सद्गुरु

അമ്പേഷി: സദ്‌ഗുരു, അങ്ങയുടെ സദസ്സുകളിലും സത്‌സംഗത്തിലും ആളുകള്‍ പരമാനന്ദത്തില്‍ ലയിക്കുന്നു. ഇവര്‍ വിശേഷരൂപത്തില്‍ അനുഗ്രഹിക്കപ്പെട്ടവരാണോ? എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലല്ലോ. ഞാന്‍ വെറും പാറപോലെയുള്ള യോഗാവസ്ഥയിലേക്ക്‌ തരം താഴ്ന്നുപോയോ?

സദ്‌ഗുരു: നിങ്ങള്‍ക്ക്‌ പ്രധാനപ്പെട്ടതെന്താണെന്ന്‍ ആദ്യം നിങ്ങള്‍ തീരുമാനിക്കുക. ഇപ്പോള്‍ എന്നെ നിങ്ങള്‍ സദ്‌ഗുരു എന്ന്‍ സംബോധന ചെയതു. ഗുരുവിനൊപ്പം നില്‍ക്കുന്നതാണോ നിങ്ങള്‍ക്ക്‌ പ്രധാനം, അതോ മറ്റാരുടെയെങ്കിലും പോക്കറ്റിലുള്ളത്‌ കൈവശമാക്കുന്നതാണോ?

അന്വേഷി : “അല്ല, അല്ല, എനിക്ക്‌ വേണ്ടത്‌ അവരുടെ ഹൃദയത്തിലും തലയിലും ഉള്ളതാണ്‌.”

സദ്ഗുരു : മറ്റാരെയെങ്കിലും പോലെ സമ്പന്നനും സുന്ദരനും ആകാനാഗ്രഹിക്കുന്നതിലോ, അതല്ല മതിമറന്ന് ഹര്‍ഷോന്മദന്‍ ആകാനാഗ്രഹിക്കുന്നതിലോ, ഇത്‌ രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഗുരുവിനോടൊപ്പമുള്ള കുറച്ചു സമയം, അദ്ദേഹത്തോടൊപ്പം മാത്രം ഉണ്ടായിരിക്കുക. മറ്റുള്ളവര്‍ക്ക്‌ എന്ത്‌ സംഭവിക്കുന്നു, അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ എന്തുകൊണ്ടത് സംഭവിക്കുന്നില്ല എന്നതിനെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല. ഇത് ദൈനനംദിന ജീവിതത്തിനും ബാധകമാണ്. അല്ലെങ്കില്‍ ജീവിതം വെറുതെ പാഴായിപ്പോകും.

സത്‌സംഗം എന്തിനു വേണ്ടിയുള്ളതാണെന്നറിയാമോ? ഹൃദയവും മനസ്സും ഗുരുവിന് സമര്‍പ്പിച്ച്‌, വെറുതെ ഉപസ്ഥിതനാകുന്നതിനു വേണ്ടിയാണ്

ഞാന്‍ ഒന്ന് ചോദിക്കട്ടെ, നിങ്ങള്‍ എന്തിനാണ്‌ മറ്റുള്ളവരെ ശ്രദ്ധിക്കുന്നത്‌? നിങ്ങള്‍ സത്‌സംഗത്തില്‍ എന്നോടൊപ്പം, മനസ്സിവിടെ വച്ച്, ഞാന്‍ സംസാരിക്കുന്നതില്‍ ശ്രദ്ധവച്ച് ഇരിക്കുകല്ലേ വേണ്ടത്‌? പൂര്‍ണമായും എന്നോടൊപ്പമാണെങ്കില്‍, മറ്റുള്ളവര്‍ക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‍ ശ്രദ്ധിക്കാന്‍ പറ്റുകയില്ല, ശ്രദ്ധിക്കാന്‍ പാടില്ല.

അര്‍ജുനന്‍റെ ജീവിതത്തില്‍ ഉണ്ടായ മനോഹരമായ ഒരു സംഭവം ഉണ്ട്. നേരത്തെ പറഞ്ഞതില്‍ നിന്ന്‍ തികച്ചും വ്യത്യസ്‌തമാണെങ്കിലും ഇത്‌ പ്രസക്തമാണ്‌. രാജഗുരുവായ ദ്രോണാചാര്യര്‍ പാണ്ഡവ–കൌരവന്മാരായ നൂറ്റിയഞ്ചുപേരെ അസ്‌ത്രവിദ്യ അഭ്യസിപ്പിക്കുകയായിരുന്നു. അസ്‌ത്രവിദ്യയില്‍ അതിപ്രവീണനായിരുന്ന അദ്ദേഹത്തെക്കുറിച്ച്‌ പല ഐതിഹ്യങ്ങളുമുണ്ട്‌. ഒരുദിവസം ദ്രോണാചാര്യര്‍ ഒരു വൃക്ഷത്തിന്‍റെ ഉന്നതശിഖിരത്തില്‍ ഒരു ചെറിയ കളിത്തത്തയെ കെട്ടിത്തൂക്കി. അതിനുശേഷം തന്‍റെ ശിഷ്യന്മാരായ നൂറ്റിയഞ്ച് രാജകുമാരന്മാരോടായി പറഞ്ഞു,

“ഇപ്പോള്‍ നാം ആശ്രമപരിധിയില്‍ നിന്നു പുറത്തേക്ക്‌ പോകും. ഈ വൃക്ഷത്തിന്‍റെ ഏറ്റവും മുകളില്‍ ഒരു തത്തയുണ്ട്‌. നിങ്ങള്‍ അതിനെ അമ്പെയ്‌തു വീഴ്‌ത്തണം. നമുക്ക്‌ പോകാം.”
അദ്ദേഹം അവരെ വേലിക്കു പുറത്ത് കൊണ്ടുവന്ന്‍ ഓരോരുത്തരോടും തത്തയെ ലക്ഷ്യമാക്കി തങ്ങളുടെ വില്ലെടുത്ത്‌ അസ്‌ത്രം തൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു.

എല്ലാവരും ഉന്നം വെച്ചപ്പോള്‍ അദ്ദേഹംആജ്ഞാപിച്ചു, “നില്‍ക്കൂ! നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ തത്തയില്‍ കേന്ദ്രീകരിക്കു!”

അവരെ ആ നിലയില്‍തന്നെ ഏതാനും നിമിഷങ്ങള്‍ നിര്‍ത്തിയിട്ട് അദ്ദേഹം ചോദിച്ചു, “ഇപ്പോള്‍ നിങ്ങള്‍ എന്ത്‌ കാണുന്നു?”

ഓരോരുത്തരായി പറഞ്ഞു,

“തത്തയെ കാണുന്നു.”

“മരത്തില്‍ തത്തയെ കാണുന്നു.”

“ഇലകളും ശിഖിരങ്ങളും തത്തയും കാണുന്നു.”

“ഇതോടൊപ്പം ആകാശവും കൂടി കാണുന്നു.’’

അര്‍ജുനന്‍റെ ഊഴം വന്നപ്പോള്‍ ദ്രോണാചാര്യര്‍ ചോദിച്ചു, “നീ എന്തു കാണുന്നു?’’

അര്‍ജുനന്‍ പറഞ്ഞു, “തത്തയുടെ കഴുത്തിലൊരു ബിന്ദു, അതുമാത്രമേ ഞാന്‍ കാണുന്നുള്ളു.”

അതുമാത്രമേ അര്‍ജുനന്‍ കണ്ടുള്ളു. അതിനാലാണ്‌ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ഗീത ഉപദേശിക്കാന്‍ മറ്റാരെയും തിരഞ്ഞെടുക്കാതെ അര്‍ജുനനെ തിരഞ്ഞെടുത്തത്‌. അതിനുള്ള തയ്യാറെടുപ്പ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. കാണേണ്ടതു മാത്രമേ അദ്ദേഹം കണ്ടുള്ളു, മറ്റൊന്നും കണ്ടില്ല. ഇത്തരത്തിലുള്ള ഒരു മനുഷ്യന്‍ ഉല്‍കൃഷ്ടമായ ഗീതോപദേശത്തിനു പ്രാപ്‌തനാണ്‌.

നിങ്ങള്‍ ഇവിടെയിരിക്കുമ്പോള്‍ കണ്ണുകള്‍ അടച്ചുവയ്ക്കാന്‍ ഞാന്‍ പറഞ്ഞെന്നിരിക്കട്ടെ, ആരെങ്കിലും ചെറിയ ഒരു ശബ്‌ദം ഉണ്ടാക്കിയാല്‍, കണ്ണുതുറന്ന്‍ നിങ്ങളുടെ പുറകിലും ചുറ്റുപാടും നോക്കും, എന്താണ്‌ സംഭവിക്കുന്നത്, ആരൊക്കെ എന്തൊക്കെ ഗോഷ്ടികളാണ് കാണിക്കുന്നത് എന്നൊക്കെ നിങ്ങള്‍ക്കറിയണം. സത്‌സംഗം എന്തിനു വേണ്ടിയുള്ളതാണെന്നറിയാമോ? ഹൃദയവും മനസ്സും ഗുരുവിന് സമര്‍പ്പിച്ച്‌, വെറുതെ ഉപസ്ഥിതനാകുന്നതിനു വേണ്ടിയാണ്. മറ്റുള്ളവര്‍ക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ ആരും വ്യാകുലപ്പെടേണ്ട. അതിലും ഇതിലും ശ്രദ്ധ ചെലുത്താതെ, നിങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരിക്കുക, എന്നോടൊപ്പം മാത്രം. അപ്പോള്‍, അപ്പോള്‍ മാത്രം, നടക്കേണ്ടതെന്നാണെന്നു വച്ചാല്‍, അതു നടന്നിരിക്കും.

അമ്പേഷി: സദ്‌ഗുരു, ആദ്ധ്യാത്മിക പാത ഒരു ഒഴിയാബാധ പോലെ എന്നെ പിന്തുടരുന്നതുപോലെ തോന്നുന്നു. അതു ഞാന്‍ എങ്ങിനെ കൈകാര്യം ചെയ്യും?

സദ്‌ഗുരു: ആദ്ധ്യാത്മിക പാതയിലായിക്കഴിഞ്ഞാല്‍, ആ പാതയില്‍ തന്നെയാണെങ്കില്‍, അവിടെ ഭയാശങ്കകളില്ല, ആവേശമാണുണ്ടാവുക. അതിനെ ഭയപ്പെടേണ്ട ആവശ്യമില്ല. ബോധമണ്ഡലത്തിന്‍റെ ഉച്ചകോടിയില്‍ എത്തണമെങ്കില്‍, നിങ്ങളുടെ മുഴുവന്‍ ഊര്‍ജ്ജവും ഒരേ ദിശയില്‍ കേന്ദ്രീകരിക്കണം. അത്‌ പത്ത്‌ വ്യത്യസ്‌ത ദിശകളിലേക്കാണ്‌ എറിയുന്നതെങ്കില്‍, നിങ്ങള്‍ എങ്ങും എത്തിച്ചേരാന്‍ പോകുന്നില്ല എന്ന കാര്യം സ്‌പഷ്‌ടമാണ്‌. മുഴുവന്‍ ഊര്‍ജ്ജവും ഒരേ ദിശയിലേക്ക്‌ തിരിച്ചു വിട്ടാല്‍പോലും, അത്‌ മതിയാകാതെ വരും. അപ്പോഴാണ്‌ ഗുരു ആ കുറവു നികത്തി നിങ്ങളെ മുകളിലേക്ക്‌ ഉയര്‍ത്തി വിടുന്നത്‌. എന്നാല്‍, പല ദിശകളിലേക്കും നിങ്ങള്‍ ഊര്‍ജത്തെ തിരിച്ചുവിടുകയാണെങ്കില്‍, എല്ലാ പരിശ്രമങ്ങളും വ്യര്‍ഥമായിത്തീരും. എന്തു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാലും, എല്ലാം അവിടെ എത്തിക്കാനുള്ളതാണ്‌, അങ്ങിനത്തെ ഒരവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമേ ആദ്ധ്യാത്മിക പാതയ്ക്ക്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാവുകയുള്ളു.

അങ്ങിനെയല്ല, അതിലൊന്നും വലിയ താല്‍പര്യം ഇല്ലെങ്കില്‍, മറ്റു പലരുടെയും കാര്യത്തിലെന്നപോലെ ആദ്ധ്യാത്മികത ഒരു വിനോദമാണെങ്കില്‍, അത്തരക്കാരോട്‌ എനിക്കൊന്നും പറയാനില്ല. എന്നാല്‍, നിങ്ങള്‍ ഒരു യഥാര്‍ത്ഥ അമ്പേഷകനാണെങ്കില്‍, നിങ്ങളുടെ സര്‍വസ്വവും ഒരേ ദിശയിലേക്ക്‌ കേന്ദ്രീകരിക്കണം. പൂര്‍ണമായും അതിന്‍റെ അധീശനാകണം. മറ്റൊന്നും ജീവിതത്തില്‍ പാടില്ല എന്നല്ല ഇതിനര്‍ത്ഥം. നിങ്ങള്‍ക്ക്‌ ഒരു കുടുംബം പാടില്ല, ഭൌതികമായ ജീവിതം പാടില്ല എന്നൊന്നും അര്‍ത്ഥമാക്കുന്നില്ല. സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ പാടില്ല എന്നും ഇതിനര്‍ത്ഥമില്ല. അതിനെയെല്ലാം ആദ്ധ്യാത്മിക പ്രക്രിയയാക്കി ഉപയോഗപ്രദമാക്കണമെന്നുമാത്രം. ഓരോ ശ്വാസവും, ഓരോ ചുവടുവെയ്‌പ്പും, അതുപോലെ നിങ്ങള്‍ ജീവിതത്തില്‍ അനുഷ്‌ഠിക്കുന്ന എല്ലാ പ്രവൃത്തികളും, ആദ്ധ്യാത്മിക പ്രക്രിയയാക്കി മാറ്റണം. അപ്പോള്‍ മാത്രമേ സംഘര്‍ഷം ഇല്ലാതിരിക്കുകയുള്ളു.

ഓരോ ശ്വാസവും, ഓരോ ചുവടുവെയ്‌പ്പും, അതുപോലെ നിങ്ങള്‍ ജീവിതത്തില്‍ അനുഷ്‌ഠിക്കുന്ന എല്ലാ പ്രവൃത്തികളും, ആദ്ധ്യാത്മിക പ്രക്രിയയാക്കി മാറ്റണം. അപ്പോള്‍ മാത്രമേ സംഘര്‍ഷം ഇല്ലാതിരിക്കുകയുള്ളു.

“ഇതു കുടുംബമാണ്‌, ഇതു ജോലിയാണ്‌, അത് ക്ലബ്ബ്‌ ആണ്‌, അതെല്ലാം മദ്യപാന സുഹൃത്തുക്കളാണ്‌, ഇതാണെങ്കില്‍ ആദ്ധ്യാത്മികപാതയാണ്‌, അതിന്നെല്ലാം വ്യത്യസ്തമാണ്. ഇത്തരത്തിലോക്കെ വേര്‍തിരിച്ചു കാണുമ്പോള്‍, സംഘര്‍ഷത്തിലാകാന്‍ സാധ്യതയുണ്ട്‌. ഭക്ഷണം കഴിക്കുന്നതായാലും, കുടിക്കുന്നതായാലും, ദൈനംദിന ജോലിയില്‍ ഏര്‍പ്പെടുന്നതായാലും, എല്ലാം... എല്ലാം... ആന്തരികമായ വിജ്ഞാനത്തിലേക്കുള്ള ചുവടുവെയ്പ്പാണ് എന്ന് കരുതി മുന്നോട്ടു പോകുകയാണെങ്കില്‍, പിന്നെ അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നില്ല.

https://pixabay.com/en/unhappy-man-mask-sad-face-sitting-389944/