ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ എന്തു ചെയ്യണം ?
ആവശ്യമുള്ള സമയത്ത് ചിലകാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നത് വ്യക്തതയില്ലാത്തത്തിന്റെ പ്രശ്നമാണ്, അല്ലാതെ ഓര്‍മ്മയുമായി അതിനു ബന്ധമില്ല.
 
 

“ഓര്‍മ്മിച്ചു വയ്ക്കുക" എന്നത് എനിയ്ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി വരുന്നു, പ്രത്യേകിച്ചും പ്രായമേറി വരുന്തോറും. അതെനിയ്ക്കൊരു വെല്ലുവിളിയായിട്ടാണ് പലപ്പോഴും തോന്നാറുള്ളത്. അങ്ങേയ്ക്കിതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുതരാന്‍ കഴിയുമോ?

സദ്ഗുരു: നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും മണക്കുന്നതും രുചിക്കുന്നതും സ്പര്‍ശിക്കുന്നതും എല്ലാംതന്നെ നിങ്ങളില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ട്. അങ്ങനെയത് റെക്കോര്‍ഡ്‌ ചെയ്യപ്പെടാതിരിക്കാന്‍ ഈ പ്രപഞ്ചത്തില്‍ യാതൊരു പ്രതിബന്ധവുമില്ല. ഉദാഹരണത്തിന് ഞാന്‍ നിങ്ങളെ വളരെ മോശമായ വിധത്തില്‍ അധിക്ഷേപിയ്ക്കുകയാണെന്നിരിയ്ക്കട്ടെ, നിങ്ങളുടെ ജീവിതകാലം മുഴുവനും അത് ഓര്‍മിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് നല്ല ഓര്‍മ്മശക്തി ഉണ്ട് എന്നാണതിനര്‍ത്ഥം. അപ്പോള്‍ നന്നല്ലാത്ത വിഷയങ്ങള്‍, മനസ്സിനു പ്രയാസം തട്ടിയ സംഭവങ്ങള്‍, അതൊക്കെ നിങ്ങളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നു. ഇപ്പോഴുള്ള നിങ്ങളുടെ പ്രശ്നം എന്താണെന്നുവച്ചാല്‍, നിങ്ങള്‍ക്കാവശ്യമുള്ള സമയത്ത് ചിലകാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നതാണ്. ഇത് നിങ്ങള്‍ക്ക് വ്യക്തതയില്ലാത്തത്തിന്റെ പ്രശ്നമാണ്, അല്ലാതെ ഓര്‍മ്മയുമായി അതിനു ബന്ധമില്ല. നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്താണോ അത് തിരഞ്ഞെടുത്ത് കൊണ്ടുവരാന്‍ കഴിയുന്നില്ല.

നിങ്ങള്‍ക്കിതുവരെ ഉണ്ടായ അനുഭവങ്ങള്‍ എല്ലാം മസ്തിഷ്കം റെക്കോര്‍ഡ്‌ ചെയ്തുകഴിഞ്ഞതാണ്. വേണ്ട വിവരങ്ങള്‍ ആവശ്യമുള്ള സമയത്ത് വീണ്ടും തിരിയെ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നതാണ് ആകെയുള്ള പ്രശ്നം.

ഒരു ഫോണിന് വളരെ കുറഞ്ഞ ഓര്‍മ്മയെയുള്ളു എന്നൊരാള്‍ പറഞ്ഞാല്‍ അതിനര്‍ത്ഥം വളരെ പരിമിതമായ അളവിലെ അതില്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ കഴിയുന്നുള്ളു എന്നാണ്. ഒരാള്‍ 2 എന്ന അക്കം അമര്‍ത്തുമ്പോള്‍ 5എന്ന അക്കമാണ് അതില്‍ തെളിയുന്നതെങ്കില്‍ അതിന് മോശപ്പെട്ട ഓര്‍മ്മ എന്നല്ല പറയേണ്ടത്, മറിച്ച് അതിന്റെ 'കീബോര്‍ഡ്' മോശമാണെന്നാണ്. നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നവും മേല്‍പ്പറഞ്ഞ 'കീബോര്‍ഡ്' മാതിരിയാണ്. അതിന് ഓര്‍മ്മശക്തിയെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം? നിങ്ങള്‍ക്കിതുവരെ ഉണ്ടായ അനുഭവങ്ങള്‍ എല്ലാം മസ്തിഷ്കം റെക്കോര്‍ഡ്‌ ചെയ്തുകഴിഞ്ഞതാണ്. വേണ്ട വിവരങ്ങള്‍ ആവശ്യമുള്ള സമയത്ത് വീണ്ടും തിരിയെ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നതാണ് ആകെയുള്ള പ്രശ്നം.

ജീവിതത്തില്‍ കൃത്യത ഉണ്ടാക്കിയെടുക്കുക:

നമുക്ക് വ്യക്തത കൈവരിയ്കാന്‍ ശ്രമിക്കേണ്ടതായിട്ടുണ്ട്. മനസ്സിന് വ്യക്തത നല്‍കുന്ന കാര്യമെന്താണ്? വ്യക്തത വര്‍ദ്ധിപ്പിക്കാനായി ചെയ്യാവുന്ന ലളിതമായ കാര്യം എന്തും കൈകാര്യം ചെയ്യുമ്പോള്‍ അത് വളരെ കൃത്യതയോടുകൂടി ചെയ്യുക എന്നതാണ്. 'ഹഠയോഗ' പരിശീലനം കൃത്യതയെക്കുറിച്ചുള്ളതാണ്. പാദങ്ങള്‍ എങ്ങനെ വയ്ക്കണം, തല എപ്രകാരം പിടിച്ചിരിയ്ക്കണം, കൈകള്‍ എവിടെയായിരിയ്ക്കണം, എങ്ങനെ ചലിപ്പിയ്ക്കണം, കൂടെ കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍ എവിടെ സൂക്ഷിയ്ക്കണം, ഇപ്രകാരം നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയിലും കൃത്യത പാലിക്കേണ്ടതായിട്ടുണ്ട്, അതിന് വേണ്ടിയിട്ടായിരിക്കണം പരിശീലിക്കേണ്ടതും. നിങ്ങളുടെ മുറി ഏത് വിധം സൂക്ഷിയ്ക്കണം, ഏതു സമയത്ത്, ഏതു വിധത്തിലായിരിക്കണം ഉറങ്ങാന്‍ കിടക്കേണ്ടത്‌ എന്നു തുടങ്ങി എല്ലാത്തിലും കൃത്യത വേണം. 'ആസനകള്‍' ചെയ്യുമ്പോള്‍ എപ്രകാരം കൃത്യനിഷ്ഠ കൊണ്ടുവരുന്നുവോ അതേ സൂക്ഷ്മത ജീവിതത്തിലാകമാനം കൊണ്ടുവരേണ്ടതാണ്. അതില്‍നിന്നും സാവധാനത്തില്‍ നിങ്ങളുടെ മനസ്സിന് ഒരു സ്പഷ്ടത വരുന്നതായി മനസ്സിലാക്കാന്‍ കഴിയും. അത് എല്ലാ വിഷയങ്ങളിലും സ്ഫുടത നല്‍കും.

ഹഠയോഗ എന്നു പറയുന്നതുതന്നെ കൃത്യനിഷ്ഠമായ കാര്യമാണ്. ഓരോ പ്രവര്‍ത്തിയിലും കൃത്യത കൈവരിയ്ക്കാന്‍ കഴിഞ്ഞാല്‍, മനസ്സിനും അതേവിധം സ്പഷ്ടത കൈവരിയ്ക്കാന്‍ കഴിയും.

നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും, അതുപോലെത്തന്നെ മറ്റെന്തുചെയ്യുമ്പോഴും അതെല്ലാം വളരെ സ്ഫുടതയോടുകൂടിയും, ശ്രദ്ധയോടുകൂടിയും ചെയ്യുക.

ഈ നിമിഷംമുതല്‍ തന്നെ ലളിതമായി നിങ്ങള്‍ക്ക് പരിശീലിക്കാന്‍ പറ്റുന്ന ഒരു സാധന പറയാം. നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും, അതുപോലെത്തന്നെ മറ്റെന്തുചെയ്യുമ്പോഴും അതെല്ലാം വളരെ സ്ഫുടതയോടുകൂടിയും, ശ്രദ്ധയോടുകൂടിയും ചെയ്യുക. ചുറ്റുപാടിലുള്ള എല്ലാറ്റിനെയും ശ്രദ്ധാപൂര്‍വ്വം മനസ്സില്‍ കുറിച്ചുവക്കുക. ഉദാഹരണമായി പറഞ്ഞാല്‍ ഇവിടെ അഞ്ച് സ്തംഭങ്ങളുണ്ട്, ഒരു നൌകയുണ്ട്, ഒരു വലിയ പാറയുണ്ട്, ഒരു കുളമുണ്ട്, വേറെയും നാല് സ്തംഭങ്ങള്‍ ഉണ്ട്, ഒരു കതകുണ്ട്. അതിനെത്ര അടി ഉയരം കാണും? ഉദ്ദേശം ഒരു പന്ത്രണ്ടടി. ഇപ്രകാരം എല്ലാം സ്പഷ്ടമായി വീക്ഷിച്ച്, ഓര്‍മ്മയില്‍ വയ്ക്കാന്‍ പരിശീലിക്കുക.

ഇനി, ഇവിടെനിന്ന്‍ അവിടെ വരെ എത്ര കാല്‍ച്ചുവട് ദൂരം കാണും? ചുവടുവച്ച് ഒന്ന്‍, രണ്ട്, മൂന്ന്‍ എന്ന്‍ എണ്ണണമെന്നില്ല, സൂക്ഷ്മമായി വീക്ഷിച്ചാല്‍ മതി. ഇവിടെ വരെ ഒരു മൂന്ന്‍ ചുവട് ഉണ്ടെന്നുതോന്നുന്നു... പിന്നെ മൂന്ന്‍ ചുവടുകൂടി... പിന്നെയും മൂന്ന്‍. കുറെ ദിവസങ്ങള്‍ക്കുശേഷം നിങ്ങളിരിക്കുന്ന ഇടത്ത് നിന്ന്‍ വലത്തെ അറ്റമെത്താന്‍ ഒരെട്ടു ചുവട്, ഇടത്തെ അറ്റമെത്താന്‍ പതിനഞ്ച് എന്നിടവിട്ടിടവിട്ട് ശ്രദ്ധിച്ച് മനസ്സിലാക്കുക. ഒന്നും തലപുകഞ്ഞ് ആലോചിച്ച് കണക്ക് കൂട്ടേണ്ട ആവശ്യമില്ല.

ശരീരത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്പഷ്ടത മനസ്സിലേക്കും കൊണ്ടുവരിക. മനസ്സിനെ ശരീരത്തെ അനുകരിക്കാന്‍ അനുവദിക്കുക. സ്വാഭാവികമായും എല്ലാ കാര്യങ്ങളും വളരെ വ്യക്തമായും സുഗമമായും സംഭവിക്കുന്നത് നിങ്ങള്‍ക്ക് അനുഭവവേദ്യമാവും.

 
 
  0 Comments
 
 
Login / to join the conversation1