ഞാനാരാണ്? നിങ്ങളാരാണ്?

 

सद्गुरु

നിങ്ങള്‍ ജനിച്ചപ്പോള്‍ നിങ്ങളുടെ ശരീരത്തിന്‍റെ വലിപ്പം എത്രയുണ്ടായിരുന്നു? ഇപ്പോള്‍ എത്രയുണ്ട്? അതു വളര്‍ന്നു വികസിക്കാന്‍ വേണ്ടി നിങ്ങള്‍ എന്തു ചെയ്തു? ഭക്ഷണം നല്‍കി! നിങ്ങളുടെ ഭക്ഷണം എവിടെനിന്നു കിട്ടി? ഈ ഭൂമിയില്‍നിന്നും! നിങ്ങള്‍ കഴിച്ച ഓരോ സസ്യവും ധാന്യവും ഈ മണ്ണിലും ജലത്തിലും തയാറായതു തന്നെയാണ് അല്ലേ? നിങ്ങള്‍ മാംസഭുക്ക് ആണെങ്കില്‍ നിങ്ങള്‍ കഴിച്ച ആടും കോഴിയുംപോലും ഈ മണ്ണില്‍ ഉള്ളവയെ കഴിച്ചു വളര്‍ന്നിട്ട് നിങ്ങളുടെ വിശപ്പ് തീര്‍ത്തു തന്നു. എങ്ങനെ നോക്കിയാലും അടിസ്ഥാനപരമായി ഈ മണ്ണു കാരണമാണ് നിങ്ങളുടെ ശരീരം രൂപം പ്രാപിച്ചത്. നിങ്ങളുടെ ശരീരത്തില്‍ മണ്ണിന്‍റെ അംശം കൂടുതലായി ചേര്‍ന്നപ്പോള്‍ അത് 'ഞാന്‍' എന്നു നിങ്ങള്‍ അംഗീകരിച്ചു.

ഒരു കപ്പില്‍ ജലം ഉണ്ട്. അതും നിങ്ങളും ഒന്നാണോ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയും. ആ ജലമെടുത്ത് കുടിക്കുക. അപ്പോള്‍ ആ ജലം നിങ്ങളുടെ ശരീരത്തില്‍ കലരുന്നു. അതിനെ നിങ്ങള്‍ എന്തെന്ന് പറയും? നിങ്ങള്‍ എന്നു തന്നെയല്ലേ? അതായത് നിങ്ങളുടെ അനുഭവങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്നതിനെ 'നിങ്ങള്‍' എന്ന് അറിയുന്നു. പുറത്തിരിക്കുന്നതുവരെ അതു വേറെ, നിങ്ങള്‍ വേറെ എന്നു വിചാരിക്കുന്നു. പുറത്തുള്ള ജലവും മണ്ണും, വായുവും, ഊഷ്മാവും എല്ലാം ചേര്‍ന്നാണ് നിങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? അവയൊക്കെ നിങ്ങളുടെ തന്നെ ഭാഗങ്ങളായ ശേഷം അവയെ വ്യത്യസ്ത രൂപങ്ങളില്‍ കാണാതെ 'ഞാന്‍' എന്ന് അടയാളപ്പെടുത്തികാണുന്നു.

പുറത്തുള്ള ജലവും മണ്ണും, വായുവും, ഊഷ്മാവും എല്ലാം ചേര്‍ന്നാണ് നിങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? അവയൊക്കെ നിങ്ങളുടെ തന്നെ ഭാഗങ്ങളായ ശേഷം അവയെ വ്യത്യസ്ത രൂപങ്ങളില്‍ കാണാതെ 'ഞാന്‍' എന്ന് അടയാളപ്പെടുത്തികാണുന്നു.

നിങ്ങളുടെ പൂര്‍വ്വികര്‍ എവിടെപ്പോയി? ദഹിപ്പിച്ചാലും മണ്ണില്‍ വച്ചു മൂടിയാലും അത് ഈ മണ്ണിനകത്തു തന്നെയാണ്. അവരുടെ മുകളില്‍ കൂടിയാണ് നിങ്ങള്‍ ദിവസവും നടന്നുകൊണ്ടിരിക്കുന്നത് എന്നതു മറക്കരുത്. നിങ്ങള്‍ എവിടെപ്പോകാന്‍ പോകുന്നു? നിങ്ങളുടെ മൂലപ്പൊരുളായ ഇതേ മണ്ണിനകത്തു തന്നെയാണ്. കുറെ മണ്ണ് നിങ്ങളുടെ രൂപത്തില്‍ ശ്വസിച്ചു കൊണ്ടിരിക്കുന്നു. ഇനി വേറെ കുറെ മണ്ണ് നിങ്ങളുടെ പുരയിടത്തില്‍ വൃക്ഷങ്ങളായി വളര്‍ന്നിരിക്കുന്നു. വീണ്ടും കുറച്ചു മണ്ണ് നിങ്ങള്‍ ഇരിക്കുന്ന കസേരയായി മാറിയിരിക്കുന്നു. ഇതേ മണ്ണു തന്നെ മാവായും വേപ്പായും പുല്ലായും പുഴുവായും പുഷ്പമായും മനുഷ്യനായും മാറിമാറി വ്യത്യസ്ത രൂപങ്ങളില്‍ അവതരിക്കുന്നു, അവതരിക്കാനിരിക്കുന്നു. കുടത്തില്‍ ശേഖരിച്ചു വച്ചാലും ചെറിയ കപ്പില്‍ ശേഖരിച്ചു വച്ചാലും അതിനെ ജലം എന്നു തന്നെയല്ലേ നിങ്ങള്‍ പറയുക. അതേ ന്യായം തന്നെയല്ലേ നിങ്ങള്‍ക്കും. നിറയ്ക്കപ്പെട്ട പാത്രങ്ങള്‍ വേറെ വേറെയാണെങ്കിലും എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന മൂലപ്പൊരുള്‍ ഇതേ മണ്ണു തന്നെയല്ലേ! ഇതേ വെള്ളം തന്നെയല്ലേ! ഇതേ കാറ്റു തന്നെയല്ലേ? ഇതേ ഊഷ്മാവു തന്നെയല്ലേ? അപ്പോള്‍, ഓരോന്നിലും നിങ്ങള്‍ ഉണ്ട് അല്ലേ?

ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ ഒരു ഭാഗം എന്നതുപോലെ ഈ പ്രപഞ്ചവും നിങ്ങളില്‍ ഒരു ഭാഗം എന്നു മനസ്സിലാക്കുന്നുണ്ടോ? ഇത് ബുദ്ധി ഉപയോഗിച്ച് ആലോചിച്ചു നോക്കിയാല്‍ അതിശയം തോന്നാം. അത്രയേയുള്ളൂ, പക്ഷേ നിങ്ങളുടെ ഉള്ളിലുള്ള ബോധത്തില്‍ അതുണ്ടായാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.

ഇതാണ് യഥാര്‍ത്ഥത്തിലുള്ള ആത്മീയത, അല്ലാതെ ആത്മീയത എന്നു പറഞ്ഞാല്‍ ക്ഷേത്രത്തില്‍ പോയി നാളികേരം ഉടക്കുന്നതല്ല, പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്നതല്ല, മുട്ടില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നതല്ല. ഇതു മനസ്സിലാക്കിയാല്‍ ദൈവത്തെ പ്രതീക്ഷിക്കാതെ നിങ്ങളുടെ സ്വര്‍ഗ്ഗത്തെ നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാവുന്നതാണ്.

ഒരു യോഗി മരണാസന്നനായി കിടക്കുകയായിരുന്നു. അദ്ദേഹം തന്‍റെ ശിഷ്യന്മാരോട് താന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ തീരുമാനിച്ചതായി അറിയിച്ചു. ഗുരോ, താങ്കള്‍ക്ക് സ്വര്‍ഗ്ഗമാണോ നരകമാണോ വിധിച്ചിട്ടുള്ളത് എന്നു ദൈവത്തിനല്ലേ അറിയാവൂ. താങ്കള്‍ക്കെങ്ങനെ അറിയാന്‍ പറ്റും?ڈ എന്ന് ഒരു ശിഷ്യന്‍ ചോദിച്ചു. ദൈവത്തിന്‍റെ മനസ്സില്‍ എന്താണുള്ളതെന്ന് എനിക്കറിയില്ല തന്നെ, പക്ഷേ എന്‍റെ മനസ്സില്‍ എന്താണുള്ളതെന്ന് എനിക്കറിയാമല്ലോ. നരകം എന്നു മറ്റുള്ളവര്‍ കരുതുന്ന ഭാഗത്തേക്ക് എന്നെ അയച്ചാലും അതിനേയും സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ എനിക്കറിയാം എന്ന് ഗുരു മറുപടി പറഞ്ഞു.

നിങ്ങളുടെ ആന്തരിക ബോധത്തിന്‍റെ അനുഭവത്തില്‍ ഏതിനെയും സ്വര്‍ഗ്ഗമാക്കാം, അല്ലെങ്കില്‍ നരകമാക്കാം. അതു പുറമേയുള്ള സാഹചര്യങ്ങളുടെ ഫലമല്ല.

നിങ്ങളുടെ ആന്തരിക ബോധത്തിന്‍റെ അനുഭവത്തില്‍ ഏതിനെയും സ്വര്‍ഗ്ഗമാക്കാം, അല്ലെങ്കില്‍ നരകമാക്കാം. അതു പുറമേയുള്ള സാഹചര്യങ്ങളുടെ ഫലമല്ല. നിങ്ങളും മറ്റുള്ളവരും ഒന്നുതന്നെ എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ആരെ നോക്കിയാണ് അസൂയപ്പെടുന്നത്? ആരോടാണ് വഴക്കുണ്ടാക്കുന്നത്? ആരോടാണ് മത്സരിക്കാന്‍ പോകുന്നത്? ആരോടാണ് ശത്രുത കാണിക്കുന്നത്? ഈ അനുഭവം ലഭിച്ച ശേഷം പുറമേയുള്ള സാഹചര്യങ്ങള്‍ എന്തായിരുന്നാലും ആന്തരിക ബോധത്തില്‍ നിങ്ങള്‍ക്ക് എപ്പോഴും സ്വര്‍ഗ്ഗം തന്നെയാണ്.

ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതായി സ്വയം പറയുന്നവര്‍ അഹങ്കാരത്തിന്‍റെ നിറുകയില്‍ നില്‍ക്കുന്നവരാണ്, യഥാര്‍ത്ഥത്തില്‍ അവരൊക്കെയാണ് ദൈവത്തില്‍നിന്നും വളരെ അകലെ ഇരിക്കുന്നവര്‍. ജ്ഞാനം എന്നു പറയുന്നത് ചിലര്‍ക്കു മാത്രം സാദ്ധ്യമാകുന്ന കാര്യമാണ് എന്നു പറഞ്ഞാല്‍ അതിനേക്കാളും വലിയ നുണ വേറെയൊന്നുമില്ല. മനുഷ്യജന്മം എടുത്തിട്ടുള്ള ഓരോരുത്തര്‍ക്കും ഈ മഹാസത്യം അനുഭവിച്ചറിയാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. എനിക്കു സാധ്യമാകുന്ന കാര്യം നിങ്ങള്‍ക്കും സാധ്യമാകും. എങ്ങനെ? അതിനുവേണ്ടിയുള്ളതാണ് യോഗ. യോഗ എന്നു പറഞ്ഞാല്‍ തലകീഴായ് നില്‍ക്കുന്നതല്ല. മറ്റൊന്നിനോടു ചേര്‍ന്ന് ഒന്നായിത്തീരുക എന്നതാണ്.

നിങ്ങളെ പ്രപഞ്ചത്തില്‍ നിന്നും ഒറ്റപ്പെടുത്തി തടവിലാക്കിയിരിക്കുന്ന വാതിലിന്‍റെ താഴ് എവിടെയാണെന്നു നിങ്ങള്‍ക്കു മനസ്സിലാക്കിത്തരുന്ന വിജ്ഞാനമാണ് യോഗ. നിങ്ങളുടെ ഉള്ളിലുള്ളതും പുറത്തുള്ളതും ഒന്നുതന്നെ എന്ന് നിങ്ങളും എന്നെപ്പോലെ അനുഭവപൂര്‍വ്വമായി എപ്പോള്‍ മനസ്സിലാക്കുന്നുവോ അപ്പോള്‍ത്തന്നെ ഇതിനുമുമ്പ് അനുഭവിക്കാത്ത മഹത്തായ ആനന്ദം നിങ്ങള്‍ അനുഭവിക്കും. അതിനുശേഷം എനിക്കും നിങ്ങള്‍ക്കും എന്താണു വ്യത്യാസം?

 
 
 
 
  0 Comments
 
 
Login / to join the conversation1