നിങ്ങളുടെ സംരംഭക പ്രാവീണ്യം കണ്ടെത്തുക
നേട്ടങ്ങൾ കൈവരിക്കുന്ന ഒരു സംരംഭകന്‍റെ പ്രത്യേക കഴിവുകൾ, ഉൾകാഴ്ച എന്തുകൊണ്ടാണ് ആശയങ്ങളുടെ ആകത്തുകയെക്കാൾ പ്രാധാന്യം നേടുന്നത്, യഥാർത്ഥത്തിൽ സ്വാസ്ഥ്യം നൽകുന്ന ദീർഘ കാല പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട വിധം, ജീവിതത്തിന്‍റെ എല്ലാ തുറകളിലും പരിശ്രമ ശീലം എത്രമാത്രം അത്യാവശ്യമാണ്, എല്ലാ പ്രവൃത്തികൾക്കും ആധാരമാകുന്നത് ഒരേ വസ്തുക്കളാണെന്ന സത്യം ആദിയോഗി എങ്ങിനെ കാണിച്ചു തരുന്നു എന്നീ കാര്യങ്ങളെ പറ്റിയാണ് സദ്ഗുരു ഇവിടെ സംസാരിക്കുന്നത്.
 
 

ഇഷ ഇൻസൈറ്റ് എന്ന പരിപാടിയില്‍ ഇന്ത്യയിലെ പ്രശസ്തരായ സംരംഭകരും ശാസ്ത്രജ്ഞരും തങ്ങളുടെ അനുഭവങ്ങൾ പങ്കു വെക്കുകയും അതു വഴി ഇതിൽ പങ്കെടുത്ത സംരംഭകർക്ക്‌ അവരുടെ സംരംഭങ്ങൾ ഇനിയും ഉയർത്താനുള്ള മാർഗ്ഗങ്ങൾ ലഭിക്കുകയും ചെയ്തു. പക്ഷെ കുറച്ചു ആശയങ്ങൾ ലഭിച്ചത് കൊണ്ട് മാത്രം ഉൾകാഴ്ച ലഭിക്കുകയില്ല. ഉൾകാഴ്ച എന്നാൽ ഉള്ളിലുള്ള ഒരു ശക്തിയെ കാണുക എന്നാണ്. ഒരു സംരംഭം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ നടത്തുവാൻ ഈ ആശയങ്ങൾ സഹായിക്കുമായിരിക്കും. എന്നാൽ പ്രധാനപ്പെട്ട ചോദ്യം ഇതാണ് : നിങ്ങൾ മറ്റുള്ളവരുടെ പൗരാണിക ആശയങ്ങളുടെ ഒരു സൂക്ഷിപ്പുകാരനാകണമോ അതോ ഒരു ജീവൽശക്തിയാകണമോ? ആശയങ്ങൾ സംഭരിച്ചാൽ ചില കാര്യങ്ങൾ മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ നടത്തുവാൻ സാധിക്കുമായിരിക്കും. എന്നാൽ നിങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതം ലഭിക്കുകയില്ല - അല്ലെങ്കിൽ മെച്ചപ്പെട്ട ജീവിതം എന്നതു കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് മറ്റു ചിലരെക്കാൾ നന്നായി ജീവിക്കുക എന്നായിരിക്കണം. നിങ്ങളുടെ വീട്, നിങ്ങളുടെ വരുമാനം, നിങ്ങളുടെ കാർ എന്നിവ മറ്റു ചിലരുടേതിനേക്കാൾ വലുതായിരിക്കും; പക്ഷെ അതു കൊണ്ട് നിങ്ങൾ നന്നായി ജീവിക്കുന്നു എന്ന് പറയുവാൻ സാധിക്കുകയില്ല. ഇതിനർത്ഥം നിങ്ങൾ ഉള്ള സൗകര്യങ്ങൾ ഉപയോഗിച്ച് സുഖമായി ജീവിക്കരുത് എന്നല്ല. നിങ്ങള്‍ക്കു അതിനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ മറ്റുള്ളവർക്ക് ഇല്ലാത്തത് എന്നതു കൊണ്ടു മാത്രം ചില വസ്തുക്കൾ നിങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിൽ അത് ഒരു അസുഖമാണ്.

ഇൻസൈറ്റ് എന്നാൽ നിങ്ങളെ പറ്റി എന്തെങ്കിലും സ്വയം കണ്ട് പിടിക്കുക എന്നാണ്. നിങ്ങളെ തന്നെ ഒന്ന് ശ്രദ്ധിക്കൂ. വെറുതെ ബാഹ്യമായി മാത്രമല്ല; അടിസ്ഥാനപരമായ സത്യങ്ങളെ ശ്രദ്ധിക്കൂ. ദീര്‍ഘകാല അടിസ്ഥാനത്തിൽ നിങ്ങളുടെ ലക്ഷ്യം നിങ്ങള്‍ക്കുള്ളിലെ ജീവിതമാകട്ടെ - അതു നിങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ, സമൂഹത്തിനോ വേണ്ടി ആകരുത്. നിങ്ങൾക്കുള്ളിലെ ജീവിതമാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ അത് എല്ലാവര്‍ക്കും ഗുണകരമായിരിക്കും; എന്തെന്നാൽ എല്ലാവരും ഓരോ ജീവൻ തന്നെയാണല്ലോ. നേരെ മറിച്ച് നിങ്ങളുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യം നിങ്ങളുടെ വ്യക്തിത്വത്തിൽ അധിഷ്ഠിതമാണെങ്കിൽ അതു നിങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ ജീവിതം നശിപ്പിക്കും. കൂടാതെ നിങ്ങളുടെ വ്യക്തിത്വം എന്നു പറയുന്നത് നിങ്ങളുടെ ഇപ്പോഴത്തെ ചിന്തകളെയും, വികാരങ്ങളെയും അനുസരിച്ചിരിക്കുകയാണ് - അത് മാറ്റങ്ങൾക്കു വിധേയമാണ്. അതായത് അത് ദീർഘ കാലത്തേക്ക് നില നില്‍ക്കുകയില്ല. നിങ്ങളിലുള്ള ജീവനെ അടിസ്ഥാനമാക്കി ലക്ഷ്യം നിശ്ചയിക്കുകയാണെങ്കിൽ, അതു നിങ്ങൾക്കും, നിങ്ങള്‍ക്കു ചുറ്റുമുള്ളവർക്കും ഗുണകരമായിരിക്കും.

നിങ്ങളുടെ വ്യക്തിത്വം എന്നു പറയുന്നത് നിങ്ങളുടെ ഇപ്പോഴത്തെ ചിന്തകളെയും, വികാരങ്ങളെയും അനുസരിച്ചിരിക്കുകയാണ് - അത് മാറ്റങ്ങൾക്കു വിധേയമാണ്. അതായത് അത് ദീർഘ കാലത്തേക്ക് നില നില്‍ക്കുകയില്ല. നിങ്ങളിലുള്ള ജീവനെ അടിസ്ഥാനമാക്കി ലക്ഷ്യം നിശ്ചയിക്കുകയാണെങ്കിൽ, അതു നിങ്ങൾക്കും, നിങ്ങള്‍ക്കു ചുറ്റുമുള്ളവർക്കും ഗുണകരമായിരിക്കും.

വ്യാപാരത്തിലായാലും ജീവിതത്തിലായാലും തന്‍റെ കഴിവിന് പറ്റിയത് എന്ത് എന്നു കണ്ടു പിടിക്കേണ്ടത് അത്യാവശ്യമാണ്. വളരെ വലിയ സംരംഭകരിൽ ചിലർ കഴിഞ്ഞ ആഴ്ച നമ്മോടൊപ്പം ഇവിടെ ഉണ്ടായിരുന്നു. അവരിൽ പലരും ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും തങ്ങളുടെ വ്യാപാരം തുടങ്ങിയവരാണ്. അവർ ശരിയായ കാര്യങ്ങൾ ചെയ്തു; അതുകൊണ്ട് അവർക്കു വളരുവാൻ സാധിച്ചു എന്നുള്ള കാര്യം വ്യക്തമാണ്. കാര്യങ്ങൾ തക്ക സമയത്തു ചെയ്യുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്കു ഉടനെ തന്നെ മറ്റൊരു ബിൽ ഗേറ്റ്സ് ആകുവാൻ സാധിക്കുകയില്ല. അദ്ദേഹത്തിന് അന്നത്തെ സാങ്കേതിക വിദ്യയുടെ വികാസം ഉപയോഗപ്പെടുത്തുവാൻ സാധിച്ചു. അതുപോലെ ഇന്ന് നിങ്ങള്‍ക്കു വേറെ ഒരു ഇൻഫോസിസ് കെട്ടിപ്പടുക്കുവാൻ സാധിക്കുകയില്ല. എന്തെന്നാൽ അത് സാധിച്ചത് ഐ ടി യുടെ സുവർണ്ണ കാലത്താണ്. ഇന്ന് വേറെ എന്തെങ്കിലും ആയിരിക്കും ശരിയാകുക. എന്നാൽ അന്നും ഇന്നും പ്രാഥമിക കാര്യങ്ങൾക്കു മാറ്റമില്ല. നിങ്ങൾ ആരംഭിക്കുന്ന വ്യവസായവും, നിങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളും വ്യത്യസ്തമായിരിക്കും. പക്ഷ ഒരു മനുഷ്യനെന്ന നിലയിൽ ഒരേ കഴിവും സന്നദ്ധതയും തന്നെയാണ് അപ്പോഴും ഇപ്പോഴും ആവശ്യമായിട്ടുള്ളത്. നിങ്ങൾ വലിയ സംരംഭകനോ, ചെറിയ സംരംഭകനോ ആയിക്കൊള്ളട്ടെ, വിജയിക്കണമെങ്കിൽ കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യണം.

വായിൽ സ്വർണ്ണ സ്വർണകരണ്ടിയുമായി ജനിച്ചവർ പോലും തങ്ങളുടെ വ്യവസായം വളരുവാൻ ചില ശരിയായ കാര്യങ്ങൾ ചെയ്യണം. അതുകൊണ്ട് ഒരാൾ വലിയവനാണോ, ചെറിയവനാണോ എന്നു ചിന്തിക്കേണ്ടതില്ല. വാസ്തവത്തിൽ നിങ്ങൾ സ്വയം ചെറിയവനാകുകയാണ് ചെയ്യേണ്ടത് - അതു നിങ്ങളെ ഒരു വലിയ സംരംഭകനാക്കും. ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ ആരും അല്ലാതിരിക്കുകയാണെങ്കിൽ അത് ഏറ്റവും നല്ലതായിരിക്കും. അത് ഉടൻ സാധ്യമല്ലാത്തതു കൊണ്ടു നിങ്ങൾ സ്വയം ചെറുതാകുക. സപ്തർഷികൾ ആദിയോഗിയെ വിട്ടു ലോകത്തിലേക്ക് പോകുന്നതിനു മുൻപ് അനേകം ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അവസാനത്തെ ചോദ്യം ഇതായിരുന്നു; "അങ്ങ് ഈ പ്രപഞ്ചത്തിന്‍റെ സ്ഥിതിയെക്കുറിച്ച് വളരെ അധികം സംസാരിച്ചു, അത് എത്ര ബൃഹത്താണെന്നു പറഞ്ഞു. വാസ്തവത്തിൽ അത് എത്ര വലുതാണ്?". ആദിയോഗി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു," ഈ പ്രപഞ്ചം മുഴുവനും ഒരു കടുകുമണിയിൽ ഒതുക്കുവാൻ എനിക്കു സാധിക്കും " അത്രയേ ഉള്ളു ! വ്യവസായം ചെറുതോ ബില്യൺ ഡോളർ മൂല്യമുള്ളതോ ആയിക്കൊള്ളട്ടെ ; അത് നടത്തുവാൻ വേണ്ടതെല്ലാം ഒരു മനുഷ്യനിൽ അടങ്ങിയിട്ടുണ്ട്.

വ്യവസായം ചെറുതോ ബില്യൺ ഡോളർ മൂല്യമുള്ളതോ ആയിക്കൊള്ളട്ടെ ; അത് നടത്തുവാൻ വേണ്ടതെല്ലാം ഒരു മനുഷ്യനിൽ അടങ്ങിയിട്ടുണ്ട്.

നിങ്ങൾ ഒരു സംരംഭകനോ, ജോലിക്കാരനോ, ഗൃഹസ്ഥനോ ആകട്ടെ; നിങ്ങള്‍ക്കു സംരംഭകത്വം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഒരു കമ്പനി നടത്തുകയാണെങ്കിൽ നിങ്ങൾ മുൻകൈയ് എടുത്തു പ്രവർത്തിക്കുന്ന ആളുകളെയാണ് അന്വേഷിക്കുന്നത്; ചെയ്യുവാൻ ഉദ്ദേശിക്കുന്നതിൽ കൂടുതൽ ചെയ്യുന്നവരും, ചുമതല എടുക്കുവാൻ പ്രാപ്തരായവരും ആണ് നിങ്ങള്‍ക്കു വേണ്ടത്. അതോ ഒൻപതു മുതൽ അഞ്ചു മണി വരെ അവരുടെ ജോലി മാത്രം ചെയ്യുന്നവരെയാണോ ? ഞാൻ ഒരു വ്യവസായമൊന്നുമല്ല നടത്തുന്നത്.എന്നാലും ആശ്രമത്തിൽ പോലും എനിക്ക് വേണ്ടത് മുൻകൈയ് എടുത്തു ജോലി ചെയ്യുന്നവരെയാണ്, എപ്പോഴും ഉത്സാഹത്തോടെ ഇരിക്കുന്നവരെയാണ്, എന്തു കാര്യവും ചെയ്യുവാൻ സന്നദ്ധരായവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സംരംഭകനാണെങ്കിൽ എപ്പോഴും പ്രശ്നങ്ങൾ പ്രതീക്ഷിക്കണം; അതിനുള്ള പരിഹാരങ്ങൾ കണ്ട് പിടിക്കണം. ഈ അവസ്ഥയിലാണെങ്കിൽ നിങ്ങള്‍ക്ക് ഉന്നതി സാധ്യമാകും. പക്ഷെ നിങ്ങൾ അതിനെ കുറിച്ച് ചിന്തിക്കരുത്. ഉന്നതി സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. നിങ്ങൾ നല്ലതുപോലെ ചിറകിട്ടടിച്ചാൽ നിങ്ങള്‍ക്കു പറക്കുവാൻ സാധിക്കും. സംരംഭകത്വം വെറും സ്റ്റാർട്ട് - അപ്പുകൾ ( Start-Up ) മാത്രമല്ല ; അത് പറക്കുന്നതിനെ സംബന്ധിച്ചുള്ളതു കൂടിയാണ്.

 
 
  0 Comments
 
 
Login / to join the conversation1