നിഷ്‌ക്രിയത്വത്തില്‍ നിന്ന്‍ നിശ്ചലത്വത്തിലേക്ക്‌
അമ്പേഷി : സദ്‌ഗുരു, ഈ പാതയില്‍ വന്നതിനുശേഷം, ഞാന്‍ ഒരു തരത്തില്‍ നിശ്ചലനും ശാന്തനുമായിരിക്കുന്നു. ഇത്‌ യഥാര്‍ത്ഥത്തില്‍ നിശ്ചലത്വമാണോ, അതോ മുരടിപ്പാണോ എന്ന്‍ ഞാന്‍ സ്വയം ചോദിക്കാറുണ്ട്‌. എന്താണ്‌ ഇവ തമ്മിലുള്ള വ്യത്യാസം?
 
 

<>

सद्गुरु

അമ്പേഷി : സദ്‌ഗുരു, ഈ പാതയില്‍ വന്നതിനുശേഷം, ഞാന്‍ ഒരു തരത്തില്‍ നിശ്ചലനും ശാന്തനുമായിരിക്കുന്നു. ഇത്‌ യഥാര്‍ത്ഥത്തില്‍ നിശ്ചലത്വമാണോ, അതോ മുരടിപ്പാണോ എന്ന്‍ ഞാന്‍ സ്വയം ചോദിക്കാറുണ്ട്‌. എന്താണ്‌ ഇവ തമ്മിലുള്ള വ്യത്യാസം?

സദ്‌ഗുരു : മുരടിപ്പ്‌ ഒരു രോഗമാണ്‌, അത്‌ ജീവിതത്തിന്‌ എതിരാണ്‌, എന്നാല്‍ നിശ്ചലത്വം പുറത്ത്‌ പ്രകടമാക്കാനാവാത്ത വലിയ തോതിലുള്ള ജീവനാണ്‌. നിശ്ചലത്വം - എല്ലാ പ്രഭാവങ്ങളോടും കൂടി അത്‌ നിലനില്‍ക്കുന്നു - നിശ്ചലമാണ്‌ എന്നാല്‍ നിഷ്‌ക്രിയമല്ല, അതുതന്നെയാണ്‌ ഈശ്വരനും. മനസ്സാണ്‌ നിഷ്‌ക്രിയം, മനസ്സിനെ നിഷ്‌ക്രിയത്വത്തില്‍ നിന്ന്‍ നിശ്ചലത്വത്തിലേക്ക്‌ നയിക്കുന്ന ശക്തിയാണ്‌ സാധനകള്‍. നിഷ്‌ക്രിയത്വവും, നിശ്ചലത്വവും ഒന്നിച്ചാവുമ്പോള്‍ അവ തമ്മില്‍ വലിയ വ്യത്യാസം തോന്നുകയില്ല, എന്തെന്നാല്‍ യുക്തിചിന്തക്ക്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌ ചലനവും നിശ്ചലത്വവുമാണ്‌. നിഷ്‌ക്രിയമായതും, നിശ്ചലമായതും, ഇവ രണ്ടും ചലനരഹിതമാണ്‌. വസ്‌തുനിഷ്‌ഠമായി ചിന്തിച്ചാല്‍ ഇവ തമ്മില്‍ വ്യത്യാസമില്ല. സ്ഥൂലമായ അര്‍ത്ഥത്തില്‍ ഇവ ഒന്നാണെന്ന്‍ തോന്നുമെങ്കിലും, സ്വഭാവത്തില്‍ ഇവ വ്യത്യസ്‌ത ലോകങ്ങള്‍ തന്നെയാണ്‌. ഉദാഹരണത്തിന് - ധ്യാനിക്കുന്ന ഒരാളും, ഉറങ്ങുന്ന ആളും, രണ്ടും ഒരുപോലെ തോന്നും. ഒരാള്‍ ഇരുന്നുറങ്ങുന്നു, മറ്റെയാള്‍ കിടന്നുറങ്ങുന്നു, കാഴ്ചയില്‍ അത്രയേയുള്ളു വ്യത്യാസം.

മാര്‍ഗം ഒന്നേയുള്ളു, ശാരീരികവും മാനസികവും വൈകാരികവുമായ പരിധികള്‍ ഭേദിച്ച്‌ അതിനപ്പുറമെത്തുക. ഒന്നുകില്‍ ഭ്രാന്തനായിത്തീരുക, അല്ലെങ്കില്‍ സാക്ഷാത്‌കാരം നേടുക

ചലനാത്മക ജീവിതം നയിക്കുന്നവരായി ലോകം കരുതുന്ന ആളുകള്‍ പരിഹാസത്തോടെയാണ്‌ ധ്യാനത്തെ നോക്കിക്കാണുന്നത്. നേരെ ചൊവ്വേ ഒന്നുറങ്ങാന്‍ പോലുമറിയാത്തവര്‍ക്കുള്ളതാണ്‌ ധ്യാനമെന്നാണവര്‍ കരുതുന്നത്‌. നിഷ്‌ക്രിയത്വവും നിശ്ചലത്വവും തമ്മില്‍ ആന്തരികമായി വലിയ അന്തരമുണ്ട്‌, അജ്ഞതയില്‍നിന്നു സാക്ഷാത്‌കാരത്തിലേക്ക്‌ - അതാണന്തരം. ഒരു തരത്തില്‍ പറഞ്ഞാല്‍ അവ രണ്ടും ഒന്നുതന്നെയാണ്‌, സ്വഭാവത്തില്‍ മാറ്റം വരുമെന്നുമാത്രം. എന്നാല്‍ നിങ്ങള്‍ അജ്ഞാനത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ സ്വഭാവത്തിലുള്ള ഈ വ്യത്യാസം എങ്ങിനെ മനസ്സിലാക്കും? ഇതുകൊണ്ടാണ്‌ സാധനകള്‍ ആദ്യാവസാനം അനുഷ്‌ഠിക്കേണ്ടതായി വരുന്നത്‌. ഒരാളുടെ ബുദ്ധിശൂന്യതയുടെ തോതനുസരിച്ചാകും സാധനകള്‍ അനുഷ്‌ഠിക്കേണ്ട കാലയളവില്‍ വ്യത്യാസം വരുന്നത്‌. ശാരീരികവും, മാനസികവും ആയ പരിധികള്‍ ഭേദിക്കുവാന്‍ സാധിച്ചാല്‍ മാത്രമേ അതിനപ്പുറമെന്താണെന്ന്‍ കാണാന്‍ കഴിയൂ. ചെറിയ ബുദ്ധിമുട്ടുകള്‍പോലും സഹിക്കാന്‍ കഴിയാത്തവര്‍ക്ക്‌ അതൊരിക്കലും അറിയാന്‍ കഴിയില്ല. മാര്‍ഗം ഒന്നേയുള്ളു, ശാരീരികവും മാനസികവും വൈകാരികവുമായ പരിധികള്‍ ഭേദിച്ച്‌ അതിനപ്പുറമെത്തുക. ഒന്നുകില്‍ ഭ്രാന്തനായിത്തീരുക, അല്ലെങ്കില്‍ സാക്ഷാത്‌കാരം നേടുക. നിങ്ങളെ ഭ്രാന്തനാകാന്‍ ഞാന്‍ അനുവദിക്കുകയില്ല, അതോര്‍ത്ത്‌ വിഷമിക്കേണ്ട.

അമ്പേഷി : എന്നാല്‍ എത്രകാലത്തേക്ക്‌ സദ്‌ഗുരു, എത്ര കാലത്തേക്ക്‌? പാത ദീര്‍ഘവും ദുര്‍ഘടവും ആയി തോന്നുന്നു എന്നതു മാത്രമല്ല, കാഠിന്യം ഒന്നിനൊന്ന്‍ ഏറി വരുന്നു. പ്രത്യേകിച്ച്‌ ഓരോരുത്തര്‍ കണ്ണടച്ച്‌ ധ്യാനത്തിലിരിക്കുമ്പോഴും അതുപോലെ തന്നെ, അങ്ങ്‌ അടുത്തുള്ളപ്പോള്‍, യാതൊരു കാരണവുമില്ലാതെ സന്തോഷാധിക്യത്താല്‍ കാട്ടുന്ന വിക്രിയകള്‍ കാണുമ്പോഴും ഒക്കെ ഇത്‌ ഒട്ടും എളുപ്പമായി എനിക്ക്‌ തോന്നുന്നില്ല.

സദ്‌ഗുരു : ഒരു കഥ പറയാം. ഒരു വീട്ടില്‍ കാഴ്‌ചയില്‍ ഒരു പോലെയിരിക്കുന്നവരും, എന്നാല്‍ സ്വഭാവത്തില്‍ വ്യത്യസ്‌ത ധ്രുവങ്ങളില്‍ സഞ്ചരിക്കുന്നവരുമായ, ഇരട്ടകളായ രണ്ട് ‌ ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക്‌ കഠിനമായ ചൂടനുഭവപ്പെട്ടാല്‍ മറ്റെയാള്‍ക്ക്‌ കഠിനമായ തണുപ്പാണ്‌ തോന്നുക. ഒരാള്‍ക്ക്‌ കേക്ക്‌ ഇഷ്‌ടമായിരുന്നെങ്കില്‍ മറ്റവന്‍ അതിനെ വെറുത്തിരുന്നു. എല്ലാ രീതിയിലും വിപരീത ധ്രുവങ്ങളിലായിരുന്നു അവര്‍. ഒരുവന്‍ ശുഭാപ്‌തി വിശ്വാസക്കാരനായിരുന്നെങ്കില്‍ മറ്റവന്‍ എല്ലാം സംശയ ദൃഷ്ടിയോടെ മാത്രം കാണുന്നവനായിരുന്നു.

അവരുടെ ജന്മനാളിന്‌ അച്ഛന്‍ ദോഷൈകദൃക്കിന്‍റെ മുറി മുന്തിയ കളിപ്പാട്ടങ്ങള്‍ കൊണ്ടു നിറച്ചു, ശുഭാപ്‌തി വിശ്വാസക്കാരന്‍റെ മുറിയില്‍ കുതിരച്ചാണകവും നിറച്ചു. രാത്രിയായപ്പോള്‍ എന്താണ്‌ സംഭവിച്ചതെന്നറിയാന്‍ അച്ഛന്‍ ചെന്ന്‍ നോക്കിയപ്പോള്‍ അശുഭചിന്തക്കാരന്‍ തന്‍റെ മുറിയില്‍ കളിപ്പാട്ടങ്ങള്‍ക്ക്‌ നടുവിലിരുന്ന്‍ ഏങ്ങലടിച്ചു കരയുന്നു. വിഷമം തോന്നി അച്ഛന്‍ ചോദിച്ചു, "ഇതെല്ലാം കിട്ടിയിട്ടും നിനക്കെന്തു പറ്റി?”

അവന്‍ മറുപടി പറഞ്ഞു, "എന്താണെന്നോ, ഇതൊക്കെ ഉപയോഗിക്കുന്നതിനുമുന്‍പ്‌ അതിനോടൊപ്പമുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച്‌ മനസ്സിലാക്കണം, നിരന്തരം ബാറ്ററി മാറ്റേണ്ടി വരും, എന്‍റെ കൂട്ടുകാര്‍ ഇതെല്ലാം കണ്ട് ‌ അസൂയപ്പെടും, ഇതിനൊക്കെ പുറമേ ഈ കളിപ്പാട്ടങ്ങള്‍ ആരെങ്കിലും മോഷ്‌ടിക്കുകയോ, കേടുവരുത്തുകയോ ഒക്കെ ചെയ്യും.”

ശുഭാപ്‌തി വിശ്വാസക്കാരന്‍റെ മുറിയില്‍ ചെന്നപ്പോള്‍, അവന്‍ ചാണകത്തിന്‍റെ മുകളില്‍ നിന്ന്‍ നൃത്തം ചെയ്യുന്നതാണ്‌ കണ്ടത്‌. "എന്താ മോനെ, നിനക്കിത്ര സന്തോഷം? ”എന്ന്‍ അച്ഛന്‍ ചോദിച്ചു.

കുട്ടി മറുപടി പറഞ്ഞു, "ഇതു നോക്കു അച്ഛാ, കുതിരച്ചാണകം. അപ്പോ, ഇവിടെ എവിടെയെങ്കിലും കുതിര കാണണമല്ലോ! എവിടെയാ അച്ഛാ കുതിര?”

നിങ്ങളുടെ പ്രശ്‌നം ഏതാണ്ടിതുപോലെയാണ്‌. ഞാന്‍ തരുന്നതെല്ലാം എറിഞ്ഞുകളയുന്ന ഒരാളെ എന്തു ചെയ്യാന്‍? ഈ പ്രപഞ്ചം നിങ്ങള്‍ക്കു നല്‍കിയ എല്ലാറ്റിനെയും വിദ്വേഷത്തോടെ നോക്കുകയും, കുറ്റം പറയുകയും ചെയ്‌താല്‍ പിന്നെ എന്തു ചെയ്യും? എപ്പോഴും വേറെ വേറെ ദിശകളിലേക്ക്‌ പോകണം എന്ന മനോഭാവത്തോടെ നടക്കുന്ന ഒരാളെ എങ്ങിനെ രക്ഷപ്പെടുത്താനാകും? ചെറിയ ബുദ്ധിമുട്ടുപോലും സഹിക്കാന്‍ കഴിയുന്നില്ല. കണ്ണടച്ച്‌ ഒരിടത്തിരിക്കുമ്പോള്‍ നിങ്ങളുടെ മനസ്സ്‌ അവിടെയും ഇവിടെയും എല്ലാം ഓടി നടക്കുന്നു. ബോധിവൃക്ഷച്ചുവട്ടില്‍ ഇരുന്നപ്പോള്‍ ഗൌതമന്‍ ഇങ്ങിനെ ചിന്തിച്ചു, ``ആത്മസാക്ഷാത്‌കാരം ലഭിക്കുന്നതുവരെ ഇവിടെ നിന്ന്‍ ഞാന്‍ എഴുന്നേല്‍ക്കുകയില്ല. ഒന്നുകില്‍ ഇവിടിരുന്നു മരിക്കും, അല്ലെങ്കില്‍ സാക്ഷാത്‌കാരം നേടും.” അവിടെയിരുന്ന ഗൌതമന്‌ ഒരു നിമിഷത്തില്‍ ബോധോദയമുണ്ടായി. അതിനായി അദ്ദേഹത്തിന്‌ ഇരുപത്തിയഞ്ചു കൊല്ലം ഇരിക്കേണ്ടി വന്നില്ല. ഓരോരുത്തരും ഇത്തരത്തിലൊരു സങ്കല്‍പ്പത്തിലെത്തിച്ചേരണം.

ഇനി അതിന്‌ എത്ര സമയം എടുക്കും എന്ന ചോദ്യം.

നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ളതിനെ കാണാന്‍ എത്ര സമയം വേണം? ഒരു നിമിഷാര്‍ദ്ധം പോലും വേണ്ട. പിന്നെ എന്തുകൊണ്ടാണ്‌ ഇത്രയധികം സമയം വേണ്ടി വരുന്നത്‌? വേണ്ടത്ര തീവ്രത ഇല്ല, അതു കൊണ്ടുതന്നെ. മുഴുവന്‍ ശക്തിയും സംഭരിച്ച്‌ സാധനകള്‍ ചെയ്യുക, എന്നിട്ട്‌ എന്ത്‌ സംഭവിക്കുന്നു എന്ന്‍ നോക്കാം. നിങ്ങള്‍ എന്തിനു മുന്‍ഗണന നല്കുന്നുവോ, അതിനെ പടിപടിയായി മുന്‍പോട്ട് തള്ളുക. എത്ര ബുദ്ധിമുട്ടു തോന്നിയാലും, അതിനൊരു ഭംഗം വരുത്താതെ, വീണ്ടും വീണ്ടും മുന്നിലോട്ടു നീക്കിക്കൊണ്ടിരിക്കുക. പരമാവധി ഊര്‍ജ്ജം ഉപയോഗിച്ച് അതിനെ തള്ളുക. അപ്പോള്‍ മാത്രമേ മനസ്സ്‌ സ്വയം അലിഞ്ഞ്‌ ഇല്ലാതാകുകയുള്ളു. മറ്റൊരു സാധനയും ചെയ്യേണ്ടതില്ല; ഇതു മാത്രം മതി. മറ്റെല്ലാ സാധനകളും ഈ ഒരു കാര്യം സാധിക്കുന്നതിനു വേണ്ടിയാണ്‌. അത്‌ ഒരു അടിയുറച്ച സങ്കല്‍പമാക്കിത്തീര്‍ക്കുക.

എന്തിനുവേണ്ടിയാണ്‌ ചിലരോട്‌ ഹിമാലയത്തില്‍ പോയി പന്തീരാണ്ടു കൊല്ലക്കാലം കഴിച്ചുകൂട്ടാന്‍ പറയുന്നത്‌? സത്യാമ്പേഷണത്തിന്‍റെ പാതയില്‍, സത്യാമ്പേഷണത്തിനായി, അയാള്‍ തന്‍റെ ജീവിതത്തിലെ പന്ത്രണ്ട് ‌ കൊല്ലങ്ങള്‍ എല്ലാ കഷ്‌ടപ്പാടുകളും സഹിച്ച്‌ കഴിയാന്‍ തയ്യാറാവുന്നു എന്നതിനാലാണ്‌. അത്തരത്തിലുള്ള സങ്കല്‍പം മനസ്സിലുണ്ടായാല്‍ പിന്നെ ദൂരം അധികമില്ല. സ്വന്തം ജീവിതം വ്യര്‍ത്ഥമാക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നു, ലോകം മുഴുവന്‍ തിന്നും കുടിച്ചും ആടിയും പാടിയും രസിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ മാത്രം കൊടുംതണുപ്പ്‌ സഹിച്ച്‌ “ശിവ ശിവ ശിവ”എന്നു ജപിച്ചു കഴിയുന്നു. അത്തരം കഠിന വൃത്തികള്‍ ‌ കൊണ്ട് യാതൊന്നും സംഭവിക്കാന്‍ സാധ്യതയില്ല എന്ന ബോധത്തോടെ അവിടെ ഇരിക്കുന്നു. ഈ കഷ്ടപ്പാടെല്ലാം സഹിച്ച് അവിടെ കഴിഞ്ഞതുകൊണ്ട് ‌ വലിയ പ്രയോജനമോന്നുമില്ല എന്നു നിങ്ങള്‍ക്കറിയാം. ശിവന്‍ വന്ന്‍ മുക്തനാക്കുകയില്ല, വിശപ്പകറ്റാന്‍ അവനവന്‍ തന്നെ ബുദ്ധിമുട്ടേണ്ടി വരും, കൊടുംതണുപ്പത്ത് ഒരു കൂര പോലും കിട്ടാതെ കിടുകിടാ വിറയ്ക്കും. ഇങ്ങിനെയൊക്കെയാണെങ്കിലും നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മറ്റെന്തോ ആയതുകൊണ്ട് ‌ നിങ്ങള്‍ അവിടെ കഴിയുന്നു. അത്തരത്തില്‍ ഒരു സങ്കല്‍പം മനസ്സില്‍ ഉറച്ചു കഴിഞ്ഞാല്‍ പിന്നെ പന്ത്രണ്ടുകൊല്ലമൊന്നും വേണ്ടി വരില്ല, ഒരു നിമിഷത്തില്‍തന്നെ അത്‌ സംഭവിക്കാം. ഈ നിമിഷത്തെ നിങ്ങള്‍ പ്രയോജനപ്പെടുത്താത്തതുകൊണ്ടാണ്‌ അടുത്ത നിമിഷത്തിനായി കാത്തിരിക്കേണ്ടിവരുന്നത്‌. ചെറിയ ബുദ്ധിമുട്ടുകള്‍ പോലും നേരിടേണ്ടി വരുമ്പോള്‍ ഇതെനിക്കുള്ളതല്ല എന്നു പറഞ്ഞിരുന്നാല്‍, 'അത്‌ നിങ്ങള്‍ക്കുള്ളതല്ല'.

ഈ പാത ദുര്‍ഘടമാണ്‌ എന്നല്ല ഞാന്‍ പറയുന്നത്‌, നിങ്ങള്‍ അതിനെ ദുര്‍ഘടമാക്കുകയാണ്‌. പാത എളുപ്പമുള്ളതാണ്‌, നിങ്ങള്‍ എളിയ രീതിയില്‍ ചിന്തിച്ചാല്‍ പാതയും എളുപ്പമാണ്‌. എന്നാല്‍ വളഞ്ഞ വഴിക്കാണ്‌ ചിന്തിക്കുന്നതെങ്കില്‍ പാതയും വളരെ വളരെ വളവുള്ളതാവും; അതാണ്‌ യാഥാര്‍ത്ഥ്യം. ലാളിത്യത്തോടും സമാധാനത്തോടും ജീവിക്കുന്നവര്‍ക്ക്‌ ജീവിതവും എളുപ്പമാണ്‌, വക്രതയോടെ കഴിയുന്നവര്‍ക്ക്‌ അത്‌ അത്രത്തോളം സങ്കീര്‍ണവുമാണ്‌. അതുകൊണ്ട് ‌ നേരായ രീതിയില്‍ ചിന്തിക്കുക. ഭൂതകാലത്തിലെ ഞരമ്പ്‌ തകര്‍ക്കുന്ന കുരുക്കുകള്‍ ധാരാളം ഉണ്ടെന്നിരിക്കെ, വീണ്ടും എന്തിന്‌ പുതിയ കെട്ടുകള്‍ ഉണ്ടാക്കണം? പഴയ കെട്ടുകള്‍തന്നെ വേണ്ടത്ര വേദന നിങ്ങള്‍ക്കുളവാക്കുന്നുണ്ട്‌. മാനസികമായി നിങ്ങളെ തളര്‍ത്തുന്നുണ്ട്‌. നിങ്ങളെ ഉള്ളില്‍നിന്ന്‍ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന പൊള്ളയായ ഒരു കുഴി നിങ്ങളില്‍ത്തന്നെയുണ്ട്‌. കൂടുതല്‍ കുഴികള്‍ ഉണ്ടാക്കാതിരിക്കുക. നിങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടാക്കിയവതന്നെ ധാരാളം. എത്രയെത്ര ജന്മങ്ങളില്‍ കിട്ടിയ നല്ല നല്ല അവസരങ്ങള്‍ നിങ്ങള്‍ പാഴാക്കിയിരിക്കുന്നു. ഈ ജന്മവും അതുപോലെ നഷ്‌ടമാക്കേണ്ടതുണ്ടോ? ഈ ചുറ്റുപാടില്‍, ഊര്‍ജം ഇത്രയധികം ഉത്തേജിതമായിരിക്കുന്ന അവസ്ഥയില്‍, ഈ ചുറ്റുപാടിനേയും എന്നേയും നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എങ്കില്‍, അതിന്‍റെ സാധ്യതകള്‍ നിങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍, പിന്നെ...

ഊര്‍ജം ഇത്രയധികം ഉത്തേജിതമായിരിക്കുന്ന അവസ്ഥയില്‍, ഈ ചുറ്റുപാടിനേയും എന്നേയും നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എങ്കില്‍, അതിന്‍റെ സാധ്യതകള്‍ നിങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍, പിന്നെ...

<

അമ്പേഷി: ഗുരുനാഥാ, മുക്തിയുടെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഒരു അമ്പേഷി അങ്ങയുടെ സാമീപ്യം എങ്ങിനെയാണ്‌ പ്രയോജനപ്പെടുത്തുക?

സദ്‌ഗുരു : നിങ്ങള്‍ക്ക്‌ ഞാന്‍ ഒരു ചെറിയ കളിപ്പാട്ടം, ഒരു കാര്‍ തന്നാല്‍ അത്‌ എങ്ങിനെ പ്രവര്‍ത്തിപ്പിക്കണമെന്ന്‍ നിങ്ങള്‍ക്കറിയാം. ഒരു യഥാര്‍ത്ഥ കാര്‍ തന്നാലും നിങ്ങള്‍ അത്‌ ഓടിച്ച്‌ രസിക്കും, എന്നാല്‍ ഞാന്‍ തരുന്നത്‌ ഒരു ബഹിരാകാശ വാഹനമാണെങ്കില്‍ നിങ്ങള്‍ക്ക്‌ അതിന്‍റെ വാലേത് തലയേത് എന്നു തിരിച്ചറിയാന്‍ കഴിയുകയില്ല. ഏത് ആധുനിക യന്ത്രം തന്നാലും അതിലെ നൂറുകണക്കിന്‌ യന്ത്രഭാഗങ്ങളും മീറ്ററുകളും കാണുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിങ്ങള്‍ കുഴയും. ഗുരുവിനെ ഒരു ബഹിരാകാശ വാഹനമെന്ന്‍ വിളിക്കാം. ഒഗുരു നിങ്ങളെ പ്രപഞ്ചാനുഭവങ്ങളുടെ ഇപ്പോഴത്തെ തലങ്ങളില്‍നിന്ന്‍ മറ്റു തലങ്ങളിലേക്ക്‌ വഹിച്ചു കൊണ്ടുപോകാനുള്ള വാഹനമാണ്‌. ഒരു ബഹിരാകാശ വാഹനം എങ്ങനെ കൈകാര്യം ചെയ്യാമെന്ന്‍ നിങ്ങള്‍ക്കറിയില്ല. അതുകൊണ്ട് ‌ അതിനെ ഉപയോഗിക്കാന്‍ ശ്രമിക്കാതെ, അതിനോടൊപ്പം ഇരിക്കുക, കണ്ടു മനസ്സിലാക്കുക.

ബഹിരാകാശ പേടകത്തില്‍ ഒരിടത്ത്‌ ഇരിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍, അത്‌ പോകുന്ന ഇടങ്ങളിലെല്ലാം നിങ്ങളേയും കൊണ്ടുപോകും. അതിനാല്‍ അദ്ദേഹത്തിനോടൊപ്പം വെറുതെ ഇരിക്കാനുള്ള ക്ഷമ കാണിക്കു, ഉപയോഗിക്കാന്‍ ശ്രമിക്കാതെ. അങ്ങിനെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അത്‌ വലിയ അബദ്ധമായിത്തീരും. കോടാനുകോടി അമ്പേഷികള്‍ യുഗയുഗാന്തരങ്ങളായി ചെയ്‌തുകൊണ്ടിരിക്കുന്ന വലിയ ഒരബദ്ധമാണ്‌ ഗുരുവിനെ ഉപയോഗിക്കാന്‍ ശ്രമിക്കുക എന്നത്‌.

കേദാരത്തിലേക്കുള്ള വഴിമദ്ധ്യേ കണ്ടുമുട്ടിയ സാധുവായ ചെറുപ്പക്കാരനെക്കുറിച്ച്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടുണ്ട്. എട്ടുകൊല്ലമായി അയാള്‍ തന്‍റെ ഗുരുവിനോടൊപ്പം കഴിയുന്നു. ഇതുവരെയും ഗുരു സാധനകള്‍ ഒന്നും കൊടുത്തിട്ടില്ല. "ഞാന്‍ അദ്ദേഹത്തെ സേവിച്ച്‌ കാത്തിരിക്കും. അദ്ദേഹം സാധനകള്‍ പറഞ്ഞു തന്നാല്‍ അത്‌ ചെയ്യും. അദ്ദേഹം പറയുന്നതെല്ലാം ഞാന്‍ ചെയ്യും, പാചകം ചെയ്യും, വസ്‌ത്രം കഴുകും, മുറ്റമടിക്കും. ഞാന്‍ വെറുതേ കാത്തിരിക്കുന്നു, പ്രത്യേകിച്ചു പ്രതീക്ഷകളൊന്നുമില്ലാതെ”, അയാള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഒരാള്‍ തീര്‍ച്ചയായും നേടേണ്ടത് നേടിയിരിക്കും. അയാളും അയാളുടെ കൂടെയുണ്ടായിരുന്ന മറ്റു നാലുപേരും സമര്‍ത്ഥരും ബുദ്ധിമാന്‍മാരുമായിരുന്നു. ഒരു ചെറിയ സാധനയ്ക്കുപോലും തുടക്കം കുറിക്കാനാവാതെ എട്ടുകൊല്ലമായി കാത്തിരിക്കുന്നവര്‍. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ്‌ എഴുനേല്‍ക്കാന്‍ നോക്കാതെ, ബഹിരാകാശ പേടകത്തില്‍ ഇരിക്കാന്‍ പഠിക്കുക. അദ്ദേഹത്തിനോടൊപ്പം ഇരിക്കാന്‍ പഠിച്ചാല്‍ മാത്രം മതി; സംഭവിക്കേണ്ടത്‌ താനേ സംഭവിച്ചുകൊള്ളും.

 
 
 
 
  0 Comments
 
 
Login / to join the conversation1