"ഞാന്‍" ഇല്ലാത്ത അവസ്ഥ
കര്‍മ്മഫലം ഇല്ലാത്ത അവസ്ഥ "ഞാന്‍" ഇല്ലാത്ത അവസ്ഥയാണ്. "അഹം"ഭാവത്തിന് പ്രകടമാകേണ്ടതില്ലാത്ത അവസ്ഥ. പഴയതെല്ലാം അവസാനിപ്പിച്ചിരിക്കുന്നു, പുതിയതായി ഒന്നും ചെയ്യാനുമില്ല.
 
 

सद्गुरु

ചോദ്യം: പരമമായ മുക്തിയുടെ നിലയിലേക്കിനിയും എത്തിയിട്ടില്ലാത്ത ഒരാള്‍, ജീവിതത്തിന്‍റെ അവസാന നിമിഷത്തില്‍ അങ്ങേയ്ക്ക് ഏതെങ്കിലും വിധത്തില്‍ അയാളെ സഹായിക്കാന്‍ സാധിക്കുമൊ?

സദ്‌ഗുരു: ചിലര്‍ തങ്ങളുടെ പ്രാരബ്ധ കര്‍മ്മങ്ങള്‍ മുഴുവന്‍ ചെയ്തുതീര്‍ത്തിട്ടുണ്ടാകും – അങ്ങനെയുള്ളവര്‍ വളരെ വളരെ വിരളമാണ്. അത്തരത്തിലുള്ള ഭാഗ്യം സിദ്ധിച്ചവരെ സ്വബോധത്തോടുകൂടി മരിക്കാന്‍ സഹായിക്കാവുന്നതാണ്. അധികംപേരും മരണത്തിലേക്കു വഴുതി വീഴുന്നത് അബോധാവസ്ഥയിലാണല്ലൊ! പ്രാരബ്ധകര്‍മം അവസാനിച്ചവര്‍ക്കുവേണ്ടി അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാവും. ലയനം പൂര്‍ണമാക്കാനും മുക്തി നേടാനും അത് അയാളെ സഹായിക്കും. പ്രാരബ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ രോഗം ബാധിച്ച് മരിക്കുകയാണെങ്കില്‍ ആര്‍ക്കും അയാളെ സഹായിക്കാനാവില്ല.

കര്‍മ്മബന്ധങ്ങള്‍ എല്ലാം തീര്‍ന്ന അവസ്ഥയിലെത്തിയിരിക്കുന്നവരാണ് അത്തരക്കാര്‍. മറ്റെവിടെയെങ്കിലും കര്‍മ്മഫലങ്ങളുടെ ഒരു മാറാപ്പ് അവരെ കാത്ത് കിടക്കുന്നുണ്ടാവും

ശരീരം ജീര്‍ണിച്ചിട്ടുള്ള മരണമാണ് എങ്കില്‍, അത് രോഗം ബാധിച്ചോ, അപകടം സംഭവിച്ചോ ആകാം, അയാളെ അല്‍പം തെളിഞ്ഞ ബോധത്തോടുകൂടി മരണം വരിക്കാന്‍ സഹായിക്കാവുന്നതാണ്. അടുത്ത ജന്മം അതെവിടെയാണെങ്കിലും അധികം പ്രയാസമുള്ളതല്ലാതിരിക്കാന്‍ അതുകൊണ്ട് സാധിക്കും. പ്രാരബ്ധം മുഴുവനായും അനുഭവിച്ചു കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം എല്ലാം അവസാനിച്ചുവെന്നു പറയാം. കര്‍മ്മ ബന്ധങ്ങളില്‍നിന്നുമുള്ള ഒരിടവേളയുടെ സമയമാണത്. ജീവിതം മുഴുവന്‍ പടുവിഡ്ഢിയായി ജീവിച്ച ഒരാള്‍ ചിലപ്പോള്‍ മരണസമയമടുക്കുമ്പോള്‍ നല്ല ബുദ്ധിയും വിവരവും പ്രകടിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. അതിന്‍റെ അര്‍ത്ഥം കര്‍മ്മഫലമെല്ലാം അയാള്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്. വല്ലതും നിസ്സാരമായതു മാത്രമേ ശേഷിക്കുന്നുണ്ടാവൂ, പുതിയതൊന്നും പട്ടികയിലേക്ക് എത്തിയിട്ടുമുണ്ടാവില്ല. അതുകൊണ്ടാണ് ആ ചെറിയ കാലയളവിനെ അനുഗ്രഹീതമായ സമയം എന്ന് വിശേഷിപ്പിക്കുന്നത്.

അതുവരെയും വിവരംകെട്ട ജീവിതം നയിച്ചിരുന്ന ഒരാള്‍ പെട്ടെന്നൊരു ദിവസം ജ്ഞാനിയായിത്തീരുന്നു. "അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ മരിക്കും." അയാള്‍ പറയുന്നു. വൃദ്ധനാണെങ്കിലും നല്ല ആരോഗ്യത്തോടുകൂടി കഴിയുന്ന ചിലര്‍ക്ക് ഇങ്ങനെയുള്ള ഉള്‍ക്കാഴ്ചകള്‍ ഉണ്ടാവാറുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കുക എളുപ്പമാണ്. അവരുടെ ലയനവും വളരെ സ്വാഭാവികമാകും. കര്‍മ്മബന്ധങ്ങള്‍ എല്ലാം തീര്‍ന്ന അവസ്ഥയിലെത്തിയിരിക്കുന്നവരാണ് അത്തരക്കാര്‍. മറ്റെവിടെയെങ്കിലും കര്‍മ്മഫലങ്ങളുടെ ഒരു മാറാപ്പ് അവരെ കാത്ത് കിടക്കുന്നുണ്ടാവും. എന്നാല്‍ തത്കാലത്തേക്ക് അവര്‍ക്ക് ഒരിടവേള കിട്ടിയിരിക്കുന്നു. കര്‍മ്മഫലം ഇല്ലാത്ത അവസ്ഥ "ഞാന്‍" ഇല്ലാത്ത അവസ്ഥയാണ്. "അഹം"ഭാവത്തിന് പ്രകടമാകേണ്ടതില്ലാത്ത അവസ്ഥ. പഴയതെല്ലാം അവസാനിപ്പിച്ചിരിക്കുന്നു, പുതിയതായി ഒന്നും ചെയ്യാനുമില്ല. സ്വാഭാവികമായ ലയനത്തിന് ഏറ്റവും യോജിച്ച സമയം, പുതിയ കര്‍മ്മങ്ങളുടെ ചുരുള്‍ നിവരാന്‍ ഇനിയും സമയമുണ്ട്.

സംയമനത്തോടെ കര്‍മ്മം ചെയതാല്‍ പുതിയ കര്‍മ്മപാശങ്ങള്‍ ഒഴിവാക്കാം. പൂര്‍വ്വജന്മത്തില്‍ വാരിക്കൂട്ടിയ സഞ്ചിത കര്‍മ്മങ്ങള്‍ ക്രമാനുസൃതം അനുഭവിച്ചുതീര്‍ക്കുകയും ചെയ്യാം. ശരീരമനോബുദ്ധികളുടെ ഒതുക്കമാണ് സംയമനം.

ചോദ്യം: സദ്ഗുരോ, ഓരോ വ്യക്തിയും ജന്മമെടുക്കുന്നത് സ്വന്തം പ്രാരബ്ധകര്‍മ്മം അനുഭവിച്ചു തീര്‍ക്കാനാണ് എന്നു പറയുന്നുണ്ടല്ലോ?

സദ്‌ഗുരു: ഇതൊരു കലവറയാണ്. അതില്‍നിന്നും ഒരു കുട്ടനിറയെ പുറത്തേക്കെടുത്തിരിക്കുന്നു. ഇനി അത് അനുഭവിച്ചു തീര്‍ക്കണം. നിങ്ങളുടെ തലയ്കകത്താണ് ആ കലവറ സ്ഥിതിചെയ്യുന്നത്. സംയമയില്‍ (വിവിധ ധ്യാനമുറകള്‍ സദ്‌ഗുരു തന്നെ നേരിട്ടു നല്‍കുന്ന ഈഷായുടെ എട്ടുദിവസത്തെ നിശബ്ദ കോഴ്സ്) നിങ്ങള്‍ പ്രാരബ്ദത്തിലോട്ടു പോകുന്നില്ല, നിങ്ങള്‍ സഞ്ചിതയുടെ കാഴ്ചപ്പാടിലോട്ടു നീങ്ങുകയാണ്. നിങ്ങളാ കലവറ തുറക്കുകയാണ്. ആദ്ധ്യാത്മിക മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഒരാള്‍ ജീവിതസാഹചര്യങ്ങള്‍ വേണ്ടതുപോലെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയതോതില്‍ കഷ്ടതകള്‍ സഹിക്കേണ്ടിവരും, കാരണം കര്‍മ്മങ്ങളുടെ വലിയൊരു മാറാപ്പാണ് അവരുടെ ചുമലിലുള്ളത്. മറ്റുള്ളവര്‍ ചെയ്യുന്നത് തങ്ങളുടേതായ പങ്ക് അനുഭവിച്ചു തീര്‍ക്കുക മാത്രമാണ്. ആദ്ധ്യാത്മിക പാതയിലൂടെ സഞ്ചരിക്കുന്നയാള്‍ എല്ലാം ഒരുമിച്ച് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റദിവസം കൊണ്ട് ബിരുദാനന്തര ബിരുദവും, ഗവേഷണ ബിരുദവും നേടാന്‍ ശ്രമിക്കുന്നതുപോലെ.

ആദ്ധ്യാത്മിക പാതയിലൂടെ സഞ്ചരിക്കുന്നയാള്‍ എല്ലാം ഒരുമിച്ച് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റദിവസം കൊണ്ട് ബിരുദാനന്തര ബിരുദവും, ഗവേഷണ ബിരുദവും നേടാന്‍ ശ്രമിക്കുന്നതുപോലെ.

എന്തും ക്രമാനുസൃതമായാണ് സംഭവിക്കേണ്ടത്. അതുകൊണ്ടാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കര്‍ശനമായ അച്ചടക്കം നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതല്ല എങ്കില്‍ ജീവിതത്തിന്‍റെ തിരത്തള്ളലില്‍ സംഗതികള്‍ കൈവിട്ടുപോകാന്‍ സാദ്ധ്യതയുണ്ട്. കര്‍മ്മങ്ങളെല്ലാം പെട്ടെന്ന് അനുഭവിച്ചവസാനിപ്പിക്കാന്‍ ഒരാള്‍ പ്രാപ്തനായിരിക്കയില്ല. വേണ്ട തയ്യാറെടുപ്പുകളില്ലാതെ അനവസരത്തില്‍ അതിനു മുതിര്‍ന്നാല്‍, കെട്ടുപൊട്ടി എല്ലാം ഒന്നോടെ വന്നുവീണ് അയാളെ വീര്‍പ്പുമുട്ടിക്കും.

സാധനകളിലൂടെ അവനവന്‍റെ ഉള്ളിലുള്ള ബോധത്തെ കൂടുതല്‍ തെളിവുറ്റതാക്കാന്‍ സാധിക്കും. കര്‍മ്മപാശങ്ങളുടെ ലയനവും വേഗത്തിലാകും. അങ്ങനെ പ്രാരബ്ധങ്ങള്‍ വേഗം അവസാനിപ്പിക്കാനാവും. ജീവിതം 100% നിങ്ങളുടെ അധീനത്തിലല്ല. അതുകൊണ്ടാണ് സാധന ചെയ്യണമെന്നു പറയുന്നത്. ഈ കാലത്ത് വലിയൊരു വിഭാഗം ആളുകളും ആശുപത്രികളിലാണ് മരണമടയുന്നത്. അവരുടെയൊന്നും പ്രാരബ്ധം ഒടുങ്ങിയിട്ടുണ്ടാവില്ല. പ്രത്യേകിച്ച് സുഖക്കേടുകളൊന്നുമില്ലാതെ വാര്‍ദ്ധക്യം പ്രാപിച്ച് മരിക്കുന്നവര്‍ പ്രായേണ കുറവാണ്.

സാധനകള്‍ വഴി നിങ്ങളുടെ ബോധം തെളിയുന്നു. കര്‍മ്മങ്ങളുടെ ലയനം എന്ന പ്രക്രിയ വേഗത്തില്‍ നടക്കുന്നു. അങ്ങനെ പ്രാരബ്ധവും വേഗം അവസാനിക്കുന്നു. പ്രാരബ്ധകര്‍മ്മങ്ങള്‍ കുറെയൊക്കെ ലയിപ്പിക്കാനായാല്‍ പിന്നീടുള്ള ജീവിതം താരതമ്യേന ശാന്തവും സന്തോഷമുള്ളതുമാകും. കൂടുതല്‍ കാലം സ്വസ്ഥമായി ജീവിക്കാനുമാകും. മാനസികമായി ശാന്തി നേടിയാലും ശരീരത്തെ സംബന്ധിച്ച കര്‍മ്മങ്ങള്‍ ശേഷിക്കുന്നുണ്ടാവും. അത് തീരാന്‍വേണ്ടി ആയുസ്സും നീണ്ടുപോകും, എന്നാല്‍ അതുകൊണ്ടൊന്നും മനഃശാന്തിക്ക് ഉലച്ചില്‍ തട്ടുകയില്ല. വളരെയധികം ധന്യതയാര്‍ന്ന ഒരവസ്ഥയാണത്. ശരീര സംബന്ധമായ പ്രാരബ്ധങ്ങള്‍ അവസാനിക്കുന്നതോടെ ദേഹവും വീണുപോകുന്നു. അങ്ങനെയുള്ളവര്‍ക്ക് പരമമായ മോക്ഷത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

Photo credit to : https://c4.staticflickr.com/6/5538/11023864763_fabe3e0acc_b.jpg

 
 
 
 
  0 Comments
 
 
Login / to join the conversation1