സദ്ഗുരു ഗുരുക്കന്മാരെക്കുറിച്ച്: മത്സ്യേന്ദ്രനാഥും സുവ്യക്തമായ സന്ദേശവും
മത്സ്യേന്ദ്രനാഥ് വളരെ പ്രസ്‌ക്തമായൊരു സന്ദേശം അപ്രതീക്ഷിതമായ രീതിയില്‍ ശിഷ്യനായ ഘോരക്‌നാഥിനു നല്‍കിയതിനെ കുറിച്ചാണ് സദ്ഗുരു നമ്മോടു പറയുന്നത്.
 
 

സദ്ഗുരു: മത്സ്യേന്ദ്രനാഥിനേയും ഘോരഖ്നാഥിനേയും കുറിച്ച് ഒരു കഥയുണ്ട്. ഒരു മഹായോഗിയായിരുന്നു മത്സ്യേന്ദ്രനാഥ്; ശിവന്‍റെ അവതാരമെന്ന് നാട്ടുകാര്‍ കരുതിയിരുന്ന ഒരാള്‍. നേരു പറഞ്ഞാല്‍ ശിവന്‍ വീണ്ടും മത്സ്യേന്ദ്രനാഥായി ജനിച്ചതൊന്നുമല്ല. ജ്ഞാനത്തിന്‍റെയും അപാരമായ സിദ്ധികളുടെയും കാര്യത്തില്‍ അദ്ദേഹം ശിവനില്‍ നിന്നും വ്യത്യസ്ഥനല്ലായിരുന്നു എന്നാണ് ഉദ്ദേശിക്കുന്നത്. ശിവന്‍റെ സവിശേഷമായ ജ്ഞാന സ്വഭാവഗുണങ്ങളെയാണ് ശിവന്‍ എന്ന രൂപത്തെക്കാള്‍ നാം ഇഷ്ടപ്പെടുന്നത്.

മത്സ്യേന്ദ്രനാഥ് അതിനോട് വളരെ സാമ്യമുള്ള ഒരാളായിരുന്നു. അതുകൊണ്ട് ആളുകള്‍ അദ്ദേഹം ശിവന്‍ തന്നെയാണെന്നു പറഞ്ഞു. ഘോരക്‌നാഥ് അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യനായിരുന്നു. ആ ശിഷ്യന്‍ പില്‍ക്കാലത്ത് ഭാരതത്തിലെ ഒരു മഹാ യോഗിയായി തീര്‍ന്നു. ഈ ഉപഭൂഖണ്ഡത്തില്‍ ആദ്ധ്യാത്മികമായ പല ദൗത്യങ്ങളും അദ്ദേഹം നിറവേറ്റി. അദ്ദേഹത്തെ കുറിച്ച് കേള്‍ക്കാത്തവര്‍ ഭാരതമണ്ണില്‍ വിരളം.

തെളിനീരു തേടി

മത്സ്യേന്ദ്രനാഥ് ശിഷ്യന്‍ ഘോരക്‌നാഥിനൊപ്പം പതിവു സവാരി നടത്തുകയായിരുന്നു. നടന്നുനടന്ന് ഒരു കാട്ടരുവി മുറിച്ചു കടന്നു. ക്ഷീണം തോന്നിയപ്പോള്‍ ഗുരു ഒരു മരച്ചുവട്ടില്‍ ഇരുന്നു.

'എനിക്കിത്തിരി വെള്ളം കൊണ്ടു വാ, ദാഹിക്കുന്നു' മത്സ്യേന്ദ്രനാഥ് പറഞ്ഞു. ഗുരു വല്ലതും ആവശ്യപ്പെട്ടാല്‍ ഒരു നിമിഷം കൊണ്ട് അതു സാധിച്ചു കൊടുക്കുക ശിഷ്യന്‍റെ സ്വഭാവമായിരുന്നു. അതു കൊണ്ട്, ഘോരക്‌നാഥ് ഉടനെ വെള്ളം ശേഖരിക്കാന്‍ ഓടി. ഏതോ കച്ചവടക്കാരുടെ കാളവണ്ടികള്‍ അരുവി മുറിച്ചു കടന്നിരുന്നു. വെള്ളത്തിലാകെ മണ്ണു കലങ്ങിയതിനാല്‍ അവന്‍ തിരിച്ചു പോന്നു. 'ഗുരോ, അരുവിയിലെ വെള്ളം കലങ്ങിയിരിക്കുന്നു. പത്തു മിനിറ്റു നടന്നാല്‍ ഒരു നദിക്കരയിലെത്തും, ഞാന്‍ അവിടെ ചെന്ന് വെള്ളമെടുത്തിട്ടു വരാം'

' വേണ്ട, ഈ അരുവിയില്‍ നിന്നു തന്നെ വെള്ളം എടുത്തു കൊണ്ടുവാ' മത്സ്യേന്ദ്രനാഥ് പറഞ്ഞു. 'പക്ഷെ അതില്‍ ചെളിയാണല്ലോ'

'ചെല്ലൂ, അതേ അരുവിയില്‍ നിന്ന്, നീ കണ്ട അതേ സ്ഥലത്തു നിന്നു തന്നെ വെള്ളം കൊണ്ടു വാ' ശിഷ്യന്‍ പിന്നെയും അവിടേക്ക് ഓടി, അപ്പോഴും അതു കലങ്ങി കിടപ്പായിരുന്നു. ആകെ നിരാശനായി തിരിച്ചു നടന്നു. കാര്യം പറഞ്ഞു 'സാരമില്ല, ആ വെള്ളം മതി എനിക്ക് , ദാഹിക്കുന്നു, ചെല്ല്' ഗുരു പിന്നെയും അവനെ പറഞ്ഞയച്ചു.

ഇത്തവണ വെള്ളം ഇത്തിരി തെളിഞ്ഞിരിക്കുന്നു. അവന്‍ കുറച്ചു നേരം കൂടി കാത്തിരുന്നു. അഞ്ചു നിമിഷങ്ങള്‍ കടന്നു പോയി. മണ്ണ് ഊറി വെള്ളം ശുദ്ധമായി. വെള്ളം കോരി ഘോരക്‌നാഥ് സന്തോഷത്തോടെ അത് ഗുരുവിനു കൊണ്ടു ചെന്നു കൊടുത്തു. മത്സ്യേന്ദ്രനാഥാകട്ടെ വെള്ളം തനിക്കരികില്‍ ഒരു തുള്ളി പോലും കുടിക്കാതെ വെച്ചു. അദ്ദേഹത്തിന് ദാഹിക്കുന്നില്ലായിരുന്നു.

സ്വയം നാം തന്നെ ഉള്ളിലുണ്ടാക്കുന്ന ശബ്ദങ്ങളാണ് അചഞ്ചലമായ മനസ്സിനു കാരണം.

ഒരു മന്ത്രം 10 തവണ ജപിക്കാന്‍ പറഞ്ഞാല്‍ 10,000 തവണ ജപിക്കുന്ന തരം ശിഷ്യനായിരുന്നു ഘൊരക്‌നാഥ്. എപ്പോഴും ഓടിക്കൊണ്ടിരിക്കുന്നവന്‍. പറയുന്നതെല്ലാം അതീവ താല്‍പര്യത്തോടെയും വൃത്തിയായും ചെയ്യുന്നവന്‍. പക്ഷെ അവനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തേണ്ട സമയം വന്നിരിക്കുകയായിരുന്നു. അതു കൊണ്ട് മത്സ്യേന്ദ്രനാഥ് പറഞ്ഞു 'ശിഷ്യാ നീ തലങ്ങും വിലങ്ങും ഓടി നടന്ന് തീവ്രമായ പല ജോലികളും വളരെ ഭംഗിയായി തന്നെ നിറവേറ്റിയിരിക്കുന്നു. പക്ഷെ ഇപ്പോള്‍, ഇതാ ആ സമയം വന്നിരിക്കുന്നു, നീ അല്‍പ നേരം ശാന്തനായി കാത്തിരിക്കേണ്ട സമയം. എല്ലാം തനിയേ തെളിനീരു പോലെ ഉള്ളില്‍ ഊറി തെളിഞ്ഞു വന്നോളും.'

അന്തരാത്മാവിന്‍റെ ശബ്ദം സ്വാഭാവികമായിത്തന്നെ നിന്‍റെ മനസ്സിലുണ്ട്. എന്ത് ശബ്ദം ഉള്ളില്‍ ഉണര്‍ന്നാലും നിങ്ങള്‍ ഉറക്കത്തിലാണെങ്കില്‍ യാതൊരു പ്രയോജനവുമില്ല. ഗാഢ നിദ്രയിലായിരിക്കെ എന്ത് ശബ്ദം കേട്ടാലെന്ത്, കേട്ടില്ലെങ്കിലെന്ത്? സ്വയം നാം തന്നെ ഉള്ളിലുണ്ടാക്കുന്ന ശബ്ദങ്ങളാണ് അചഞ്ചലമായ മനസ്സിനു കാരണം, നമ്മുടെ ഉള്ളില്‍ ഉണരുന്ന അനാവശ്യ ശബ്ദങ്ങള്‍, വാക്കുകളായി മാറുന്നു, അര്‍ത്ഥമില്ലാത്ത ആ ശബ്ദങ്ങള്‍ അര്‍ത്ഥങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു. കാത്തിരിക്കൂ, അത് തനിയേ ഉള്ളില്‍ പളുങ്കു പോലെ തെളിഞ്ഞു വരും. ഉള്ളിലുണരുന്ന അനാവശ്യ ശബ്ദങ്ങളെല്ലാം നിലയ്ക്കുമ്പോള്‍, അവയോട് അനാവശ്യമായ അര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ക്കാതിരിക്കുമ്പോള്‍, എല്ലാം നിശബ്ദമാകുമ്പോള്‍, മനസ്സ് സ്ഫടികസമാനമാകുന്നു, നിശബ്ദമാകുന്നു.

 
 
 
 
  0 Comments
 
 
Login / to join the conversation1