ പരിത്യജിച്ചവര്‍, ഒരു മുന്‍വിധികളും ഇല്ലാത്തവര്‍.
എന്തുതന്നെ നിഗമനങ്ങളില്‍ നിങ്ങളെത്തിച്ചേര്‍ന്നാലും, അതെല്ലാം തെറ്റാവാനെ വഴിയുള്ളൂ. കാരണം ജീവിതം എന്നു പറയുന്നത്, നിങ്ങളുടെ നിഗമനങ്ങള്‍ക്കുള്ളില്‍ ഒതുക്കാവുന്ന ഒന്നല്ല. ഒരുപാട്‌ നിഗമനങ്ങളുള്ള ഒരാള്‍ക്ക്‌ ജീവന്‍റെ ഉറവിടം ലഭ്യമാവുകയില്ല. നിങ്ങളുടെ ഭാണ്ഡം ഇറക്കി വെക്കുകയാണെങ്കില്‍ അത്‌ വളരെ എളുപ്പമാകും.

യേശുദേവന്‍ ജീവിതാന്ത്യത്തോടടുത്തപ്പോള്‍, അദ്ദേഹത്തിന്‍റെ മരണം സുനിശ്ചിതമായപ്പോള്‍, ഒരു കാര്യം മാത്രമെ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്ക്‌ ചോദിക്കുവാനുണ്ടായിരുന്നുള്ളൂ,അങ്ങ്‌ ശരീരം വെടിഞ്ഞ്‌ പിതാവിന്‍റെ രാജ്യത്തെത്തുമ്പോള്‍ പിതാവിന്‍റെ വലതുവശത്തങ്ങിരിക്കും, അപ്പോള്‍ അങ്ങയുടെ വലതുഭാഗത്ത്‌ ഞങ്ങളിലാരായിരിക്കും?"

ഒരുപാട്‌ നിഗമനങ്ങളുള്ള ഒരാള്‍ക്ക്‌ ജീവന്‍റെ ഉറവിടം ലഭ്യമാവുകയില്ല. നിങ്ങളുടെ ഭാണ്ഡം ഇറക്കി വെക്കുകയാണെങ്കില്‍ അത്‌ വളരെ എളുപ്പമാകും.

അവരുടെ ഗുരു – അവരദ്ദേഹത്തെ ദൈവപുത്രനായാണ്‌ കണ്ടിരുന്നത്‌. ആ ദൈവപുത്രന്‍ ഭയാനകമായ ഒരു മരണത്തെ അഭിമുഖീകരിക്കാന്‍ പോവുകയാണ്‌. അപ്പോളും അവരുടെ ചോദ്യം ഇതായിരുന്നു!

യേശുദേവന്‍റെ സവിശേഷമായ ഒരു ഗുണം നിങ്ങള്‍ ശ്രദ്ധിച്ചോ – അദ്ദേഹത്തിന്‍റെ ജീവതത്തിലുടനീളം ഈ ഗുണം പ്രകടമായിരുന്നു. ആരൊക്കെ എന്തെല്ലാം വിധത്തില്‍ ഗതി തിരിച്ചു വിടാന്‍ നോക്കിയാലും, തന്‍റെ ദൌത്യത്തില്‍ നിന്നും അണുകിട പോലും അദ്ദേഹം വഴിമായിറിയില്ല. അതുകൊണ്ടദ്ദേഹം പറഞ്ഞു,

ഇവിടുത്തെ മുമ്പന്മാര്‍ അവിടെ പിമ്പന്മാരാകും, ഇവിടുത്തെ പിമ്പന്മാര്‍ അവിടെ മുമ്പന്മാരും ആകും" എന്ന്. പദവികളുടെ ശ്രേണിയെ അദ്ദേഹം തകര്‍ക്കുകയായിരുന്നു. ഉന്തിത്തള്ളി വല്ലവിധവും സ്വര്‍ഗ്ഗത്തിലേക്ക്‌ എത്തുന്നതിനെപ്പറ്റിയല്ല ഇതെന്നദ്ദേഹം വ്യക്തമാക്കി. ആന്തരികതയുടെ തലത്തില്‍, പരിശുദ്ധമായതിനു മാത്രമെ സ്ഥാനമുള്ളൂ.

ക്രിസ്‌തു ചേതന നീണാല്‍ വാഴട്ടെ!

ക്രിസ്‌തു ദേവന്‍ പ്രതിപാതിച്ച പരമപ്രധാനമായ കാര്യങ്ങള്‍ ഇന്ന് വിസ്‌മൃതിയിലായി. അദ്ദേഹത്തിന്‍റെ വാക്കുകളുടെ സത്തയെ തിരികെ കൊണ്ടുവരാനുള്ള സമയം സമാഗതമായിരിക്കുന്നു. വിശ്വാസ പ്രമാണങ്ങള്‍ക്ക്‌ അതീതമായി ജീവിതം എങ്ങിനെയാണോ, അങ്ങിനെ തന്നെ ജീവിതത്തിനെ നോക്കി കാണുവാനുള്ള സമയമായിരിക്കുന്നു. എല്ലാത്തിലും ഉപരിയായി, ജീവിതത്തിന്‍റെ ഉറവിടം നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്‌. നിങ്ങള്‍ അതിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ മാത്രമേ കാര്യങ്ങളെല്ലാം സ്വരചേര്‍ച്ചയിലാകൂ; അദ്ദേഹത്തിന്‍റെ പ്രബോധനത്തിന്‍റെ അടിസ്ഥാനവശം ഇതാണ്‌.

യേശുദേവന്‍റെ വാക്കുകള്‍ക്കുള്ളിലൂടെ ത്യാഗവും, ഭക്തിയും, സ്‌നേഹവും ഈ ലോകത്തിലേക്കു പ്രവഹിപ്പിച്ചു, എന്നാല്‍ അദ്ദേഹത്തിന്‍റെ ബോധത്തിന്‍റെ അടിസ്ഥാന ശില “ദൈവരാജ്യം നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്‌“ എന്നതാണ്‌. അതു നിങ്ങള്‍ക്കുള്ളിലാണെങ്കില്‍ അതൊരു ആത്മീയ പ്രക്രിയയാണ്‌. ആത്മീയത എന്നത്‌ മതവിശ്വാസികളുടെ സംഘമോ, ആരാധകരുടെ ക്ലബ്ബോ മറ്റേതെങ്കിലും വിധത്തിലുള്ള ആള്‍ക്കൂട്ടമോ അല്ല. അത്‌ ഒരു വൈയക്തികമായ അന്വേഷണമാണ്‌. യോഗയുടെയും, കിഴക്കന്‍ രാജ്യങ്ങളുടെ ആത്മീയ പ്രക്രിയയുടെ സത്തയും അതുതന്നെ. നിര്‍ഭാഗ്യവശാല്‍ യേശുദേവന്‍ പറഞ്ഞ കാര്യങ്ങളുടെ സാരവത്തായ വശം വിസ്‌മരിക്കപ്പെടുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളുടെ സത്ത തിരികെ കൊണ്ടുവരാനുള്ള സമയം സംജാതമായിരിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‌ വേണ്ടിയല്ല, മറിച്ച്‌ മാനവതയ്ക്കു വേണ്ടി!

 
 
  0 Comments
 
 
Login / to join the conversation1