सद्गुरु

സാധാരണയായി എല്ലാവരും പറയാറുണ്ട്, “പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. അതൊന്നും സാരമാക്കേണ്ട. പരിഹരിക്കാനാവുമെങ്കില്‍ പരിഹരിക്കാം. അല്ലെങ്കില്‍ അതിനെ അതിന്‍റെ പാട്ടിനു വിടുക.” അങ്ങനെ പ്രശ്നങ്ങളെ കൈയ്യൊഴിയാന്‍ നമുക്കു സാധിച്ചേക്കും, പക്ഷെ പ്രശ്നങ്ങള്‍ നമ്മളെ കൈയൊഴിയാന്‍ തയ്യാറായില്ലെങ്കിലോ?

പലപ്പോഴും സംഭവിക്കാറുള്ള ഒരു കാര്യം – ആളുകള്‍ ബാങ്കില്‍ നിന്നും പണം കടമെടുക്കുന്നു. പിന്നീട് അത് തിരിച്ചടയ്ക്കാനാകാതെ നട്ടം തിരിയുന്നു. പണം തിരിച്ചടക്കേണ്ട എന്ന് നമുക്കു തീരുമാനിക്കാം, എന്നാല്‍ ബാങ്ക് നമ്മളെ വെറുതെ വിടുമോ? അങ്ങനെയാണ് ജീവിതം. ഓരോ കുടുക്കില്‍ അറിഞ്ഞും അറിയാതേയും ചെന്നു വീഴുന്നു. കടം വീട്ടല്‍ പോലെയാണതും. തിരിച്ചടക്കാതെ നിവൃത്തിയില്ല, പണമായിട്ടല്ല എന്നുമാത്രം. സാമര്‍ത്ഥ്യമുള്ളവര്‍ ഏതെങ്കിലും തരത്തില്‍ കടം വീട്ടും. അല്ലാതെ രക്ഷയില്ല. ജീവിതത്തില്‍ പ്രശ്നങ്ങളില്ല, പരിഹാരങ്ങള്‍ മാത്രമേയുള്ളൂ.

പ്രശ്നം പ്രശ്നമാകുന്നത് നിങ്ങള്‍ പ്രശ്നമായി അതിനെ കാണുമ്പോഴാണ്. ഓരോന്നും ഓരോരു സാഹചര്യമാണ്. നമ്മള്‍ അതിനെ പ്രശ്നം എന്നു വിളിക്കുമ്പോഴാണ് അത് പ്രശ്നമാവുന്നത്. അതിനെ "ബഹുകേമം" എന്നു പറഞ്ഞാല്‍ അത് "ബഹുകേമമായി"


ജീവിതത്തിലെ ഓരോ സാഹചര്യത്തിനും അതിന്‍റേതായ വില നിശ്ചയിച്ചിട്ടുണ്ട്. അത്രയും വിലകൊടുത്ത് അത് വാങ്ങണമോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടം.

ഒരാളുടെ വിവാഹം എന്നാല്‍ അയാളുടെ മനസ്സില്‍ "ഇത് വലിയ പാടായല്ലോ" എന്ന വിചാരമാണ്. അതുതന്നെ മതി വിവാഹജീവിതം കുഴപ്പത്തിലാക്കാന്‍. വേറൊരാളുടെ വിവാഹം അയാളുടെ മോഹം പോലെ നടക്കുന്നു. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതം. സുഖമായി മുമ്പോട്ടു പോകുന്നു. എല്ലാം ഒരു അനുഭവമാണ്. അതിനെ പ്രശ്നമാക്കുന്നത് നിങ്ങളുടെ തന്നെ സമീപനമാണ്, കാഴ്ചപ്പാടാണ്. ഒരു സാഹചര്യവും കൃത്യമായി പെട്ടിയിലൊതുക്കി വെച്ചിട്ടുള്ളതല്ല. മാറ്റത്തിനുള്ള സാദ്ധ്യതകള്‍ വേണ്ടുവോളമുണ്ടാകും. ഒന്നു മാറിനിന്നു നിരീക്ഷിച്ചാല്‍ കണ്ടെത്താനാവും ഊരിപ്പോരാനുള്ള പഴുതുകള്‍. അടച്ചിട്ട മുറിയില്‍, ശുദ്ധവായു ശ്വസിക്കണമെന്നു തോന്നുന്നു, ജനലുകള്‍ തുറന്നിടുകയല്ലേ വേണ്ടൂ? പുറത്തേക്കിറങ്ങണമെന്നാണോ തോന്നുന്നത്? എങ്കില്‍ വാതില്‍ തുറന്ന് മുറിയില്‍ നിന്നും ഇറങ്ങി നടക്കാം തീരുമാനിക്കേണ്ടത് നിങ്ങളാണ്. മുറിക്കകത്തിരുന്നാല്‍ ഒരനുഭവം, പുറത്തേക്കിറങ്ങിയാല്‍ വേറൊന്ന് രണ്ടിലേതായാലും നേരിടാനുള്ള ധൈര്യമുണ്ടായിരിക്കണം.

അനുഭവങ്ങളുണ്ടാകണം എന്നാല്‍ അതിനുള്ള വിലകൊടുക്കാന്‍ തയ്യാറല്ല, ഇതാണ് സാധാരാണ ഒരാളുടെ മനോഭാവം. നല്ല ഒരു ഷര്‍ട്ട് വേണമെന്നു തോന്നിയാല്‍ വിലകൊടുത്തു വാങ്ങണം. വിലക്കൊടുക്കാതെ സ്വന്തമാക്കാന്‍ ഒരു വഴിയേയുള്ളൂ, മോഷണം. മോഷ്ടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ എളുപ്പമായി. വേണ്ടതെല്ലാം വിലകൊടുക്കാതെ സ്വന്തമാക്കാം. പക്ഷെ പിടിക്കപ്പെടുമെന്ന പേടി ഒഴിവാക്കാനാവില്ല. ഏതു നിമിഷവും "സര്‍ക്കാര്‍ അതിഥിയായി" പോകേണ്ടിവരും. അതുകൊണ്ട് സാധാരണക്കാരന് ആഗ്രഹം സാധിക്കാന്‍ ഒരു വഴിയേയുള്ളൂ. വിലകൊടുത്തു വാങ്ങുക. കൊടുക്കുന്ന വിലയുടെ ന്യായാന്യായങ്ങള്‍, അത് സ്വന്തം ജീവിതവും ആവശ്യവുമായി തുലനം ചെയ്ത് നിശ്ചയിക്കേണ്ടതാണ്.

പത്തുരൂപ കൊടുത്ത് ഒരു സാധനം വാങ്ങാന്‍ കടയില്‍ ചെല്ലുന്നു. കടക്കാരന്‍ പതിനൊന്നു രൂപ വില പറയുന്നു. നിങ്ങള്‍ സാധനം വാങ്ങാതെ മടങ്ങുന്നു. അത് നിങ്ങളുടെ തീരുമാനമാണ്. ഇതുപോലെ ജീവിതത്തിലെ ഓരോ സാഹചര്യത്തിനും അതിന്‍റേതായ വില നിശ്ചയിച്ചിട്ടുണ്ട്. അത്രയും വിലകൊടുത്ത് അത് വാങ്ങണമോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടം. നിങ്ങളെ സംബന്ധിച്ചിടത്തോളം അത് പ്രധാനപ്പെട്ടതാകാം, എന്നാല്‍ എന്‍റെ കണ്ണില്‍ അത് നിസ്സാരമായിരിക്കും. തീരുമാനിക്കേണ്ടത് ഇനിയൊരാളല്ല. അവനവന്‍ തന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് വില നിര്‍ണയിക്കേണ്ടത്. അത്രയും വിലകൊടുക്കാന്‍ തനിക്കാകുമോ? ആ നിശ്ചയം തികച്ചും വ്യക്തിയുടേതാണ്. വിലകൊടുക്കാന്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമനസ്സോടെ അത് ചെയ്യുക. സന്തോഷത്തോടെയല്ല വിലകൊടുത്തത് എങ്കില്‍ എന്നെന്നും അത് നിങ്ങളെ അലോസരപ്പെടുത്തും. ഒരിക്കല്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതില്‍ ശരി തെറ്റുകളില്ല. അതുപോലെത്തന്നെ "നല്ല ജീവിതം" എന്നൊന്നില്ല. തികച്ചും ആത്മാര്‍ത്ഥമായി എന്തുതന്നെ ചെയ്താലും അതു നല്ലതാകും. ജീവിതത്തിന്‍റെ കാര്യവും അങ്ങനെത്തന്നെ. മറ്റുള്ളവര്‍ക്കു നിസ്സാരമായിതോന്നാം, എന്നാല്‍ മനസ്സറിഞ്ഞ് ചെയ്യുന്നവര്‍ക്ക് ഏതു ജോലിയും മഹത്തായതാണ്. നിങ്ങളുടെ ജിവതത്തെകുറിച്ച് ഇനിയൊരാള്‍ "കൊള്ളരുതാത്തത്" എന്ന് അഭിപ്രായപ്പെട്ടാല്‍ ആ പ്രശ്നം അവരുടേതാണ്. സ്വന്തം ജിവിതത്തെ പ്രതി നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയുമുണ്ടോ? എങ്കില്‍ നിങ്ങളുടേത് മഹത്തായ ജീവിതമാണ്, മറ്റൊന്നും കാര്യമാക്കേണ്ടതില്ല.


പുതിയ സംഭവങ്ങളും സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടാകാതിരിക്കുക, ജീവിതം ഒഴുക്കു നിലച്ച നദിയായിത്തീരുക, അതുമാത്രമാണ് വാസ്തവത്തില്‍ ഒരേയൊരു പ്രശ്നം.

പുതിയ സംഭവങ്ങളും സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടാകാതിരിക്കുക, ജീവിതം ഒഴുക്കു നിലച്ച നദിയായിത്തീരുക, അതുമാത്രമാണ് വാസ്തവത്തില്‍ ഒരേയൊരു പ്രശ്നം.

ജീവിതത്തിന്‍റെ വിലയറിയണമെങ്കില്‍ അതില്‍ പൂര്‍ണമായും മുഴുകണം, അവസരങ്ങളെ കൈവിട്ടുകളയുകയല്ല വേണ്ടത് പൂര്‍ണ ശ്രദ്ധയോടെ ഇടപഴകുമ്പോള്‍ മാത്രമേ ശരിയായ തീരുമാനങ്ങള്‍ എടുക്കാനാവൂ. ശ്രദ്ധാപൂര്‍വം ആലോചിച്ചെടുത്ത തീരുമാനങ്ങള്‍ മാത്രമേ പ്രയോജനപ്പെടൂ. വാസ്തവസ്ഥിതി അറിയാതെ തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് തീര്‍ച്ച. സാഹചര്യങ്ങള്‍ ഏതു വിധത്തിലുള്ളതായാലും കൈവിട്ടുകളയേണ്ട, അകലം പാലിക്കുകയും വേണ്ട, നിസ്സംഗതയോടെ വേണ്ടതുചെയ്യുക അതാണ് ഏറ്റവും നല്ല മാര്‍ഗം. സത്യമെന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ കൊടുക്കേണ്ട വിലയും തീരുമാനിക്കാനാവും. ഇടപ്പെട്ടാലും ഒഴിഞ്ഞുമാറിയാലും അതിന്‍റേതായ വില കൊടുക്കേണ്ടിവരും ഏതായിരിക്കും കൂടുതല്‍ ഗുണകരം എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. ശരിയായ കാര്യം എന്നൊന്നില്ല. സന്ദര്‍ഭത്തിനു യോജിച്ച കാര്യം, അതാണ് പ്രധാനം. അത് ചെയ്യാന്‍ നിങ്ങള്‍ക്കു സമാര്‍ത്ഥ്യമുണ്ടൊ? അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യം. സന്ദര്‍ഭങ്ങളുടെ നീണ്ട ഒരു നിരയാണ് നമ്മുടെ ജീവിതം. മുന്നോട്ടുള്ള യാത്രയില്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളുമായി ഏറ്റുമുട്ടേണ്ടി വരിക സ്വാഭാവികം. അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലപ്പോഴും നിശ്ചയിക്കാനാവാതെ വരും. അത്തരം സന്ദര്‍ഭങ്ങളെ വെല്ലുവിളികളായി കണ്ടാല്‍ മതി, പ്രശ്നങ്ങളായി കാണേണ്ടതില്ല. നിന്നിടത്തു തന്നെ ജീവിതം വഴിമുട്ടി നിന്നുപോകുക, മുന്നോട്ടു പോകാന്‍ പഴുതു കാണാതാരിക്കുക അതാണ് ശരിയായ പ്രശ്നം. ഊര്‍ജ്ജ്വസ്വലമായ ജീവിതയാത്രയില്‍ പ്രയാസങ്ങളും പ്രതിസന്ധികളും നിരന്തരം ഉണ്ടായികൊണ്ടിരിക്കും. അതുവഴി കൂടുതല്‍ വളരുവാനുള്ള സാദ്ധ്യതകള്‍ തുറന്നു കിട്ടുന്നു എന്നു കരുതിയാല്‍ മതി.