सद्गुरु

ഒരു സാമ്രാജ്യം തന്നെ ലഭിച്ചാലും പൂര്‍ണ്ണതൃപ്തി ഇല്ലാത്ത ഒരവസ്ഥ ഉണ്ടായിട്ടില്ലേ? എന്തുകിട്ടിയാലും എത്ര കിട്ടിയാലും 'ഇനിയും കുറച്ചുകൂടി' എന്ന അടങ്ങാത്ത തൃഷ്ണ ഉള്ളില്‍ അഗ്നിയായി എരിയുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടിങ്ങനെ?

അളന്നു നോക്കാവുന്ന എന്തുകിട്ടിയാലും നിങ്ങള്‍ക്കു തൃപ്തിയാവില്ല. സത്യത്തില്‍ ഈ സംഭ്രമം കിട്ടുന്നതെല്ലാം കൈക്കലാക്കണം എന്ന അത്യാഗ്രഹത്തില്‍നിന്നു രൂപപ്പെട്ടതല്ല. പിന്നെ? അതിരുകളില്ലാത്ത പ്രപഞ്ചത്തിന്‍റെ ഒരു ഭാഗമായ നിങ്ങള്‍ ജാഗ്രതയില്ലാതെ ഒരു പരിധിക്കുള്ളില്‍ സ്വയം ഒതുക്കാന്‍ തുനിഞ്ഞതുകൊണ്ടുണ്ടായ വിപരീതഫലമാണിത്.

വികസിച്ചു വികസിച്ച് അപാരതയില്‍ അലിഞ്ഞൊടുങ്ങാന്‍ കൊതിക്കുന്നതുകൊണ്ടാണ് എന്തുകിട്ടിയാലും മതിവരാതെ തൃഷ്ണ അതൃപ്തിയോടെ പരക്കം പായുന്നത്. ഈ വസ്തുത മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ദു:ഖിക്കാനുള്ള അവസരം ഇല്ലാതെയാവും. ഈ പ്രപഞ്ചവും നിങ്ങളും ഒന്നുതന്നെ എന്ന് അനുഭവത്തിലൂടെ ബോധ്യമാകുമ്പോള്‍ ആഗ്രഹത്തിന്‍റെ തിളച്ചുതൂകല്‍ അടങ്ങിയിരിക്കും.

വികസിച്ചു വികസിച്ച് അപാരതയില്‍ അലിഞ്ഞൊടുങ്ങാന്‍ കൊതിക്കുന്നതുകൊണ്ടാണ് എന്തുകിട്ടിയാലും മതിവരാതെ തൃഷ്ണ അതൃപ്തിയോടെ പരക്കം പായുന്നത്. ഈ വസ്തുത മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ദു:ഖിക്കാനുള്ള അവസരം ഇല്ലാതെയാവും.

ഇതിന്‍റെ ബാക്കിപത്രമായി ഒരു കാര്യം സംഭവിച്ചിരിക്കും. പുറമേനിന്നുള്ള പ്രേരണയില്ലാതെ ഉള്ളില്‍ നിന്നും ഊറുന്ന ഉറവപോലെയാവും ആഗ്രഹങ്ങള്‍. അവയ്ക്ക് നിങ്ങളെ നയിക്കാനാവില്ല നിങ്ങള്‍ അവയെ നിയന്ത്രിച്ച് നടത്തിക്കും.

എങ്ങനെ?

ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതാണ് ജീവിതം എന്നമട്ടില്‍ പൂര്‍ണ്ണമായ ആഗ്രഹത്തോടെ നിങ്ങള്‍ പ്രവര്‍ത്തനനിരതനാവും. അതു കഴിഞ്ഞാല്‍ ആഗ്രഹവും ഒഴിയും, പ്രവര്‍ത്തനവും തീരും. ഫലത്തിനായി പ്രവര്‍ത്തിക്കാതെ പ്രവര്‍ത്തിക്കാനായി ആഗ്രഹിച്ചു മുന്നോട്ടു പോവുക. ആഹ്ലാദത്തിന്‍റെ വെളിപ്പാടുകള്‍ ആവണം ആശകള്‍. അങ്ങനെ വരുമ്പോള്‍ ദു:ഖമെന്ന വാക്കുതന്നെ വേണ്ടാതാവും. അപ്പോള്‍ സന്തോഷത്തിന് ജയമോ, തോല്‍വിയോ കാരണമല്ലാതെയാവും. പൂര്‍ണ്ണജാഗ്രതയോടെ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ എല്ലാം എന്‍റേതാണെന്ന ചിന്ത ഒഴിയുന്നു. ഞാനാണ് എല്ലാം എന്ന വിശാലമായ ബോധം ഉണരുന്നു.

തൃഷ്ണയുടെ പരിമാണം. പ്രപഞ്ചത്തോളം വളര്‍ന്ന് അതിനെത്തന്നെ ഉള്‍ക്കൊള്ളുന്നവിധം അഖണ്ഡമാവുമ്പോള്‍, പരമാനന്ദത്തിന്‍റെ അമൃതകണങ്ങള്‍ രുചിച്ചു രസിക്കാന്‍ നിങ്ങള്‍ക്ക് ആവും. ശ്രീബുദ്ധന് കൈവന്ന ജ്ഞാനം, എനിക്കു ലഭിച്ച ആനന്ദം. ഇതൊക്കെയും ഇവിടെയുള്ള ഓരോരുത്തര്‍ക്കും സാധ്യമാവും.

ചിലര്‍ എന്നോടു ചോദിക്കും "നിങ്ങളെ തെരഞ്ഞെടുത്തത് ഈശ്വരനാണോ? ഏതു വിധത്തിലാണ് നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്? മുജ്ജന്മസുകൃതം കൊണ്ടാണോ അതോ ഭാഗ്യം കൊണ്ടോ?" അതുകേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും.

ഈശ്വരനാല്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ് ഞാന്‍ എന്ന ചിന്ത എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഇങ്ങനെ പറയുന്നവര്‍ ഉണ്ടെങ്കില്‍ സത്യമായും അവരൊക്കെ അഹങ്കാരത്തിന്‍റെ പരമകോടിയില്‍ നില്‍ക്കുന്നവരാണ്. ഈശ്വരനില്‍നിന്നും വളരെ അകലത്തിലാണ് ഇവരൊക്കെ നില്‍ക്കുന്ത്. അതുമാത്രമോ, ഇവരൊക്കെ ദു:ഖത്തിന്‍റെ ചുമട് താങ്ങുന്നവരുമാണ്.

ജ്ഞാനം ചിലര്‍ക്കു മാത്രമേ ലഭിക്കൂ എന്നു നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ കളവ് വേറെയില്ല.

ജ്ഞാനം ചിലര്‍ക്കു മാത്രമേ ലഭിക്കൂ എന്നു നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ കളവ് വേറെയില്ല. മനുഷ്യനായി ജനിച്ച ഏതൊരുവനും ഈ മഹാസത്യം അറിഞ്ഞ് അനുഭവിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും ഉണ്ട്. എനിക്കു സാധ്യമാകുമെങ്കില്‍ അത് നിങ്ങള്‍ക്കും സാധ്യംതന്നെ.എങ്ങനെ? അതിനാണ് യോഗാ.

യോഗാ എന്നാല്‍ തലകീഴായി നില്‍ക്കുന്നതല്ല. മറ്റൊന്നുമായി ഐക്യം പ്രാപിക്കലാണ്. നിങ്ങളെ പ്രപഞ്ചത്തില്‍നിന്നും ഒറ്റപ്പെടുത്തി അടച്ചിട്ടിരിക്കുന്ന അറയുടെ വാതില്‍ എവിടെയാണ് എന്നു ബോധ്യപ്പെടുത്തിത്തരുന്ന വിജ്ഞാനമാണ് യോഗ.

നിങ്ങളുടെ ഉള്ളിലുള്ളതും പുറമേയുള്ളതും ഒന്നുതന്നെ എന്ന് എന്നെപ്പോലെ നിങ്ങളും അനുഭവപൂര്‍ണ്ണമായി അറിയുമ്പോള്‍ പ്രപഞ്ചത്തിന്‍റെ രഹസ്യം നിങ്ങള്‍ക്കു മുന്നില്‍ അനാവൃതമാവും. ആ നിമിഷത്തില്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത പരമാനന്ദം നിങ്ങള്‍ അനുഭവിക്കും. അങ്ങനെ വരുമ്പോള്‍ എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തുഭേദം?