सद्गुरु

ലൌകികം... ആത്മീയം... അദ്ധ്യാത്മികം...
നിങ്ങളുടെ നൂറായിരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. പ്രപഞ്ചത്തിന്റെ അഗാധതകളില്‍ മുങ്ങിത്താഴ്‌ന്ന് ദൃക്‌സാക്ഷിവിവരണവുമായി വന്ന ഒരു അനുഭവസ്ഥന്റെ പക്കല്‍നിന്നുള്ള ജീവന്‍ തുടിക്കുന്ന ഉത്തരങ്ങള്‍. വായിക്കൂ... അവനവനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കൂ... ജീവിതം സരളമാക്കൂ....

സദ്ഗുരു എന്ന മഹത് വ്യക്തിയെ ഈ സാപ്താഹിക പരമ്പരകളിലൂടെ ഞങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നു. അദ്ദേഹത്തെ ജ്ഞാനി, യോഗി, ഗുരു എന്നീ വിധത്തിലെല്ലാം സങ്കല്പിക്കുന്ന ഒട്ടനവധി ആള്‍ക്കാരുണ്ട്. ഈ പരമ്പര വായിച്ചതിനുശേഷം അദ്ദേഹത്തിനെ ഏതുവിധത്തില്‍ കാണണം എന്നുള്ളത് നിങ്ങള്‍ക്കുതന്നെ തീരുമാനിക്കാം. ഈ പംക്തികള്‍ യഥാര്‍ത്ഥത്തിലുള്ള സത്യാന്വേഷകര്‍ക്കുള്ളതാണ്, Mystics Musings എന്ന ഇംഗ്ലിഷ് പുസ്തകത്തിന്റെ ഏടുകളില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്.

ഈ തലമുറയിലെ അന്വേഷകര്‍ക്കു വേണ്ടത്‌ പ്രകമ്പനം കൊള്ളുന്ന, ത്രസിക്കുന്ന ഉത്തരങ്ങളാണ്‌.

ചോദ്യങ്ങളൊന്നും കേട്ടിട്ടില്ലാത്തതും, അതെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടുപോലും ഇല്ലാത്തതും അല്ല, മനുഷ്യന്‍ ഭൂജാതനായ കാലം മുതല്‍, അവന്‍റെ മനസ്സില്‍ അവന്‍ അയവിറക്കിയിട്ടുള്ളവയാണ്. കേട്ടുപഴകിയ ഉത്തരങ്ങളെല്ലാം പല വേദപാഠങ്ങളിലും, ആത്മീയകലാശില്‌പങ്ങളിലും ഒക്കെയായി വിശദീകരിച്ചിട്ടുള്ളവയും പ്രചാരലുപ്‌തമായിക്കഴിഞ്ഞവയുമാണ്. ഈ തലമുറയിലെ അന്വേഷകര്‍ക്കു വേണ്ടത്‌ പ്രകമ്പനം കൊള്ളുന്ന, ത്രസിക്കുന്ന ഉത്തരങ്ങളാണ്‌. ജീവസ്സുറ്റ ഒരു ഉറവിടത്തില്‍ നിന്നും, പ്രപഞ്ചത്തിന്റെ അഗാധതകളില്‍ മുങ്ങിത്താഴ്‌ന്ന് ദൃക്‌സാക്ഷിവിവരണവുമായി വന്ന ഒരു അനുഭവസ്ഥന്റെ പക്കല്‍നിന്നുള്ള ജീവന്‍ തുടിക്കുന്ന ഉത്തരങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ജീവിച്ചിരിക്കുന്ന, മനുഷ്യസമ്പര്‍ക്കം വച്ചു പുലര്‍ത്തുന്ന ഒരു ഗുരുസങ്കല്പത്തില്‍ നിന്നുള്ള ഉത്തരങ്ങള്‍.

സദ്ഗുരു ഒരു സംഘടിത വിഭാഗത്തിന്റെയോ, മതത്തിന്റെയോ, ആശയസംഹിതയുടെയോ വക്താവല്ല. തുറന്നടിക്കുന്നതും, ക്ഷണയുക്തിയുള്ളതും, പ്രകോപിപ്പിക്കുന്നതെങ്കിലും, അങ്ങേയറ്റം അനുകമ്പനിറഞ്ഞതുമായ ഈ ഉത്തരങ്ങള്‍, ഏകദേശം പത്തുവര്‍ഷക്കാലത്തിനിടയ്ക്ക്‌ പല അവസരങ്ങളിലും ഏറ്റവും അടുത്ത ശിഷ്യരുമായി പങ്കിട്ടവയാണ്‌. തുറന്നമനസ്സും സ്വീകാര്യക്ഷമതയുമായി സമീപിച്ചാല്‍, ഈ ഉത്തരങ്ങള്‍ക്ക്‌ ഒരു ശക്തമായ ആന്തരികയാത്രയ്ക്കു തുടക്കം കുറിക്കുവാന്‍ സാധിക്കും; ജീവന്റെ യഥാര്‍ഥസത്തയിലേക്കുള്ള ഒരു തീര്‍ത്ഥയാത്ര.

ബന്ധങ്ങള്‍ - അതില്‍ നിന്നുത്ഭവിക്കുന്ന സമ്മിശ്ര വികാരങ്ങള്‍, അനുഭൂതികള്‍ , ആശ - നിരാശ, പ്രതീക്ഷ - ഇച്ഛാഭംഗം , അതിന്റെയെല്ലാം ഒടുവില്‍ മനസ്സില്‍നിന്നുതിര്‍ക്കുന്ന അഗാധമായ ഭക്തി, ലയനത്തില്‍ പര്യവസാനം - ഈ പരമ്പരയുടെ ഉള്ളടക്കം അതാണ്‌. ജനനം മുതല്‍ മരണം വരെ, മരണത്തിനുമപ്പുറം, വികാര വിചാരങ്ങള്‍, അതിനുള്ള കാരണം, പ്രതിവിധി, സമ്പത്തിനും യശസ്സിനും വേണ്ടിയുള്ള നെട്ടോട്ടം , വിരക്തി, ആദ്ധ്യാത്മികതയുടെ പാത, ജീവിതത്തിന്റെ എല്ലാ മുക്കിലും മൂലയിലും, ഉയരങ്ങളിലും, ഗര്‍ത്തങ്ങളിലും അന്വേഷന്റെ കൈപിടിച്ചു സദ്ഗുരു കയറിയിറങ്ങുന്നു, അറിവ് ചൊരിയുന്നു, നിലയ്ക്കാത്ത സ്നേഹധാരയോടെ, നിറഞ്ഞുതുളുമ്പുന്ന ക്ഷമാശക്തിയോടെ.

ജൂലൈ മാസം ഒന്നാം തീയതി, ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട്, ഈ പംക്തിക്കു ഞങ്ങള്‍ തുടക്കം കുറിക്കുന്നു.

ഗുരുസമര്‍പ്പണം - സ്വാമി നിസര്‍ഗ

20 വര്‍ഷമായി സദ്ഗുരുവിന്റെ ഒപ്പം തന്നെയുള്ള ആത്മീയ ശിഷ്യന്‍

ജലോപരിതലത്തിലൂടെ നടക്കുക, ശൂന്യതയില്‍നിന്നു വസ്‌തുക്കള്‍ സൃഷ്‌ടിക്കുക, അന്യന്റെ മനസ്സ്‌ വായിക്കുക, മഷിനോട്ടം പോലുള്ള വിദ്യകളിലൂടെ ഒരാളുടെ ഭൂതം, വര്‍ത്തമാനം, ഭാവി ഇവയെല്ലാം കൃത്യമായി പറയുക, എന്നിങ്ങനെയുള്ള സിദ്ധികളെല്ലാം വശമാക്കിയ ഒരത്ഭുത മനുഷ്യനാണ്‌ സദ്‌ഗുരു എന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍, നിങ്ങള്‍ക്കു തെറ്റുപറ്റി. അങ്ങനെയൊന്നുമല്ല എന്നു ധരിച്ചെങ്കിലോ, അതിലും വലിയ മണ്ടത്തരം.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ കോളേജില്‍ ചേരുന്ന കാലത്താണ്‌ ഞാന്‍ സദ്‌ഗുരുവിനെ ആദ്യമായി കാണുന്നത്‌. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു ആല്‍മരച്ചുവട്ടിലിരുന്ന് ആത്മീയതയുടെ നിത്യസുന്ദരലോകത്തെ ശിഷ്യര്‍ക്കു പരിചയപ്പെടുത്തുന്ന, നീണ്ടു നരച്ച താടിയുള്ള ഋഷിതുല്യനായ ഒരു ഗുരുവിന്റെ രൂപമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്‌. വൃത്തിയായി ഷേവ്‌ചെയ്‌ത്‌, ജീന്‍സും ടീഷര്‍ട്ടും ധരിച്ച്‌, ഭംഗിയായി ഇംഗ്ലീഷ്‌ സംസാരിച്ച്‌, മോട്ടോര്‍ സൈക്കിളില്‍ സവാരി ചെയ്യുന്ന ചെറുപ്പക്കാരനായ ഒരാളുടെ രൂപം എന്റെ ഗുരു സങ്കല്‍പവുമായി ഒരുതരത്തിലും ഒത്തുപോവുന്നതായിരുന്നില്ല.

പക്ഷെ അദ്ദേഹത്തിന്‍റെ ആമുഖ പ്രഭാഷണംതന്നെ എന്നെ ആകമാനം മാറ്റിമറിച്ചു കഴിഞ്ഞിരുന്നു. അതോടെ ആല്‍മരത്തണലിലിരിക്കുന്ന ജ്ഞാനിയായ ഒരു ഗുരുസങ്കല്‍പത്തില്‍ നിന്നും എന്നെന്നേക്കുമായി എനിക്ക്‌ മോചനം ലഭിച്ചു എന്നതാണ്‌ വാസ്‌തവം. അതിനുശേഷം അദ്ദേഹവുമായി എനിക്കുണ്ടായ അടുപ്പവും പരിചയവും, വര്‍ഷങ്ങളിലൂടെ ഞാനറിയാതെ തന്നെ എന്റെയുള്ളില്‍ പലമാറ്റങ്ങളും വരുത്തിക്കൊണ്ടിരുന്നു. കേവലം വിദ്യാഭ്യാസത്തിനും പരീക്ഷയ്ക്കുമപ്പുറം, ഗൌരവമുള്ള, കഴമ്പുള്ള, സ്ഥായിയായ അറിവിന്റേയും അവബോധത്തിന്റേയും മേഖലയിലേക്ക്‌ ഞാന്‍ വളരുകയായിരുന്നു. അന്നുതൊട്ടിന്നുവരെ സദ്‌ഗുരുവിന്റെ കൃപയും കാരുണ്യവും എന്നോടൊപ്പമുണ്ട്‌. അതുവരെ എനിക്ക്‌ സ്വപ്‌നംപോലും കാണാനാവാത്ത ആധ്യാത്മിക മേഖലകളിലേക്ക്‌ അദ്ദേഹമെന്നെ ഉയര്‍ത്തുകയായിരുന്നുവെന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.

ആത്മീയാന്വേഷണം ആരംഭിക്കുന്നത്‌ ഒരു ഗുരുവിനെ തേടിയുള്ള അന്വേഷണത്തിലൂടെയാണ്‌. ഇക്കാര്യത്തില്‍ സദ്‌ഗുരുവിന്റെ പ്രതികരണം ഇപ്രകാരമാണ്‌,

“ഒരുവന്‌ തന്റെ ഗുരുവിനെ കേവലം അന്വേഷണത്തിലൂടെ കണ്ടെത്താനാവില്ല. ഗുരുവിനുവേണ്ടി തീവ്രമായി, അദമ്യമായി ആഗ്രഹിച്ചുകൊണ്ടിരിക്കുക. വെള്ളത്തില്‍ മുങ്ങിപ്പോവുമ്പോള്‍, ഒരിറ്റുശ്വാസത്തിനു വേണ്ടി വെമ്പുന്നതുപോലെ, മറ്റെല്ലാം മറന്നു തീവ്രമായി ആഗ്രഹിക്കുക; അവന്റെ ഗുരു അവനെ തേടിയെത്തും."

വളരെ ലളിതമായി, ഏറ്റവും ലാഘവത്തോടെയാണ്‌ അദ്ദേഹം ഗഹനമായ ആത്മീയ വിഷയങ്ങള്‍ പറഞ്ഞുതരുന്നത്‌. അതോടൊപ്പം, സദ്‌ഗുരുവിന്റെ നുരഞ്ഞു പൊന്തുന്ന ഫലിതബോധം, കാര്യങ്ങള്‍ കേള്‍വിക്കാരുടെ ഹൃദയത്തില്‍ കൃത്യമായി, ഉന്നം തെറ്റാതെ എത്തിക്കുന്നതില്‍ പൂര്‍ണ വിജയം വരിക്കുന്നു, വിരസത ഇല്ലാതെ. നീലാകാശത്തില്‍ പറന്നുയരുന്ന കഴുകനെ നോക്കി അതുപോലെയാകാനാഗ്രഹിച്ചു നെടുവീര്‍പ്പിടുന്ന ഒരു പിടക്കോഴിയായിപ്പോയി താനെന്നു കവിതയിലൂടെ വിലപിക്കുന്ന ശിഷ്യന്‌ കവിതയിലൂടെത്തന്നെ ഉടനടി സദ്‌ഗുരു നല്‍കുന്ന മറുപടി നോക്കുക,

എത്ര ഉയരത്തില്‍ പറക്കുന്നു എന്നത്തിലല്ല പ്രാധാന്യം, ഉയരങ്ങളിലെത്താനുള്ള നിന്റെ മോഹം എത്രകണ്ട്‌ തീവ്രമാണെന്നതിലാണ്‌.

“ഒരു പിടക്കോഴിയായ നീ അപാരമായ ആ കൃപാകാരുണ്യത്തിന്റെ നിഗൂഢമാര്‍ഗങ്ങളെക്കുറിച്ച്‌ എന്തറിയാന്‍? നിന്റെ ഈ ജന്മം തന്നതും നിന്നെ ബന്ധനവിമുക്തനാക്കുന്നതും അതേ കൃപാകാരുണ്യം തന്നെ. ഉയര്‍ന്നു പറക്കുന്ന പരുന്തായല്ല, ഒരു പിടക്കോഴിയായിരിക്കാനാണ്‌ എനിക്കിഷ്‌ടം, എന്തെന്നാല്‍ ഉയരത്തില്‍ പറക്കുന്ന പരുന്തിന്റെ നോട്ടം എപ്പോഴും താഴോട്ടാണ്. എത്ര ഉയരത്തില്‍ പറക്കുന്നു എന്നത്തിലല്ല പ്രാധാന്യം, ഉയരങ്ങളിലെത്താനുള്ള നിന്റെ മോഹം എത്രകണ്ട്‌ തീവ്രമാണെന്നതിലാണ്‌.”

പിറന്നതു നിങ്ങളെപ്പോലെ..………
ഊണുമുറക്കവും പിന്നെ
മരണവും നിങ്ങളെപ്പോലെ.
പക്ഷേ,കെട്ടിയിട്ടില്ല എന്നെ ബന്ധബന്ധനച്ചരടുകള്‍.
ജീവിതപ്പാത താണ്ടുമ്പോള്‍
ആടിപ്പാടി രസിപ്പൂ ഞാന്‍.
അതിരില്ലാത്തിടമെന്നെന്നും
മധുരത്തില്‍ മധുരോത്തമം!
കേവലം സ്‌നേഹമായ്‌ത്തീരൂ
സ്‌നേഹമായ്‌, ഞാനായ്‌ത്തീരൂ...

സദ്ഗുരു-

ഈ പുസ്തകത്തിന്റെ പരിഭാഷകന്‍, ഡോ. പി. വേലായുധന്‍ പിള്ളയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട്...