സാധന എങ്ങിനെ തീവ്രവും സന്തോഷപ്രദവുമാക്കാം?
അമ്പേഷി : സാധന ചെയ്യുന്നത്‌ തീവ്രമായും യാതൊരു പ്രതീക്ഷകളും പുലര്‍ത്താതെയും വേണമെന്ന്‍ അങ്ങ്‌ പറഞ്ഞു . അതിന്‍റെ കൂടെ പക്ഷെ അങ്ങ്‌ ‘സന്തോഷത്തോടെ' എന്ന വാക്കു കൂടി ചേര്‍ത്തിരിക്കുന്നു. അതെങ്ങനെ പറ്റും?
 
 

सद्गुरु

അമ്പേഷി : സാധന ചെയ്യുന്നത്‌ തീവ്രമായും യാതൊരു പ്രതീക്ഷകളും പുലര്‍ത്താതെയും വേണമെന്ന്‍ അങ്ങ്‌ പറഞ്ഞു . അതിന്‍റെ കൂടെ പക്ഷെ അങ്ങ്‌  ‘സന്തോഷത്തോടെ' എന്ന വാക്കു കൂടി ചേര്‍ത്തിരിക്കുന്നു. അതെങ്ങനെ പറ്റും?

സദ്‌ഗുരു : ശരിയാണ്‌, ലിസ്റ്റില്‍ ഇനിയുമുണ്ട് ‌ വളരെയേറെ കാര്യങ്ങള്‍. സാധനയിലേക്ക്‌ തിരിച്ചുവരാം. അത്‌ ഒരു സമര്‍പണമായി ചെയ്യണം. എന്തെങ്കിലും കിട്ടും, കിട്ടും എന്നുള്ള പ്രതീക്ഷയിലാണ്‌ നിങ്ങള്‍. ഒരിക്കലും ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ സാധിക്കുകയില്ല. സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഒരിക്കലും ഒരുപോലെയാവില്ല. സ്വപ്‌നങ്ങള്‍ക്ക്‌ വര്‍ണ്ണവും തെളിച്ചവും കൂടുതലായിരിക്കും. അതില്‍നിന്ന്‍ നിങ്ങള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഒന്നും വരാനില്ല, ഒരു വിലയും നല്‍കേണ്ടതുമില്ല. എന്നാല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്‌ വില നല്‍കേണ്ടതായിട്ടുണ്ട്‌. വില കൊടുക്കാതെ സ്വപ്‌നങ്ങള്‍ കാണാം, പക്ഷെ യാഥാര്‍ത്ഥ്യത്തിന്‌ വില നല്‍കേണ്ടതായിട്ടുണ്ട്‌.

യാതൊന്നും പ്രതീക്ഷിക്കാതെ തീവ്രമായ സാധന എങ്ങിനെ ചെയ്യാം എന്നതാണ്‌ ചോദ്യം. യാതൊന്നും ആഗ്രഹിക്കാതെ ഒരാള്‍ക്ക്‌ കഠിന പ്രയത്‌നം എങ്ങിനെ ചെയ്യാനാവും? എപ്പോഴാണ്‌ അങ്ങനെ ചെയ്യുവാന്‍ കഴിയുക?

യഥാര്‍ത്ഥ പ്രേമം തോന്നുമ്പോള്‍ എന്തുതന്നെ ചെയ്‌താലും പോരാ എന്നു തോന്നും; സ്വയം സമര്‍പ്പിച്ചാല്‍പോലും മതിയാവില്ല. അത്‌ തികച്ചും പ്രതീക്ഷാരഹിതമാണ്‌, എന്നാല്‍ വളരെ തീവ്രവും.

സ്‌നേഹത്തിന്‍റെ പ്രേരണയാല്‍; നിങ്ങള്‍ യഥാര്‍ത്ഥമായി സ്‌നേഹിക്കുമ്പോള്‍ മാത്രമേ അത്‌ സാധ്യമാകു. സാധാരണ രീതിയില്‍ സ്‌നേഹം എന്നു പറയുന്നത്‌ ഒരു തരത്തിലുള്ള ആഗ്രഹമാണ്‌, എന്നാല്‍ യഥാര്‍ത്ഥ പ്രേമം തോന്നുമ്പോള്‍ എന്തുതന്നെ ചെയ്‌താലും പോരാ എന്നു തോന്നും; സ്വയം സമര്‍പ്പിച്ചാല്‍പോലും മതിയാവില്ല. അത്‌ തികച്ചും പ്രതീക്ഷാരഹിതമാണ്‌, എന്നാല്‍ വളരെ തീവ്രവും. യാതൊന്നും പ്രതീക്ഷിക്കാതെ, ഏന്തെങ്കിലും കാര്യം തീവ്രമായി ചെയ്യുന്നതിനുള്ള പ്രേരണ സ്‌നേഹം ഒന്നു മാത്രമാണ്‌. സാധന ഫലവത്താകണമെങ്കില്‍, തീവ്രതയല്ലാതെ വേറെ വഴിയില്ല. അതിന്‌ വിശ്വാസവും വേണം, എന്നാല്‍ സ്‌നേഹമില്ലാത്ത ഇടത്ത്‌ വിശ്വാസമുണ്ടാവില്ല. നിങ്ങള്‍ സ്‌നേഹിക്കാത്തയാളെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയില്ല.

എന്‍റെ ബിസ്‌നസ്സ്‌ പങ്കാളിയെ വിശ്വസിക്കുന്നു എന്ന്‍ പറയുന്നത്‌ വിശ്വാസമല്ല, കണക്കു കൂട്ടലാണ്‌, കാര്യ സാധ്യത്തിന്‌ വേണ്ടിയുള്ള ഇണങ്ങിച്ചേരല്‍ മാത്രം. അവിടെ വിശ്വാസമില്ല. നാളെ അയാള്‍ നിങ്ങളുടെ ഓഫീസിലുള്ളതെല്ലാം വാരിക്കെട്ടി സ്യൂട്ട്‌കേസിലാക്കി കൊണ്ടുപോയാല്‍, "സാരമില്ല എന്തായാലും അയാള്‍ എന്‍റെ പങ്കാളിയല്ലേ, അയാള്‍ എടുത്തുകൊള്ളട്ടെ,” എന്ന്‍ നിങ്ങള്‍ പറയുകയില്ല. എല്ലാ തരത്തിലുള്ള സംശയങ്ങളും നിങ്ങളുടെ മനസ്സില്‍ തോന്നും. എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍, സംശയം എന്ന ഈ വികാരം, നിങ്ങളുടെ ഭാര്യയോടോ ഭര്‍ത്താവിനോടോ മക്കളോടോ, എന്തിന്‌ നിങ്ങളുടെ അമ്മയോടു പോലുമോ തോന്നാം. ഒരിക്കല്‍ തന്‍റെ ഭാര്യക്ക്‌ സ്‌നേഹത്തോടെ അവള്‍ ഇഷ്‌ടപ്പെടുന്ന എന്തെങ്കിലും നല്‍കാന്‍ ഭ്രമം തോന്നിയ ഒരാള്‍, അവളെ വിസ്‌മയിപ്പിക്കാനെന്നവണ്ണം ഒരു ഡസന്‍ ചുവന്ന റോസാപുഷ്‌പങ്ങളുമായി എത്തി. കതക്‌ തുറന്ന നിമിഷം തന്നെ അവള്‍ കരഞ്ഞു വിളിക്കാന്‍ തുടങ്ങി, "എന്‍റെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ദിവസമാണിന്ന്‍. കുട്ടികള്‍ അടിപിടി കൂടി, വാഷിങ്‌ മെഷീന്‍ കേടായി, ഗ്യാസ് തീര്‍ന്നു, എന്‍റെ അശ്രദ്ധകൊണ്ട് ‌അടുപ്പില്‍ വച്ചിരുന്ന കറിയും അടിയില്‍ പിടിച്ചു.”

നിങ്ങള്‍ അവരോടൊപ്പം ജീവിച്ചിരുന്നിരിക്കാം. അവര്‍ നിങ്ങള്‍ക്ക്‌ ജന്മം തന്നിരിക്കാം. നിങ്ങള്‍ പരസ്‌പരം ജീവിതം പങ്കുവെച്ചിരിക്കാം, എന്നാല്‍ നാളെ പ്രഭാതത്തില്‍ അവര്‍ അസാധാരണമായി എന്തെങ്കിലും ചെയ്‌താല്‍, നിങ്ങള്‍ സംശയാലുവാകും, ശരിയല്ലേ? ഒരു നിമിഷം നിങ്ങള്‍ അവരുടെ കാല്‍ക്കല്‍വീണ്‌ ‘നീ എന്‍റെ എല്ലാമെല്ലാമാണ്‌’ എന്നു പറയുകയും അടുത്ത നിമിഷം അവര്‍ എന്തെങ്കിലും അസാധാരണമായി ചെയ്‌താല്‍ ഉടന്‍ സംശയാലുവാകുകയും ചെയ്യും. സ്‌നേഹം ഇല്ലാത്തിടത്ത്‌ വിശ്വാസം ഉണ്ടാവുകയില്ല. ഇന്നത്തെ ലോകത്ത്‌ സ്‌നേഹം ഒരു അശ്ലീല വാക്കായിട്ടുണ്ട്‌. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നു പറയുന്നത്‌, മാന്ത്രികന്‍ 'ഓപ്പന്‍ സീസേം’ എന്നു പറയുന്നതുപോലെയാണ്‌. തല്‍ക്കാലത്തേക്ക് വാതിലുകള്‍ തുറന്നു തരുന്ന മാന്ത്രിക വാക്കാണത്‌.

എനിക്ക്‌ നിങ്ങളുടെ ആരുടെയും വിധേയത്വമാവശ്യമില്ല. നിങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ളത്‌ നിങ്ങള്‍ക്ക്‌ ചെയ്യാം. നാളെ നിങ്ങള്‍ക്ക്‌ തോന്നുന്നു എങ്കില്‍ എന്നെ ശപിക്കാം. ഞാന്‍ തിരിച്ചു ശപിക്കുകയില്ല, കാരണം ഞാന്‍ നിങ്ങളുടെ വിധേയത്വം പ്രതീക്ഷിച്ചിട്ടില്ല.

ഞാന്‍ വിശ്വാസം എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ നിങ്ങളുടെ വിധേയത്വമല്ല. ഗുരുശിഷ്യ ബന്ധം എന്നും സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമായിരുന്നു. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ അനഭിമതരുടെ കയ്യില്‍ ചൂഷണത്തിനുള്ള മാര്‍ഗമായിത്തീരും. സ്വന്തം കാര്യ സാധ്യത്തിനായും ഒരാള്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിക്കാം. സ്വന്തം അരക്ഷിതബോധം കാരണം, ഒരു പിന്‍ബലത്തിനായും ഒരാള്‍ വിധേയത്വം ആവശ്യപ്പെടും. ഒരാള്‍ നിങ്ങളോട്‌ വിധേയത്വം ആവശ്യപ്പെട്ടാല്‍, ആ സ്ഥലത്തിനും ആ ആളിനും ആത്മീയമായി യാതൊന്നുമില്ല. കാരണം ആത്മജ്ഞാനിക്ക്‌ യാതൊരു തരത്തിലുള്ള വിധേയത്വവും ആരില്‍നിന്നും ആവശ്യമില്ല. എനിക്ക്‌ നിങ്ങളുടെ ആരുടെയും വിധേയത്വമാവശ്യമില്ല. നിങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ളത്‌ നിങ്ങള്‍ക്ക്‌ ചെയ്യാം. നാളെ നിങ്ങള്‍ക്ക്‌ തോന്നുന്നു എങ്കില്‍ എന്നെ ശപിക്കാം. ഞാന്‍ തിരിച്ചു ശപിക്കുകയില്ല, കാരണം ഞാന്‍ നിങ്ങളുടെ വിധേയത്വം പ്രതീക്ഷിച്ചിട്ടില്ല. നിങ്ങള്‍ എത്രനാള്‍ എന്‍റെ കൂടെയുണ്ടാവും, ഇവിടെ നിങ്ങള്‍ എന്താണ്‌ ചെയ്യാന്‍ പോകുന്നത്‌, എനിക്ക്‌ നിങ്ങള്‍ എന്ത്‌ ചെയ്‌തു തരും, ഇത്തരത്തിലുള്ള ചിന്തകളോടെയല്ല ഞാന്‍ നിങ്ങളെ നോക്കിക്കാണുന്നത്‌.

Photo courtsey to : http://in5d.com/wp-content/uploads/2015/09/dthatsrts.jpg

 
 
 
 
  0 Comments
 
 
Login / to join the conversation1