പ്രേമം മാരകമാണ്‌
 
 

सद्गुरु

'ദിവ്യപ്രേമ' ത്തെ കുറിച്ച് വളരെ അധികം സംഭാഷണങ്ങൾ നടക്കുന്നുണ്ട്. പ്രേമം സ്വർഗത്തിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടേണ്ട വസ്തുവാണെന്നാണ് ധാരണ.

മനുഷ്യർ ദൈവത്തെ പ്രേമിക്കുന്നുവെന്നു പറയും. അല്ലെങ്കിൽ ദൈവം അവരെ പ്രേമിക്കുന്നുവെന്നു പറയും. പലരും എന്നോട് തറപ്പിച്ചു പറയാറുണ്ട്, "ദൈവം ഞങ്ങളെ സ്നേഹിക്കുന്നു" എന്ന്. ഞാൻ അവരോട് പറയും, " നിങ്ങളുടെ വിശേഷമായ സൃഷ്ടി കാരണം ദൈവത്തിനു മാത്രമേ നിങ്ങളെ സ്നേഹിക്കുവാൻ സാധിക്കുകയുള്ളു. അദ്ദേഹം ചെയ്ത തെറ്റിന്‍റെ ഫലത്തെ അദ്ദേഹമെങ്കിലും സ്നേഹിക്കേണ്ടേ?"

ഓരോ മനുഷ്യനും സ്നേഹിക്കുവാൻ കഴിവുണ്ട്. പക്ഷെ പല തരത്തിലുള്ള അർത്ഥശൂന്യമായ വിശ്വാസ സംഹിതകൾ, അഭിപ്രായങ്ങൾ, തത്വ ശാസ്ത്രങ്ങൾ, ആദർശങ്ങൾ എന്ന് തുടങ്ങി ജീവിതമൊഴികെ മറ്റെല്ലാ കാര്യങ്ങളും കൊണ്ട് അവൻ അവനവനെത്തന്നെ തളർത്തിയിട്ടിരിക്കുകയാണ്. നിങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ സ്നേഹിക്കുക എന്നത് സഹജമാണ്. അത് ആരും പഠിപ്പിച്ചു തരേണ്ടതില്ല. അതിന് ഒരു ധർമ്മ ശാസ്ത്രവും ആവശ്യമില്ല. മുകളിൽ നിന്ന് നിങ്ങളെ നിരീക്ഷിക്കുന്ന ഒരു ഈശ്വരനെയും ആവശ്യമില്ല.

സ്വർഗത്തിൽ സ്നേഹമുണ്ടോ എന്ന് നമുക്കറിയുകയില്ല. എന്നാൽ മനുഷ്യർക്ക് അതിനുള്ള കഴിവുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. നിങ്ങളെ സ്നേഹിക്കുന്ന ഒരു മനുഷ്യജീവിയെ ഇതുവരെ കണ്ട് കിട്ടിയിട്ടില്ലെങ്കിൽ ഞാൻ ശുപാർശ ചെയ്യുക ഒരു നായയെ കണ്ട് പിടിക്കാനായിരിക്കും. മനുഷ്യർ ചിലപ്പോൾ ചഞ്ചലിതരായി പോകും. പക്ഷെ ഒരു നായയുമായിട്ടാണെങ്കിൽ പന്ത്രണ്ട് വർഷത്തെ സ്നേഹബന്ധം ഉറപ്പാക്കാം.

നമ്മുടെ സ്നേഹം ഈ ഗ്രഹത്തിൽ തന്നെ നിർത്തണം; ഇവിടെയാണ് അത് ആവശ്യമുള്ളത്. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ക്രിസ്തു 'നിന്റെ അയൽക്കാരനെ സ്നേഹിക്കുക' എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആ സമയത്തു നിങ്ങളുടെ അടുത്തുള്ളയാളെ പൂർണ്ണമായി അംഗീകരിക്കുക എന്നാണ് ഉദ്ദേശ്ശിച്ചത്. ഈശ്വരനെ എല്ലാവര്‍ക്കും സ്നേഹിക്കാം; അദ്ദേഹം ഇവിടെയൊന്നും ഇല്ലല്ലോ! അതുപോലെ ഈശ്വരൻ സ്നേഹത്തിന്റെ മൂർത്തീഭാവമാണെങ്കിൽ അദ്ദേഹത്തിനെന്തിനാണ് നിങ്ങളുടെ സ്നേഹം? ഈശ്വരനെ വെറുതെ വിട്ടേയ്ക്കു; അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ - നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ. മനുഷ്യർ രാമനുമായും, കൃഷ്ണനുമായും, ക്രിസ്തുവുമായും ഒക്കെ നല്ല സമ്പർക്കത്തിലേർപ്പെടുന്നുണ്ട്. അതേ സമയം തന്റെ അയൽക്കാരനുമായി സംസാരിക്കുക പോലുമില്ല.
സ്നേഹം എന്നതുകൊണ്ട് അധികമാളുകളും ഉദ്ദേശിക്കുന്നത് ഒരു പരസ്പര ഗുണകര പദ്ധതിയാണ്. നിങ്ങൾക്ക് ചില ആവശ്യങ്ങളുണ്ട്. അതുകൊണ്ട് നിങ്ങൾ മറ്റൊരാളുമായി ഒരു തീരുമാനത്തിലെത്തി. 'നിങ്ങൾ എനിക്ക് ഇത് തരു; ഞാൻ നിങ്ങൾക്ക് അത് തരാം'. നിങ്ങൾക്ക് ശാരീരികവും, മാനസികവും, വൈകാരികവും, സാമൂഹികവും, സാമ്പത്തികവും മാത്രമല്ല, മറ്റനേകം ആവശ്യങ്ങളുണ്ടായിരിക്കും. ഇവയെല്ലാം പൂർത്തീകരിക്കുവാൻ നിങ്ങൾ പലതരം ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ടായിരിക്കും. പക്ഷെ നാളെ നിങ്ങൾ ഈ ഇടപാടിൽ നിന്നും പിന്മാറുകയാണെങ്കിൽ, മറ്റെയാളും അത് തന്നെ ചെയ്യും.

അതുകൊണ്ടാണ് ബന്ധങ്ങൾ എപ്പോഴും ഒരു സന്നിഗ്ധാവസ്ഥയിലായിരിക്കുന്നത്. രണ്ടാളുകൾ പരസ്പരം സ്നേഹമോ ജീവിതമോ നേടി എടുക്കുവാൻ ശ്രമിക്കുകയാണ്. മറ്റൊരാളിൽ കൂടി നിങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുന്നിടത്തോളം കാലം ഈ പിരിമുറുക്കം തുടർന്നുകൊണ്ടിരിക്കും. ആവശ്യങ്ങൾ നേടിയെടുക്കേണ്ടിടത്തോളം കാലം സ്നേഹം അറിയുവാൻ സാധ്യമല്ല.

നമ്മുടെ ബന്ധങ്ങളെല്ലാം നിങ്ങളുടെ ആവശ്യങ്ങളിൽ നിന്നും ഉടലെടുത്തിട്ടുള്ളവയാണ്. അതിൽ തെറ്റോ ശരിയോ ഇല്ല. പക്ഷെ ആ ബന്ധങ്ങളിൽ നിങ്ങളുടെ സാന്മാർഗിക ചിന്തകൾ അടിച്ചേല്പിച്ച് അവയെ പുണ്യവത്ക്കരിക്കുകയോ, മോശമായി കാണുകയോ ചെയ്യരുത്.

നമ്മുടെ ബന്ധങ്ങളെല്ലാം നിങ്ങളുടെ ആവശ്യങ്ങളിൽ നിന്നും ഉടലെടുത്തിട്ടുള്ളവയാണ്. അതിൽ തെറ്റോ ശരിയോ ഇല്ല. പക്ഷെ ആ ബന്ധങ്ങളിൽ നിങ്ങളുടെ സാന്മാർഗിക ചിന്തകൾ അടിച്ചേല്പിച്ച് അവയെ പുണ്യവത്ക്കരിക്കുകയോ, മോശമായി കാണുകയോ ചെയ്യരുത്. നമ്മുടെ പരിമിതികളെ സ്വർണം പൂശുകയോ, കൈവിലങ്ങുകളെ ആഭരണങ്ങളായി പ്രദര്‍ശിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ഉടമ്പടികൾ ഉണ്ടാക്കുന്നത് തെറ്റല്ല. പക്ഷെ അത് സ്നേഹമാണെന്നു വിശ്വസിച്ച് നാം നമ്മെത്തന്നെ വഞ്ചിക്കരുത്.

അങ്ങിനെയാണെങ്കിൽ സ്നേഹം എന്താണ്? അത് ഒരു മാനുഷിക വികാരമാണ്. വൈകാരിക തലത്തിൽ നിങ്ങൾ മറ്റൊരു വസ്തുവുമായി ഒന്നാകാൻ ആഗ്രഹിക്കുന്നു എന്നാണ് അതിനർത്ഥം. ഇത് സ്വാഭാവികമായ ഒരു ആഗ്രഹമാണ്. നിങ്ങൾ കാംക്ഷിക്കുന്നത് ഭക്ഷണം, ലൈംഗിക ബന്ധം, സ്നേഹം, ഈശ്വരൻ, സ്വർഗം എന്നിവയിൽ ഏതെങ്കിലുമാകാം. പക്ഷെ അത് ഒരു ആഗ്രഹമാണ്. സ്വയം വളർന്നു, മറ്റെന്തെങ്കിലും ഒന്നിനെ തന്റെ തന്നെ ഭാഗമാക്കി തീർക്കുന്നതിനാണ് അടിസ്ഥാനപരമായി എല്ലാ ആഗ്രഹങ്ങളും ജനിക്കുന്നത്. മറ്റൊന്നിനോട് ചേരുവാനുള്ള ഈ ആഗ്രഹം എല്ലാ തലത്തിലും സംഭവിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന ശാരീരിക തലത്തിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ നാം അതിനെ വിശപ്പ് എന്നോ ലൈംഗികാസക്തി എന്നോ വിളിക്കും. ഒന്നാകാനുള്ള മോഹം മനസ്സിലാണെങ്കിൽ അത് അത്യാഗ്രഹമോ, അധികാരമോഹമോ ആണെന്ന് പറയും. വൈകാരികമായി പ്രദർശിപ്പിക്കുമ്പോൾ അത് സ്നേഹമാകും.

മനുഷ്യന്റെ ഒരു ഭാഗം വികാരങ്ങളാണ്. അത് അവഗണിക്കുവാൻ സാധ്യമല്ല. നിങ്ങളുടെ ജീവിതത്തിലെ ഊർജ്ജത്തിന്റെ ഒരു ഭാഗം വികാരങ്ങൾക്കായി മാറ്റി വച്ചിരിക്കയാണ്. നിങ്ങൾ അതിനെ വികസിപ്പിക്കണം. ഇല്ലെങ്കിൽ അത് ഒരു കല്ല് പോലെ നിങ്ങളുടെ വയറ്റിൽ കിടക്കും.

'ഒന്നാവുക' എന്നതാണ് യോഗയുടെ അര്‍ത്ഥം. അതുകൊണ്ട് നിങ്ങൾ സ്‌നേഹിക്കുമ്പോൾ ഒരു തരത്തിൽ നിങ്ങൾ വികാരങ്ങളുടെ പാതയിലൂടെ യോഗമാണ് നേടുന്നത്. എല്ലാ മതങ്ങളും ഇതിനെ അടുത്ത തലത്തിലേക്ക് ഉയർത്തി 'ഭക്തി' എന്ന പേര് നൽകി. ഭക്തി എന്ന് പറയുന്നത് യുക്തിപരമല്ലാത്ത സ്നേഹമാണ്. യുക്തിപരമായി ചിന്തിച്ചാൽ ഇത് വിഡ്ഢിത്തമാണ്. പക്ഷെ ഇതിലൂടെ കടന്നു പോകുന്നയാൾക്ക് ഇതൊരു ഗംഭീര അനുഭവമാണ് - പ്രേമം പോലെ തന്നെ.

നിങ്ങളുടെ ശരീരം സുഖമായിട്ടിരിക്കുകയാണെങ്കിൽ, നാമതിനെ ആരോഗ്യം, സന്തോഷം എന്നെല്ലാം വിളിക്കും. മനസ്സ് സുഖമായിട്ടിരുന്നാൽ ശാന്തിയും സുഖവുമാണ്. വികാരങ്ങൾ നന്നായിരുന്നാൽ അത് സ്നേഹവും അനുകമ്പയുമാകും. ജീവിതത്തിലെ ഊർജ്ജം നന്നായിരുന്നാൽ അത് പരമാനന്ദവും, ആനന്ദ നിർവൃതിയുമാണ്. അതുകൊണ്ട് നിങ്ങൾ സ്നേഹം എന്ന് വിളിക്കുന്നത് ആന്തരികമായ ഒരു സുഖം മാത്രമാണ്.

നിങ്ങളുടെ ഉള്ളിലെ സുഖത്തിന് ആരോ ഒരാൾ കാരണക്കാരനാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെയൊരാൾ ഒരു ഉത്തേജനമോ, പ്രചോദനമോ ആയേക്കാം. പക്ഷെ അയാളിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല ആ അനുഭവം.

നിങ്ങളുടെ ഉള്ളിലെ സുഖത്തിന് ആരോ ഒരാൾ കാരണക്കാരനാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെയൊരാൾ ഒരു ഉത്തേജനമോ, പ്രചോദനമോ ആയേക്കാം. പക്ഷെ അയാളിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല ആ അനുഭവം. ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് കഴിയുകയില്ല. എന്തെന്നാൽ സ്നേഹം അന്തമില്ലാത്ത മോഹമാണ്. ഒന്നാകുന്ന പ്രക്രിയയിലേക്കു അത് നയിക്കുകയില്ല. പല സന്ദർഭങ്ങളിലും നിങ്ങൾ സ്നേഹിക്കുന്ന ആളുമായി ഒന്നായി തീർന്നു എന്ന് നിങ്ങൾ വിചാരിക്കും; പക്ഷെ അങ്ങിനെ സംഭവിക്കുന്നില്ല.

നിങ്ങൾക്കുള്ളിൽ ആവശ്യങ്ങളൊന്നും ഇല്ലാതാകുമ്പോഴാണ് സ്നേഹം സാധ്യമാകുന്നത്. സ്നേഹം സത്യത്തിലുള്ളതാണെങ്കിൽ അതിനു ഒരു വസ്തുവിന്റെ ആവശ്യം ഉണ്ടാകുകയില്ല. നിങ്ങൾ കാണുന്നതെല്ലാം - പുരുഷനോ, സ്ത്രീയോ, ഉറുമ്പോ, ആനയോ, മരമോ എന്തുമാകട്ടെ- അതിനോടെല്ലാം ഒരു അടുപ്പം തോന്നുന്നുണ്ടെങ്കിൽ അതാണ് സ്നേഹം. ഇതാണ് ബുദ്ധിപൂർവം ജീവിക്കുവാനുള്ള മാർഗം. മനസ്സിൽ ഈ അടുപ്പം എല്ലായ്പോഴും തോന്നി തുടങ്ങിയാൽ നിങ്ങൾക്ക് എല്ലാത്തിനെയും സ്നേഹിക്കാം.

ജീവിതത്തോടും, അവനവനോടും തന്നെ സ്വസ്ഥത നേടാത്തവരാണ് സ്നേഹം അന്വേഷിക്കുന്നത്. തനിക്കു ചുറ്റുമുള്ള അനേകായിരം വസ്തുക്കളുമായി യോജിച്ചു പോകുവാൻ കഴിയാത്തതുകൊണ്ടാണ് അവർ അത് ഒരാളിൽ നിന്നും ലഭിക്കുവാൻ മോഹിക്കുന്നത്. ഇതിനായിട്ടാണ് കുടുംബം, സമൂഹം, രാഷ്ട്രം എന്നീ തലങ്ങളിൽ ഉള്ള കൂട്ടായ്മകൾ ആവിഷ്കരിച്ചിട്ടുള്ളത്. നിങ്ങളുടെ പ്രതിരോധം കുറച്ചു സമയത്തേക്കെങ്കിലും അഴിച്ചു വെക്കാനാകുന്ന ഒരു ഇടാമായിട്ടാണ് ഇവ നിൽക്കുന്നത്.

സ്നേഹം സ്വയം ഉന്മൂലനം ചെയ്യലാണ്. വാസ്തവത്തിൽ സ്നേഹം കാണിക്കുന്നത് നിങ്ങളെക്കാൾ പ്രാധാന്യമുള്ള മറ്റൊരു വസ്തു ഉണ്ടായിരിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് നാം അതിനെ "പ്രേമത്തിൽ അകപെട്ടുപോകുക" എന്ന് വിശേഷിപ്പിക്കുന്നത്. നിങ്ങൾ മുഴുവനായിട്ടല്ലെങ്കിലും, നിങ്ങളിലെ ഒരു ഭാഗമെങ്കിലും അതോടെ തകരും, മരിക്കും. ഇങ്ങനെ സംഭവിക്കാത്തിടത്ത് പ്രേമമില്ല; കണക്കു കൂട്ടലുകൾ മാത്രമേയുള്ളു. പ്രേമമില്ലാത്തപ്പോൾ മനുഷ്യർ പാരുഷ്യമുള്ളവരായി തീരും. പ്രേമത്തിൽ അകപ്പെട്ടാൽ നിങ്ങൾ ഏതു വിധത്തിൽ വേണമെങ്കിലും വളയുവാനും, തിരിയുവാനും തയ്യാറാകും. ഇത് മഹത്തായ ഒരു ആത്മീയ നേട്ടമാണ്. എന്തെന്നാൽ നിങ്ങൾ വഴങ്ങുവാൻ തയ്യാറായി എന്നാണ് ഇത് കാണിക്കുന്നത്.

ശിവൻ സംഹാരകനാണെന്നു നാം പറയുമ്പോൾ അതിനർത്ഥം അദ്ദേഹം നിര്‍ബന്ധമായി പ്രേമിക്കുന്ന ആളാണ് എന്നാണ്. ശരിയായ പ്രേമം നിങ്ങളെ നശിപ്പിക്കണം; അല്ലെങ്കിൽ അത് പ്രേമമല്ല. 'നശിപ്പിക്കുക' എന്നാൽ നിങ്ങളുടെ വീടോ, വ്യാപാരമോ നശിപ്പിക്കലല്ല. നിങ്ങൾ ' ഞാൻ' എന്ന് വിളിക്കുന്ന, ഒട്ടും വഴങ്ങാത്ത, ആ വ്യക്തിത്വത്തെ ആണ് പ്രേമത്തിലൂടെ നശിപ്പിക്കപ്പെടുന്നത്. അതാണ് സ്വയം ഉന്മൂലനം.

ഇപ്പോൾ ഉള്ള ജീവിതത്തെ ശരിയായി മനസ്സിലാക്കുകയാണെങ്കിൽ, നമുക്ക് ചുറ്റുമുള്ളതിനോട് യോജിച്ചു ജീവിക്കുവാൻ സാധിക്കും. നിങ്ങളുടെ ശരീരത്തിലെ ഓരോ കോശവും ചുറ്റുമുള്ള ഓരോ വസ്തുവുമായും നിതാന്ത സമ്പർക്കത്തിലാണ്. ഈ സമ്പർക്കമില്ലാതെ ഒരു കോശത്തിനും ഒരു നിമിഷം പോലും നിലനിൽക്കുവാനാകില്ല. ഈ അറിവ് നിങ്ങളിൽ ഉറയ്ക്കുകയാണെങ്കിൽ നിങ്ങളെ സ്നേഹമോ, അനുകമ്പയോ പിടിപ്പിക്കേണ്ടതില്ല. എല്ലാ വസ്തുക്കളും നിങ്ങളുടെ ഭാഗം തന്നെയാണെന്ന് എന്ന ബോധം വന്നു കഴിഞ്ഞാൽ പിന്നെ ഒന്നും പേടിക്കാനില്ല. ഈ സൗഖ്യം നേടാൻ ആരുമായും പ്രത്യേക ഉടമ്പടികൾ ഉണ്ടാക്കേണ്ടതില്ല. നിങ്ങളുടെ ജീവിതം കൊണ്ട് തന്നെ ഇത് നേടാൻ കഴിയും.

 
 
  0 Comments
 
 
Login / to join the conversation1