പരസ്പരധാരണയില്ലെങ്കില്‍ ഫലപ്രദമായ ബന്ധങ്ങള്‍ നിലനില്‍ക്കില്ല
അന്വേഷി : സദ്‌ഗുരു, കാര്യങ്ങള്‍ നാം വിചാരിച്ചഗതിയില്‍ തന്നെ നീങ്ങിയില്ലെങ്കില്‍ ഉത്‌കണ്‌ഠാകുലരാകുന്നത്‌ തികച്ചും മാനുഷികവും സ്വാഭാവികവുമല്ലേ?
 
 

First Para with Sadhguru's photo

सद्गुरु

അന്വേഷി : സദ്‌ഗുരു, കാര്യങ്ങള്‍ നാം വിചാരിച്ചഗതിയില്‍ തന്നെ നീങ്ങിയില്ലെങ്കില്‍ ഉത്‌കണ്‌ഠാകുലരാകുന്നത്‌ തികച്ചും മാനുഷികവും സ്വാഭാവികവുമല്ലേ?

സദ്‌ഗുരു: നിങ്ങളുടെ എല്ലാ കഴിവുകേടുകളെയും, സ്വാഭാവികമാക്കി മാറ്റുന്നതെന്തിന്‌? എന്‍റെ ജീവിതത്തില്‍ ഏതാനും കാര്യങ്ങള്‍ സുഗമമായല്ല മുന്നോട്ടു നീങ്ങുന്നതെന്നും എനിക്കതില്‍ ഉത്‌ക്കണ്‌ഠയില്ലെന്നും വിചാരിക്കുക. ഞാന്‍ എന്‍റെ മനസ്സിന്‍റെ സമനില വീണ്ടെടുത്ത്‌, ചെയ്യേണ്ട കാര്യങ്ങള്‍ തുടര്‍ന്നും ചെയ്‌തുകൊണ്ടിരുന്നാല്‍, എന്നെ മനുഷ്യത്വമില്ലാത്തവന്‍, ക്രൂരന്‍ എന്നെല്ലാം വിളിക്കുമോ? അതായിരിക്കുമോ നിങ്ങളുടെ ഭാഷ്യം? കാര്യങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ട് നീങ്ങാത്തപ്പോഴാണ്‌ നിങ്ങളുടെ വ്യക്തിത്വം തെളിയിക്കേണ്ടത്‌. ഉത്‌ക്കണ്‌ഠാകുലരാകുമ്പോള്‍ നിങ്ങളുടെ കാര്യശേഷി കൂടുമോ, അതോ കുറയുമോ? കുറയും എന്നതല്ലേ സത്യം? കഴിവ്‌ ഏറ്റവുമധികം ഉപയോഗിക്കേണ്ട സമയത്ത്‌ നിങ്ങള്‍ അതിനെ കൈവിടുന്നു. ഇത്‌ ബുദ്ധിപൂര്‍വമായ ഒരു സമീപനമാണോ? ബുദ്ധിശൂന്യമായി ജീവിക്കുന്നതാണ്‌ മാനുഷികം എന്നല്ലേ നിങ്ങള്‍ ചുരുക്കത്തില്‍ പറയുന്നത്‌? ഇത്‌ വളരെ തെറ്റായ ഒരാശയമാണ്‌. ബുദ്ധിപൂര്‍വം ജീവിക്കുമ്പോഴാണ്‌ മനുഷ്യന്‍ മനുഷ്യനാകുന്നത്‌.

കൂടുതല്‍ ഉറ്റവര്‍ തമ്മിലുള്ള ബന്ധമാകുമ്പോള്‍, അവരെ മനസ്സിലാക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരും.

അന്വേഷി : എനിക്ക് ഉത്‌കണ്‌ഠ കൂടുതലും ഉണ്ടാകുന്നത്‌ ബന്ധങ്ങളില്‍ നിന്നാണ്‌. സ്നേഹിക്കുന്നവരില്‍ നിന്നും ആശിച്ച രീതിയിലുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നതിനെ ന്യായീകരിച്ചുകൂടെ?

സദ്‌ഗുരു : ഈ ലോകത്ത്‌ ജീവിക്കുമ്പോള്‍ വിവിധ തരത്തിലുള്ള സങ്കീര്‍ണമായ ആശയവിനിമയങ്ങളാണ്‌ സംഭവിക്കുന്നത്‌. നാം വിഹരിക്കുന്ന മേഖല വര്‍ദ്ധിക്കുന്തോറും, ആശയവിനിമയങ്ങളുടെ സങ്കീര്‍ണതയും കൂടുന്നു. ഒരു കസേരയിലിരുന്ന്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഒരാള്‍ മാത്രമേ കൂടെയുള്ളുവെങ്കില്‍, അയാളുമായി മാത്രം പരസ്പരധാരണയുണ്ടായാല്‍ മതി. എന്നാല്‍ ആയിരം ആളുകളെയാണ്‌ നിയന്ത്രിക്കേണ്ടി വരുന്നതെങ്കില്‍ എല്ലാവരുമായി നിങ്ങള്‍ക്ക്‌ വിശാലമായ പരസ്പരധാരണ ആവശ്യമായിവരും. എല്ലാവരും നിങ്ങളെ മനസ്സിലാക്കണമെന്ന്‍ ആഗ്രഹിച്ചാല്‍, ആരെയും നിങ്ങള്‍ക്ക്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ആയിരം പേരുടെ പരിമിതികളെയും കഴിവുകളെയും പറ്റി നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം, എന്നിട്ട് നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ ചെയ്യുകയും വേണം, എങ്കില്‍ മാത്രമേ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള മനക്കരുത്ത് നിങ്ങള്‍ക്കുണ്ടാകൂ. അതിനുപകരം, ആയിരം ആളുകളും നിങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കാത്തിരുന്നാല്‍, അതൊരു നിരര്‍ത്ഥകതമായ സ്വപ്‌നം മാത്രമായി മാറും.

അന്വേഷി : എന്നോട്‌ അടുത്ത്‌ ബന്ധമുള്ളവരും എനിക്ക്‌ വളരെ വേണ്ടപ്പെട്ടവരുമാണെന്ന്‍ സങ്കല്‍പ്പിക്കൂ, അവരില്‍നിന്നെനിക്ക്‌ മികച്ച പെരുമാറ്റവും മനപ്പൊരുത്തവും പ്രതീക്ഷിച്ചുകൂടേ?

സദ്‌ഗുരു : കൂടുതല്‍ ഉറ്റവര്‍ തമ്മിലുള്ള ബന്ധമാകുമ്പോള്‍, അവരെ മനസ്സിലാക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരും. ഒരു കഥ പറയാം. ഒരിക്കല്‍ ഒരാള്‍ അബോധാവസ്ഥയിലേക്ക്‌ വഴുതിപ്പോയി. മാസങ്ങളോളം ബോധാബോധതലങ്ങളില്‍ മാറി മാറി പൊയ്ക്കൊണ്ടിരുന്ന അയാളെ രാവും പകലും ശുശ്രൂഷിച്ചുകൊണ്ട്‌ അയാളുടെ സഹധര്‍മിണി അടുക്കല്‍ തന്നെ ഇരുന്നു. ബോധം വന്ന ഒരു അപൂര്‍വ നിമിഷത്തില്‍ അയാള്‍ തന്‍റെ പത്‌നിയെ അടുത്തേക്ക്‌ വിളിച്ചു. തൊട്ടടുത്തു വന്നു സ്നേഹപൂര്‍വ്വം ഇരുന്ന അവരോട്‌ അയാള്‍ പറഞ്ഞു,

“ഞാന്‍ ആലോചിക്കുകയായിരുന്നു – എന്‍റെ ജീവിതത്തിലെ നന്നല്ലാത്ത സമയങ്ങളിലെല്ലാം നീ എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നെ ജോലിയില്‍ നിന്ന്‍ പിരിച്ചു വിട്ടപ്പോള്‍ തുണയേകിയത്‌ നീയാണ്‌, എന്‍റെ ബിസിനസ്സ് മോശമായപ്പോള്‍ നീ അധികസമയം ജോലി ചെയ്‌തും, രാത്രി ഷിഫ്‌റ്റില്‍ ജോലി ചെയ്‌തും എന്നെ സഹായിച്ചു, എനിക്കു വെടിയേറ്റപ്പോഴും നീ എന്റെ അരികിലുണ്ടായിരുന്നു, നിയമപ്രശ്‌നത്താല്‍ നമ്മുടെ വീട്‌ നഷ്‌ടപ്പെട്ടപ്പോള്‍ നീയെന്റെ അരികില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ എന്‍റെ ആരോഗ്യം തകര്‍ന്നുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലും നീ എന്‍റെ അരികിലുണ്ട്‌. ഇതെല്ലാംകൂടെ പരിഗണിക്കുമ്പോള്‍, തെറ്റോ ശരിയോ, ഞാന്‍ ചിന്തിച്ചുപോവുകയാണ്‌; നീ എനിക്ക്‌ ദൌര്‍ഭാഗ്യം മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ.”

ഇതു തന്നെയാണ്‌ നിങ്ങള്‍ നിങ്ങളോടും നിങ്ങളുടെ ബന്ധങ്ങളോടും ചെയ്യുന്നത്‌. ഒരാള്‍ കൂടുതല്‍ അടുക്കുന്നതും നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവനായിത്തീരുന്നതും അയാളെ കൂടുതല്‍ മനസ്സിലാക്കുമ്പോള്‍ മാത്രമാണ്‌. അയാള്‍ നിങ്ങളെ മനസ്സിലാക്കിയാല്‍, ബന്ധത്തിന്‍റെ അടുപ്പം അയാള്‍ ആസ്വദിക്കും, നിങ്ങളാണ്‌ അയാളെ മനസ്സിലാക്കുന്നതെങ്കില്‍ മറിച്ചും.

അന്വേഷി : ഇത്‌ പറയാന്‍ എളുപ്പമാണ്‌, പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ പ്രയാസകരവും.

സദ്‌ഗുരു : നിങ്ങളയാളെ മനസ്സിലാക്കുന്നതിലൂടെ, അയാള്‍ക്ക്‌ നിങ്ങളെ കൂടുതല്‍ മനസ്സിലാക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്‌ടിച്ചുകൊടുക്കുവാന്‍ കഴിയും. മാത്രമല്ല, നിങ്ങളെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതില്‍നിന്നും അയാള്‍ മുഖം തിരിക്കുകയുമില്ല. ആ വ്യക്തിയുടെ പരിമിതികളും, ആവശ്യങ്ങളും, കഴിവുകളും മനസ്സിലാക്കാതെ അയാള്‍ നിങ്ങളെ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെങ്കില്‍, അവിടെ യാതൊരു സംശയവുമില്ല, പ്രശ്നം പ്രതീക്ഷിക്കാം; ഇന്നല്ലങ്കില്‍ നാളെ. നിര്‍ഭാഗ്യവശാല്‍, ഏറ്റവും കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്നത്‌ ഏറ്റവും അടുത്ത ബന്ധങ്ങള്‍ തമ്മിലാണ്‌. നിങ്ങള്‍ ലോകത്തെ അഭിമുഖീകരിക്കുന്നതും അവരഭിമുഖീകരിക്കുന്ന രീതിയും തമ്മിലുള്ള വ്യത്യാസമാണ്‌ ഇതിന്‌ കാരണം. അവര്‍ വരച്ചിരിക്കുന്ന നിയന്ത്രണരേഖ നിങ്ങള്‍ മറികടന്നാല്‍ അവര്‍ക്കവരെത്തന്നെ നിയന്ത്രിക്കാനാവില്ല, അവര്‍ മറികടന്നാലാകട്ടെ നിങ്ങള്‍ക്കും. അവര്‍ നിങ്ങളെ മനസ്സിലാക്കുന്നതിന്‌ ഉപരിയായി അവരെ നിങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍, അവരുടെ പരിമിതികളും കഴിവുകളും ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക്‌ കഴിയും. എല്ലാവരിലും ചില നല്ല സ്വഭാവങ്ങളും ചീത്ത സ്വഭാവങ്ങളും ഉണ്ടാകും. അപ്പുറത്തുള്ള വ്യക്തിയിലുള്ള രണ്ടു സ്വഭാവവും ഒരുപോലെ നിങ്ങള്‍ക്കുള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ നിങ്ങളുദ്ദേശിക്കുന്ന രീതിയിലുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിയും.

അവര്‍ നിങ്ങളെ മനസ്സിലാക്കുന്നതിന്‌ ഉപരിയായി അവരെ നിങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍, അവരുടെ പരിമിതികളും കഴിവുകളും ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക്‌ കഴിയും.

ഇനി ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ? നിങ്ങളുടെ ജീവിതത്തില്‍ എന്ത്‌ സംഭവിക്കണമെന്ന്‍ തീരുമാനിക്കുന്നത്‌ നിങ്ങള്‍ തന്നെയാകണമെന്ന ആഗ്രഹം നിങ്ങള്‍ക്കില്ലേ? ഉദ്യോഗപരമായാലും, രാഷ്‌ട്രീയപരമായാലും, ആഗോളതലത്തിലായാലും, അടുത്ത ബന്ധങ്ങളിലായാലും, വേറെന്തുതന്നെയായാലും, നിങ്ങളുടെ ജീവിതത്തില്‍ എന്ത്‌ സംഭവിക്കണമെന്ന്‍ തീരുമാനിക്കേണ്ടത്‌ നിങ്ങള്‍ തന്നെ ആവണമെന്നു നിങ്ങള്‍ക്കില്ലേ? ജനങ്ങളുടെ വിരോധാഭാസത്തിനുപരിയായി അവരെ നോക്കിക്കാണാന്‍ തക്കവിധം നിങ്ങളുടെ ധാരണാശക്തി വിപുലമാക്കണം. വളരെ നല്ല ആളുകള്‍ നിങ്ങള്‍ക്ക്‌ ചുറ്റുമുണ്ട്, എന്നാലവരും പരസ്പരബന്ധമില്ലാത്ത രിതിയിയില്‍ എപ്പോഴെങ്കിലുമൊക്കെ പെരുമാറാന്‍ സാധ്യതയുണ്ട്‌. അത്‌ മനസ്സിലാക്കാനുള്ള മഹാമനസ്കത നിങ്ങള്‍ കാണിച്ചില്ലെങ്കില്‍, അവരുടെ പെരുമാറ്റത്തിന് പുറകിലുള്ള കാരണം നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍, അവരെ നിങ്ങള്ക്കെന്നന്നേക്കുമായി നഷ്‌ടപ്പെട്ടേക്കാം.

ജീവിതം എല്ലായ്‌പ്പോഴും ഒരു നേര്‍രേഖയല്ല. അതിന്‍റെ പ്രയാണത്തിനായി ഒരുപാട്‌ പ്രയത്നിക്കേണ്ടതുണ്ട്‌. അതില്‍നിന്ന്‍ ഒളിച്ചോടിയാല്‍ നിങ്ങളുടെ വ്യക്തിത്വം ഇല്ലാതാവും. വ്യക്തിപരമായ ബന്ധങ്ങളുടെ കാര്യത്തിലായാലും, പ്രൊഫഷണല്‍ മാനേജ്‌മെന്റിന്‍റെ കാര്യത്തിലായാലും, രണ്ടിടത്തും വേണ്ടത്‌ അന്യോന്യമുള്ള പരസ്പരധാരണയാണ്‌. അതില്ലാതായാല്‍ ഫലപ്രദമായ ബന്ധങ്ങള്‍ ഉണ്ടാവില്ല.

ബന്ധങ്ങള്‍, ഉത്‌കണ്‌ഠ, പരിമിതികള്‍, കഴിവുകള്‍

Photo credit to : https://pixabay.com/en/silhouettes-woman-man-back-to-back-812125/

 
 
  0 Comments
 
 
Login / to join the conversation1