सद्गुरु

നമുക്ക് ഗംഗ വെറുമൊരു നദിയല്ല; വേറെ എന്തെക്കൊയോ ആണ്. ഇതിനെ ഒരു പാവന നദിയായി കാണുന്നത് അതിന്‍റെ ചില ഭാഗങ്ങള്‍ ചില ആളുകളാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്നുള്ളത് കൊണ്ടാണ്. ഈ വിശ്വാസം സ്വീകരിക്കുവാൻ നിങ്ങൾ തയ്യാറാണെങ്കിൽ അത് വളരെ ശക്തമായിരിക്കും. ആത്മീയതയോടുള്ള എന്‍റെ സമീപനം ശാസ്ത്രീയമാണെങ്കിലും, ആ നദിയുടെ പ്രത്യേകതകൾ മൂലം എനിക്ക് അതിനോട് വൈകാരികമായ ഒരു അടുപ്പം ഉണ്ട്.ഇതിനെ വിവരിക്കുവാൻ സാധ്യമല്ല. നദിയെ ഒരു ജീവനുള്ള സാന്നിധ്യമായി ഒരാൾ അനുഭവിക്കണം.

നമ്മുടെ ദേഹത്തിന്‍റെ എഴുപതു ശതമാനം വെള്ളമാണ്. ജലാശയങ്ങളെ ഒരു പ്രത്യേക ഊർജത്തോടെ നാം സമ്പുഷ്ടമാക്കുകയാണെങ്കിൽ ഇവക്കു നമ്മുടെ ബോധമണ്ഡലത്തെ ശക്തമായി ബാധിക്കുവാൻ സാധിക്കും. ഇത്തരം ഒരു സ്വാധീനം ഗംഗാനദിയുടെ ആരംഭ ഭാഗങ്ങളിൽ തീർച്ചയായിട്ടും അനുഭവപ്പെടുന്നുണ്ട് ആ നദിയുടെ സമീപത്തു വരുന്നത് കൊണ്ട് അസാമാന്യമായ ഒരു ഉണർവും ഉയർച്ചയും ആണ് അനുഭവപ്പെടുക.

ഗംഗാ ജലത്തിന് പല വിധത്തിലുള്ള രോഗ ശമന ശക്തികൾ ഉണ്ടെന്നാണ് വിശ്വാസം. അതിനെ പറ്റി ധാരാളം പഠനങ്ങളും നടന്നിട്ടുണ്ട്. പണ്ടേ തന്നെ ജനങ്ങൾ ഇതിനെ പറ്റി അറിഞ്ഞിരുന്നു. അക്ബർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യുദ്ധം നടത്തുമ്പോൾ തന്‍റെ ആവശ്യത്തിന് ഗംഗാ ജലമാണ് കൂടെ കൊണ്ടുപോയിരുന്നത് എന്നത് ഉദാഹരണമായി എടുക്കാം. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്ത് , ഇംഗ്ലണ്ടിലേക്കു തിരിച്ചു പോകുന്ന കപ്പലുകളിൽ പട്ടാളക്കാരുടെ ആവശ്യത്തിന് ഗംഗാജലം മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്തെന്നാൽ അത് മാത്രമാണ് രണ്ട് മാസം നീണ്ടു നിൽക്കുന്ന കപ്പൽ യാത്രയിൽ കേടാകാതെ ഇരുന്നിരുന്നത്.ഇത് ഈ നദിയിലെ ജലത്തിന്‍റെ പ്രത്യേക ഘടനയും അതിലുള്ള സൂക്ഷ്മ ജീവികളുടെ സാന്നിധ്യവുമാണ് ഈ ജലത്തെ വളരെ കാലം ശുദ്ധമായി നില നിർത്തുന്നത്.

ഗംഗാ ജലത്തിന് പല വിധത്തിലുള്ള രോഗ ശമന ശക്തികൾ ഉണ്ടെന്നാണ് വിശ്വാസം. അതിനെ പറ്റി ധാരാളം പഠനങ്ങളും നടന്നിട്ടുണ്ട്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞാൻ പല പ്രാവശ്യം ഗംഗയുടെ ഉത്ഭവ സ്ഥാനമായ ഗോമുഖിലേക്കും, അതിനും അപ്പുറത്തുള്ള തപോവൻ, ശിവലിംഗ മലകൾ എന്നിവടങ്ങളിലേക്കും കാൽനട യാത്ര നടത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എത്തി ചേർന്നാൽ മൂന്നോ നാലോ ദിവസം ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും നിങ്ങള്‍ക്ക് നടക്കുവാൻ സാധിക്കും; ഈ നദിയിൽ നിന്നുള്ള ജലം കുടിച്ചാൽ മതി. ശരീരം ക്ഷീണിക്കാതെ നിങ്ങളെ സംരക്ഷിക്കുന്നത് ഈ ജലമാണ്. ഇത് ഞാൻ പല പ്രാവശ്യം അനുഭവിച്ചിട്ടുള്ളതാണ്; വേറെ പലരും ഇതേ അനുഭവം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്.

ഇന്ന് ശാസ്ത്രജ്ഞർ ജലത്തെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. അവരിൽ ചിലർ പറയുന്നത് ജലത്തിന് ഓർമ്മ ശക്തി ഉണ്ട് എന്നാണ്. അത് സ്പർശിക്കുന്ന എല്ലാത്തിനെയും അത് ഓർമയിൽ സൂക്ഷിക്കും. ഇന്ത്യൻ സംസ്കാരത്തിൽ ഇത് പണ്ടേ അറിഞ്ഞിരുന്നതാണ് അതിനാലാണ് പരമ്പരാഗതമായ ജീവിതം പിന്തുടരുന്ന വീടുകളിൽ നമ്മൾ ചെമ്പു പാത്രത്തിൽ ജലം വെക്കുകയും, അത് ഓരോ ദിവസവും കഴുകി വൃത്തിയാക്കി, പൂജ ചെയ്തതിനു ശേഷം മാത്രം അതിൽ കുടിക്കുവാനുള്ള വെള്ളം എടുത്തു വക്കുകയും ചെയ്യുന്നത്. അമ്പലങ്ങളിൽ നമുക്ക് തീർത്ഥം ലഭിക്കുന്നു. ഇത് ലഭിക്കുവാൻ കോടീശ്വരന്മാർ പോലും മത്സരിച്ചു ശ്രമിക്കും - എന്തെന്നാൽ ഇത് വാങ്ങിക്കുവാൻ കിട്ടുന്നതല്ല. ഈ തീർത്ഥം ഈശ്വര സാന്നിധ്യം അറിഞ്ഞിട്ടുള്ള ജലമാണ്.

ഇതിനാലാണ് ജനം ഗംഗാജലം കൈയിൽ കൊണ്ടുപോകുന്നത്. ഗംഗ ഒഴുകി വരുന്നത് പാവനമായ ഭൂമിയിലൂടെയാണ്. അവിടങ്ങളിൽ വളരെ ശക്തമായ പ്രതിഷ്ഠയുള്ള സ്ഥലങ്ങളുണ്ട്. അതിലൂടെ ഒഴുകി വരുന്ന ജലത്തിന് ഇതിന്‍റെയെല്ലാം ഓർമ്മ ഉണ്ടായിരിക്കും. നിങ്ങളുടെ വീട്ടിൽ ആരെങ്കിലും മരണാസന്നനായി കിടക്കുകയാണെങ്കിൽ , അയാൾ മുൻപ് ആത്മീയമായി ഉയർന്ന ജീവിതമല്ല നയിച്ചിരുന്നത് എങ്കിൽ കൂടിയും, അവസാന നിമിഷം കുറച്ചു ഗംഗ ജലം അയാളുടെ വായിൽ ഒഴിച്ച് കൊടുത്താൽ, ആ ശരീരത്തിൽ ഓർമ്മ ഉണർന്നു വരും. മരിക്കുന്ന നേരത്ത ശരീരവുമായുള്ള ബന്ധം വളരെ ദുര്‍ബ്ബലമായിരിക്കും. പക്ഷെ ഈ ജലം നൽകിയാൽ പെട്ടന്ന് തന്നെ താൻ ആരാണെന്ന ബോധം തിരിച്ചു കിട്ടും. അതല്ലെങ്കിൽ , താൻ ജീവിച്ചിരുന്നപ്പോൾ എന്തിനായി ആഗ്രഹിച്ചിരുന്നുവോ, അവയെ പറ്റി തന്നെ മരിക്കുമ്പോഴും അയാൾ ഓർത്തിരിക്കും.

ദൗർഭാഗ്യവശാൽ ഇന്ന് ഗംഗ ലോകത്തിലെ ഏറ്റവും ഭീഷണി നേരിടുന്ന നദികളിൽ ഒന്നായി മാറിയിരിക്കുന്നു. അടുത്ത കുറച്ചു കൊല്ലങ്ങളായിട്ടു ഗംഗ സാരമായ നാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഗംഗയുടെ മാത്രം കാര്യമല്ല. നാടിന്‍റെ എല്ലാ ഭാഗത്തുമുള്ള നദികളിൽ ഇത് തന്നെയാണ് സംഭവിക്കുന്നത്. എന്നും ഒഴുകികൊണ്ടിരുന്ന നദികളെല്ലാം മഴക്കാലത്ത്‌ മാത്രം ഒഴുകുന്നവയായി മാറുകയാണ്. ചെറിയ നദികളും അരുവികളും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ കാവേരി നദി, അമ്പതു വർഷം മുൻപ് ഉണ്ടായിരുന്നതിന്‍റെ നാല്പതു ശതമാനം മാത്രമാണ് . വർഷത്തിൽ കുറെ മാസങ്ങളിൽ കൃഷ്ണാ നദി സമുദ്രത്തിൽ എത്തുന്നില്ല. കഴിഞ്ഞ കുംഭമേളയുടെ സമയത്ത് ഉജ്ജയനിയിൽ ക്ഷിപ്ര നദിയിൽ വെള്ളമില്ലാതിരുന്നത് കൊണ്ട് നര്മദയിൽ നിന്നും വെള്ളം പമ്പ്‌ ചെയ്ത് ഒരു കൃത്രിമ നദി സൃഷ്ടിക്കേണ്ടി വന്നു.

ദൗർഭാഗ്യവശാൽ ഇന്ന് ഗംഗ ലോകത്തിലെ ഏറ്റവും ഭീഷണി നേരിടുന്ന നദികളിൽ ഒന്നായി മാറിയിരിക്കുന്നു. അടുത്ത കുറച്ചു കൊല്ലങ്ങളായിട്ടു ഗംഗ സാരമായ നാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഈ നദികളും ഭൂമിയുമാണ് നമ്മെ അനേകായിരം വര്ഷങ്ങളായി പോറ്റി വളർത്തിക്കൊണ്ട് വന്നത്. പക്ഷെ രണ്ട് തലമുറകളുടെ കാലം കൊണ്ട് നാം ഇതിനെ ഒരു മരുഭൂമിയായി മാറ്റികൊണ്ടിരിക്കുകയാണ്. കുറച്ചു പതിറ്റാണ്ടുകൾ കൊണ്ട് തന്നെ നമ്മുടെ നദികൾ നശിച്ചു പോകുന്നു. നമ്മുടെ ജീവിത കാലത്തു തന്നെ ഈ നദികൾ വറ്റി പോകുകയാണെങ്കിൽ , നമുക്ക് വരും തലമുറകളെ കുറിച്ച് യാതൊരു ചിന്തയുമില്ല എന്ന സന്ദേശമാണ് നാം നൽകുന്നത്. ആളുകൾക്ക് വേണ്ടത് അടിയന്തരമായ പരിഹാരങ്ങളാണ്. മരിച്ചു കൊണ്ടിരിക്കുന്ന നദികളെ ഇനിയും എങ്ങിനെ ചൂഷണം ചെയ്യാം എന്നതിനെ കുറിച്ച് മാത്രമേ അവർ ആലോചിക്കുന്നുള്ളു. പക്ഷെ നമുക്കാവശ്യം കുറെ കൂടി ബൃഹത്തായ ഒരു പരിഹാരമാണ് - കൂടുതൽ ജലം നദികളിൽ എത്തിക്കുവാനും, വർഷം മുഴുവൻ നീരൊഴുക്ക് നില നിർത്തുവാനും സഹായിക്കുന്ന ഒരു പരിഹാര പദ്ധതി ആണ് നമുക്ക് വേണ്ടത്.

ഇതിനായി നാം എന്ത് ചെയ്യണം ?പരിഹാരം വളരെ ലളിതമാണ്. നമ്മുടെ വിചാരം ജലമുള്ളതുകൊണ്ടാണ് മരങ്ങൾ വളരുന്നത് എന്നാണ്. വാസ്തവം അതല്ല. മരങ്ങൾ ഉള്ളത് കൊണ്ടാണ് ജലം ഉണ്ടാകുന്നത്. കാടുകൾ ഇല്ലാതായാൽ കുറച്ചു കഴിയുമ്പോൾ നദികളും ഇല്ലാതാകും. പക്ഷെ ഇന്ത്യയുടെ ഭൂരിഭാഗം ഭൂമിയും ഇന്ന് കൃഷിക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ വനമാക്കി മാറ്റുവാൻ സാധ്യമല്ല. അതുകൊണ്ട് പ്രാവർത്തികമാക്കാവുന്ന ഒരു പരിഹാരം ഇതാണ് - നദിയുടെ ഇരു കരകളിലും ഒരു കിലോമീറ്റർ വീതിയിൽ - പോഷക നദികളിൽ അര കിലോമീറ്റർ വീതിയിൽ - മരങ്ങൾ വച്ച് പിടിപ്പിക്കുക. സർക്കാർ വക ഭൂമിയാണെങ്കിൽ വനവത്കരണം നടത്തുക. സ്വകാര്യ ഭൂമിയാണെങ്കിൽ, ധന സഹായം നൽകി , സാധാരണ കൃഷിയിൽ നിന്നും മാറി, മരങ്ങളെ ആശ്രയിച്ചുള്ള കൃഷി ആരംഭിക്കുവാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക. കർഷകരുടെ വരുമാനം രണ്ടോ മൂന്നോ ഇരട്ടിയാക്കാനും ഇത് സഹായിക്കും.
ഇത് സാധ്യമാക്കുവാനായി ഞാൻ ഒരു "നദികളെ രക്ഷിക്കൂ" എന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഞാന്‍ സ്വയം വാഹനമോടിച്ച് സെപ്റ്റംബർ മൂന്നു മുതൽ ഒക്ടോബർ രണ്ട് വരെ കന്യാകുമാരിയിൽ നിന്നും ഹിമാലയം വരെ യാത്ര ചെയ്യുന്നു. പതിനാറു സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ യാത്രയുടെ ഉദ്ദേശം നമ്മുടെ നദികളുടെ ശോചനീയമായ അവസ്ഥ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ്. നമ്മുടെ നദികളെ പുനരുദ്ധരിക്കുന്നതിനായുള്ള ഒരു പദ്ധതിയുടെ രൂപ രേഖ പ്രഗത്ഭരായ ശാസ്ത്രജ്ഞരും, പദ്ധതി ആസൂത്രകരും ചേർന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ഡൽഹിയിൽ വച്ച് ഗാന്ധി ജയന്തി ദിനത്തിൽ ഞാൻ സർക്കാരിന് സമർപ്പിക്കുന്നതാണ്.

നദികളെ ചൂഷണം ചെയ്യുകയെന്ന ചിന്തയിൽ നിന്നും അവയെ പുനരുദ്ധരിക്കുക എന്ന ചിന്തയിലേക്ക് നമ്മൾ ഉടനടി മാറണം. നമ്മുടെ നദികളെ രക്ഷിക്കുവാൻ എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. ഈ സന്ദേശം എല്ലാവരിലും എത്തിച്ച്, സ്വീകാര്യമായ ഒരു പദ്ധതി ആവിഷ്കരിച്ച് , അത് നടപ്പാക്കുവാൻ ആരംഭിച്ചാൽ അത് നമ്മുടെ രാജ്യത്തിന്‍റെ ഭാവിക്കും, വരും തലമുറകളുടെ സൗഖ്യത്തിനും ഉള്ള ഒരു വലിയ ചുവട് വെപ്പായിരിക്കും.

കുറിപ്പ്: സദ്ഗുരു നിങ്ങളുടെ നഗരത്തിൽ വരുന്ന ദിവസം അറിയുവാനും ഈ രാജ്യവ്യാപകമായ പരിപാടിയിൽ നിങ്ങൾക്ക് എങ്ങിനെ പങ്കെടുക്കാമെന്നും അറിയുവാൻ RallyForRivers.org എന്ന സൈറ്റ് നോക്കുക.