सद्गुरु

തന്‍റെ ചെറുപ്പകാലത്തേക്കുള്ള ഒരെത്തിനോട്ടം. ഇവിടെ അതാണ് സദ്ഗുരു നമ്മളുമായി പങ്കുവെക്കുന്നത്. യാതൊരു ബന്ധനങ്ങള്‍ക്കും വഴങ്ങാത്ത സ്വതന്ത്രമായ മനസ്സ്. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ. ആളുകള്‍ അധികമായി സഞ്ചരിക്കാത്ത വഴികളിലൂടെയുള്ള യാത്ര. കൂടുതല്‍ ആഴങ്ങളിലേക്ക് ആണ്ടിറങ്ങാനുള്ള ഒരു യോഗിയുടെ തയ്യാറെടുപ്പുകളായിരുന്നു ആ യാത്രകള്‍. ശുദ്ധമായ ഉള്‍ക്കാഴ്ചയുടേതായ വഴികള്‍, സദ്ഗുരു പലപ്പോഴും പറയാറുണ്ട്. " സ്വയം സുഗന്ധമായി മാറുമ്പോള്‍ നിങ്ങള്‍ സൃഷ്ടിയുടെ സ്രോതസ്സായിത്തീരും" ഈ വാക്കുകളുടെ അര്‍ത്ഥം അദ്ദേഹം നമ്മെ ബോധിപ്പിക്കുന്നു; ഘ്രാണശക്തിയുടെ സഹായത്തോടെ എങ്ങനെ നമുക്ക് അത് അനുഭവവേദ്യമാക്കാമെന്ന്.

വീടുവിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന ആഗ്രഹം. സത്യം പറഞ്ഞാല്‍ എന്‍റെ മോട്ടോര്‍ സൈക്കിളില്‍ കയറി അവസാനമില്ലാത്തൊരു യാത്ര. അന്നെനിക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം. അപ്പോഴേക്കും ഇന്ത്യയുടെ അതിര്‍ത്തികള്‍ പലതവണ ഞാന്‍ തൊട്ടുവന്നിരുന്നു. അതിനപ്പുറത്തേക്കു കടക്കണമെങ്കില്‍ ഔദ്യോഗികമായ രേഖകളും, അനുമതിപത്രവും ആവശ്യമാണല്ലൊ. യാത്രച്ചിലവിനുള്ള പണവും കൈയ്യില്‍ കരുതണം. പണം സമ്പാദിക്കാം. പിന്നെ തിരിഞ്ഞു നോക്കാതെ യാത്രയാവാം. അതെന്‍റെ ഒരു സ്വപനമായിരുന്നു. ആ കാലത്ത് കോഴിവളര്‍ത്തല്‍ ആദായകരമായ ഒരു കച്ചവടമായി സ്ഥാനം പിടിച്ചിരുന്നു. ഞാനും അതിലേക്കുതന്നെ ഇറങ്ങാമെന്നു തീരുമാനിച്ചു. ഞാന്‍ പലരില്‍ നിന്നുമായി കുറച്ചു കുറച്ചു കടം വാങ്ങി. ആ തുക കൊണ്ട് കുറച്ചു ഭൂമി സ്വന്തമാക്കി. തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് ഓരോരോ സംരംഭങ്ങള്‍ക്കായി വായ്പ നല്കിയിരുന്നു. അതു പ്രയോജനപ്പെടുത്തി ചുരുങ്ങിയ ചിലവില്‍ ഞാന്‍ കോഴിവളര്‍ത്താനാവശ്യമായ ഷെഡുകള്‍ നിര്‍മ്മിച്ചു. ഡയനാമിറ്റ് ഉപയോഗിച്ച് പാറപൊളിച്ച് കിണറുണ്ടാക്കി. അങ്ങനെ ഓരോരോ പണികള്‍ തീര്‍ത്ത് ഞാനും, എന്നെ സഹായിക്കാനായി ഒരു ജോലിക്കാരനും മാത്രം.

motorcycle

പലതവണ എന്‍റെ കൈവെള്ളകള്‍ പൊട്ടി ചോരയൊലിച്ചു. എന്നാലും അതെന്‍റെ ജീവിതത്തിലെ സുന്ദരമായൊരു കാലഘട്ടമായിരുന്നു. അങ്ങനെ പണികളെല്ലാം പൂര്‍ത്തിയായി. കച്ചവടം ആരംഭിച്ചു. അപ്പോഴും ഞാന്‍ കാത്തിരുന്നത് എല്ലാം വിറ്റുപെറുക്കി, വേണ്ടത്ര പണവുമായി യാത്രക്കിറങ്ങുന്ന ആ ദിവസത്തിനു വേണ്ടിയായിരുന്നു. രാവിലെ പണികളെല്ലാം കഴിഞ്ഞാല്‍ പിന്നെ ദിവസം മുഴുവനും ഞാന്‍ അവിടെ തനിച്ചാണ്. തിരക്കുകളില്‍ നിന്നും അകന്നുമാറി തികച്ചും വിജനമായ പ്രദേശം. ധാരാളം മരങ്ങളും ചെടികളും മനോഹരമായ പരിസരം. ചിലപ്പോള്‍ ഞാന്‍ ഏതെങ്കിലും മരക്കൊമ്പില്‍ കയറിയിരിക്കും. അല്ലെങ്കില്‍ അടുത്തുള്ള ഒരു കുളത്തില്‍പോയി നീന്തും. കണ്‍മുമ്പില്‍ കണ്ടതിനെക്കുറിച്ചൊക്കെ ഞാന്‍ കവിത എഴുതി. പുല്‍ക്കൊടിയും, പുല്‍ച്ചാടിയും തൊട്ട് സര്‍വതും എന്‍റെ കവിതക്ക് വിഷയമായി. നൂറുകണക്കിന് കവിതകളെഴുതി. ധാരാളം പുസ്തകങ്ങള്‍ വായിച്ചു. കുറെനേരം ധ്യാനിച്ചു. അങ്ങനെ സുഖമായി നാളുകള്‍ കഴിച്ചു. ഒരു കാര്യത്തില്‍ മാത്രമേ എനിക്ക് ഇഷ്ടക്കേടു തോന്നിയുള്ളു. കോഴിവളര്‍ത്തുമ്പോഴത്തെ നാറ്റം. അതെനിക്കു സഹിക്കാനായില്ല. അപ്പോള്‍ പുതിയൊരാശയം. തൊടിയില്‍ മുഴുവന്‍ പിച്ചകം നട്ടു വളര്‍ത്താം. അത് കൂടുതല്‍ ആദായത്തിനും അവസരമുണ്ടാകും. പിച്ചിപൂ വിറ്റ് ലാഭമുണ്ടാക്കാമെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. ചുറ്റുവട്ടത്ത് ധാരാളം ഫാക്ടറികള്‍ ഉണ്ടായിരുന്നു. പിച്ചിപൂവില്‍ നിന്നും എണ്ണ ഊറ്റിയെടുക്കലായിരുന്നു അവരുടെ പ്രധാന പ്രവൃത്തി. ഒരു കിലോഗ്രാം പൂകൊടുത്താല്‍, വിലയായി ഇത്രരൂപ, ഞാന്‍ കണക്കുകൂട്ടി. എത്രമാസംകൊണ്ട് പ്രതീക്ഷിച്ചത്ര ലാഭമുണ്ടാക്കാനാകും? എന്നിട്ടു വേണമല്ലൊ യാത്ര പുറപ്പെടാന്‍.

ഏതാനും ഏക്കറില്‍ ഞാന്‍ പിച്ചിതൈനട്ടു. അവ നന്നായി തഴച്ചു വളര്‍ന്നു. രാത്രി വെളിയിലേക്കു നോക്കിയിരുന്നാല്‍, തൊടിയില്‍ നിറയെ നിലാവില്‍ മുങ്ങി നില്ക്കുന്ന പിച്ചിപൂക്കള്‍....അവസ്മരണീയമായൊരു കാഴ്ചതന്നെയായിരുന്നു അത്. ആകാശത്തെ നക്ഷത്രകൂട്ടങ്ങള്‍ ഭൂമിയിലിറങ്ങി വന്നതുപോലെ പിച്ചിവള്ളിയിലെ കടുംപച്ച ഇലകള്‍ രാത്രിയിലെ ഇരുട്ടിന്‍റെ ഭാഗമായി. എന്നെ മുഗ്ദ്ധനാക്കിയ ഒരു കാഴ്ചയായിരുന്നു അത്. പിച്ചിപ്പൂവിന്‍റെ മണവും എന്നെ ലഹരി പിടിപ്പിച്ചിരുന്നു. അതുകൊണ്ടെന്തുണ്ടായി എന്നോ? എന്‍റെ തോട്ടത്തിലെ ഒരൊറ്റ പിച്ചിപ്പൂ പോലും ഞാന്‍ വിറ്റില്ല. പിച്ചിപ്പൂവിന്‍റെ സമൃദ്ധി. ഞാന്‍ എന്‍റെ തോട്ടത്തിന് "ചാം ഫാം"(charm farm) എന്നു പേരിട്ടു. മൂര്‍ഖന്‍പാമ്പിന് പിച്ചിപൂമണം വളരെ പ്രിയമാണ്. എന്‍റെ മൂര്‍ഖന്‍മാര്‍, എന്‍റെ പിച്ചിപ്പൂക്കള്‍, എന്‍റെ ധ്യാനം - ജീവിതം ഒന്നാന്തരം. ചിലപ്പോള്‍ ഞാനെന്‍റെ മോട്ടോര്‍സൈക്കിളിനെ പോലും മറന്നു. തുടക്കത്തില്‍ പിച്ചിപ്പൂ മണക്കുന്നത് സുഖകരമായൊരു അനുഭവമായിരുന്നു.

സുഗന്ധങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വേറൊന്നും ആലോചിക്കാതെ ആ സുഗന്ധത്തെ ഉള്ളിലേക്കു വലിച്ചെടുക്കുകയാണെങ്കില്‍ അത് വ്യത്യസ്തമായൊരു മാനത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതായത് ആ സൗരഭ്യത്തിന്‍റെ ഉറവിടം പ്രത്യേകിച്ചൊരു പൂവല്ല നിങ്ങള്‍ത്തന്നെയാണ് എന്നായിത്തീരുന്നു. നിങ്ങളുടെ ഘ്രാണേന്ദ്രിയമാണ് ആ സുഗന്ധം സൃഷ്ടിക്കുന്നത്. അല്ലാതെ ആ പൂവല്ല. എല്ലാവര്‍ക്കും ഇതേ അനുഭവം ഉണ്ടായികൊള്ളണമെന്നില്ല, ഉദാഹരണത്തിന് ഒരു നായക്ക് തീക്ഷ്ണമായ ഘ്രാണശക്തിയുണ്ട്. എന്നാല്‍പോലും പിച്ചിപ്പൂവിന്‍റെ മണം അതിനെ ആകര്‍ഷിക്കുന്നില്ല, അത് മുഖം തിരിച്ച് പോവുകയേള്ളൂ. അതേസമയം മാംസത്തിന്‍റെ ഗന്ധം അതിനെ ആവേശം കൊള്ളിക്കുകയും ചെയ്യും. അതുകൊണ്ടാണ് യോഗശാസ്ത്രത്തില്‍ ബാഹ്യമായ കാര്യങ്ങളില്‍ ഞങ്ങള്‍ ഏറെ ശ്രദ്ധചെലുത്താതിരിക്കുന്നത്. ജ്ഞാനേന്ദ്രിയങ്ങളിലാണ് ഞങ്ങള്‍ കൂടുതലായി മനസ്സിരുത്തുന്നത്. നിങ്ങള്‍ എന്തു ഗ്രഹിക്കുന്നുവൊ അതിന്‍റെ ഗുണമേന്മ നിശ്ചയിക്കുന്നത് നിങ്ങള്‍ത്തന്നെയാണ്. ഘ്രാണശക്തിയെക്കുറിച്ച് എന്തുകൊണ്ടോ ആരും കൂടുതല്‍ ഗവേഷണമോ പഠനമൊ നടത്താന്‍ ശ്രമിച്ചു കാണുന്നില്ല. അതേസമയം അത് അത്ര സങ്കീര്‍ണ്ണമായ ഒന്നല്ല. അതിന്‍റെ മാനങ്ങളും പരിമിതങ്ങളാണ്.

യാതൊരു മുന്‍വിധിയും കൂടാതെ സ്വന്തം ഘ്രാണശക്തി പരീക്ഷിക്കാന്‍ എളുപ്പമുള്ളൊരു വഴിയുണ്ട്. ഒരു പിച്ചിപ്പൂ എടുത്ത് മണക്കുക. ആ മണത്തിന്‍റെ സുഖമനുഭവിക്കാന്‍ വേണ്ടിയല്ല അങ്ങനെ ചെയ്യേണ്ടത്. ആ സുഗന്ധത്തെ ഉപാധിയാക്കി സ്വന്തം ഘ്രാണശക്തിയെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു വഴിയാണത്. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമാകുന്നു എന്ന് അതിലൂടെ നിങ്ങള്‍ക്കു അനുഭവിച്ചു മനസ്സിലാക്കാന്‍ സാധിക്കും. നല്ലത് കെട്ടത് എന്ന ഭേദമില്ലാതെ സുഖാസുഖങ്ങളെ കുറിച്ചുള്ള ചിന്തയില്ലാതെ ഒരു വസ്തുവിനെ സമീപിക്കണം. അതാണ് ശരിയായ വഴി. അധിക സമയവും നമ്മുടെ സുഖദു:ഖാനുഭവങ്ങള്‍ക്കു കാരണമാകുന്നത് നമ്മുടെതന്നെ മുന്‍വിധികളാണ്. നല്ലത് എന്ന് മനസ്സിലുറപ്പിച്ചു കഴിഞ്ഞാല്‍ അത് നമ്മള്‍ ആസ്വദിക്കുന്നു. അതുപോലെ "ഇതു നന്നല്ല" എന്ന തോന്നലുളവായിക്കഴിഞ്ഞാല്‍ ആ അനുഭവം തീര്‍ച്ചയായും പ്രയാസമുള്ളതായിരിക്കും. അത് ഏതാണ്ടിതുപോലെയാണ്. പിച്ചിപ്പൂവിന് അതിന്‍റേതായ മണമുണ്ട്. അത് നല്ലതൊ ചീത്തയൊ എന്ന് നമ്മള്‍ വിലയിരുത്തേണ്ടതില്ല. അതേസമയം സ്വന്തം ഘ്രാണശക്തിയെ തിരിച്ചറിയാന്‍ നിങ്ങള്‍ക്കത് പ്രയോജനപ്പെടുത്താം.

jasmine

ഇങ്ങനെയൊന്നു ചെയ്തു നോക്കൂ. ഇടതുകൈയ്യിലെ തള്ളവിരലിനും ഇടയിലായി ഒരു പിച്ചിപ്പൂ എടുത്തുപിടിക്കുക. മുഖം തെല്ലുയര്‍ത്തി, കണ്ണടച്ച് സ്വസ്ഥമായി ഇരിക്കുക. വലതു തള്ളവിരല്‍കൊണ്ട് വലത്തെ നാസാദ്വാരം മെല്ലെ അടച്ചുപിടിക്കു. ഇടത്തെ നാസാദ്വാരത്തില്‍ കൂടി ശ്വാസം അകത്തേക്കു വലിക്കുക. സാമാന്യഗതിയില്‍നിന്നും പത്തുശതമാനം കൂടുതലായി ശ്വാസമെടുക്കണം. പിച്ചിപ്പൂ ഏതാണ്ട് ആറിഞ്ചകലെയായി പിടിക്കണം. മനസ്സിരുത്തുകയാണെങ്കില്‍ അത്രയും അകലത്തില്‍നിന്നുതന്നെ നിങ്ങള്‍ക്കു മണം ലഭിക്കും. ആവശ്യം തോന്നുന്നുവെങ്കില്‍ കുറച്ചുകൂടി അടുത്തേക്കു കൊണ്ടുവരാം. വെറുതെ ആ വാസന ആസ്വദിച്ചാല്‍ മാത്രം മതി. കണ്ണടച്ചിരിക്കണം. ചുറ്റുമുള്ള ശബ്ദങ്ങള്‍ ശ്രദ്ധിക്കരുത്. അങ്ങനെയായാല്‍ നിങ്ങളുടെ ഘ്രാണശക്തിയുടെ മൂര്‍ച്ചകൂട്ടാന്‍ സാധിക്കും. കേള്‍വിയും, കാണലും, രുചിഅറിയലും, മണക്കലും എല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. ശരീരശാസ്ത്രപരമായും അവക്കു തമ്മില്‍ ബന്ധമുണ്ട്. ഒരു ജ്ഞാനേന്ദ്രിയത്തിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ മറ്റുള്ളവയുടെ ശക്തി കുറച്ചുകൊണ്ടുവന്നാല്‍ മതി. നിങ്ങള്‍ ശ്രദ്ധവെക്കേണ്ടത് നിങ്ങളുടെ ഘ്രാണശക്തിയിലാണ്, പിച്ചിപ്പൂവിന്‍റെ സുഗന്ധത്തിലല്ല. അത് നല്ലതോ ചീത്തയൊ എന്ന് തീരുമാനിക്കേണ്ട കാര്യവുമില്ല.

അതാണ് സുഗന്ധത്തിന്‍റെ സ്വഭാവം. സുഗന്ധത്തിന്‍റെ സുഖംമാത്രം നുകരുന്ന മനസ്സ് ഭാവാത്മകമാകും. എന്നാല്‍ അതിന്‍റെ രസശാസ്ത്രത്തില്‍ താല്പര്യം ജനിച്ചാല്‍ ശാസ്ത്രജ്ഞനാകും. സുഗന്ധത്തിന്‍റെ ആനന്ദം അനുഭവിക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്കൊരു യോഗിയാകാം. സ്വയം സുഗന്ധമാകാന്‍ സാധിച്ചാല്‍ നിങ്ങള്‍ സൃഷ്ടിയുടെ തന്നെ സ്രോതസ്സാകും.