രാഷ്ട്രീയവും ഉദ്യോഗസ്ഥമേധാവിത്വവും: കാറ്റിന്റെ ഗതി മാറുന്നു
ഒരു ആത്മീയാചാര്യന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തെ അങ്ങ് എങ്ങനെയാണ് കാണുന്നത്? സമൂഹത്തില്‍ സമത്വത്തിനു വേണ്ടിയുള്ളതാണൊ ഈ സമരങ്ങള്‍? വിശേഷിച്ചും സാമ്പത്തികമായ സമത്വത്തിനു വേണ്ടി? അതോ രാഷ്ട്രീയവും ഭരണപരവുമായ ലക്ഷ്യങ്ങളാണൊ ഇതിനു പുറകിലുള്ളത്?
 
 

सद्गुरु

എകണോമിക്സ് ടൈംസിനു കൊടുത്ത ഒരു അഭിമുഖസംഭാഷണത്തില്‍ ഇന്നത്തെ രാഷ്ട്രീയവും ഭരണപരവുമായ സ്ഥിതിവിശേഷത്തെക്കുറിച്ചു സദ്‌ഗുരു സംസാരിക്കുന്നു.

ചോദ്യം: ഒരു ആത്മീയാചാര്യന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തെ അങ്ങ് എങ്ങനെയാണ് കാണുന്നത്? സമൂഹത്തില്‍ സമത്വത്തിനു വേണ്ടിയുള്ളതാണൊ ഈ സമരങ്ങള്‍? വിശേഷിച്ചും സാമ്പത്തികമായ സമത്വത്തിനു വേണ്ടി? അതോ രാഷ്ട്രീയവും ഭരണപരവുമായ ലക്ഷ്യങ്ങളാണൊ ഇതിനു പുറകിലുള്ളത്?

സദ്‌ഗുരു : അറിയാം, രാഷ്ട്രീയം ഇക്കാലത്ത് ഒരു കൊള്ളരുതാത്ത വാക്കായി തീര്‍ന്നിരിക്കുന്നു, എന്നാല്‍ ഈയിടെയായി ചായക്കടകളിലെ സംഭാഷണത്തിന്‍റെ നിറമൊന്നു മാറിയിരിക്കുന്നു - രാഷ്ട്രീയക്കാരെ കുറിച്ച് ഇതുവരെ ഇല്ലാതിരുന്ന ഒരു ആദരവ്. ഇത് ഒരാളായി ഉണ്ടാക്കിതീര്‍ത്തതല്ല. അടുത്തകാലത്ത് ചന്ദ്രബാബുനായിഡുവുമായി ഞാന്‍ ഒരു പരിപാടി ചെയ്യുകയുണ്ടായി. അദ്ദേഹം ഒരു തീക്കനലാണ്. ഉദ്യോഗസ്ഥന്‍മാര്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി പ്രത്യേകിച്ചു നടത്തിയതായിരുന്നു ആ പരിപാടി. ആന്തരികമായുള്ള ഒരു മരാമത്ത്... വലിയ വ്യവസായ പ്രമുഖന്മാരേക്കാള്‍ വേഗത്തിലാണ് അദ്ദേഹം ഓരോ തീരുമാനങ്ങളെടുക്കുന്നത്. ഞാന്‍ വളരെ കൗതുകത്തോടുകൂടിയാണ് ഇപ്പോള്‍ രാഷ്ട്രീയരംഗം നോക്കികാണുന്നത്. ശിവരാജ് ചൗഹാനേയും ഞാന്‍ കാണുകയുണ്ടായി. അദ്ദേഹത്തോടും എനിക്കു മതിപ്പു തോന്നി.

ഏതു മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രമാണിമാര്‍ ഒരു സംഗതി എപ്പോഴും ഓര്‍മ്മവെക്കണം. പ്രധാന പദ്ധതികളുടെ നേതൃത്വം ഏറ്റെടുക്കുന്നുവെങ്കില്‍ അതിനുള്ള അര്‍ഹത സ്വയം ഉണ്ടാക്കിയെടുക്കണം

രാഷ്ട്രീയ നേതാക്കന്മാര്‍ മാത്രമല്ല, ഏതു മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രമാണിമാര്‍ ഒരു സംഗതി എപ്പോഴും ഓര്‍മ്മവെക്കണം. പ്രധാന പദ്ധതികളുടെ നേതൃത്വം ഏറ്റെടുക്കുന്നുവെങ്കില്‍ അതിനുള്ള അര്‍ഹത സ്വയം ഉണ്ടാക്കിയെടുക്കണം. എല്ലാവരും അങ്ങനെയുള്ളവരാകില്ല. പൊതുജീവിതത്തില്‍ വ്യാപരിക്കുന്നവര്‍ക്ക് പലവിധ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങേണ്ടിവരും. സമൂഹത്തിന് ധാരാളം പ്രതീക്ഷകളുണ്ടാകും. വോട്ടുചെയ്ത് സ്ഥാനത്തിരുത്തിയ ജനങ്ങള്‍ നിശ്ചയമായും കാത്തിരിക്കും, അവര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനായി. അതെല്ലാം യഥാവിധി നിറവേറ്റികൊടുക്കുക ദുഷ്കരം തന്നെ. അപൂര്‍വം നേതാക്കന്മാര്‍ക്കേ അതിനുവേണ്ട വൈഭവമുണ്ടാകൂ.

വാഗ്ദാനങ്ങള്‍ നിറവേറ്റണമല്ലൊ എന്ന ആധിയോടെ കഴിയുന്നവരാണ് അധികം പേരും. പൊതുജനത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കില്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്നും അവര്‍ക്കറിയാം. ഇന്ത്യ ജനാധിപത്യ രാജ്യമാണ് എന്നത് വാസ്തവം, എന്നാല്‍ പലയിടത്തും ഇപ്പോഴും ഒരു ജന്മിത്വഭരണത്തിന്‍റെ നിഴല്‍ വീണു കിടക്കുന്നതു കാണാം. മനുഷ്യന്‍റെ മനോഭാവത്തിലുമുണ്ട് അങ്ങനെയൊരു നിഴല്‍പ്പാട്. കുടുംബത്തിലെ ഓരോ വ്യക്തിയോടും ഇന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണം എന്ന് നിര്‍ബന്ധിക്കുമ്പോള്‍, അത് ചെറിയ തോതിലുള്ള ജന്മിത്വമാണ്. സ്വന്തം ആശ്രിതരോടും, അനുയായികളോടും ഇന്ന പാര്‍ട്ടിക്കു വോട്ടു ചെയ്യണം എന്നു നിര്‍ദ്ദേശിക്കുമ്പോള്‍ അത് കുറെകൂടി വലിയ തോതിലുള്ള ജന്മിത്വമായി. ചില മതാചാര്യന്മാര്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ മുഴുവന്‍ ഇന്ന നേതാവിനു മാത്രം വോട്ട് ചെയ്യണമെന്ന് ശഠിക്കുന്നു, അവിടെ ജനാധിപത്യം നിലനില്‍ക്കുന്നു പോലുമില്ല. വമ്പിച്ച പൊതുയോഗങ്ങള്‍ പോലും ജന്മിത്വത്തിന്‍റെ നിറം കലര്‍ന്നതാണ്. ഒരു വീട്ടിലെ അംഗങ്ങളെല്ലാവര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം വോട്ടു രേഖപ്പെടുത്താനായാല്‍ പറയാം അത് ജനാധിപത്യ രിതീയാണ് എന്ന്.

നേതാക്കന്മാര്‍ പക്ഷഭേദമില്ലാത്തവരായിരിക്കണം. അതിന് ആദ്യം വേണ്ടത് ആരോടും ഒന്നിനോടും പ്രത്യേകമായി ഒരു മമത ഇല്ലാതിരിക്കലാണ്. മൊത്തം സമൂഹത്തിന്‍റെ നന്മ മാത്രമായിരിക്കണം അയാളുടെ ലക്ഷ്യം

ഏതു മേഖലയിലായാലും ഒരു നേതാവിന് വഹിക്കാനുള്ളത് ഉത്തരവാദപ്പെട്ട ഒരു ചുമതലയാണ്. മനുഷ്യന് മറ്റു മനുഷ്യരെ സ്വാധീനിക്കാന്‍ സാധിക്കും. അത് മനുഷ്യവര്‍ഗത്തിനു ലഭിച്ചിട്ടുള്ള വലിയൊരു ആനുകൂല്യമാണ്. ചിലര്‍ കുടുംബത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നു, കാരണം, അവരില്‍ സ്വാധീനം ചെലുത്താനും, അവരെ രൂപപ്പെടുത്തിയെടുക്കാനും തനിക്കു സാധിക്കുമെന്ന് അയാള്‍ക്ക് നല്ല വിശ്വാസമുണ്ട്. നേതാക്കന്മാര്‍ പക്ഷഭേദമില്ലാത്തവരായിരിക്കണം. അതിന് ആദ്യം വേണ്ടത് ആരോടും ഒന്നിനോടും പ്രത്യേകമായി ഒരു മമത ഇല്ലാതിരിക്കലാണ്. മൊത്തം സമൂഹത്തിന്‍റെ നന്മ മാത്രമായിരിക്കണം അയാളുടെ ലക്ഷ്യം. ആ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനായാല്‍ സ്വന്തം കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഒരു പ്രയാസവുമുണ്ടാകില്ല. കണ്ടുമുട്ടുന്ന ഓരോ നേതാവിന്‍റെ മനസ്സിലേക്കും ഞാന്‍ പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുന്നത് ഈ ഒരാശയമാണ് - പത്തോ പതിനഞ്ചോ വര്‍ഷം ഒരു നേതാവെന്ന നിലയില്‍ നിങ്ങള്‍ തലപ്പത്തുതന്നെ ഉണ്ടാകുമെന്നു വിചാരിക്കുക, അത് നിശ്ചയമായും മഹത്തായ ഒരവസരമാണ്. കഴിയുന്നത്ര ജനങ്ങളെ സ്വാധീനിക്കാനും അവരില്‍ നല്ല പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. ഇക്കാലത്തിനകം അതിനുള്ള കരുത്തും കഴിവും പ്രവര്‍ത്തന മേഖലയും ഓരോ നേതാവും നേടിയിരിക്കും, അതുപയോഗപ്രദമാക്കണം. കാരണം, ഇതവര്‍ക്കു ലഭിച്ചിരിക്കുന്ന ഒരനുഗ്രഹവും ആനുകൂല്യവുമാണ്, അതൊരവസരവും കൂടിയാണ്.

 
 
  0 Comments
 
 
Login / to join the conversation1