सद्गुरु

സദ്ഗുരു ശ്രീബ്രഹ്മ ദേഹമുപേക്ഷിച്ച ഏഴാമത്തെ പര്‍വതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി സദ്ഗുരു നല്കുന്നു. അദ്ദേഹം ദേഹത്യാഗം ചെയ്തത് സപ്തചക്രങ്ങളിലൂടെയാണ്.

ചോദ്യം : നമസ്കാരം സദ്ഗുരു. ഞാന്‍ ഏഴാമത്തെ പര്‍വതം സന്ദര്‍ശിച്ചിരുന്നു. മറ്റു സ്ഥലങ്ങളില്‍നിന്നും വ്യത്യസ്തമായി അവിടെ നിറവാര്‍ന്ന ഒരു ചൈതന്യം കേന്ദ്രീകരിച്ചു നില്ക്കുന്നതായി എനിക്കനുഭവപ്പെട്ടു. അതിനെകുറിച്ച് ഒന്നു വിശദീകരിക്കാമൊ?

സദ്ഗുരു :- സദ്ഗുരു ശ്രീ ബ്രഹ്മ സൗമ്യനായിരുന്നില്ല. അദ്ദേഹം ആരേയും പേരെടുത്തു വിളിച്ചിരുന്നില്ല. എല്ലാവരേയും ഒരുപോലെയാണ് വിളിച്ചിരുന്നത്....ഏയ്...എയ്....എല്ലാവര്‍ക്കും അദ്ദേഹത്തെ വലിയ ഭയമായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്‍റെ പ്രകൃതം തന്നെയായിരുന്നു. അതേസമയം അവര്‍ അദ്ദേഹത്തെ അത്യധികം സ്നേഹിക്കുകയും ചെയ്തിരുന്നു. വൈരുദ്ധ്യങ്ങളുടെ സൗന്ദര്യം....ശരിക്കും അതായിരുന്നു അത്. ജ്വലിക്കുന്ന ഒരഗ്നി....അതായിരുന്നു സദ്ഗുരു ബ്രഹ്മ. അദ്ദേഹം നന്നായി പെരുമാറിയതുകൊണ്ടല്ല ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നത്; സ്നേഹിക്കാതിരിക്കാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ടായിരുന്നു. ആയിരമായിരം ആളുകളാണ് അദ്ദേഹത്താല്‍ ആകര്‍ഷിക്കപ്പെട്ട് അവിടെ വന്നുചേര്‍ന്നിരുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം തമിഴ് നാട്ടില്‍ എഴുപതോളം സ്ഥാപനങ്ങള്‍ ആരംഭിച്ചു. അദ്ദേഹം ഏറേയും യാത്രയിലായിരുന്നു. ഒരു സ്ഥലത്തും അധികം സമയം ചിലവഴിച്ചിരുന്നില്ല. എവിടെ ചെന്നാലും അവിടെയൊക്കെ ആ നാട്ടുകാര്‍ അദ്ദേഹത്തിന് ഭൂമിയും പണവും ദാനം ചെയ്തിരുന്നു. അതുകൊണ്ട് അവിടെയെല്ലാം അദ്ദേഹം ഓരോരോ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു. ജനങ്ങള്‍ സ്വാഭാവികമായി അദ്ദേഹത്തില്‍ ആകൃഷ്ടരാവുകയായിരുന്നു. അകന്നു നില്ക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.


ഏഴാം മലയിലെ ചൈതന്യം ഒന്നുവേറെയാണ്. അവിടെയാണ് സദ്ഗുരു ബ്രഹ്മ ഭൗതീകശരീരം വെടിഞ്ഞത്.

ഏഴാം മലയിലെ ചൈതന്യം ഒന്നുവേറെയാണ്. അവിടെയാണ് സദ്ഗുരു ബ്രഹ്മ ഭൗതീകശരീരം വെടിഞ്ഞത്. ധ്യാനലിംഗത്തിന്‍റെ പ്രതിഷ്ഠ. ആ ജീവിതത്തിന്‍റെ ലക്ഷ്യം മുഴുവന്‍ അതായിരുന്നു. അദ്ദേഹത്തിന് അപാരമായ സിദ്ധികളുണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യജീവിതത്തിനാവശ്യമായ മിടുക്കുകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആ ലക്ഷ്യം നടക്കാതെ പോയത്. സമൂഹം അദ്ദേഹത്തിനെതിരായിരുന്നു. ആ പദ്ധതി സഫലമാകാതിരിക്കാന്‍ അവര്‍ ശ്രമിച്ചു. എന്തുകൊണ്ട് ആ പദ്ധതി നടപ്പിലായില്ല? അദ്ദേഹം അതിന്‍റെ കാരണമന്വേഷിച്ചു. സ്വന്തം ചൈതന്യത്തിന്‍റെ പോരായ്മയാണൊ? അത് മനസ്സിലാക്കാനായാണ് ഏഴു ചക്രങ്ങളില്‍കൂടി അദ്ദേഹം ദേഹത്യാഗം ചെയ്തത്.

ഇത് എല്ലാവര്‍ക്കും ബാധകമായിട്ടുള്ളതാണ്. ജീവിതത്തില്‍ എന്തെങ്കിലും വേണ്ടതുപോലെ നടത്താനാവാതെ വന്നാല്‍ ആദ്യമായി വേണ്ടത് ഒരാത്മപരിശോധനയാണ്. അവനവനെന്തെങ്കിലും കുറവുണ്ടോ എന്ന് കണ്ടുപിടിക്കുക. ജീവിതത്തില്‍ എന്തെങ്കിലും താളപ്പിഴകള്‍ സംഭിവിച്ചാല്‍ ഉടനെ അതിനു കാരണക്കാരനായി ആരെയെങ്കിലും നമ്മള്‍ ചൂണ്ടിക്കാണിക്കും. ഇത് പൊതുവായുള്ള ഒരു പ്രവണതയാണ്. ആദ്യം അവനവനിലേക്കാണ് നമ്മള്‍ ശ്രദ്ധതിരിക്കേണ്ടത്. ജീവിതത്തിലെ ഓരോ തരിയേയും സസൂക്ഷ്മം പരിശോധിക്കുക. എന്തുകൊണ്ട് തന്‍റെ പ്രവൃത്തി വിജയിച്ചില്ല എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുക എന്തോ കുറവ് നിങ്ങളിലുണ്ട്. എല്ലാ പരിശോധനയും കഴിഞ്ഞ് തന്‍റെ ഭാഗത്ത് പോരായ്മയൊന്നും കാണുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ ബാഹ്യമായ സംഗതികളിലേക്ക് ശ്രദ്ധതിരിക്കാവു.

അപാരമായ, അത്ഭുതകരമായ ശക്തിവിശേഷങ്ങളുള്ള ഒരാളായിരുന്നു സദ്ഗുരു ശ്രീ ബ്രഹ്മ. അദ്ദേഹം ചെയ്തിട്ടുള്ള അതിശയകരമായ ചില പ്രവൃത്തികളെ കുറിച്ച് നിങ്ങള്‍ കേട്ടുകാണും. പൂട്ടിയിട്ട തടവറയില്‍നിന്നും പുറത്തുവന്നു. ഒരാണ്‍കുട്ടിയെ തടാകത്തിനു മുകളില്‍ കൂടി നടത്തി. അങ്ങനെയുള്ളതെല്ലാം ഏതാണ്ട് നിത്യസംഭവങ്ങളായിരുന്നു. ഈശ്വരസദൃശ്യനായാണ് ജനങ്ങള്‍ അദ്ദേഹത്തെ കണ്ടത്. അതേസമയം അവര്‍ക്ക് അദ്ദേഹത്തെ ഭയവുമായിരുന്നു. കാരണം അദ്ദേഹത്തിന്‍റെ സ്ഥായിയായ ഭാവം ക്രോധമായിരുന്നു. ആരോടെങ്കിലും പ്രത്യേകിച്ചൊരു ദേഷ്യം, അതായിരുന്നില്ല അദ്ദേഹത്തിന്‍റെ രീതി. മനസ്സിന്‍റെ തീക്ഷണത. അതാണ് ക്രോധമായി ഘനീഭവിച്ചു കാണപ്പെട്ടത്. ജ്വലിക്കുന്ന തീയായിരുന്നു, സദ്ഗുരു ശ്രീബ്രഹ്മ.

ഭൂമിയിലെ ഏറ്റവും അപൂര്‍വതയുള്ള ഒരു പ്രദേശമാണ് വെള്ളിയാങ്കിരി മലകള്‍. ഇതുപോലെ ഊര്‍ജ്ജത്തിന്‍റെ ഒരു നിറവ് വേറെ എവിടേയും നിങ്ങള്‍ക്കനുഭവിക്കാനാവില്ല. അവസാനമായി ഏഴാം മലയിലേക്ക് സദ്ഗുരു ശ്രീ ബ്രഹ്മ യാത്രയാകുന്നതിന് മുമ്പായി ഒട്ടനവധിപേര്‍ അദ്ദേഹത്തെ കാണാന്‍ വന്നു. എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു. "ഞാന്‍ തിരിച്ചുവരും." എഴുചക്രങ്ങളിലൂടെ ദേഹം ഉപേക്ഷിക്കുന്നയാളെ ചക്രേശ്വരന്‍ എന്നാണ് പറയുക. തന്‍റെ ഊര്‍ജ്ജഘടനയില്‍ പരിപൂര്‍ണ്ണ നിയന്ത്രണമുള്ള ആള്‍. സദ്ഗുരു ശ്രീ ബ്രഹ്മ ദേഹമുപേക്ഷിച്ചിട്ടും എഴുപതുവര്‍ഷം കഴിഞ്ഞു. ഇപ്പോഴും ആ ചൈതന്യം ഒരു കുറവും കൂടാതെ അവിടെ ഊര്‍ജ്ജ്വസ്വലമായി നിലനില്‍ക്കുന്നു. ആ മഹാസംഭവം ഇന്നലെ കഴിഞ്ഞതുപോലെയേ തോന്നൂ. ഈ ഊര്‍ജ്ജത്തിന്‍റെ തീക്ഷ്ണത നിങ്ങളെ വിസ്മയിപ്പിക്കും.


സദ്ഗുരു ശ്രീ ബ്രഹ്മ ദേഹമുപേക്ഷിച്ചിട്ടും എഴുപതുവര്‍ഷം കഴിഞ്ഞു. ഇപ്പോഴും ആ ചൈതന്യം ഒരു കുറവും കൂടാതെ അവിടെ ഊര്‍ജ്ജ്വസ്വലമായി നിലനില്‍ക്കുന്നു.

ഇപ്പോള്‍ നമ്മുടെ സാമൂഹികമായ സാഹചര്യങ്ങള്‍ വളരെയേറെ മാറിയിട്ടുണ്ട്. ഒരു സമൂഹത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചില കഴിവുകളൊക്കെ ഉണ്ടായേ തീരൂ. അതെല്ലാം ബോധപൂര്‍വ്വം ഞാന്‍ സ്വയം പഠിച്ചെടുത്തു. അന്നില്ലാതിരുന്ന പല സാമൂഹ്യഗുണങ്ങളും ഇന്നു നമ്മള്‍ ശീലമാക്കിയിട്ടുണ്ട്. തന്നില്‍ ഉള്‍ചേര്‍ന്നിരുന്ന ആ അഭൗമമായ പ്രഭാവത്തിന്‍റെ തീവ്രത കാരണം മറ്റു സംഗതികളെല്ലാം നിസ്സാരമായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. ചുറ്റുമുള്ളവര്‍ തന്നെപ്പറ്റി എന്തു വിചാരിക്കുന്നു എന്നത് അദ്ദേഹം കാര്യമാക്കിയിരുന്നില്ല. പക്ഷെ അജ്ഞതക്കും തനതായ ഒരു ശക്തിയുണ്ട്. അതിനെ അവഗണിക്കരുത്. ജ്ഞാനത്തിനു ശക്തിയുള്ളതുപോലെ അജ്ഞാനത്തിനും അവഗണിക്കാനാവാത്ത ബലമുണ്ട്.

ജനങ്ങളുടെ അജ്ഞത കാരണം, ലോകത്തില്‍ ഒരുപാടു സംഗതികള്‍ മുന്നോട്ടു പോകുന്നില്ല. അജ്ഞത ഒരു നങ്കൂരം പോലെയാണ്. എത്രതന്നെ ശ്രമിച്ചാലും ഏറ്റവും ഭാരിച്ച കപ്പലിനെപ്പോലും ഇളകാന്‍ അതനുവദിക്കില്ല. തുടക്കം മുതല്‍ തന്നെ അജ്ഞതയെ ഞാന്‍ വേണ്ടവിധത്തില്‍ പരിഗണിച്ചിരുന്നു. അതിനെ ആദരവോടുകൂടിതന്നെ ഞാന്‍ കണ്ടു. എന്നാല്‍ സദ്ഗുരു ശ്രീ ബ്രഹ്മഅവജ്ഞയോടെയാണ് അജ്ഞതയെ നേരിട്ടത്. ജനകീയ മനസ്സിന്‍റെ വഴികള്‍ അദ്ദേഹം മനസ്സിലാക്കിയില്ല. ബഹുഭൂരിപക്ഷം ജനങ്ങളും അജ്ഞരാണ്. അതിനെയാണ് അദ്ദേഹം അവഗണിച്ചത് സ്വന്തം ആത്മപ്രഭാവത്തിന്‍റെ ശക്തിയില്‍ എല്ലാം സംഭവിക്കുമെന്ന് അദ്ദേഹം കരുതി. അങ്ങനെ സംഭവിക്കാതിരുന്നപ്പോള്‍ അദ്ദേഹം ആത്മപരിശോധന നടത്തി. തന്‍റെ ഊര്‍ജ്ജത്തിന്‍റെ അപര്യാപ്തത കണ്ടെത്താന്‍ ശ്രമിച്ചു. അങ്ങനെ ഏഴുചക്രങ്ങളിലൂടെ കടന്ന് സ്വന്തം ശരീരം ഉപേക്ഷിച്ചു. വളരെ വളരെ അപൂര്‍വ്വമായേ ഇങ്ങനെ സംഭവിക്കാറൂള്ളൂ. ആ ശക്തിയുടെ കേന്ദ്രമാണ് വെള്ളിയാങ്കിരി മലകള്‍; ഭൂമിയിലെ സവിശേഷസ്ഥാനങ്ങളിലൊന്ന് വേറൊരിടത്തും ഇത്രത്തോളം ശക്തിയുടെ നിറവ് നിങ്ങള്‍ക്കനുഭവിക്കാനാവില്ല.