പ്രധാനമന്ത്രിയുടെ ഭരണം... ഇതുവരെ
ഹിന്ദുക്കളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി, അതേ സമയം ഹൈന്ദവ മതത്തിന്‍റെ ഉദാരതത്വങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. മോദി നയിക്കുന്ന ബി.ജെ.പി.ക്ക് അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാനാവുമെന്ന് അങ്ങ് കരുതുന്നുണ്ടൊ?
 
 

सद्गुरु

ജനാധിപത്യഘടനയുടെ പ്രശ്നങ്ങള്‍ ആദ്യം മനസ്സിലാക്കണം. വോട്ടുകളുടെ എണ്ണമാണ് അതില്‍ മുഖ്യം. അതില്ല എങ്കില്‍ അധികാരവുമില്ല. ഇത് ജനാധിപത്യത്തിനെ ബാധിച്ചിട്ടുള്ള ഒരു ശാപമാണ്. എകണോമിക്സ് ടൈംസിന് സദ്‌ഗുരു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ നിന്നെടുത്ത പ്രസക്തമായ ചില ഭാഗങ്ങള്‍.

സദ്‌ഗുരു : ജനാധിപത്യഘടനയുടെ പ്രശ്നങ്ങള്‍ ആദ്യം മനസ്സിലാക്കണം. വോട്ടുകളുടെ എണ്ണമാണ് അതില്‍ മുഖ്യം. അതില്ല എങ്കില്‍ അധികാരവുമില്ല. ഇത് ജനാധിപത്യത്തിനെ ബാധിച്ചിട്ടുള്ള ഒരു ശാപമാണ്. പത്രമാദ്ധ്യമങ്ങളുടെ ശ്രദ്ധപതിയേണ്ടത് നേതൃത്വം എന്തു സംസാരിക്കുന്നു അല്ലെങ്കില്‍ എന്തു അഭിപ്രായപ്പെടുന്നു എന്നതില്‍ മാത്രമായിരിക്കണം. നിസ്സാരന്മാരായ വല്ലവരും എന്തെങ്കിലും പറഞ്ഞാല്‍ അത് പ്രധാന വാര്‍ത്തയായി ജനസമക്ഷം എത്തിക്കേണ്ടതില്ല. ആര്‍ക്കെങ്കിലും പത്രത്താളുകളില്‍ പ്രാമുഖ്യം നേടണമെങ്കില്‍, വെറും വിഡ്ഢിത്തമായാലും വേണ്ടില്ല, വിവാദപരമായ എന്തെങ്കിലും (ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തില്പെട്ടവരെ കൊന്നൊടുക്കണം എന്നോ മറ്റൊ) നാലാള്‍ കേള്‍ക്കേ ഒന്നു വിളിച്ചു പറയുകയേ വേണ്ടു. അതോടെ വാര്‍ത്താ മാദ്ധ്യമങ്ങളുടെ ശ്രദ്ധ മുഴുവനായും അയാളിലേക്കു തിരിഞ്ഞുകൊള്ളും. അടുത്ത ഒരാഴ്ച അതു തന്നെയായിരിക്കും ബുദ്ധിജീവികളുടെയും, രാഷ്ട്രിയ നേതാക്കന്മാരുടെയും, പല രൂപത്തിലും, ഭാവത്തിലും ഉള്ള ചര്‍ച്ചകള്‍. ഈ പറഞ്ഞയാള്‍ക്ക് ഒരീച്ചയെ പോലും കൊല്ലാനുള്ള ബുദ്ധിവൈഭവമോ, കെല്‍പോ ഉണ്ടാവില്ല. പക്ഷെ, അതോടെ ജനരോഷം ഇളകിമറിയും.

മാദ്ധ്യമങ്ങള്‍ ഈയൊരു പ്രവണതയ്ക്ക് പ്രോത്സാഹനം നല്‍കരുത്. ഉത്തരവാദപ്പെട്ട ആരെങ്കിലുമാണ് പ്രധാനപ്പെട്ട ഏതെങ്കിലും വിഷയത്തെക്കുറിച്ച് വിവാദപരമായി പരാമര്‍ശിച്ചതെങ്കില്‍, നിശ്ചയമായും ഗൗരവമായ ചര്‍ച്ച വേണ്ടതുതന്നെ. ഒരു വിദൂഷകന്‍റെ വാക്കിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കുന്നത് തീര്‍ത്തും അസംബന്ധമാണ്. വാസ്തവത്തില്‍ അയാള്‍ ചെയ്യുന്നത് തന്‍റെ വിചാരത്തെ ഒരു രാജ്യത്തിന്‍റെ തന്നെ വികാരമാക്കി മാറ്റുകയാണ്. അതൊരു നിലയ്ക്കും അനുവദിച്ചു കൊടുത്തുകൂട.

ഒരു വിദൂഷകന്‍റെ വാക്കിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കുന്നത് തീര്‍ത്തും അസംബന്ധമാണ്. വാസ്തവത്തില്‍ അയാള്‍ ചെയ്യുന്നത് തന്‍റെ വിചാരത്തെ ഒരു രാജ്യത്തിന്‍റെ തന്നെ വികാരമാക്കി മാറ്റുകയാണ്

പ്രധാനമന്ത്രിയെ കുറിച്ചു പറയുമ്പോള്‍ തിരഞ്ഞെടുപ്പു യോഗങ്ങളില്‍ അദ്ദേഹം സംസാരിച്ചിരുന്ന രീതി, പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇപ്പോഴത്തെ അദ്ദേഹത്തിന്‍റെ വാക്കുകളും പെരുമാറ്റവും, ഇതെല്ലാം നിരീക്ഷിക്കുമ്പോള്‍, ഈ അച്ചടക്കം എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ പലതവണ പറഞ്ഞിട്ടുള്ള ഒരു കാര്യം ആവര്‍ത്തിക്കുകയാണ്. ഒരു വ്യക്തിയോടും എനിക്ക് പ്രത്യേകിച്ച് ഒരാരാധനയില്ല. ഒരു പാര്‍ട്ടിയോടും വിശേഷിച്ച് ഒരനുഭാവവുമില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ തികഞ്ഞ മതിപ്പോടെ എടുത്തുപറയും. മതതീവ്രവാദത്തിന്‍റെ ആസ്ഥാനം എന്ന് എല്ലാവരും പറയുന്ന ഒരു സംസ്ഥാനത്തു നിന്നാണ് നമ്മുടെ പ്രധാനമന്ത്രി വരുന്നത്. അദ്ദേഹത്തിന്‍റെ പശ്ചാത്തലവും അങ്ങനെയുള്ളതാണ്. എന്നിട്ടുപോലും കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടയില്‍ തെറ്റായ ഒരു വാക്കുപോലും അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വീണിട്ടില്ല. തെരഞ്ഞെടുപ്പു പ്രചരണമായാലും പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള പ്രസ്താവനകളായാലും തികഞ്ഞ സംയമനം പാലിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഈയൊരു ആത്മനിയന്ത്രണം എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണ്. എന്നാല്‍ വളരെ ചുരുക്കം പേരിലെ അതു കാണുന്നുള്ളൂ. അതില്ലാത്തവരെ മാദ്ധ്യമങ്ങള്‍ ഇത്രക്കൊക്കെ ഉയര്‍ത്തിക്കാട്ടേണ്ട ആവശ്യമുണ്ടോ?

ഇത് ജനാധിപത്യത്തിന്‍റെ സമ്പ്രദായമാണ്. എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ട്‌. ആവശ്യമില്ലാത്തത് നമുക്ക് അവഗണിക്കാം. പ്രത്യേകിച്ച് അധികാരമോ ഉത്തരവാദിത്വമോ ഇല്ലാത്തവര്‍ പ്രസിദ്ധിക്കു വേണ്ടി വിളിച്ചുപറയുന്ന കഴമ്പില്ലാത്ത വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? ഇത്തരം വാര്‍ത്തകള്‍ക്ക് കച്ചവട പ്രാധാന്യമുണ്ടാകാം, ദേശീയ പ്രാധാന്യം തീരെയില്ലെന്ന് തിരിച്ചറിയുകതന്നെ വേണം. ഇത് ഗൗരവമേറിയ ഒരു സംഗതിയാണ്. എല്ലാവരും മനസ്സിരുത്തേണ്ടതാണ്.

ചോദ്യം: പത്രമാധ്യമങ്ങള്‍ വഴിവിട്ടുപോകരുത് എന്ന് എങ്ങനെയാണ് മനസ്സിലാക്കികൊടുക്കുക?

സദ്‌ഗുരു: മാദ്ധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ അതൊരു കച്ചവടം കൂടിയാണല്ലോ. അതേസമയം മാദ്ധ്യമ പ്രവര്‍ത്തനം നൂറു ശതമാനം കച്ചവടമാക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ പത്രങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ടുതന്നെയാണ് ചില പ്രത്യേക ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നതും. വാര്‍ത്തകളെ കച്ചവടം മാത്രമായി കാണുന്നത് മാദ്ധ്യമ ധര്‍മ്മത്തിനെതിരാണ്. എല്ലാത്തിനും ഒരു ധര്‍മ്മമുണ്ടല്ലോ. പത്ര മാദ്ധ്യമങ്ങള്‍ക്ക് വളരെയേറെ ശക്തിയുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ളതാണ് വാര്‍ത്താ മാദ്ധ്യമങ്ങള്‍. ജനാധിപത്യത്തിന് വഴിതെറ്റുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും പത്രങ്ങളാണ്. എന്നാല്‍ മാദ്ധ്യമങ്ങള്‍ക്കു തന്നെ വഴിതെറ്റുമ്പോള്‍.... നിഷ്പക്ഷത അവലംബിക്കുന്നതിനു പകരം അവര്‍ പക്ഷം പിടിക്കാന്‍ തുടങ്ങുമ്പോള്‍... ധര്‍മ്മത്തിനെതിരായി പ്രവര്‍ത്തിക്കുക എന്ന സ്ഥിതിവിശേഷം നിലവില്‍ വരും. പത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യണം. അതിനെകുറിച്ച് വിധി എഴുതേണ്ടത് ജനങ്ങളാണ്. ഏതെങ്കിലും ഒരു പത്രത്തിന്‍റെ അഭിപ്രായത്തിനോടു ചേര്‍ന്നു നിന്നുകൊണ്ടല്ല ജനങ്ങള്‍ തീരുമാനമെടുക്കേണ്ടത്. ജനങ്ങള്‍ സ്വന്തം തീരുമാനങ്ങളിലെത്താനുള്ള സാഹചര്യങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം.

മാദ്ധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ അതൊരു കച്ചവടം കൂടിയാണല്ലോ. അതേസമയം മാദ്ധ്യമ പ്രവര്‍ത്തനം നൂറു ശതമാനം കച്ചവടമാക്കുന്നത് ശരിയല്ല

ചോദ്യം: ഗവണ്‍മെന്‍റ് വിവാദങ്ങളെ എങ്ങനെ നേരിടണമെന്നാണ് അങ്ങയുടെ അഭിപ്രായം?

സദ്‌ഗുരു: എനിക്കറിയാന്‍ കഴിഞ്ഞിടത്തോളം, ഇന്നത്തെ പ്രധാനമന്ത്രി ആകാവുന്ന വിധത്തിലൊക്കെ കടിഞ്ഞാണ് വലിക്കുന്നുണ്ട്. ഒരു പക്ഷെ അതിനെകുറിച്ചൊന്നും തുറന്നു പറയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലായിരിക്കും. ഞാന്‍ ആ സ്ഥാനത്തായിരുന്നുവെങ്കില്‍ എന്‍റെ നിലപാടും ഇതുപോലെയാകുമായിരുന്നു. കാരണം പത്രങ്ങള്‍ ഇപ്പോഴും വിവാദങ്ങള്‍ക്ക് വലിയ ദേശീയ പ്രാധാന്യം നല്‍കികൊണ്ടിരിക്കുന്നു. അതിനിടയില്‍ പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞാല്‍.... അതാകും പിന്നെ ഏറ്റവും വലിയ ദേശീയ വാര്‍ത്ത. വിവാദ വാര്‍ത്തകളുടെ പ്രാധാന്യം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. തന്‍റേതായ വിധത്തില്‍ അതിനെതിരായി അദ്ദേഹം നടപടികളെടുക്കുന്നുണ്ട്. എന്നാല്‍ അവരെ തീര്‍ത്തും ഒതുക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. പത്തുപേര്‍ തികച്ചുണ്ടായാല്‍ ഒരു പാര്‍ട്ടിയായി എന്നാണ് ഇപ്പോഴത്തെ രീതി. പാര്‍ട്ടികളില്‍ പലതിനും അംഗസംഖ്യ തികച്ചും പത്തില്ല. എന്നിട്ടും അവര്‍ തോന്നുന്നതു പറയുന്നു, പത്രക്യാമറകള്‍ അതെല്ലാം അപ്പാടെ പകര്‍ത്തുകയും ചെയ്യുന്നു. പത്രകാര്‍ക്കറിയാം ഈ കൂട്ടര്‍ക്ക് കാര്യമായ സ്ഥാനമൊന്നും ഇല്ല എന്ന്. എന്നിട്ടും മാദ്ധ്യമങ്ങള്‍ അനാവശ്യമായി അവരെ ഉയര്‍ത്തികാട്ടുന്നു. ഇത്തരം സാഹചര്യത്തിലാണ് ജനം ആവശ്യപ്പെടുന്നത്, " പ്രധാനമന്ത്രി പ്രതികരിക്കണം" എന്ന്. അങ്ങനെ പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള വിവേകം പ്രധാനമന്ത്രി കാണിക്കുന്നുണ്ടല്ലോ എന്നത് പ്രശംസാവഹമാണ്.

 
 
  0 Comments
 
 
Login / to join the conversation1