സദ്ഗുരു: അഷ്ടാവക്രന്‍ എന്നൊരു ആത്മജ്ഞാനിയുണ്ടായിരുന്നു; അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണില്‍ പിറന്ന മഹാജ്ഞാനികളില്‍ ഒരാള്‍. തന്‍റെ കാലത്ത് ആത്മീയ രഥത്തെ സധൈര്യം മുന്നോട്ടു നയിച്ചവന്‍, എന്നാലോ, ശരീരത്തില്‍ എട്ടു വളവുകളോടു കൂടിയവന്‍, അംഗവൈകല്യത്തെ അച്ഛനില്‍ നിന്ന് ശാപമായി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവന്‍.

ശാപം കിട്ടിയ കുട്ടി

അഷ്ടാവക്രന്‍ അമ്മയുടെ ഗര്‍ഭത്തില്‍ കിടക്കുന്ന കാലത്തു തന്നെ, അവന്‍റെ അച്ഛന്‍ കഹോല ആത്മജ്ഞാനമുണര്‍ത്തുന്ന കാര്യങ്ങള്‍ അവന്‍റെ അമ്മയോടു ചര്‍ച്ച ചെയ്യുമായിരുന്നു. അദ്ദേഹം ഒരു പണ്ഡിതനും ഒരു ഋഷിയുമായിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ അദ്ദേഹത്തിന്‍റെ കുഞ്ഞ് വളരെയധികം ജ്ഞാനം ആര്‍ജ്ജിച്ചു.

എന്തിനധികം പറയണം, ഒരുനാള്‍ അമ്മയോടുള്ള അച്ഛന്‍റെ ആദ്ധ്യാത്മിക ചര്‍ച്ചയില്‍ പറ്റിയ തെറ്റുകള്‍ വയറ്റില്‍ കിടക്കുന്ന കുട്ടി കേട്ടു. അവന്‍ അിറയാതെ 'ഹും' എന്നൊന്നു മൂളി. കഷ്ടകാലത്തിന് അച്ഛന്‍റെ ആത്മസംയമനമൊക്കെ അതോടെ പോയി. ' അച്ഛനെ തിരുത്തിയവനേ, നീ എട്ടു വളവുകളോടെ പിറക്കട്ടേ' എന്ന് അച്ഛന്‍ ശപിച്ചു. അങ്ങനെ ശരീരത്തില്‍ അഷ്ട്ടവക്രങ്ങളോടെ മകന്‍ പിറന്നു, കാലുകള്‍, കൈകള്‍, മുട്ടുകള്‍, കഴുത്ത് എന്നിങ്ങനെ ശരീരത്തിന്‍റെ എട്ടു ഭാഗത്തും വളവുകള്‍ തന്നെ.

ജനകരാജാവിന്‍റെ കാത്തിരിപ്പ്

അഷ്ട്ടാവക്രന്‍ വളര്‍ന്നു, എട്ടു വളവുകളുള്ള ഒരു കുമാരനായി. അക്കാലത്ത് നാടിന്‍റെ അധിപനായ ജനകന്‍ ഒരു ആദ്ധ്യാത്മികമായ ഒരു മഹാസംവാദം വിളിച്ചു ചേര്‍ത്തു. രാജാവാണെങ്കിലും ജനകന്‍ ഒരു ആത്മസത്യത്തിനായി ദാഹിക്കുകയായിരുന്നു. തന്‍റെ നാട്ടിലെ ആത്മജ്ഞാനികളായ ഗുരുക്കന്മാരെ രാജസഭയില്‍ വിളിച്ചു ചേര്‍ത്തതും ആ ദാഹത്തിനൊരു ശമനം കിട്ടാനായിരുന്നു. പലരും വന്നു. അവരെയെല്ലാം അദ്ദേഹം സഭയിലേക്ക് ആനയിച്ചു.

നിത്യവും വീട്ടുകാര്യങ്ങളും രാജകാര്യങ്ങളും നിര്‍വ്വഹിച്ച് എത്രയും വേഗം ജനകരാജന്‍ സംവാദസഭയില്‍ വന്ന് ഇരിക്കും. ആത്മജ്ഞാനത്തിന്‍റെ നേര്‍വഴി അതില്‍ നിന്ന് എന്തെങ്കിലും തെളിഞ്ഞു കിട്ടുമെന്ന ആശയോടെ വ്യത്യസ്ത ആദ്ധ്യാത്മിക പാരമ്പര്യങ്ങളിലും ഗ്രന്ഥങ്ങളിലും പാണ്ഡിത്യം നേടിയവരുടെ ഘഹനമായ ആത്മീയ തര്‍ക്കവിതര്‍ക്കങ്ങള്‍ ദിവസങ്ങളും മാസങ്ങളും നീളും. സംവാദത്തിലെ വിജയി വലിയൊരു നാണയക്കിഴി സമ്മാനമായി നേടും. ചിലപ്പോള്‍ രാജസഭയില്‍ ഒരുഗ്രന്‍ സ്ഥാനവും കിട്ടും. വന്നവര്‍ ആരും തന്നെ ചില്ലറക്കാരല്ല. എന്നിട്ടും അവര്‍ക്കൊന്നും ജനകരാജന് ബോധോദയമേകാന്‍ സാധിച്ചില്ല.

അക്കാലത്ത് നാടിന്‍റെ അധിപനായ ജനകന്‍ ഒരു ആദ്ധ്യാത്മികമായ ഒരു മഹാസംവാദം വിളിച്ചു ചേര്‍ത്തു. രാജാവാണെങ്കിലും ജനകന്‍ ഒരു ആത്മസത്യത്തിനായി ദാഹിക്കുകയായിരുന്നു.

അഷ്ടാവക്രന്‍റെ പിതാവും ഒരു നാള്‍ സഭയിലെത്തി. സംവാദം തുടങ്ങി.ബുദ്ധിപരമായ പല ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടു. അനേകം വിശുദ്ധ ഗ്രന്ഥങ്ങളുടെ സങ്കീര്‍ണ്ണതകളും ചര്‍ച്ചാവിഷയമായി. അവര്‍ക്കിടയില്‍ കൗമാരക്കാരനായ അഷ്ടാവക്രന്‍റെ ശബ്ദമുയര്‍ന്നത് പെട്ടെന്നായിരുന്നു. 'ഈ ചര്‍ച്ചകളൊക്കെ വെറും അര്‍ത്ഥശൂന്യം. ആത്മാവിനെ കുറിച്ച് നിങ്ങള്‍ക്കൊന്നും ഒന്നുമറിയില്ല. ദേ, ഇവിടെ ഇരിക്കുന്ന എന്‍റെ അച്ഛനു പോലും' ഒരു ഞെട്ടലോടെ, അതിലേറെ കൗതുകത്തോടെ ജനകരാജന്‍ അഷ്ടാവക്രനെ നോക്കി- ദേഹമാസകലം വളവും തിരുവുമുള്ള ഒരു ചെറുക്കന് ഇത്രയ്ക്ക് ധൈര്യമോ. 'നീ പറഞ്ഞത് ഒന്നു കൂടി വ്യക്തമാക്കാമോ? അല്ലെങ്കില്‍ വൈകല്യം ബാധിച്ച നിന്‍റെ ഈ ശരീരം നേരെ ചൊവ്വേ വീടണയില്ല'

'ഞാനതിനു തയ്യാറാണ്' അഷ്ട്ടാവക്രന്‍ പറഞ്ഞു.

'എങ്കില്‍ പറയൂ ഇവര്‍ക്കാര്‍ക്കും അറിയാത്ത മറ്റെന്താണ് നിനക്കു വാഗ്ദാനം ചെയ്യാനുള്ളത് ?' ജനകന്‍ ചോദിച്ചു. 'അതു നല്‍കണമെങ്കില്‍ അങ്ങ് എന്‍റെ വാക്കുകള്‍ അങ്ങേയറ്റത്തെ അനുസരണയോടെ സ്വീകരിക്കേണ്ടിവരും, അഷ്ടാവക്രന്‍ മറുപടിയേകി, 'അതിനു സമ്മതമാണെങ്കില്‍ മാത്രമേ എനിക്കത് നല്‍കാനാവൂ. ഞാന്‍ പറയുന്നത് സ്വീകരിക്കാന്‍ സമ്മതമെങ്കില്‍ താങ്കള്‍ അതിന് അര്‍ഹനെന്നു ഞാന്‍ പറയും'

വികലാംഗനെങ്കിലും ആ കുമാരന്‍റെ സത്യസന്ധത രാജാവിന് നന്നേ ബോധിച്ചു. 'എന്തും പറയൂ, ഞാന്‍ അനുസരിച്ചോളാം' രാജന്‍ പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു. 'കാട്ടിലാണ് ഞങ്ങളുടെ വാസം, അങ്ങോട്ടേക്കിന്നു വരൂ എന്താണു ചെയ്യേണ്ടതെന്നൊക്കെ എന്നിട്ടു നോക്കാം' അഷ്ട്ടാവക്രന്‍ മറുപടി നല്‍കി, തിരിച്ചു പോയി.

ദിവസങ്ങള്‍ ചിലത് കടന്നു പോയി. അഷ്ടാവക്രനെ തേടി ജനകന്‍ കാട്ടിലെത്തി. മന്ത്രിമാരും സൈനികരും ചേര്‍ന്ന് ഒരു വന്‍ സന്നാഹം തന്നെ പിറകേ വന്നു. വനത്തിലേക്കു ചെല്ലുന്തോറും അതു ഘോരമായി കൊണ്ടിരുന്നു. കാടിന്‍റെ ആഴങ്ങളില്‍ ജനകന്‍ ഏകനായി. വഴിതെറ്റി അലയുന്നതിനിടയില്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുന്ന അഷ്ടാവക്രനെ കണ്ടു.

ജനകന്‍ ഉടനെ കുതിരപ്പുറത്തു നിന്ന് ഇറങ്ങാന്‍ ഒരുങ്ങി. ഒരു കാല്‍ കുതിരപ്പുറത്തും മറുകാല്‍ വായുവിലും എന്ന നിലയില്‍ രാജാവു നില്‍ക്കുമ്പോള്‍ അഷ്ടാവക്രന്‍റെ ശബ്ദം കേട്ടു. 'അവിടെ നില്‍ക്കൂ' ജനകന്‍ നിന്നനില്‍പ്പില്‍ നിന്നു. ഒരു പാതി കുതിരമേലും മറുപാതി വായുവിലുമായി എത്രനേരം ജനകന്‍ നിന്നുവെന്ന് നമുക്കറിയില്ല. ചില ഇതിഹാസങ്ങള്‍ പറയുന്നു അനേകം വര്‍ഷങ്ങള്‍ എന്ന്. ചിലത് പറയുന്നു ഒരു നിമിഷമെന്ന്. അതെത്ര ആയാലും സാരമില്ല. ചിലപ്പോള്‍ ഒരു നിമിഷം മാത്രമായിരിക്കാം. എന്തായാലും അഷ്ടാവക്രന്‍റെ ആജ്ഞാശക്തിയില്‍ പൂര്‍ണ്ണ ബോധത്തോടെയുള്ള ആ നില്‍പ്പില്‍ രാജാവ് പൂര്‍ണ്ണമായ അവബോധത്തെ പ്രാപിച്ചു.

ആത്മബോധത്തിലെത്തിയ നിമിഷം തന്നെ കുതിരപ്പുറത്തു നിന്നിറങ്ങി അഷ്ടാവക്രന്‍റെ കാലുകളില്‍ വീണു വണങ്ങി. 'ഇനി എനിക്കെന്തിനാണ് കൊട്ടാരവും സിംഹാസനവും' ജനകന്‍ അഷ്ടാവക്രനോടു പറഞ്ഞു 'അതൊക്കെ എത്ര നിസാരം; കുമാരന്‍റെ ഈ കാല്‍ക്കല്‍ ഇരിക്കുന്നത് എത്ര ആശ്വാസകരം. ദയവായി എന്നെ കൂടി അവിടുത്തെ ആശ്രമത്തില്‍ പാര്‍ക്കുവാന്‍ അനുവദിക്കൂ.'

'ആത്മബോധം കൈവരിച്ച സ്ഥിതിക്ക് ഇനി അങ്ങേയ്ക്ക് സ്വന്തമായുള്ള ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ല രാജന്‍' അഷ്ടാവക്രന്‍ പറഞ്ഞു ' ഇനി മേല്‍ താങ്കളുടെ ജീവിതം താങ്കളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയല്ല, നേരു പറഞ്ഞാല്‍ താങ്കള്‍ക്കിനി ആവശ്യങ്ങള്‍ ഒന്നും തന്നെയില്ല.

'ആത്മബോധം കൈവരിച്ച സ്ഥിതിക്ക് ഇനി അങ്ങേയ്ക്ക് സ്വന്തമായുള്ള ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ല രാജന്‍' അഷ്ടാവക്രന്‍ പറഞ്ഞു ' ഇനി മേല്‍ താങ്കളുടെ ജീവിതം താങ്കളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയല്ല, നേരു പറഞ്ഞാല്‍ താങ്കള്‍ക്കിനി ആവശ്യങ്ങള്‍ ഒന്നും തന്നെയില്ല. ആത്മബോധം നേടിയ അങ്ങയെ പോലൊരു രാജാവിനെ ജനങ്ങള്‍ക്ക് ആവശ്യമുണ്ട്. അതിനാല്‍ താങ്കള്‍ ആ സ്ഥാനത്തു തന്നെ തുടരണം' മനസ്സില്ലാമനസ്സോടെ ജനകന്‍ കൊട്ടാരത്തിലേക്കു മടങ്ങി. തന്‍റെ ഭരണ വൈഭവം കൊണ്ടു പ്രജാപരിപാലനം നടത്തി.

ജനകന്‍ തന്‍റെ ജനങ്ങള്‍ക്ക് ഒരനുഗ്രഹം തന്നെയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും. കാരണം അദ്ദേഹം ആത്മബോധം നേടിയവനായിരുന്നു. എന്നിട്ടും ഒരു രാജാവിനെ പോലെ ഭരണചക്രം ചലിപ്പിച്ചു. ഭാരതത്തിലെ പല സന്യാസികളും പരിവ്രാചകരും ഒരു കാലത്ത് രാജാക്കന്മാരായിരുന്നു. സ്വന്തമായിരുന്നതെല്ലാം സ്വമനസ്സാലെ പിന്നില്‍ വെടിഞ്ഞ് ഭിക്ഷാടകരായി ദേശാടനത്തിനിറങ്ങിയവര്‍, ഗൌതമ ബുദ്ധന്‍, മഹാവീരന്‍, ബാഹുബലി -അങ്ങിനെ നിരവധി പേര്‍- എന്നാല്‍ ബോധോദയം നേടിയ ഒരു ഭരണകര്‍ത്താവ്, ഒരു അപൂര്‍വ്വ ജനുസ്സു തന്നെയായിരുന്നു. ആത്മജ്ഞാനിയായിട്ടും അദ്ദേഹം രാജ്യഭരണത്തിന്‍റെ സിംഹാസനത്തില്‍ തുടര്‍ന്നു, എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം, നീതി നിര്‍വ്വഹണത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവു കിട്ടുമ്പോഴെല്ലാം, ഒരല്‍പനേരം അഷ്ടാവക്രന്‍റെ ആത്മാങ്കണത്തില്‍ വന്നിരിക്കുമായിരുന്നു.

സന്യാസിമാരും വാനരന്‍മാരും

അഷ്ടാവക്രനില്‍ നിന്ന് ആത്മീയ പാഠങ്ങള്‍ പഠിച്ചെടുത്ത സന്യാസിമാര്‍ ആശ്രമത്തില്‍ തന്നെ താമസിക്കുന്നുണ്ടായിരുന്നു. അടിക്കടിയുള്ള ജനകരാജാവിന്‍റെ വരവ് അവര്‍ക്കത്ര രസിച്ചില്ല, മറ്റൊന്നും കൊണ്ടല്ല, ജനകനെ കണ്ടാലുടന്‍ അഷ്ടാവക്രന്‍ രാജാവിനൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കും. അവര്‍ തമ്മില്‍ അത്രത്തോളം ആത്മബന്ധമുണ്ടായിരുന്നു. ജനകനെ കാണുമ്പോള്‍ ഗുരുവിനുണ്ടാകുന്ന പ്രസന്നത മറ്റ് ശിഷ്യന്‍മാരെ കാണുമ്പോള്‍ അഷ്ടാവക്രനില്‍ കണ്ടില്ല.

'സുഖലോലുപനായ ഈ മനുഷ്യനോട് ഗുരുവിന് എന്താണിത്ര താല്‍പര്യം? ഗുരുവിന് സംയമനം നഷ്ടമാവുന്നുണ്ടോ ആവോ?' ശിഷ്യന്മാര്‍ അടക്കം പറയുമായിരുന്നു 'ഇയാളൊരു രാജാവു മാത്രം. കൊട്ടാരത്തില്‍ കഴിയുന്നവന്‍, കുറേ ഭാര്യമാരും മക്കളും, സമ്പത്തും, അങ്ങേരുടെ നടത്തത്തിലെ ആഢ്യത്വവും കണ്ടില്ലേ? കുപ്പായങ്ങളും ആഭരണങ്ങളുമാണെങ്കില്‍ പറയേണ്ട. എന്ത് ആത്മീയതയാണ് അയാളില്‍ ഗുരു കാണുന്നതാവോ? നമ്മളാണെങ്കില്‍ എല്ലാം വിട്ട് ഇവിടെ ആത്മപുരോഗതിക്കായി സ്വയം സമര്‍പ്പിച്ചിരിക്കയാണ്. നമ്മള്‍ സര്‍വ്വസംഗപരിത്യാഗികള്‍. എന്നിട്ടും ഗുരുവിനെന്തേ നമ്മളെ കാണുമ്പോള്‍ ഒരു തെളിച്ചമില്ല….?'

തന്‍റെ ശിഷ്യരില്‍ ഇങ്ങനെയൊരു നീരസം വളരുന്ന കാര്യം ഗുരുവും അറിഞ്ഞിരുന്നു. ഉള്ളിലുള്ളതിനെ പുറത്തെടുക്കാനുള്ള ഒരു സാഹചര്യത്തിനായി അദ്ദേഹവും കാത്തിരുന്നു. ഒരു നാള്‍ ഒരു മണ്ഡപത്തില്‍ ഇരുന്ന് ഗുരു ശിഷ്യരോട് സംസാരിക്കുകയായിരുന്നു. ജനകനും അവിടെ സന്നിഹിതനായിരുന്നു. ഗുരുവിന്‍റെ പ്രഭാഷണം നടന്നു കൊണ്ടിരിക്കെ ഒരു സൈനികന്‍ ഓടി വന്ന് ജനകരാജനെ തൊഴുതു, എന്നാലോ ഗുരുവായ അഷ്ടാവക്രനെ ശ്രദ്ധിച്ചതു പോലുമില്ല. 'അയ്യോ,രാജന്‍, കൊട്ടാരത്തിന് തീ പിടിച്ചിരിക്കുന്നു. എല്ലാം കത്തികൊണ്ടിരിക്കുന്നു.' പടയാളി പറഞ്ഞു.

ഒരുവന്‍റെ ആന്തരികമായ വികാസത്തിന് അവന്‍റെ ബാഹ്യവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. തനിക്കു ലഭിച്ച ശരീരവും മനസ്സും വെച്ച് എന്താണ് അവന്‍ അല്ലെങ്കില്‍ അവള്‍ ചെയ്യുന്നത് എന്നതാണ് മുഖ്യം.

ജനകന്‍ എഴുന്നേറ്റ് അയാളോട് കയര്‍ത്തു, “ഇവിടെ നിന്നും പോകൂ, ഇവിടെ വന്ന് ഈ സത്സംഗം തടസ്സപ്പെടുത്താന്‍ എങ്ങനെ ധൈര്യം വന്നു. എന്നെ വണങ്ങി എന്‍റെ ഗുരുവിനെ വണങ്ങാതിരിക്കാന്‍ എങ്ങനെ ധൈര്യം വന്നു? ഇവിടെ നിന്നും പോകൂ!” ജനകന്‍ പറഞ്ഞു.

ഏതാനും ദിനങ്ങള്‍ കഴിഞ്ഞു. അഷ്ടാവക്രന്‍ പതിവുപോലെ ധര്‍മ്മ പ്രഭാഷണം നടത്തി. ശിഷ്യഗണങ്ങള്‍ ചുറ്റിലും ഇരിപ്പായി. പൊടുന്നനെ ഒരു ആശ്രമവാസി ഓടി മണ്ഡപത്തിലെത്തി 'ദേ, ഒരു കുരങ്ങന്‍മാര്‍ നമ്മുടെ വസ്ത്രങ്ങളെല്ലാം എടുത്തോണ്ട് ഓടിപ്പോവുന്നു.'

സംന്യാസിമാരെല്ലാം ഉടനടി എണീറ്റ് കുപ്പായങ്ങളെടുക്കുവാന്‍ ഓടി. എന്നാല്‍ കുപ്പായങ്ങള്‍ ഉണങ്ങാന്‍ ഇട്ടിടത്ത് അയലിന്‍ മേല്‍ തന്നെ കിടക്കുന്നു. ഗുരുവിന്‍റെ പരീക്ഷണമായിരുന്നു അതെന്ന് അവര്‍ക്കുടനടി മനസ്സിലായി. തലയും താഴ്ത്തി അവര്‍ തിരിച്ചു പോന്നു.

'കണ്ടില്ലേ ഇദ്ദേഹം ഒരു രാജാവാണ്. അഷ്ടാവക്രന്‍ പറഞ്ഞു. 'ഏതാനും ദിവസം മുമ്പ് ഇദ്ദേഹത്തിന്‍റെ കൊട്ടാരം തന്നെ കത്തിയമര്‍ന്നു. സമ്പത്തെല്ലാം ചാരവുമാവുകയായിരുന്നു. എന്നിട്ടും ഇദ്ദേഹത്തിന്‍റെ വിഷമം, നമ്മുടെ സത്സംഗത്തിനിടയില്‍ ആ പടയാളി ഓടി വന്ന് നമ്മെ ശല്ല്യം ചെയ്തല്ലോ എന്നായിരുന്നു. 'നിങ്ങള്‍ സന്യാസികളാണ് നഷ്ടപ്പെടാന്‍ ഒന്നുമില്ല' അഷ്ടാവക്രന്‍ തുടര്‍ന്നു. ' കൊട്ടാരമില്ല, ഭാര്യയില്ല, കുട്ടികളില്ല, ഒന്നുമില്ല. എന്നിട്ടും കുരങ്ങന്മാര്‍ വന്ന് കുപ്പായങ്ങള്‍ എടുത്തുവെന്ന് കേട്ടപ്പോള്‍ അവ തിരിച്ചെടുക്കാനായി ഓടി. ആര്‍ക്കും വേണ്ടാത്ത കാവി കുപ്പായങ്ങള്‍ക്കു വേണ്ടി; എവിടെയാണ് നിങ്ങളുടെ പരിത്യാഗം? ശരിയായ പരിത്യാഗി രാജാവ് തന്നെയല്ലേ? രാജാവാണ് എന്നിട്ടും ഒരു പരിത്യാഗിയാണ്. നിങ്ങള്‍ സംന്യാസികളാണ്. മറ്റുള്ളവര്‍ ഉപേക്ഷിച്ചത് മാത്രം ഉപയോഗിച്ച് ജീവിക്കേണ്ടവര്‍. എന്നിട്ടും നിങ്ങളില്‍ ഉപേക്ഷിക്കാനുള്ള മനോഭാവം ഉണര്‍ന്നില്ല. ആ നിലവാരത്തിലാണ് നിങ്ങളുടെ നില്‍പ്പ്. അതിലും മഹത്തായ പരിത്യാഗത്തിന്‍റെ നിലവാരത്തിലാണ് രാജാവിന്‍റെ നില്‍പ്പ്.

ഒരുവന്‍റെ ആന്തരികമായ വികാസത്തിന് അവന്‍റെ ബാഹ്യവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. തനിക്കു ലഭിച്ച ശരീരവും മനസ്സും വെച്ച് എന്താണ് അവന്‍ അല്ലെങ്കില്‍ അവള്‍ ചെയ്യുന്നത് എന്നതാണ് മുഖ്യം. അല്ലാതെ ബാഹ്യമായ വേഷഭൂഷാദികളോ ആടയാഭരണങ്ങളിലോ അല്ല. അതെല്ലാം സാമൂഹ്യജീവിതത്തിലെ പൊങ്ങച്ചങ്ങള്‍ മാത്രം. നിങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിന് അനുസരിച്ച് വേഷഭൂഷാതികള്‍ക്ക് സാമൂഹ്യമായ പ്രസക്തിയുണ്ടാവാം. എന്നാല്‍ ആദ്ധ്യാത്മികമോ ആത്മജ്ഞാനപരമോ ആയി യാതൊരു പ്രസക്തിയുമില്ല. നിങ്ങളുടെ ഉള്ളിലെ നിങ്ങള്‍ ആരാണെന്ന് എന്നതാണ് വിഷയം. പരിത്യാഗം സംഭവിക്കേണ്ടതും ആദ്യം നിങ്ങളുടെ ഉള്ളിലാണ്.