പ്രകോപിപ്പിക്കുന്നവരെ സ്‌നേഹിക്കാനാവണം
നിത്യജീവിതത്തില്‍, അരിശം പിടിപ്പിക്കുന്നവരെ നേരിടേണ്ടിവരിക എന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം സര്‍വ്വസാധാരണമാണ്‌. അങ്ങിനെയുള്ളവരെ സ്നേഹിക്കാനുള്ള മനസ്ഥിതി ഉണ്ടാക്കിയെടുക്കണം. അക്കൂട്ടരെക്കുറിച്ചും അവരോട്‌ എങ്ങിനെ ഇടപെടണമെന്നതിനെക്കുറിച്ചും ഈ പംക്തിയില്‍ സദ്‌ഗുരു വിശദീകരിക്കുന്നു.
 
 

सद्गुरु

നിത്യജീവിതത്തില്‍, അരിശം പിടിപ്പിക്കുന്നവരെ നേരിടേണ്ടിവരിക എന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം സര്‍വ്വസാധാരണമാണ്‌. അങ്ങിനെയുള്ളവരെ സ്നേഹിക്കാനുള്ള മനസ്ഥിതി ഉണ്ടാക്കിയെടുക്കണം. അക്കൂട്ടരെക്കുറിച്ചും അവരോട്‌ എങ്ങിനെ ഇടപെടണമെന്നതിനെക്കുറിച്ചും ഈ പംക്തിയില്‍ സദ്‌ഗുരു വിശദീകരിക്കുന്നു.

സദ്‌ഗുരു: : നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ എങ്ങിനെ സ്‌നേഹിക്കാന്‍ സാധിക്കും? അത്തരം വ്യക്തികളുമായി ഇടപെടുമ്പോള്‍ നമുക്ക്‌ ബുദ്ധിമുട്ടും മടുപ്പും ഉണ്ടാവും എന്നതിനെക്കുറിച്ച് എതിര്‍ത്തൊന്നും പറയുവാനില്ല. അതേ സമയം, അവരെ പാടേ ഒഴിവാക്കുക എന്നത്‌ അസാധ്യമാണുതാനും. ആദ്യം തന്നെ, അവനവനോടു തന്നെ ചോദിക്കുക, 'അവര്‍ക്കെന്തുകൊണ്ടാണ് നിങ്ങളെ പ്രകോപിപ്പിക്കാന്‍ സാധിക്കുന്നത്?'

അവര്‍ എങ്ങിനെയായിരിക്കണം എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ, ആ രീതിയിലല്ല അവര്‍ പെരുമാറുന്നത്, അതല്ലേ അതിന്റെ സത്യം?

അവര്‍ എങ്ങിനെയായിരിക്കണം എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ, ആ രീതിയിലല്ല അവര്‍ പെരുമാറുന്നത്, അതല്ലേ അതിന്റെ സത്യം? അപ്പോള്‍ പ്രശ്നം അവരുടെയോ, നിങ്ങളുടെയോ? അവരുടെ കുറ്റവും കുറവുകളും പറയുന്ന അതേ ശ്വാസത്തില്‍ നിങ്ങള്‍ ഈശ്വരവിശ്വാസികളാണെന്ന് പറയുകയും ചെയ്യും. പ്രകോപിപ്പിക്കുന്ന ആ വ്യക്തിയും ഈശ്വര സൃഷ്‌ടിതന്നെയായിരിക്കുമല്ലോ. നിങ്ങള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അയാള്‍ നിങ്ങളുടെ ഉള്ളിലെ നരകത്തെ അനായാസം ചൊറിഞ്ഞു പുറത്തുകൊണ്ടുവരാന്‍ പോന്ന ഒന്നാന്തരം ദൈവസൃഷ്‌ടി തന്നെയാണെന്നു പറയാം, അല്ലേ? നരകത്തെ മനസ്സിലാക്കിയാലല്ലേ സ്വര്‍ഗം ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍, സ്വയം കബളിപ്പിക്കാതിരിക്കുക.

ഏതാണ്‌ ശരിയെന്നും ഏതാണു തെറ്റെന്നും ഉള്ളതിനെപ്പറ്റി നിങ്ങള്‍ കാലേകൂട്ടി ചില നിഗമനങ്ങളിലെത്തിച്ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. പ്രശ്നങ്ങളുടെയെല്ലാം ഉല്പത്തി അവിടെ നിന്നാണ്. നിങ്ങളുടെയുള്ളില്‍ പ്രകോപനമുണ്ടാവാന്‍ കാരണം അതാണെന്നു തിരിച്ചറിയൂ. ജീവിക്കാനുള്ള ശരിയായ രീതി ഏതാണെന്ന് നിങ്ങള്‍ മനസ്സില്‍ അടിവരയിട്ടു തീരുമാനിച്ചു കഴിഞ്ഞു. അവരുടേത്‌ വേറൊരു രീതിയാണെങ്കില്‍ ആദ്യം അവര്‍ നിങ്ങളെ ചൊറിയാന്‍ തുടങ്ങും. അതോടെ നിങ്ങള്‍ ക്രോധാവേശിതരാവുകയായി. നിങ്ങള്‍ അവരെ വെറുക്കുകയായി. പിന്നെ അവരെ കൊല്ലാന്നുള്ള ദേഷ്യം വരെ തോന്നും. ഈ ലോകത്തിലുള്ളവരെല്ലാം തന്നെപ്പോലെയാവണമെന്ന നിങ്ങളുടെ പ്രതീക്ഷയില്‍ നിന്നുളവാകുന്ന സ്വാഭാവിക പരിണാമമാണിത്‌. ഏവരും നിങ്ങളെപ്പോലെത്തന്നെയാണെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെ ജീവിക്കാന്‍ കഴിയുമോ? സ്വന്തം ഭവനത്തില്‍ നിങ്ങളെപ്പോലെതന്നെ ഇനിയൊരാള്‍ കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ അവിടെ പൊറുക്കാന്‍ കഴിയുമോ. സാധ്യമാവുമോ അത്‌? എല്ലാവരും അവരുടേതായ വഴിയില്‍തന്നെ സഞ്ചരിക്കുന്നതാണ്‌ ഏറ്റവും നല്ലത്.

ഈ വലിയ ആള്‍ക്കൂട്ടത്തില്‍ ആരെയെങ്കിലുമൊന്നു നിരീക്ഷിച്ചുനോക്കൂ. തൊട്ടടുത്തിരിക്കുന്ന ആളിനെ ഒന്നു നല്ലതുപോലെ ശ്രദ്ധിച്ചു നോക്കൂ. അയാളുടെ ആകാരം, സ്വഭാവം, ചേഷ്ടകള്‍, സംസാരിക്കുന്ന രീതി - അയാള്‍ തികച്ചും വ്യത്യസ്ഥനാണ്‌ അല്ലേ? അയാളെപ്പോലെ വേറൊരു മനുഷ്യജീവിയും ഈ ഭൂഗോളത്തിലില്ലെന്ന് അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാവും. എല്ലാ വിധത്തിലും അയാളെ അനുകരിക്കുന്ന ഒരാള്‍ ഇതിനു മുമ്പുണ്ടായിട്ടില്ല, ഭാവിയില്‍ ഉണ്ടാവുകയുമില്ല, ഓരോരുത്തരും തികച്ചും അന്യാദൃശനായ മനുഷ്യജീവി. നിങ്ങളെപ്പോലെ, അല്ലെങ്കില്‍ ആ വ്യക്തിയെപ്പോലെ ഒരേ ഒരാളെ ഈ ഭൂലോകത്തിലുള്ളുവെന്നു നിങ്ങള്‍ തിരിച്ചറിയുമ്പോള്‍ അത്‌ പ്രകൃതിയുടെ വളരെ വിലമതിക്കുന്ന വിധാനമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ആ പ്രകൃതിവൈഭവത്തെ നിങ്ങള്‍ക്ക് വെറിപിടിപ്പിക്കാന്‍ എങ്ങിനെ കഴിയും?

ആളുകള്‍ നിങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് കരുതി കാത്തിരിക്കുന്നത്‌ പാഴ്‌ക്കിനാവാണ്‌. അതൊരിക്കലും നടക്കാന്‍ പോവുന്നില്ല..

ചുറ്റും ഒന്നു കണ്ണോടിച്ചുനോക്കൂ. നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ആള്‍ തികച്ചും വ്യത്യസ്ഥമായ സ്വഭാവവും, മനുഷ്യരൂപവും ഉള്ള ശരീരമാണെന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം അത്ഭുതസംഭവം തന്നെയാണ്, അല്ലേ? അങ്ങിനെയൊരാള്‍ ഒരിക്കലും ഈ ഭൂമിയില്‍ പിറന്നിട്ടില്ല, ഇനിയൊട്ടു പിറക്കാനും പോകുന്നില്ല. ഒരു ജന്മം എന്നുപറയുന്നത് ഞൊടിയിടയില്‍ തീര്‍ന്നു പോകുന്നതാണ്. പിന്നെ, പ്രകോപനം എന്ന പ്രശ്‌നം നിമിഷനേരത്തേക്കു മാത്രമുള്ളതല്ലേ? അപ്പോള്‍ അത് നിങ്ങളെ ബാധിക്കേണ്ട ആവശ്യമേയില്ല. നിങ്ങള്‍ അന്ധരാണ്‌, അതുകൊണ്ടാണ്‌ പ്രകോപിതരാവുന്നത്‌. നിങ്ങള്‍ ജീവിതമെന്ന അത്ഭുതസിദ്ധാന്തത്തെ കണ്ണുതുറന്നു നോക്കിയിട്ടില്ല, അല്ലെങ്കില്‍ നിങ്ങളെ പ്രകോപിപ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

ഈ ലോകത്തു ജീവിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ പല ബന്ധങ്ങളും ഉണ്ടാവാറുണ്ട്‌. മറ്റുള്ളവരുടെ പരിമിതികളും കഴിവുകളും തിരിച്ചറിഞ്ഞ്‌, നിങ്ങള്‍ക്കാവുന്നതു നിങ്ങള്‍ ചെയ്യുക. നിങ്ങളുടെ ചുറ്റുമുള്ള സ്ഥിതിഗതി എങ്ങിനെയായിരിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ ആ വിധത്തിലാക്കാന്‍ അപ്പോള്‍ മാത്രമേ നിങ്ങള്‍ക്കു കഴിയുകയുള്ളൂ. ആളുകള്‍ നിങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് കരുതി കാത്തിരിക്കുന്നത്‌ പാഴ്‌ക്കിനാവാണ്‌. അതൊരിക്കലും നടക്കാന്‍ പോവുന്നില്ല. അവരെ മനസ്സിലാക്കാന്‍, ബന്ധം എത്രത്തോളം ശക്തമാണോ അത്രത്തോളം യത്‌നം നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടി വരും.

ഉദാഹരണത്തിന് ഒരു കഥ പറയാം. ഒരാള്‍ അത്യന്താവസ്ഥയില്‍ കിടക്കുകയായിരുന്നു. രോഗം ഇടവിട്ടിടവിട്ട് മൂര്‍ച്ഛിക്കയും, ബോധം പോവുകയും വല്ലപ്പോഴും തെളിയുകയും ചെയ്യുന്ന ഒരവസ്ഥ. ഒരു പ്രാവശ്യം ബോധം തെളിഞ്ഞ നിമിഷത്തില്‍ ഭാര്യയെ തന്റെ അടുത്തേക്ക്‌ അയാള്‍ കൈകാട്ടിവിളിച്ചു. അവള്‍ അടുത്തു വന്നിരുന്നപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി, "ഞാന്‍ ഓര്‍ക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ കഷ്‌ടകാലങ്ങളിലും നീ എന്നോടൊപ്പമുണ്ടായിരുന്നു . എന്റെ ബിസിനസ്സ്‌ തകര്‍ന്നപ്പോള്‍ നീ രാപ്പകലെന്നോണം അത്യദ്‌ധ്വാനം ചെയ്‌തു., നിയമയുദ്ധത്തില്‍ നമുക്കു വീടു നഷ്‌ടപ്പെട്ടപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു നീ. എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിലും നീ എന്റെ സമീപത്തു തന്നെയുണ്ട്‌. എല്ലാം കൂടി കണക്കിലെടുത്തു നോക്കുമ്പോള്‍ എനിക്ക് തോന്നുന്നു, നീ എനിക്കു ദൌര്‍ഭാഗ്യം മാത്രമാണു നല്‍കുന്നതെന്ന്."

ഇതുപോലെ അത്ഭുതമുണര്‍ത്തുന്ന ധാരാളം ആളുകളുണ്ട്‌ നമുക്ക്‌ ചുറ്റും. അവര്‍ക്ക്‌ വല്ലപ്പോഴും ലേശം വട്ടു പിടിക്കുമെന്നു മാത്രം. അവരെ സ്നേഹിക്കാനും മനസ്സിലാക്കാനും ശ്രമിക്കണം, സ്‌നേഹിക്കയാണെന്നു നടിക്കരുത്‌. അല്ലെങ്കില്‍ നിങ്ങള്‍ക്കവരെ നഷ്‌ടപ്പെട്ടേക്കും. മറ്റേയാള്‍ നിങ്ങളെക്കാള്‍ കാര്യഗ്രഹണം ഉള്ളയാളാണെന്നോ, ഇല്ലാത്തയാളാണെന്നോ ഒന്നുമല്ല പറഞ്ഞുവരുന്നത്. നിങ്ങളെ നന്നായി മനസ്സിലാക്കാന്‍ അയാള്‍ പ്രാപ്‌തനാവുന്ന ഒരു സ്ഥിതിവിശേഷം സൃഷ്‌ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. മറ്റേയാളിന്റെ പരിമിതികളും സാധ്യതകളും ആവശ്യങ്ങളും മനസ്സിലാക്കാതിരിക്കയും, അതെ സമയം, എപ്പോഴും അയാള്‍ നിങ്ങളെ മനസ്സിലാക്കണമെന്നും, നിങ്ങളോട്‌ ഇണങ്ങി നില്‍ക്കണമെന്നും പ്രതീക്ഷിച്ചാല്‍ സംഘര്‍ഷം മാത്രമാവും പരിമിതഫലം. ഈ നിയന്ത്രണരേഖ നിങ്ങള്‍ മറികടന്നാല്‍ അവര്‍ക്ക്‌ ഭ്രാന്തിളകും. അവര്‍ മറികടന്നാല്‍ നിങ്ങള്‍ക്കാവും ഭ്രാന്തിളകുക.

നിങ്ങളുടെ മനോഭാവം അവരുടെ കാര്യക്ഷമതക്കപ്പുറത്തേക്ക്‌ നീങ്ങിയാല്‍, അവരുടെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയും നിങ്ങളുടെ കാര്യശേഷിയുടെ ഒരു ഭാഗമായി മാറും. അവരുടെ പരിമിതികളെയും കഴിവുകളെയും ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ പ്രാപ്‌തരാവും. എല്ലാവരിലും ക്രിയാത്മക (പോസിറ്റീവ്) വശങ്ങള്‍ കുറെയുണ്ടാവും, അതുപോലെ നാശ (നെഗറ്റീവ്) വശങ്ങളും. ഇതെല്ലാം നിങ്ങളുടെ മനോഭാവത്തില്‍ ഉള്‍ക്കൊള്ളിക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്ന രീതിയില്‍ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കു കഴിയും. അക്കാര്യം അവരുടെ മനോധര്‍മ്മത്തിനു വിട്ടുകൊടുത്താല്‍ ആകസ്‌മികമായി മാറും അത്‌. അവര്‍ വിശാല ഹൃദയരാണെങ്കില്‍ നിങ്ങള്‍ക്കു നല്ലതു ഭവിക്കും. അല്ലെങ്കിലോ, ബന്ധം തകരും.

മറ്റേയാളിന്റെ പരിമിതികളും സാധ്യതകളും ആവശ്യങ്ങളും മനസ്സിലാക്കാതിരിക്കയും, അതെ സമയം, എപ്പോഴും അയാള്‍ നിങ്ങളെ മനസ്സിലാക്കണമെന്നും, നിങ്ങളോട്‌ ഇണങ്ങി നില്‍ക്കണമെന്നും പ്രതീക്ഷിച്ചാല്‍ സംഘര്‍ഷം മാത്രമാവും പരിമിതഫലം.

ഞാന്‍ ചോദിക്കുന്നത്‌ ഇതുമാത്രം. സ്വന്തം ജീവിതത്തിന്‌ എന്തു സംഭവിക്കുമെന്നു സ്വയം നിശ്ചയിക്കുന്ന ആളാവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അത്‌ ഉറ്റ ബന്ധങ്ങളാവട്ടെ, കര്‍മ്മമേഖലയിലെയോ, രാഷ്‌ട്രീയത്തിലെയോ, ആഗോളതലത്തിലെയോ ബന്ധങ്ങളാവട്ടെ, സ്വജീവിതത്തില്‍ എന്തു സംഭവിക്കണമെന്നു സ്വയം നിശ്ചയിക്കുന്ന ആളായിമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ഉണ്ടെങ്കില്‍, എല്ലാറ്റിനെയും എല്ലാവരെയും നിങ്ങളുടെ മനോധര്‍മ്മത്തില്‍ ഉള്‍പ്പെടുത്തുക. ആളുകളുടെ ഭ്രാന്തിനപ്പുറത്തേക്ക്‌ നോക്കാന്‍ പ്രാപ്‌തമാവുന്ന ഒരു തലത്തിലേക്ക്‌ സ്വന്തം മനോഭാവത്തെ വളര്‍ത്തുകയും വേണം .

ജീവിതം എപ്പോഴും ഒരു നേര്‍രേഖയല്ല. അതു കെട്ടുവള്ളികളികളില്ലാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കാന്‍ പലതും ചെയ്യേണ്ടിവരും. വ്യക്തിബന്ധങ്ങളുടെ തലത്തിലാവട്ടെ, പ്രൊഫഷണല്‍ മാനേജ്‌മെന്റിന്റെ തലത്തിലാവട്ടെ, ധര്‍മബോധത്തോടു കൂടി കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി കൈവരിക്കണം. രണ്ടു ഭാഗത്തു നിന്നും അതുണ്ടാവണം, മനസ്സിലാക്കാനും സ്നേഹിക്കാനുമുള്ള മനോഭാവം. മറിച്ചായാല്‍, ഫലവത്തായ ബന്ധങ്ങള്‍ ഉണ്ടാവില്ല.

Photo credit to : https://pixabay.com/en/colored-pencils-colour-pencils-paint-1090000/

 
 
  0 Comments
 
 
Login / to join the conversation1