सद्गुरु

അടുത്ത കാലത്ത്‌ ഡെല്‍ഹിയില്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നടത്തപ്പെട്ട ഒരു വിരുന്നില്‍ പശുവിന്റെ ഇറച്ചി ഒരു വിഭവമായിരുന്നുവത്രെ. അതിനെതിരായി ഭാരതീയ ജനതാ പാര്‍ട്ടി കാര്യമായൊരു വിളംബരവും നടത്തുകയുണ്ടായി.

സദ്‌ഗുരു : ഭക്ഷണ സംവിധാനം ഇത്രയും മെച്ചപ്പെട്ട നിലയില്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്ന ഒരു കാലം, മനുഷ്യചരിത്രത്തില്‍ ഇതിനുമുമ്പുണ്ടായിട്ടില്ല. ഇന്ന്‍ കൈവശം പണമുണ്ടെങ്കില്‍ ആര്‍ക്കും ഒരു പലചരക്കു കടയില്‍ ചെല്ലാം, ഒരു വര്‍ഷത്തേക്കു വേണ്ട സാമാനങ്ങളത്രയും വാങ്ങി സംഭരിച്ചു വയ്ക്കാം. പിന്നെ ആ ഒരാവശ്യം പറഞ്ഞ്‌ പുറത്തേക്കിറങ്ങാതേയുമിരിക്കാം. ഒരു കാല്‍ നൂറ്റാണ്ടു മുമ്പു പോലും നമുക്കിങ്ങനെ ഒരു സൌകര്യമുണ്ടായിരുന്നില്ല. സഹസ്രാബ്‌ദങ്ങളുടെ മാനവചരിത്രം എന്നും ഭക്ഷണം മനുഷ്യന്റെ മുഖ്യ പ്രശ്‌നമായി കണ്ടിരുന്നു. ഇപ്പോഴോ, ഭക്ഷണമല്ല, മറ്റു പല പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നങ്ങളും നമ്മുടെ മുമ്പില്‍ തല ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ഭക്ഷണത്തിന്റെ പ്രശ്‌നം നമ്മളേതാണ്ടൊക്കെ പരിഹരിച്ചിരിക്കുന്നു എന്നു പറയാം. ഒരുവിധം എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളും ഇപ്പോള്‍ വര്‍ഷം മുഴുവന്‍ ലഭ്യമാണ്‌. പഴയ കാലത്തെ സ്ഥിതി ഇതായിരുന്നില്ല.

പശുവുണ്ടെങ്കില്‍ കുട്ടികള്‍ പട്ടിണി കിടന്നു മരിക്കില്ലെന്നുറപ്പ്‌. സ്വാഭാവികമായും പശുവിന്‌ ഒരു കുടുംബത്തില്‍ അമ്മയുടെ സ്ഥാനമായിരുന്നു.

എല്ലാ ജനസമൂഹങ്ങളിലും ക്ഷാമം, അതായത് ഭക്ഷണ ക്ഷാമം ഒരു തീരാബാധയായിരുന്നു. അന്നൊക്കെ ഒരു സാധാരണ ഗൃഹസ്ഥന്റെ വിശ്വാസം, വീട്ടില്‍ ഒരു പശുവുണ്ടെങ്കില്‍ ഏതു ക്ഷാമകാലത്തേയും ധൈര്യപൂര്‍വ്വം നേരിടാമെന്നായിരുന്നു. പശുവുണ്ടെങ്കില്‍ കുട്ടികള്‍ പട്ടിണി കിടന്നു മരിക്കില്ലെന്നുറപ്പ്‌. സ്വാഭാവികമായും പശുവിന്‌ ഒരു കുടുംബത്തില്‍ അമ്മയുടെ സ്ഥാനമായിരുന്നു. വാസ്‌തവം പറഞ്ഞാല്‍ ഒരു പോറ്റമ്മ. അമ്മയുടെ മുലപ്പാല്‍ വറ്റിയാല്‍ പിന്നെ കുഞ്ഞിന്റെ ചുണ്ടു നനഞ്ഞതും വയറു നിറഞ്ഞതും വീട്ടിലെ പശുവിന്റെ പാല്‍കൊണ്ടായിരുന്നു. ആ ഒരമൃതം നുകര്‍ന്ന്‍ ജീവന്‍ നിലനിര്‍ത്താത്തവരായി ആരുണ്ട് നമ്മുടെ കൂട്ടത്തില്‍! ജീവന്‍ പ്രദാനം ചെയ്യുന്ന ഗോമാതാവ്‌, അത്യധികം പാവനമായ ഒരു ജീവി തന്നെ, സംശയം വേണ്ട. അവളുടെ കുഞ്ഞിന്‌ കുടിച്ചു വളരാനുള്ള പാലാണ്‌ അവള്‍ നമ്മുടെ രക്ഷയ്ക്കായി വിട്ടുതരുന്നത്‌. സത്യത്തില്‍ നമ്മള്‍ അവളുടെ പാല്‍ ബലമായി കവര്‍ന്നെടുക്കുകയാണ്‌ ചെയ്യുന്നത്‌. നമ്മുടെ ശരീരത്തിനെ ഏറ്റവുമധികം പരിപോഷിപ്പിക്കുന്ന പശുവിന്‍ പാല്‍, അപ്പോള്‍ പിന്നെ, അതു തരുന്ന പശു നമ്മുടെ രണ്ടാമത്തെ അമ്മയല്ലെങ്കില്‍ പിന്നെ ആരാണ്‌!

അതുകൊണ്ട് പശുവിന്‌ നമ്മുടെ സംസ്‌ക്കാരത്തില്‍ അത്യധികം മഹനീയമായൊരു സ്ഥാനമാണ്‌ കല്‍പിച്ചിരിയ്ക്കുന്നത്‌. പാലുമാത്രമാണോ? മനുഷ്യരാശി വളത്തിനായി എന്നും ഏറ്റവും ആശ്രയിച്ചിരിക്കുന്ന ചാണകം, ഗോമൂത്രം അവള്‍ തരുന്നതല്ലേ? എന്തിനേറെ പറയുന്നു, അവളുടെ കാലശേഷം സ്വന്തം തോല്‍പോലും മനുഷ്യന്റെ ഉപയോഗത്തിനായി അവള്‍ ദാനം ചെയ്യുന്നു.

മറ്റൊരു കാരണം കൂടിയുണ്ട്‌. പശുവിന്റെ സ്വഭാവത്തിനും മനോഭാവത്തിനും മനുഷ്യന്റേതുമായി ഏറെ സാദര്‍ശ്യമുണ്ട്. നമ്മുടെ സുഖദുഃഖങ്ങളുടെ നേരെ ഏറ്റവുമധികം പ്രതികരിക്കുന്ന മൃഗം പശുവാണ്‌. നമ്മള്‍ ഏതെങ്കിലും തരത്തിലുള്ള വേദന അനുഭവിക്കുന്നുവെന്നു കണ്ടാല്‍ അവളുടെ കണ്ണും നിറഞ്ഞൊഴുകും. അതുകൊണ്ടു കൂടിയാണ്‌ പശുവിനെ കൊല്ലരുത്‌ എന്ന്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ പറഞ്ഞു വെച്ചിട്ടുള്ളത്‌. മനുഷ്യമനസ്സ് പോലെയാണ് ഏറെക്കുറെ പശു മനസ്സും.

നമ്മള്‍ ഏതെങ്കിലും തരത്തിലുള്ള വേദന അനുഭവിക്കുന്നുവെന്നു കണ്ടാല്‍ അവളുടെ കണ്ണും നിറഞ്ഞൊഴുകും.

മനുഷ്യനും പശുവുമായുള്ള ബന്ധം വളരെയധികം ഗാഢമായിട്ടുള്ളതാണ്‌. ഇന്നാരാണ്‌ വീട്ടില്‍ പശുവിനെ വളര്‍ത്തുന്നത്‌? പശുക്കളൊക്കെ എവിടേയോ ഏതോ ഡയറി ഫാമുകളിലല്ലേ? അവയുടെ പാല്‍ പിന്നേയും പിന്നേയും ഊറ്റിയെടുക്കാന്‍ മാത്രമേ നമുക്കറിയൂ. കറവ വറ്റിയാല്‍ കൊന്നുതിന്നാനുമറിയാം! കാലം എത്ര... യെത്ര മാറിപ്പോയി!