സദ്ഗുരു: ഒരു യന്ത്രമെന്ന നിലയ്ക്കും, മനുഷ്യജീവിതത്തിന്‍റെ അടിത്തറയെന്ന നിലയിലും മനുഷ്യശരീരം ഊനമറ്റതാണ്. ഒരു വിഷയമുള്ളത്, അതു നിങ്ങളെ ഒരിടത്തുമെത്തിയ്ക്കില്ലെന്നതാണ്. അതു മണ്ണില്‍ നിന്നും കിളിര്‍ക്കുകയും, മണ്ണിലേയ്ക്കു തന്നെ പതിയ്ക്കുകയും ചെയ്യുന്നു.

അത്രയും പോരേ? ഒരു തലത്തിലാണെങ്കില്‍ അത്രയും മതി. എന്നാല്‍, എങ്ങനെയോ, കേവലം ശാരീരികതയ്ക്കുമപ്പുറമുള്ള ഒരു തലം അദ്ഭുതകരമായ ഈ യന്ത്രസംവിധാനത്തില്‍ സ്വയമേ സന്നിവേശിതമായിരിയ്ക്കുന്നു. ഈയൊരു മാനം ജീവിതത്തിന്‍റെ ശരിയ്ക്കുള്ള ഉറവിടംതന്നെയാണ്. ഇതാണു വാസ്തവത്തില്‍ നമ്മളെ നമ്മളാക്കുന്നത്. എല്ലാ ജീവിയിലും, സസ്യത്തിലും, വിത്തിലും ഇതു പ്രവര്‍ത്തനനിരതമായിരിയ്ക്കുന്നു. ജീവിതത്തിന്‍റെ ഈ ഉറവിടം മനുഷ്യനില്‍ പ്രോജ്ജ്വലമാം വിധം വ്യക്തതയാര്‍ന്നതാണ്.

ഇക്കാരണത്താലാണു മനുഷ്യര്‍ ശാരീരികവും അതിനപ്പുറവുമുള്ള തലങ്ങളുമായുള്ള നിരന്തര സംഘര്‍ഷത്തില്‍ ജീവിയ്ക്കുന്നതായി കാണപ്പെടുന്നത്. നിങ്ങള്‍ക്കു ശാരീരിക തലത്തിലുള്ള വാസനകളുടെ ഉള്‍പ്രേരണകളുണ്ടെങ്കിലും, കേവലം ശാരീരികതയ്ക്കുമുപരിയായ തലത്തെക്കുറിച്ചുള്ള ബോധവും നിങ്ങള്‍ക്കുണ്ട്.

സ്വയം വേരുറപ്പിയ്ക്കുകയും അപ്പുറമുള്ളത് എത്തിപ്പിടിയ്ക്കുകയും ചെയ്യുക.

അടിസ്ഥാനപരമായി രണ്ട് ശക്തികളുണ്ട്. അന്യോന്യം സംഘര്‍ഷത്തിലായിരിയ്ക്കുന്നവയെന്നാണ് ഭൂരിഭാഗമാളുകള്‍ക്കും ഇവയെക്കുറിച്ചുള്ള ധാരണ. സ്വയം സംരക്ഷണത്തിനുള്ള വാസനയാണ് ഇവയിലൊന്ന്. അവനവനു ചുറ്റും മതിലുകള്‍ തീര്‍ക്കാന്‍ ഇവ നിങ്ങളെ നിര്‍ബന്ധിയ്ക്കുന്നു. വികസിയ്ക്കാനും അതിരുകളെ മറികടക്കാനുമുള്ള ആഗ്രഹമാണു മറ്റേത്. സ്വയംസംരക്ഷണത്തിനും വികാസത്തിനുമുള്ള ഈ അഭിവാഞ്ഛകള്‍ അന്യോന്യം പോരടിയ്ക്കുന്ന ശക്തികളല്ല. അവ നിങ്ങളുടെ ജീവിതത്തിന്‍റെ രണ്ടു വിഭിന്ന തലങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഒന്ന് മണ്ണില്‍ നല്ല പോലെ വേരുറപ്പിയ്ക്കുന്നതിനും, മറ്റേത് ഉടലിനുമപ്പുറം പോകുന്നതിനും, അതിരുകളെ മറികടക്കുന്നതിന്, നിങ്ങളെ സഹായിക്കുന്നു. ഇവ രണ്ടിനേയും വേര്‍പെടുത്തുന്നതിനു മതിയായ അവബോധം നിങ്ങള്‍ക്കുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ സംഘര്‍ഷമുണ്ടാകില്ല. എന്നാല്‍ തികച്ചും ശാരീരികതയോടാണ് നിങ്ങള്‍ക്കു താദാത്മ്യമെന്നിരിയ്ക്കട്ടെ. അപ്പോള്‍ സഹകരിച്ചു പ്രവര്‍ത്തിയ്ക്കുന്നതിനു പകരം ഈ രണ്ട് അടിസ്ഥാന ശക്തികള്‍ സംഘര്‍ഷത്തിന്‍റെ ഉറവിടമാകുന്നു. മനുഷ്യന്‍റെ ഭൗതികവും ആത്മീയവുമായ സര്‍വ്വ സംഘര്‍ഷങ്ങളും ഉടലെടുക്കുന്നത് ഇതേക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുമാണ്. നമ്മള്‍ അത്മീയതയെന്നു പറയുമ്പോഴുദ്ദേശിയ്ക്കുന്നത് ശാരീരികതയ്ക്കപ്പുറമുള്ള തലത്തെയാണ്. മനുഷ്യന് സ്വന്തം ശാരീരിക പരിമിതികളെ അതിജീവിയ്ക്കുന്നതിനുള്ള ആഗ്രഹം സ്വാഭാവികമാണ്. അതിരുകളാധാരമായ വ്യക്തി ശരീരത്തില്‍ നിന്നും സൃഷ്ടിയുടെ അതിരുകളില്ലാത്ത ഉറവിടത്തിലേയ്ക്കുള്ള പ്രയാണം. അതാണ് ഏതൊരു ആത്മാന്വേഷണ പ്രക്രിയയുടെയും സാക്ഷാത്തായ അടിസ്ഥാനം.

പ്രതിരോധത്തിന്‍റെ മതിലുകള്‍

സ്വയംരക്ഷണത്തിനായി ഇന്നു നിങ്ങള്‍ കെട്ടിയുയര്‍ത്തുന്ന മതിലുകള്‍ നാളെ നിങ്ങള്‍ക്കുള്ള തടവറയായിത്തീരുന്നു. അനവരതം തുടരുന്ന ഒരു ചാക്രികതയാണിത്. എന്നാല്‍ സൃഷ്ടി നിങ്ങള്‍ക്ക് അനന്തതയുടെ കവാടം തുറന്നു തരാന്‍ സന്നദ്ധമാണ്. എന്നാല്‍ അവനവനു ചുറ്റും നിങ്ങള്‍ പണിതുയര്‍ത്തിയിരിയ്ക്കുന്ന പ്രതിരോധത്തിന്‍റെ മതിലുകളുമായി ഇപ്പോള്‍ നിങ്ങള്‍ പോരാട്ടത്തിലാണ്. ''മതിലുകളെ സ്‌നേഹിയ്ക്കാത്ത എന്തോ ഒന്നുണ്ട് ''എന്നെഴുതിയപ്പോള്‍ അമേരിയ്ക്കന്‍ കവിയായ റോബര്‍ട്ട് ഫ്രോസ്റ്റ് ആഴമേറിയ ഒരു സത്യത്തെ ഗ്രഹിയ്ക്കുകയാണു ചെയ്തത്. അതു കൊണ്ടാണ് യോഗ സമ്പ്രദായത്തില്‍ ഈശ്വരനെയോ ആത്മാവിനെയോ സ്വര്‍ഗ്ഗത്തെയോ കുറിച്ചു പറയാത്തത്. യോഗയില്‍ പ്രതിപാദിയ്ക്കുന്നത് നിങ്ങള്‍ കെട്ടിയുയര്‍ത്തിയിരിയ്ക്കുന്ന അതിരുകളെക്കുറിച്ചാണ്. ഈ പ്രതിബന്ധങ്ങളെയാണു നമ്മള്‍ ശ്രദ്ധിയ്ക്കേണ്ടത്. നിങ്ങള്‍ക്കു വിഘ്‌നമുണ്ടാക്കുന്ന ഈ മതിലുകള്‍ നൂറു ശതമാനവും നിങ്ങളുടെ തന്നെ സൃഷ്ടിയാണ്. ഇവയെ പൊളിച്ചു മാറ്റാവുന്നതാണ്. നിങ്ങള്‍ക്ക് ഈ പ്രപഞ്ചാസ്തിത്വത്തില്‍ യാതെന്നും പ്രവര്‍ത്തിയ്ക്കാനില്ല. സ്വയം സൃഷ്ടിച്ചെടുടുത്തിരിയ്ക്കുന്ന അസ്തിത്വത്തിന്മേലാണു നിങ്ങള്‍ക്ക് പ്രവര്‍ത്തിയ്ക്കാനുള്ളത്.

ഗുരുത്വാകര്‍ഷണം നിങ്ങളെ താഴെപ്പിടിച്ചു നിര്‍ത്തുമ്പോള്‍ കൃപ നിങ്ങളെ മുകളിലേയ്ക്കുയര്‍ത്തുന്നു. അസ്തിത്വത്തിന്‍റെ ഭൗതിക ശക്തികളില്‍ നിന്നും നിങ്ങള്‍ മോചിതനായാല്‍ ഈശ്വരകൃപ നിങ്ങളുടെ ജീവിതത്തിലേയ്‌ക്കൊഴുകാന്‍ തുടങ്ങുന്നു.

ഒരു ഉപമ ഉപയോഗിക്കുകയാണെങ്കില്‍ ഗുരുത്വാകര്‍ഷണവും ഈശ്വരകൃപയുമായിരിയ്ക്കും അതിനനുയോജ്യം. ഗുരുത്വാകര്‍ഷണത്തിനു ബന്ധം സ്വയംസംരക്ഷണത്തിനുള്ള മനുഷ്യന്‍റെ അടിസ്ഥാന വാസനയോടാണ്. ഈ ഭൂതലത്തില്‍ ഗുരുത്വാകര്‍ഷണം ഹേതുവായി ഇപ്പോള്‍ നമ്മുടെ വേരുറച്ചു പോയിരിയ്ക്കുകയാണ്. ഗുരുത്വാകര്‍ഷണം നിങ്ങളെ താഴെപ്പിടിച്ചു നിര്‍ത്തുമ്പോള്‍ കൃപ നിങ്ങളെ മുകളിലേയ്ക്കുയര്‍ത്തുന്നു. അസ്തിത്വത്തിന്‍റെ ഭൗതിക ശക്തികളില്‍ നിന്നും നിങ്ങള്‍ മോചിതനായാല്‍ ഈശ്വരകൃപ നിങ്ങളുടെ ജീവിതത്തിലേയ്‌ക്കൊഴുകാന്‍ തുടങ്ങുന്നു.

ഗുരുത്വാകര്‍ഷണത്തെപ്പോലെ ഈശ്വരകൃപയും സദാ പ്രവര്‍ത്തനനിരതമാണ്. അതു സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറായി ഇരിക്കണമെന്നു മാത്രം. അപ്രകാരം ചെയ്യുമ്പോള്‍, ഇന്ദ്രജാലത്തിലെന്ന പോലെ നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നു. നിങ്ങള്‍ക്കു മാത്രമാണ് സൈക്കിളോടിയ്ക്കാന്‍ കഴിയുന്നതെന്നു വിചാരിയ്ക്കുക. നിങ്ങള്‍ക്ക് അദ്ഭുതസിദ്ധിയുണ്ടെന്ന് അപ്പോള്‍ മറ്റുള്ളവര്‍ക്കു തോന്നാന്‍ തുടങ്ങും! ഈശ്വര കൃപയും ഇതു പോലെയാണ്. നിങ്ങള്‍ മാജിക്കുകാരനാണെന്ന് ആളുകള്‍ ചിന്തിയ്ക്കും. എന്നാല്‍, ജീവിതത്തിന്‍റെ ഒരു പുതിയ തലത്തെ സ്വീകരിയ്ക്കാന്‍ സ്വയം തുറന്നിടുക മാത്രമാണു നിങ്ങള്‍ ചെയ്യുന്നത്. എല്ലാവരും തിരിച്ചറിയേണ്ടുന്ന ഒരു സാദ്ധ്യതയാണിത്.