പ്രതിസന്ധികളില്‍ ധ്യാനാവസ്ഥ നിലനിര്‍ത്താം
 
 

सद्गुरु

ചോദ്യം :- ധ്യാനാവസ്ഥയില്‍ ഇരിക്കുമ്പോള്‍ എല്ലാം വളരെ ശാന്തവും സന്തോഷപൂര്‍ണവുമായി തോന്നുന്നു . ഞാന്‍ മറ്റെവിടെയോ ചെന്ന് ചേര്‍ന്ന ഒരനുഭവം . എന്നാല്‍ ജീവിതത്തില്‍ എന്തെങ്കിലും അഹിതമായി സംഭവിച്ചാല്‍ , ഞാന്‍ എല്ലാം മറന്നു പഴയ രീതികളിലേക്ക് തിരിച്ചു പോകുന്നു . എന്റെ സാധനകള്‍ എന്റെ മനസ്സില്‍ നിശ്ചയമായും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . എന്നാലും പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാനാവുന്നില്ല . ഞാന്‍ പഴയ രീതികളിലേക്ക് തിരിച്ചു പോകുന്നു .

സദ്ഗുരു :- “ഞാന്‍ തിരിച്ചു പോകുന്നു " എന്ന് രണ്ടു തവണ അടുപ്പിച്ചു പറഞ്ഞല്ലോ . ആ "തിരിച്ചു പോകല്‍ " വാസ്തവത്തില്‍ എന്താണ് ? അസ്വസ്ഥമായ ഒരു മനസ്സ് , അതാണ്‌ നിങ്ങളുടെ സഹജഭാവം എന്നാണോ ഉദ്ദേശിക്കുന്നത് ?

ചോദ്യകര്‍ത്താവ്: " അതേ "

സദ്ഗുരു :- സഹജമായ ഭാവം അതാണെങ്കില്‍ , അതിനെ വിട്ടുകളയേണ്ടതുണ്ടോ ?
ചോദ്യകര്‍ത്താവ് :- സഹജം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് എല്ലാ കാലത്തും ഞാന്‍ ഇങ്ങനെയാണ് പെരുമാറിയിരുന്നത് എന്നാണ് .

സദ്ഗുരു :- അസ്വസ്ഥമായ മനസ്സ് , അത് അത്രക്കും സ്വന്തമാണ് എങ്കില്‍ അതിനെ കൈവിട്ട് കളയാനാകുമോ ? "ധ്യാനവേളയില്‍ ഞാന്‍ വളരെ സ്വസ്ഥനായിരുന്നു. എന്നാല്‍ പിന്നീട് പ്രതികൂലമായ അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ ആ മനസ്സ് എനിക്ക് കൈവിട്ട് പോയി .” അങ്ങിനെ പറയുന്നതില്‍ അര്‍ത്ഥമുണ്ട് . അതാണ്‌ ശരി , കാരണം നിങ്ങളുടെ മനസ്സ് സഹജഭാവത്തില്‍ നിന്നും വഴിതിരിഞ്ഞ് പോകുന്നത് നിങ്ങള്‍ മനസ്സിലാക്കുന്നു . അപ്പോള്‍ തീര്‍ച്ചയായും ആ സഹജഭാവത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ആഗ്രഹിക്കും , ശ്രമിക്കും . എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ പറയുന്നതിന്റെ അര്‍ത്ഥം ഏതാണ്ട് ഈ മട്ടിലാണ് . “എന്റെ മനസ്സ് സ്വതവേ അസ്വസ്ഥമാണ് .എന്നാല്‍ ഈ പുതിയ ധ്യാന പരിപാടിയിലൂടെ മനസ്സ് കുറച്ചു ശാന്തവും സ്വസ്ഥവും ആയിരുന്നു . അതുകഴിഞ്ഞപ്പോള്‍ വീണ്ടും ആ പഴയ സ്വഭാവത്തിലേക്കു തിരിച്ചുപോയി .” ഈ തിരിച്ചുപോക്ക് വളരെ സ്വാഭാവികമായ ഒരു സംഗതിയല്ലേ? എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞാലും നമ്മള്‍ ഒടുവില്‍ തിരിച്ചെത്തുന്നത് സ്വന്തം വീട്ടില്‍ തന്നെയല്ലേ?


ധ്യാനത്തിലനുഭവിച്ച ആ സുഖാനുഭൂതി , വെറുതെ കുറച്ചു നേരത്തേക്കു മാത്രമുള്ളതായിരുന്നു . എന്ന് പറയരുത്, അറിയാതെ കിട്ടിപ്പോയതാണെന്നും വിചാരിക്കരുത് . അതിനെ ഒരു നേട്ടമായും കരുതരുത് .

എന്താണ് നിങ്ങളുടെ സഹജമായ പ്രകൃതം? അതോ അതെന്താണെന്ന് അറിയില്ല എന്നാണോ ?എന്തായാലും ഒരു കാര്യം പറയാനാകും, കുട്ടിയായിരുന്നപ്പോള്‍ നിങ്ങള്‍ എങ്ങിനെയായിരുന്നു ? വാശി പിടിച്ചു കരയുന്ന ഒരു കുട്ടിയായിരുന്നോ, അതോ ചിരിച്ചും കളിച്ചും സന്തോഷമായി കഴിയുന്ന കുട്ടിയോ? ഒരു പക്ഷെ സഹജമായ ആ സ്വഭാവത്തിലേക്കു കൃത്യമായി തിരിച്ചുപോകാന്‍ ആയില്ലെങ്കിലും , ഒരു അഞ്ചു വയസ്സ് കാലത്തേക്ക് നിങ്ങള്‍ക്ക് തിരിച്ചു പോകാനാകുമല്ലോ . അങ്ങനെ ഒരു സന്തോഷവും സംതൃപ്തിയും ഓര്‍ത്തു നോക്കൂ . അത്രയെങ്കിലും സന്തോഷവും സമാധാനവും എപ്പോഴും ഉണ്ടായിരിക്കണം .

അതത്ര വലിയൊരു കാര്യമൊന്നുമല്ല . എന്നാല്‍ അത് വളരെ വലിയൊരു കാര്യം എന്ന മട്ടിലാണ് പലരും പറയാറുള്ളത്. വളരെ ബുദ്ധിമുട്ടിയാണ് നമ്മളോരോരുത്തരും വളര്‍ന്നു വലുതായിട്ടുള്ളത് . ഒരു പ്രയത്നവും കൂടാതെയാണോ നമ്മള്‍ ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നത്? നിരാശപ്പെട്ട് ഒന്നും കൈവിട്ട് കളയരുത് . അങ്ങിനെ ആകെ താളം തെറ്റിയവരോടു ഞങ്ങള്‍ പറയാറുണ്ട് "വീണുപോകരുത് , ആദ്യം മുതല്‍ തുടങ്ങാം.”

ധ്യാനത്തിലനുഭവിച്ച ആ സുഖാനുഭൂതി , വെറുതെ കുറച്ചു നേരത്തേക്കു മാത്രമുള്ളതായിരുന്നു . എന്ന് പറയരുത്, അറിയാതെ കിട്ടിപ്പോയതാണെന്നും വിചാരിക്കരുത് . അതിനെ ഒരു നേട്ടമായും കരുതരുത് . എന്നാല്‍ പിന്നെ യഥാര്‍ത്ഥത്തില്‍ അത് എന്താണ് ? അതാണ്‌ നിങ്ങളുടെ സഹജമായ പ്രകൃതി . നമ്മുടെ ഓരോരുത്തരുടെയും മനസ്സ് സ്വതവേ ശാന്തവും സ്വഛവുമാണ് . നമ്മുടെ തന്നെ വിവരക്കേടുകൊണ്ട് മാത്രമാണ് അതിന്റെ സ്വാഭാവികാവസ്ഥക്ക് കോട്ടം തട്ടുന്നത്. അതാണോ സത്യം? ആലോചിച്ചുനോക്കൂ . കുഴഞ്ഞു മറിഞ്ഞ മനസ്സാണോ നിങ്ങള്‍ക്ക് സ്വാഭാവികമായി ഉള്ളത്, അതോ എല്ലാം നന്നായിരിക്കെ ശാന്തമായിരിക്കുന്ന മനസ്സോ നിങ്ങളുടെ സ്വന്തം? ഇതില്‍ ഏതാണ് നിങ്ങളുടെ സഹജമായ പ്രകൃതം? നിങ്ങള്‍ ശങ്കകൂടാതെ പെട്ടെന്ന് പറയും "ശാന്തമായ മനസ്സ് " അതാണ്‌ സത്യം . അശാന്തമായ മനസ്സ് നിങ്ങളുടെ അവിവേകത്തിന്റെ ഉല്പന്നമാണ് .

ജീവിതത്തില്‍ ഏറ്റവും സന്തോഷവും സമാധാനവും തോന്നിയ ഒരു നിമിഷം ഓര്‍ത്തെടുക്കൂ . നമുക്ക് അവിടെ നിന്നും തുടങ്ങാം . അതാണ്‌ നമ്മുടെ സഹജമായ സ്വഭാവം എന്ന് സങ്കല്പിക്കാം "എന്റെ മനസ്സ് സ്വതവേ അങ്ങിനെയായിരുന്നു . ആ അവസ്ഥ എങ്ങിനെയോ എനിക്ക് നഷ്ടപെട്ടു .” ആ നഷ്ടബോധമാണ് നിങ്ങള്‍ക്കുണ്ടാകേണ്ടത് അപ്പോള്‍ അത് തിരിച്ചു പിടിക്കാന്‍ സ്വാഭാവികമായും മനസ്സ് ശ്രമിച്ചു തുടങ്ങും . മനസ്സ് എങ്ങിനെയാണ് പ്രവൃത്തിക്കുന്നത് എന്ന് അറിഞ്ഞിരിക്കണം . പ്രത്യേകമായി നിങ്ങള്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയാല്‍ അല്ലെങ്കില്‍ പ്രത്യേകിച്ചൊരു ആശയം മനസ്സിലേക്ക് കടത്തിവിട്ടാല്‍ , പിന്നീടുള്ള മനസ്സിന്റെ പ്രവര്‍ത്തനം അതിനനുസൃതമായിട്ടായിരിക്കും . ചുറ്റുപാടും നോക്കിയാല്‍ ധാരാളമായി കാണാം ഏതെങ്കിലും ഒരു തെറ്റായ ചിന്താഗതിക്കടിമപ്പെട്ടു മന:സമാധാനം പൂര്‍ണമായും നഷ്ടമായവരെ . നമ്മുടെ എല്ലാവരുടെയും സ്ഥിതി പൊതുവായി പറഞ്ഞാല്‍ ഈ മട്ടിലാണ് . ഏതെങ്കിലും ഒരു ചിന്തയോ , ആശയമോ മനസ്സിനെ കൈയ്യടക്കുന്നു . പിന്നെ ആ വഴിയിലൂടെയായി ജീവിതത്തിന്റെ ഗതി . മനസ്സില്‍ പതിഞ്ഞു കഴിഞ്ഞ ഒരു ചിന്ത അല്ലെങ്കില്‍ ഒരു ധാരണ മാറ്റിയെടുക്കുക പ്രയാസമാണ് . സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്‌ ചെറുപ്പകാലത്താണ് . ചില സംഗതികള്‍ മനസ്സില്‍ ആഴത്തില്‍ പതിയുന്നു . അതിന്റെ പിടിയില്‍ നിന്നും വിട്ടുപോരിക പലപ്പോഴും അസാദ്ധ്യം തന്നെ.


എന്തിനോടാണോ നമ്മള്‍ താദാത്മ്യം പ്രാപിക്കുന്നത് അതിനനുസരിച്ചായിരിക്കും നമ്മള്‍ ജീവിതത്തെ കാണുന്നതും അറിയുന്നതും .

വെറുതെ സങ്കല്‍പിക്കാം , നിങ്ങളുടെ ശരീരത്തിലെ സ്ത്രീ-പുരുഷ ഹോര്‍മോണുകള്‍ മുഴുവനായും ഞാന്‍ എടുത്തു മാറ്റുന്നു . അതിന്റെ ഫലമായി ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും . അതിനു പുറമേ നിങ്ങളുടെ മനോഭാവവും , പെരുമാറ്റവും ജീവിതവീക്ഷണം തന്നെയും വലിയ മാറ്റങ്ങള്‍ക്കു വിധേയമാകും . ഏറിവന്നാല്‍ മൂന്നു ദിവസമേ അതിനു വേണ്ടൂ . നിങ്ങള്‍ അതിനുള്ളില്‍ ഒരു കുട്ടിയെപോലെ നിഷ്കളങ്കനായിതീരും . ആശങ്കകളും പരിഭ്രമങ്ങളും സങ്കോചങ്ങളും നിങ്ങളെ അലട്ടുകയില്ല . സ്വന്തം ശരീരത്തെ കുറിച്ചുള്ള ബോധവുമുണ്ടാകുകയില്ല. സ്ത്രീ - പുരുഷ ചിന്ത തീര്‍ത്തും ഇല്ലാതാവും . നിങ്ങളുടെ പ്രവൃത്തിയും പെരുമാറ്റവും എല്ലാം തികച്ചും വേറൊരു മട്ടിലാകും .

ശരീരത്തിലെ രാസപദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചില്‍പോലും നമ്മുടെ കാഴ്ചപ്പാടിനെ വലുതായ രീതിയില്‍ വളച്ചൊടിക്കുന്നു . പ്രത്യേകമായ ഒരു ഉദ്ദേശം സാധിക്കാനായി പ്രകൃതി തന്നെ നമ്മില്‍ ഉള്‍ചേര്‍ത്തിട്ടുള്ളതാണ് ഈ രാസപദാര്‍ത്ഥങ്ങള്‍ എന്നും മറക്കരുത് . ഇങ്ങനെയുള്ള എത്രയോ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നുണ്ട്. എന്തിനോടാണോ നമ്മള്‍ താദാത്മ്യം പ്രാപിക്കുന്നത് അതിനനുസരിച്ചായിരിക്കും നമ്മള്‍ ജീവിതത്തെ കാണുന്നതും അറിയുന്നതും . മനസ്സിനെ ശരിയായ ദിശയിലേക്കു നയിക്കാന്‍ പര്യാപ്തമായ വിധത്തിലാണ് സൃഷ്ടികര്‍മം നടത്തപ്പെട്ടിട്ടുള്ളത് . നിങ്ങളുടെ നിസ്സാരമായ ധാരണകളും ചിന്തകളും ഒന്നും അതിന്റെ പ്രവൃത്തിയെ ബാധിക്കുന്നില്ല . പരിമിതികളിലൊന്നും കുരുങ്ങി കിടക്കാതെ യഥാവിധി പ്രകടമാകാന്‍ അത് ഊര്‍ജ്ജത്തിന് അവസരം നല്‍കുന്നു .

കര്‍മ്മപാശങ്ങള്‍ അഴിച്ചുമാറ്റുക ഒട്ടും എളുപ്പമല്ല . അവനവനെ ഏതെങ്കിലും ഒരു ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തുന്ന നിസ്സാരമായ ധാരണകളെയൊക്കെ ആദ്യം തീര്‍ത്തും തുടച്ചു മാറ്റണം . അത് പെട്ടെന്ന് സാധിക്കാവുന്ന ഒന്നല്ല . ക്രമമായി നമ്മള്‍ കുരുക്കുകള്‍ അഴിച്ചു നീക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം . അതല്ല എങ്കില്‍ ഒന്നിനുമേല്‍ ഒന്നായി അവ കുമിഞ്ഞുകൂടും . അവിടെ സംഭവിക്കുന്നത് കര്‍മക്ഷയമാവില്ല , കര്‍മവര്‍ദ്ധനവാകും . അവനവന്റെ മനസ്സില്‍ തീവ്രമായി പതിഞ്ഞുകിടക്കുന്ന, ഇഛക്കനുസരിച്ച് പ്രവൃത്തിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്ന എല്ലാ തോന്നലുകളേയും ഓരോന്നായി തട്ടിമാറ്റുക തന്നെവേണം . കര്‍മ്മ ഘടനയെ ലഘൂകരിക്കാന്‍ ആദ്യമായി ചെയ്യേണ്ടത് അതാണ്‌ .

 
 
 
 
  0 Comments
 
 
Login / to join the conversation1