ഞാന്‍ ഇല്ല, ഞാനെന്ന ഭാവവുമില്ല.

 

सद्गुरु

ഒരു യോഗിയുടെ കാഴ്ചപ്പാടില്‍ ആത്മാഭിമാനം എന്നത് ഒരു ലക്ഷ്യമല്ല. യഥാര്‍ത്ഥത്തില്‍ അതൊരു പ്രതിബന്ധമാണ്. ഈ വസ്തുതയാണ് സദ്ഗുരു വിശദമാക്കുന്നത്.

സദ്ഗുരു:- "ആത്മാഭിമാനം" എന്നത് ഈ കാലത്ത് വളരെ പ്രചാരമുള്ള ഒരു പദപ്രയോഗമായിരിക്കുന്നു. മാനസികമായ സുഖവും ക്ഷേമവും അത് ഏറെക്കുറെ ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ ആത്മീയാചാര്യന്‍മാരും അത് പൂര്‍ണ്ണമനസ്സോടെ പിന്‍താങ്ങുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രപഞ്ചദൃഷ്ടിയില്‍ ആത്മാവും അഭിമാനവും ഒരുപോലെ പ്രശ്നകാരണങ്ങളാണ്. രണ്ടിനും പരിധിയുണ്ട്, രണ്ടും ദുര്‍ബലമാണ്, രണ്ടും അരക്ഷിതവുമാണ്. ഒരു യോഗിയുടെ കാഴ്ചപ്പാട് നിങ്ങള്‍ക്ക് അഭിമാനമില്ലെങ്കില്‍ വളരെ നന്നായി. സ്വതമില്ലെങ്കിലോ അതിലേറെ നന്നായി എന്നാണ്.

ആത്മീയപാതയിലൂടെ സഞ്ചരിക്കുന്ന ഒരു യാഥാര്‍ത്ഥ സത്യാന്വേഷകന് സവിശേഷമായ ഒരു പദം പ്രാപിക്കുക എന്നതല്ല ലക്ഷ്യം. വളരെ വളരെ സാധാരണക്കാരനായി കഴിയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാലും ആ ഭക്തിയും ശ്രദ്ധയും അദ്ദേഹത്തിന് ഏറ്റവും മധുരമായ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്കുന്നു. ഭക്തി എന്നത് ജീവിതത്തിന്‍റെ ഒരു ഭാഗമല്ല; ജീവിതം തന്നെയാണ്. അതില്‍ യുക്തിക്കു സ്ഥാനമില്ല. സ്വയം അതില്‍ നിന്നും അടര്‍ത്തിമാറ്റാനുമാവില്ല.


ആത്മീയപാതയിലൂടെ സഞ്ചരിക്കുന്ന ഒരു യാഥാര്‍ത്ഥ സത്യാന്വേഷകന് സവിശേഷമായ ഒരു പദം പ്രാപിക്കുക എന്നതല്ല ലക്ഷ്യം. വളരെ വളരെ സാധാരണക്കാരനായി കഴിയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

യോഗികള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള നല്ലൊരു കഥ കേട്ടോളൂ. അല്പമാ പ്രഭു ഒരു മഹായോഗിയായിരുന്നു. കര്‍ണാടകത്തില്‍ 12-ാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വീരശൈവപ്രസ്ഥാനത്തിന്‍റെ പ്രമുഖ പ്രണേതാക്കളില്‍ ഒരാള്‍. ഭാരതത്തിന്‍റെ ആത്മീയചൈതന്യം പ്രകാശപൂര്‍ണ്ണമായിരുന്ന ഒരു കാലം. നിരവധി യോഗികള്‍ക്ക് അദ്ദേഹം ആത്മീയാചാര്യനായിരുന്നു. അദ്ദേഹം ആയിരക്കണക്കിന് ഈരടികള്‍ രചിച്ചിട്ടുണ്ട്. ഓരോന്നും അസാധാരണമായ ആഴവും, യോഗദര്‍ശനവും ഉള്‍ക്കൊള്ളുന്നവയാണ്.

ഒരുദിവസം വലിയൊരു ശിവഭക്തനും മഹായോഗിയുമായ ഗോരാക്ഷനും അല്ലാമയും തമ്മില്‍ കണ്ടുമുട്ടി. "കായകല്പ" യോഗമാര്‍ഗമായിരുന്നു ഗോരാക്ഷന്‍റേത്. "കായം" എന്നാല്‍ ശരീരമാണ്; "കല്പം" പുനരുജീവനവും. ഇത് പുരാതനമായ യോഗശാസ്ത്രത്തില്‍ ഉള്‍ചേര്‍ത്തിട്ടുള്ളതാണ്. ശാരീരികമായ ആരോഗ്യവും, ആയുസ്സും, ചൈതന്യവും സൃഷ്ടിക്കുക എന്നതു മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരത്തെ ബോധത്തിന്‍റെ വിശേഷപ്പെട്ട മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുക കൂടിയാണ്. യോഗനിഷ്ഠകൊണ്ട് ഗോരാക്ഷന്‍ തന്‍റെ ശരീരം പാറപോലെ ഉറപ്പുള്ളതാക്കിയിരുന്നു.

ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം മൃദുലത ഒരു ശക്തിയാണ്, ദൗര്‍ബല്യമല്ല.

നമ്മുടെ ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധികരിക്കാനും, നിയന്ത്രണത്തില്‍ കൊണ്ടുവരാനും ഉതകുന്ന ചില വിശേഷസാധനകള്‍ യോഗശാസ്ത്രത്തിലുണ്ട്. വിശേഷപ്പെട്ട ഈ സാധനാനുഷ്ഠാനത്തിലൂടെ ഒരാള്‍ക്ക് ഭൂതസിദ്ധി നേടാവുന്നതാണ്. അതായത് പഞ്ചഭൂതങ്ങളെ പൂര്‍ണ്ണമായും സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുവാനാകും. അങ്ങനെയുള്ള സാധകര്‍ക്ക്, സാമാന്യത്തില്‍ കവിഞ്ഞും ആയുസ്സ് നിലനിര്‍ത്തിക്കൊണ്ടു പോകാനാകും. ആയിരമാണ്ട് ജീവിച്ചിരുന്ന സിദ്ധന്‍മാരെക്കുറിച്ച് നിരവധി കഥകള്‍ യോഗികള്‍ക്കിടയില്‍ പ്രചാരണത്തിലുണ്ട്.

ഞാന്‍ പറയുന്ന കഥയുടെ കാലത്ത് ഗോരാക്ഷന് 280 വയസ്സു കഴിഞ്ഞിരുന്നു. അദ്ദേഹം അല്ലാമയെ വെല്ലുവിളിച്ചു. "താങ്കള്‍ വലിയ ശിവഭക്തനും മഹായോഗിയുമാണെന്ന് കേട്ടിട്ടുണ്ട്. താങ്കളുടെ സിദ്ധികളൊന്ന് കണ്ടാല്‍ കൊള്ളാം.


നമ്മുടെ ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധികരിക്കാനും, നിയന്ത്രണത്തില്‍ കൊണ്ടുവരാനും ഉതകുന്ന ചില വിശേഷസാധനകള്‍ യോഗശാസ്ത്രത്തിലുണ്ട്.

ഗോരാക്ഷന്‍ ഉറയില്‍നിന്ന് ഒരുവാളെടുത്ത് അല്ലാമയുടെ കൈയ്യില്‍ കൊടുത്തു. അതിന്‍റെ മുന വൈരം പൊതിഞ്ഞതായിരുന്നു. "ഈ വാളുകൊണ്ട് എന്‍റെ നിറുകയില്‍ വെട്ടണം, എന്തുസംഭവിക്കുമെന്നു നോക്കാം". അല്ലാമക്കു രസം തോന്നി. രണ്ടുകൈയ്യും കൊണ്ട് വാളുയര്‍ത്തി അദ്ദേഹം ഗോരാക്ഷന്‍റെ നിറുകയില്‍ ഊക്കോടെ വെട്ടി. ഗോരാക്ഷന്‍ അക്ഷോഭ്യാനായി പാറപോലെ ഉറച്ചു നിന്നു. അദ്ദേഹത്തിന് ഒരു മുറിവും പറ്റിയില്ല. തലയില്‍ത്തട്ടി വാള്‍ തെറിച്ചപോയെന്നു മാത്രം.

"നിങ്ങള്‍ എന്‍റെ നേരെ പ്രയോഗിച്ചതുപോലെ ഇതേ വാള്‍ ഇനി ഞാന്‍ നിങ്ങളുടെ നേരെ പ്രയോഗിക്കാം. സമ്മതമല്ലേ?"

ഗോരാക്ഷന്‍ ചോദിച്ചു. "ആയിക്കോട്ടെ." അല്ലാമ സമ്മതിച്ചു. ഗോരാക്ഷന്‍ വാളെടുത്ത് അല്ലാമയുടെ തലയില്‍ ആഞ്ഞുവെട്ടി. എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് വാള്‍ത്തല അല്ലാമയുടെ തലയിലൂടെ അപ്പുറത്തേക്കു കടന്നു. അദ്ദേഹത്തിന് മുറിവേറ്റില്ല, ഗോരാക്ഷന്‍ യോഗസാധനകൊണ്ട് തന്‍റെ ശരീരം പാറപോലെ ഉറപ്പുള്ളതാക്കി; അല്ലാമ വായുവിനെപോലെ ലോലവും, ഗോരാക്ഷന്‍ തന്‍റെ വാള്‍ പലമട്ടില്‍ ചലിപ്പിച്ചു. എന്നിട്ടും അത് അല്ലാമയുടെ ശരീരത്തില്‍ കൂടി മുറിവേല്പിക്കാതെ അപ്പുറത്തേക്കു കടന്നതേയുള്ളു. അവസാനം അദ്ദേഹം താഴ്മയോടെ തോല്‍വി സമ്മതിച്ചു. "ശക്തിയുടെ യോഗ ഞാന്‍ മനസ്സിലാക്കി. "അദ്ദേഹം പറഞ്ഞു. എന്നാല്‍ "സ്വയം അലിയുന്ന വിദ്യ ഞാന്‍ ഇപ്പോഴാണ് കാണുന്നത്. "അദ്ദേഹം അല്ലാമയുടെ ശിഷ്യനായി.

ഇത് തെളിവില്ലാത്തൊരു കഥയാണ്. എങ്കിലും ഒരു വസ്തുത അത് വിശദമാക്കുന്നുണ്ട്. ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം അലിവും ആര്‍ദ്രതയും ഒരു ശക്തിയാണ്, ദൗര്‍ബല്യമല്ല, ശിവ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ഇല്ലാത്തത് എന്നാണ്. അല്ലാമ തന്‍റെ സ്വാമിയിലേക്ക് അലിഞ്ഞു ചേര്‍ന്നു. ഒന്നുമല്ലാത്തതുമായി ഒന്നുചേരാനുള്ള വ്യഗ്രത ആ മഹായോഗിയെ അദൃശ്യനായി മാറ്റുകയായിരുന്നു. "സത്യവും" അഭിമാനവും" ഒരുപോലെ അലിഞ്ഞില്ലാതായി. അങ്ങനെ അല്ലാമ എല്ലാ പരിമിതികളേയും മറികടന്നു. ശക്തി ഇല്ലായ്മയെ വരിക്കുമ്പോള്‍ കിട്ടുന്ന ശക്തിയാണിത്.

 
 
  0 Comments
 
 
Login / to join the conversation1