നിങ്ങളുടെ ഉത്തരവാദിത്വത്തിന്‍റെ അതിര് എവിടെയാണ്?

 

ഉത്തരവാദിത്വം എന്നു പറയുമ്പോള്‍ തന്നെ മറ്റൊരു ചോദ്യവും ഉയര്‍ന്നുവരും. ജീവിതത്തിന്‍റെ വിവിധമേഖലകളില്‍, വ്യത്യസ്തങ്ങളായ പല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നു. പലതരത്തിലുള്ള ആളുകളുമായി ഇടപഴകേണ്ടി വരുന്നു. ഇങ്ങനെ വരുമ്പോള്‍ ഏതിന്‍റെയെല്ലാം ചുമതലയാണ് നിങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്നത്?

ദൈനംദിന കാര്യങ്ങളില്‍ പോലും ഉത്തരവാദിത്വം ഒരു വലിയ ചര്‍ച്ചാവിഷയമായി നീണ്ടു പോകുന്നുണ്ട്. ലൈറ്റിന്‍റെ സ്വിച്ചിടേണ്ടത് ആരാണ്? പ്ളേറ്റുകള്‍ കഴുകേണ്ടത് ആരാണ്? വെള്ളം പിടിച്ചുവയ്ക്കേണ്ടത് ആരാണ്? ശങ്കരന്‍പിള്ളയ്ക്കും ഭാര്യക്കും ഇത്തരത്തില്‍ ഒരു തര്‍ക്കമുണ്ടായി. മുന്‍വാതിലിന്‍റെ കതക് ആരാണു പൂട്ടേണ്ടത് എന്നതിനെച്ചൊല്ലി തര്‍ക്കമായി. വഴക്കിനൊടുവില്‍ അവര്‍ ഒരുതീരുമാനത്തിലെത്തി. "ആരാണോ ആദ്യംമിണ്ടുന്നത് അയാള്‍ എഴുന്നേറ്റു പോയി കതകു പൂട്ടണം."

പലവര്‍ഷങ്ങളായി ഒരുമിച്ചുകഴിയുന്ന അവര്‍ക്ക്, രണ്ടുപേരുടേയും കഴിവും കഴിവുകേടും പരസ്പരം നന്നായിട്ടറിയാം. അതുകൊണ്ട്, ഭക്ഷണം വിളമ്പാന്‍ ശങ്കരന്‍പിള്ള ഭാര്യയോട് ആവശ്യപ്പെട്ടില്ല; ഉണ്ണാന്‍ വരാന്‍ ഭാര്യ അയാളെ വിളിച്ചുമില്ല. ആദ്യം മിണ്ടുന്നയാള്‍ കതകു പൂട്ടണമല്ലോ. ആ ചുമതലയില്‍ നിന്നും ഒഴിവാക്കാന്‍ അവര്‍ മൗനം ദീക്ഷിച്ചു പട്ടിണികിടന്നു സമയം കഴിച്ചു.

പാതിരാവായപ്പോള്‍ വീടിന്‍റെ മുന്‍വാതില്‍തുറന്നുകിടക്കുന്നതു ചില മോഷ്ടാക്കള്‍ കണ്ടു. അവര്‍ അകത്തു കയറി നോക്കിയപ്പോള്‍ മിണ്ടാതെ ഇരിക്കുന്ന ഭാര്യാഭര്‍ത്താക്കډാരെക്കണ്ട് ആദ്യം അല്പം ഭയന്നു. പക്ഷെ രണ്ടു പേരും മൗനമായി കാഴ്ച കണ്ടു കൊണ്ടിരിക്കുന്നതു കണ്ട് മോഷ്ടാക്കള്‍ക്ക് അതിശയം തോന്നി. കയ്യില്‍ കിട്ടിയതെല്ലാം അവര്‍ എടുത്തു. മേശപ്പുറത്തിരുന്ന ഭക്ഷണവും കഴിച്ചു. എന്നിട്ടും ശങ്കരന്‍ പിള്ളയോ ഭാര്യയോ ഒരക്ഷരം മിണ്ടിയില്ല.

ഇതുകണ്ട അതിലൊരുവന്‍ അവിടെയുണ്ടായിരുന്ന പിച്ചാത്തിയെടുത്ത് ശങ്കരന്‍പിള്ളയുടെ മീശ വടിക്കാന്‍ നോക്കി. ഇത്രയും സമയം കല്ലിനു കാറ്റുപിടിച്ചപോലെ മിണ്ടാതിരുന്ന പിള്ള എഴുന്നേറ്റു. "ശരി, ശരി, ഞാന്‍ തന്നെ പോയി കതക് പൂട്ടാം."

നിങ്ങള്‍ തികച്ചും ഉത്തരവാദിത്വബോധമുള്ളയാള്‍ തന്നെയാണ്. അതിന് ഒരുസംശയവും വേണ്ട. പക്ഷെ ഈ ബോധം സദാ നിങ്ങളുടെ ഉള്ളില്‍ ജാഗരൂകമായി നിലകൊള്ളുന്നുണ്ടോ?

ഈ പിള്ളയെപോലെ കഴുത്തില്‍ കത്തി അമരുന്നതുവരെ ചുമതലയേറ്റെടുക്കാന്‍ മടികാണിക്കണമോ. ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നുവെങ്കില്‍ ജീവിതം എത്രമഹത്തരമാവുമായിരുന്നു. ഗുജറാത്തില്‍ ഭൂകമ്പംമൂലം ഭയങ്കരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സുനാമി വന്ന് തമിഴകത്തിന്‍റെ (തമിള്‍നാട്ടിലെ) കടലോര പ്രദേശങ്ങളെ അപ്പാടെ വിഴുങ്ങി. ആ സമയങ്ങളില്‍ ആര്‍ക്കോ, എന്തോ സംഭവിച്ചു എന്ന മട്ടില്‍ കഴിയാന്‍ നിങ്ങളെക്കൊണ്ടു സാധിച്ചോ?

നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം ഈ സമയങ്ങളിലെല്ലാം എത്ര ആര്‍ത്മാര്‍ത്ഥയോടെയാണ് പെരുമാറിയത്. ഇതിനെയാണ് ചുമതലാബോധം എന്നു പറയുന്നത്. നിങ്ങള്‍ ഓരോരുത്തരിലും ഇത്തരത്തിലുള്ള ഉത്തരവാദിത്വബോധം നിറഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ ബോധത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല.

നിങ്ങള്‍ തികച്ചും ഉത്തരവാദിത്വബോധമുള്ളയാള്‍ തന്നെയാണ്. അതിന് ഒരുസംശയവും വേണ്ട. പക്ഷെ ഈ ബോധം സദാ നിങ്ങളുടെ ഉള്ളില്‍ ജാഗരൂകമായി നിലകൊള്ളുന്നുണ്ടോ?

ആളുകള്‍ പലതരക്കാരാണ്. ചിലര്‍ സ്വന്തം ജീവിതത്തിന്‍റെ മാത്രം ചുമതലയേറ്റെടുക്കുന്നു. ചിലര്‍ സ്വന്തം വീട്, ഭാര്യ, മക്കള്‍, കുടുംബം, ബന്ധുക്കള്‍ തുടങ്ങിയവയുടെ മാത്രം ചുമതലയേറ്റെടുക്കുന്നു. മറ്റു ചിലരോ സ്വന്തം നാടിന്‍റെ ഉത്തരവാദിത്വം കൂടിയുണ്ട് എന്ന് ചിന്തിച്ച് ഉത്തരവാദിത്വത്തിന്‍റെ സീമകള്‍ വിശാലമാക്കുന്നു. പക്ഷെ ചിലരാകട്ടെ തന്‍റെ ജീവിതത്തിന്‍റെ ചുമതല പോലും ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറി കഴിയുന്നു.