ചോദ്യം:- പ്രണാമം സദ്ഗുരു. എന്‍റെ ചോദ്യം തെല്ലു പൊള്ളുന്നതാണ്. പലപല നിസ്സാരമോഹങ്ങളും എന്‍റെ മനസ്സില്‍ കിടന്നു നീറുന്നുണ്ട്. അതിനോടൊപ്പം പരമമായത് നേടാനുള്ള മോഹവും ജ്വലിച്ചു നില്‍ക്കുന്നു. അതാണെന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. നിസ്സാരമായ അനവധി ആഗ്രഹങ്ങള്‍, കൂട്ടത്തില്‍ ആത്യന്തികമായതു കൈവരിക്കാനുള്ള ആഗ്രഹവും... എന്നെ ഇത് എവിടെയെങ്കിലും എത്തിക്കുമോ? ലൗകികതയെ മറികടക്കുക എന്ന ആശയമൊന്നും എന്‍റെ തലയില്‍ കയറുന്നില്ല. ജീവിതത്തിലെ നിസ്സാരസുഖങ്ങളെ മറികടക്കേണ്ടതെങ്ങനെയാണ്? പരമമായ ലക്ഷ്യത്തില്‍ത്തന്നെ കണ്ണുനട്ട് അവിടേക്ക് വേഗത്തില്‍ എത്തിച്ചേരേണ്ടത് എങ്ങനെയാണ്?

നമ്മുടെ അടിസ്ഥാന പ്രശ്‌നം ഇപ്പോഴുള്ളതിനേയും ആത്യന്തികമായി ഉള്ളതിനേയും വിഭിന്നമായി കാണുന്നു എന്നുള്ളതാണ്. അതു ശരിയല്ല. രണ്ടും ഒന്നാണ്.

സദ്ഗുരു:- അപ്പോള്‍ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ എരിഞ്ഞു നില്‍ക്കുന്ന ഒരു മനസ്സാണ് നിങ്ങളുടേത് അല്ലേ? നമ്മുടെ അടിസ്ഥാന പ്രശ്‌നം ഇപ്പോഴുള്ളതിനേയും ആത്യന്തികമായി ഉള്ളതിനേയും വിഭിന്നമായി കാണുന്നു എന്നുള്ളതാണ്. അതു ശരിയല്ല. രണ്ടും ഒന്നാണ്. ഇഴ പിരിക്കാനാവില്ല, ഈ നഗരത്തില്‍ എണ്ണമറ്റ സാംപാഗി വൃക്ഷങ്ങളുണ്ട്. സുഗന്ധം പൊഴിക്കുന്ന പൂക്കള്‍. എങ്കിലും നിങ്ങള്‍ അതൊട്ടും ശ്രദ്ധിക്കാറില്ല. നിങ്ങള്‍ അവഗണിക്കുന്ന ആ പൂക്കള്‍ പൂത്തു വിടര്‍ന്ന് സുഗന്ധം പൊഴിക്കണമെങ്കില്‍ തീര്‍ച്ചയായും അതിനകത്ത് സര്‍ഗചൈതന്യം പ്രവര്‍ത്തിക്കുന്നുണ്ടാവണം. അതേ ചൈതന്യം തന്നെയാണ് നിങ്ങളിലും പ്രവര്‍ത്തിക്കുന്നതെന്ന് എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ?

ഒരു ഉറുമ്പിനെ നോക്കൂ... അതിന്‍റെ കാര്യപ്രാപ്തി, ആറു കുഞ്ഞുകാലുകള്‍ കൊണ്ട് എത്ര വേഗത്തിലാണ് അതു ചലിക്കുന്നത്. അതിശയകരമായ ഒരു സംവിധാനമല്ലേ അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. ആ കുഞ്ഞുറുമ്പില്‍ പ്രവര്‍ത്തിക്കുന്ന സൃഷ്ടിപ്രഭാവം തന്നെയാണ് പ്രപഞ്ചത്തിലെ സര്‍വ്വതിലും പ്രവര്‍ത്തനനിരതമായിരിക്കുന്നത്.

പൂര്‍ണ്ണശ്രദ്ധ

ഏറ്റവും നിസ്സാരമായ സംഗതി മുതല്‍ ഏറ്റവും ബൃഹത്തായ സംഗതി വരെ, ആ വിശ്വശില്പിയുടെ കരചലനം കൂടാതെ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. എല്ലാറ്റിനും ആധാരമായിരിക്കുന്നത് ആ വിശ്വചൈതന്യമാണ്. നിങ്ങളുടെ മനസ്സിലെ ഏറ്റവും തുച്ഛമായ ചിന്ത... ഏറ്റവും ഉദാത്തമായ ചിന്ത. തികച്ചും ലൗകീകമായ വിചാരങ്ങള്‍... അത്യധികം ദൈവീകമായ സങ്കല്പങ്ങള്‍... അതിനെല്ലാം നിദാനമായിരിക്കുന്നത് പരമമായ ആ ബോധം മാത്രമാണ്. എത്ര തന്നെ ലൗകികമായ ചിന്തയായാലും അതില്‍ നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തുമ്പോള്‍ സ്വാഭാവികമായും അത് ഒരാത്മീയ സാധനയുടെ തലത്തിലേക്കുയരുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ചെറുവിരലനക്കി നോക്കൂ... അതില്‍ത്തന്നെ മനസ്സിരുത്തൂ... പതുക്കെ നിങ്ങളുടെ മനസ്സു ശാന്തമാവും.... അതൊരു അദ്ധ്യാത്മചിന്തയായിമാറും.

ലൗകീകമായതും, ദൈവീകമായതും.... രണ്ടും നിങ്ങളുടെ മനസ്സിന്‍റെ സൃഷ്ടികളാണ്. ആത്യന്തികമായി നോക്കുമ്പോള്‍ അങ്ങനെയൊരു വ്യത്യാസമില്ല. ഉണ്ട് എന്നു തോന്നുന്നത് നിങ്ങള്‍ അതിനു നല്‍കുന്ന ഗൗരവത്തെ ആസ്പദമാക്കിയാണ്.

ലൗകീകമായതും, ദൈവീകമായതും.... രണ്ടും നിങ്ങളുടെ മനസ്സിന്‍റെ സൃഷ്ടികളാണ്. ആത്യന്തികമായി നോക്കുമ്പോള്‍ അങ്ങനെയൊരു വ്യത്യാസമില്ല. ഉണ്ട് എന്നു തോന്നുന്നത് നിങ്ങള്‍ അതിനു നല്‍കുന്ന ഗൗരവത്തെ ആസ്പദമാക്കിയാണ്.. ഒരേ ശ്രദ്ധയോടെ എല്ലാറ്റിനേയും നോക്കികാണുകയാണെങ്കില്‍, എല്ലാം ഒരു പോലെത്തന്നെ കാണപ്പെടും. ഉച്ചനീചത്വങ്ങള്‍ അനുഭവപ്പെടുകയില്ല... എല്ലാം ഈശ്വര വിരചിതം. അതാണ് ഇന്ത്യ.... അതുതന്നെയാണ് ഭാരതീയ സംസ്‌കാരത്തിന്‍റെ സൗന്ദര്യവും.

നിങ്ങള്‍ ഒരു വഴിയേ നടക്കുന്നു... വഴിയോരത്തായി ഒരു പൂന്തോട്ടം... തോട്ടത്തില്‍ ഏതാനും ശിലകള്‍, ആരോ വന്ന് ആ ശിലകളില്‍ കുറച്ചു കുങ്കുമവും വിഭൂതിയും ചാര്‍ത്തുന്നു. അതിന്‍റെ ചുവട്ടിലായി ഒരു പിടി പൂക്കള്‍ അര്‍പ്പിക്കുന്നു. അത്രയേ വേണ്ടൂ.... വീണ്ടും നിങ്ങള്‍ ആ വഴി വരുമ്പോള്‍... ആ ശിലകളെ കാണുമ്പോള്‍ നിങ്ങളറിയാതെ നിങ്ങളുടെ തല കുനിഞ്ഞുപോകും. പറഞ്ഞല്ലോ! ഒന്നിനെ ദിവ്യമാക്കുന്നത് അതിനെ പ്രതി നിങ്ങള്‍ കാണിക്കുന്ന ശ്രദ്ധയും ഭക്തിയുമാണ്. പണ്ടും ആ ശില അവിടെത്തന്നെയുണ്ടായിരുന്നു. എന്നാല്‍ അതിനു നേരെ തിരിയാതെ നിങ്ങള്‍ കടന്നുപോയി. ഇന്ന്.... ആരോ പൂവും കുങ്കുമവും വിഭൂതിയും കൊണ്ട് അതിനെ അലങ്കരിച്ചിരിക്കുന്നു. അതു നിങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിച്ചിരിക്കുന്നു.

അതു കൊണ്ടാണ് ദേവതാ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതൊക്കെയും നിങ്ങള്‍ സ്വന്തം ശരീരത്തിലും അണിയുന്നത്. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ഭസ്മവും, ചന്ദനവും, കുങ്കുമവുമെല്ലാം നമ്മള്‍ പ്രസാദമായി നെറ്റിയില്‍തൊടുന്നില്ലേ? അതൊരു ഓര്‍മ്മപ്പെടുത്തലാണ്... ഈശ്വരനെ കാണുന്ന ശ്രദ്ധയോടെത്തന്നെ ഓരോ മനുഷ്യനേയും കാണണം. ശ്രീകോവിലിലുള്ള വിഗ്രഹത്തിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോഴുള്ള മനോഭാവം ഏതു മനുഷ്യന്‍റെ മുമ്പില്‍ നില്‍ക്കുമ്പോഴും നിങ്ങളുടെ ഉള്ളിലുണ്ടായാല്‍.... സംശയിക്കേണ്ട അവിടെനിന്നും കിട്ടുന്ന അനുഗ്രഹം തന്നെ ഇവിടെ നിന്നും കിട്ടും.

ഒന്നിനെ ശ്രേഷ്ഠവും വേറൊന്നിനെ നികൃഷ്ടവുമായി കാണുന്നിടത്തോളം കാലം, രക്ഷയില്ല, ജീവിതത്തെ രണ്ടുവഴികളിലൂടെ സമീപിക്കാം. എല്ലാറ്റിനേയും - അച്ഛന്‍- അമ്മ മക്കള്‍ ദൈവം- ഒരേ പോലെ നീചമായി കാണുക. അങ്ങനെയുള്ള സമഭാവന പുലര്‍ത്താനായാല്‍ നന്ന്, വഴി ബുദ്ധിമുട്ടുള്ളതാണ് എന്നാലും വേഗത്തില്‍ ലക്ഷ്യത്തിലെത്താം. രണ്ടാമത്തേത് എല്ലാറ്റിനേയും ദിവ്യമായി കാണുകയാണ്. അതു സുഖകരമായ മാര്‍ഗമാണ്. അതും നിങ്ങളെ പ്രയാസം കൂടാതെ ലക്ഷ്യത്തിലെത്തിക്കും. അവനവന്‍റെ മനസ്സുപോലെ ഏതെങ്കിലും ഒരു വഴി തിരഞ്ഞെടുക്കാം. യാത്ര തുടരാം.