നിങ്ങളുടെ മനസ്സിന്‍റെ പ്രകൃതം
വിചാരവികാരങ്ങളുടേയും, ആശയങ്ങളുടേയും ഇടയില്‍ കിടന്നു മനസ്സ് നട്ടം തിരിയുന്നത് നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. അതിനിടയില്‍ പലവിധ പ്രേരണകളും നമ്മെ അലോസരപ്പെടുത്തുന്നു. ആ ഒരു വിഷയത്തെ കുറിച്ചാണ് സദ്ഗുരു ഇവിടെ സംസാരിക്കുന്നത്. ഇങ്ങനെ മുന്‍കൂട്ടി കാണാനാവാത്ത വിധം മനസ്സ് ചാഞ്ചാടുന്നത് എന്തുകൊണ്ടാണ്? ഈയൊരു കുരുക്കില്‍ നിന്നും ഊരിപ്പോരാന്‍ എന്താണൊരു വഴി.
 
 

''മനസ്സിന്‍റെ ഏറ്റവും അതിശയകരമായ ഒരു ഭാവം'' സദ്ഗുരു വിശദീകരിക്കുന്നു. ''ഏതു നിമിഷവും അതിന് യഥേഷ്ടം രൂപം മാറാന്‍ സാധിക്കും എന്നത് അതിന്‍റെ പ്രകൃതമാണ്. എന്നാല്‍ പ്രശ്‌നമുണ്ടാകുന്നത് ആ രൂപമാറ്റത്തെ അതിന്‍റെ ലക്ഷ്യമായി നിങ്ങള്‍ തെറ്റിദ്ധരിക്കുമ്പോഴാണ്.''

ചില നേരങ്ങളില്‍ മനുഷ്യര്‍ അത്യധികം സന്തോഷവാന്മാരായിരിക്കും. അധികം കഴിയും മുമ്പേ വിഷാദത്തിലേക്കു മുങ്ങിത്താഴുന്നതും കാണാം. എന്താണീ ഭാവമാറ്റത്തിനു കാരണം? നമ്മള്‍ വളരെയേറെ ആഗ്രഹിക്കുന്ന ഒരു വസ്തു...ചിലപ്പോള്‍ തൊട്ടടുത്താണെന്നു തോന്നും. മറ്റുചിലപ്പോള്‍ വളരെ അകലെയാണെന്ന് അനുഭവപ്പെടും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ആധുനിക ലോകത്തു ജീവിക്കുന്നവര്‍ അവരുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കാനോ, വേണ്ടവിധം കൈകാര്യം ചെയ്യാനോ പഠിച്ചിട്ടില്ല. അതുതന്നെയാണ് ഈ ഭാവമാറ്റങ്ങള്‍ക്കുള്ള കാരണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും വളരെ ഗുണകരമാണ് എന്നു പറയാന്‍ വയ്യ. കുട്ടികളെ എ.ബി.സി.ഡിയും, 1 2 3 യും E=mc2 മുതലായവയുമൊക്കെ പിടിച്ചിരുത്തി പഠിപ്പിക്കുന്നു. വിവരങ്ങളും വസ്തുതകളും കൊട്ടക്കണക്കിന് നമ്മള്‍ അവരുടെ തലയില്‍ കുത്തിക്കയറ്റുന്നു. മറ്റുള്ളവരേക്കാള്‍ കുറച്ച് വിവരം കൂടുതലുണ്ടെങ്കില്‍ അവര്‍ നിങ്ങളെ മിടുക്കന്‍മാരുടെ ഗണത്തില്‍ പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ വേണ്ടതിലധികം വസ്തുതകളും വിവരങ്ങളും തലയിലേറ്റി നടക്കുന്നവര്‍ മണ്ടന്‍മാരാണ്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി നേരെമറിച്ചാണ്. ഇന്ന് കാര്യങ്ങള്‍ ഗ്രഹിക്കുക എളുപ്പമാണ്. ഫോണില്‍ ഒന്നു വിരലമര്‍ത്തിയാല്‍ ബഹിരാകാശത്തിലെ വിവരങ്ങളത്രയും കണ്‍മുമ്പിലെത്തും. അത് വായിച്ച് പഠിച്ച് നാലാളുകളുടെ മുമ്പില്‍ വിളമ്പിയാല്‍ അവര്‍ അത്ഭുതംകൂറും, ''അസാദ്ധ്യ ബുദ്ധിതന്നെ, നിങ്ങള്‍ക്ക് അറിയാത്തതൊന്നുമില്ല.'' വാസ്തവം പറഞ്ഞാല്‍, അത് അയാളുടെ മിടുക്കാണോ? ഫോണിന്‍റെ സാമര്‍ത്ഥ്യമല്ലേ? അങ്ങനെയാരും ചിന്തിക്കാറില്ല എന്നതാണ് സങ്കടം.

വിവരങ്ങളറിഞ്ഞിരിക്കുക ബുദ്ധിയുടെ ലക്ഷണമായി കരുതപ്പെടുന്നു. വാസ്തവത്തില്‍ ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ ശേഖരിക്കാവുന്നതേയുള്ളു. അതിന് വിശേഷിച്ചൊരു ബുദ്ധിയുടെ ആവശ്യമില്ല. പുസ്തകം തുറക്കുക. വേണ്ടതു തിരഞ്ഞെടുക്കുക. മനഃപാഠമാക്കുക, കാലങ്ങളായി എല്ലാവരും കരുതിപോന്നിരുന്നത് പുസ്തകവായന ഒരു മഹാകാര്യമാണ് എന്നായിരുന്നു. ഇപ്പോഴും ആ ചിന്തക്ക് മാറ്റം വന്നിട്ടില്ല. അക്ഷരാഭ്യാസമുള്ള ആര്‍ക്കും പുസ്തകം വായിക്കാം. എന്നാല്‍ എഴുത്തും വായനയും അപൂര്‍വമായിരുന്ന കാലത്ത്, ഒരു ഗ്രാമത്തില്‍ ഒരാള്‍ക്കുമാത്രം അക്ഷരാഭ്യാസം സിദ്ധിച്ചിരുന്ന കാലത്ത് അതൊരു മഹാസംഭവം തന്നെയായിരുന്നു. ഒരു പുസ്തകം വായിച്ച് ഒരാള്‍ക്ക് ഇത്രയധികം അറിവുകള്‍ നേടാമെന്നോ? നാട്ടുകാര്‍ അയാളെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. അവരും പുസ്തകത്താളുകള്‍ മറിച്ചുനോക്കി. ഒരക്ഷരം മനസ്സിലാക്കാനാവാതെ പകച്ചിരുന്നു.

അറിവില്ലാത്തവരെ സംബന്ധിച്ചിടത്തോളം എല്ലാം ഒരതിശയമാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ... മനസ്സിനെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ? ഏതു വിധത്തിലാണ് അതിനെ പൂര്‍ണ്ണമായും വികസിപ്പിച്ചെടുക്കാനാവുക? ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഏറ്റവും വലിയ പോരായ്മ അതു മനസ്സിന്‍റെ പ്രകൃതത്തെ സംബോധന ചെയ്യുന്നില്ലെന്നതും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അടിസ്ഥാനപരമായി എന്തു തരത്തിലുള്ള അച്ചടക്കമാണ് കൊണ്ടു വരേണ്ടതെന്നും പഠിപ്പിക്കുന്നില്ല എന്നതുമാണ്‌. അതുകൊണ്ടാണ് ചിലപ്പോള്‍ ആഗ്രഹങ്ങള്‍ കൈ എത്തും ദൂരത്ത് എന്നു തോന്നുകയും മറ്റു ചിലപ്പോള്‍ അത് ഒരു വിദൂരസ്വപ്നമായും അനുഭവപ്പെടുന്നത്.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഏറ്റവും വലിയ പോരായ്മ അതു മനസ്സിന്‍റെ പ്രകൃതത്തെ സംബോധന ചെയ്യുന്നില്ലെന്നതും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അടിസ്ഥാനപരമായി എന്തു തരത്തിലുള്ള അച്ചടക്കമാണ് കൊണ്ടു വരേണ്ടതെന്നും പഠിപ്പിക്കുന്നില്ല എന്നതുമാണ്‌.

നിങ്ങള്‍ തന്നെ ഒരു തീരുമാനമെടുക്കണം. അല്ല എങ്കില്‍ ജീവിതം പാഴായിപോവുകയേയുള്ളു. ഓരോ നിമിഷവും നിങ്ങളുടെ ചിന്തകള്‍ ഒന്നില്‍നിന്നും വേറൊന്നിലേക്ക് എടുത്തു ചാടിക്കൊണ്ടിരിക്കും. കാരണം മനസ്സിന് തനതായ ഒരു രൂപമില്ല എന്നതുതന്നെ. അത് അതിന്‍റെ ഒരു സൗന്ദര്യവും കൂടിയാണ്. നിങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ അതിനെ രൂപപ്പെടുത്താനാകും. അല്ലെങ്കില്‍ അതിനെ തീരെ കണ്ടില്ല എന്നും നടിക്കാം. നിങ്ങളുടെ ശരീരത്തിന് തനതായ ഒരു രൂപമുണ്ട്. മനസ്സിനതില്ല. നിങ്ങളുടെ ഇഷ്ടംപോലെ അതിനെ എന്തും ചെയ്യാം. അതാണിതിന്‍റെ സവിശേഷത. അതുതന്നെയാണ് മനുഷ്യരെ ഏറ്റവുമധികം ക്ലേശിപ്പിക്കുന്നതും. നിങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ മനസ്സു തയ്യാറാവുന്നില്ല എന്നത് വലിയൊരു പ്രശ്‌നമാണ്. അത് തന്നിഷ്ടപ്രകാരം രൂപഭാവങ്ങള്‍ കൈകൊള്ളുന്നു. അതുകൊണ്ട് നിങ്ങള്‍തന്നെ തീരുമാനിച്ചുറപ്പിക്കണം. ഇന്ന് നല്ല ദിവസമാണ്. ഒരിടത്ത് സ്വസ്ഥമായി ഇരുന്ന് തീരുമാനമെടുക്കുക. നിങ്ങളുടെ ജീവിതത്തിന്‍റെ ലക്ഷ്യമെന്താണ്? അതുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നീടതില്‍ നിന്നും വഴുതിപ്പോകരുത്. തീരുമാനമെന്തായാലും അതു നല്ലതാണ്. എനിക്കു പ്രശ്‌നമില്ല. ലക്ഷ്യബോധമില്ലാത്ത മനസ്സ് സദാ രൂപം മാറിക്കൊണ്ടിരിക്കും. അതോടൊപ്പം നിങ്ങളും വിചാരിക്കും, ഇതുപോരാ, പുതിയൊരു ലക്ഷ്യം കണ്ടെത്തണമെന്ന്.

മഴക്കാലത്ത് ഈശാ യോഗാ കേന്ദ്രത്തില്‍ വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും, എത്ര വേഗത്തിലാണ് മേഘങ്ങള്‍ രൂപം മാറുന്നതെന്ന്. അതിന് നിമിഷങ്ങള്‍ മതി. മേഘങ്ങളുടെ രൂപം മാറല്‍ ഒരു പ്രശ്‌നമല്ല. പ്രശ്‌നം വരുന്നതെപ്പോഴാണെന്നോ, കാറ്റിന്‍റെ ഗതിക്കനുസരിച്ച് സഞ്ചരിക്കാന്‍ മേഘങ്ങള്‍ മടിച്ചു നില്‍ക്കുമ്പോള്‍. നിങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് പ്രശ്‌നം. മനസ്സിന്‍റെ രൂപം മാറലല്ല പ്രശ്‌നം, മറിച്ച് ഗതിമാറലാണ്. സ്വന്തം ലക്ഷ്യവും മാര്‍ഗവും വ്യക്തമായി അവനവന്‍ തന്നെ തിരഞ്ഞെടുത്തുറപ്പിക്കണം. അക്കാര്യത്തില്‍ നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്. എന്‍റെ സ്വന്തം ലക്ഷ്യം ഞാന്‍ എന്നോ കണ്ടെത്തി. അതു വളരെ ഭംഗിയായി ചെയ്യുന്നുമുണ്ട്. അതുപോലെ ജീവിതത്തില്‍ നിങ്ങളും ഒരു ലക്ഷ്യം കണ്ടെത്തൂ, അത് ഏതായാലും വേണ്ടില്ല. പിന്നീടത് ദിവസംതോറും മാറ്റരുത് എന്നുമാത്രം. കണ്ടതിനൊക്കെ പന്‍തുടരുക. അതല്ല മനുഷ്യന്‍റെ ജീവിതമാര്‍ഗം. നിങ്ങള്‍ കണ്ടെത്തിയ മാര്‍ഗം പ്രയോജനപ്രദവും, പ്രായോഗികവുമാവാം. അല്ലായിരിക്കാം. മനസ്സ് സന്തുഷ്ടവും, സ്വസ്ഥവും, ശാന്തവുമായിരിക്കുമ്പോള്‍ ജീവിതത്തിന്‍റെ ലക്ഷ്യം കണ്ടെത്തൂ. പിന്നീട് അതില്‍തന്നെ മുറുകെ പിടിക്കൂ.

ഇടയില്‍ നിങ്ങളുടെ വിചാരവികാരങ്ങള്‍ വഴിമാറിപ്പോകുന്നു എങ്കില്‍ അതിനെ ഗൗനിക്കേണ്ട. സ്വയം പറഞ്ഞു ബോദ്ധ്യപ്പെടുത്തു ''ഇതല്ല എന്‍റെ വഴി.'' സ്വന്തം നിരാശകള്‍ക്കും പാരവശ്യങ്ങള്‍ക്കും സ്ഥാനം നല്‍കിയാല്‍ കാലമെത്തും മുമ്പേ കുഴിയില്‍ വീണുപോവുകയായിരിക്കും ഫലം. നിങ്ങളുടെ കാലശേഷം മറ്റാരെങ്കിലും നിങ്ങള്‍ക്കുവേണ്ടി കുഴിയെടുക്കണം. അതല്ലേ ശരി? ആ പണി നിങ്ങള്‍ സ്വയം ചെയ്യേണ്ടതുണ്ടോ? ഇത് കുഴികുത്താനുള്ള കാലമല്ല, പറന്നുയരാനുള്ളതാണ്. മനുഷ്യമനസ്സിന്‍റെ ഏറ്റവും അതിശയകരമായ സിദ്ധി എന്താണെന്നോ? ഏതു നിമിഷവും അതിനു രൂപം മാറാനാകും. നേരത്തെ പറഞ്ഞതുപോലെ മനസ്സിന്‍റെ രൂപമാറ്റത്തെ അതിന്‍റെ ലക്ഷ്യബോധമായി കാണരുതെന്നു മാത്രം. പ്രശ്‌നങ്ങളൊഴിവാക്കാനുള്ള വഴി അതാണ്.

ലക്ഷ്യം ഉറപ്പിച്ചു കഴിഞ്ഞാല്‍, മനസ്സിനെ അതിന്‍റെ പാട്ടില്‍ വിടാനാവും. അതിന്‍റെ രൂപമാറ്റമൊന്നും, നിങ്ങളെ അലസോരപ്പെടുത്തുകയില്ല. ദിശാബോധമില്ലായ്മയാണ് പ്രശ്‌നങ്ങളെ സൃഷ്ടിക്കുന്നത്. ലക്ഷ്യം ഉറപ്പിച്ചു കഴിഞ്ഞ മനസ്സില്‍ രൂപമാറ്റം ഉണ്ടായാല്‍ തന്നേയും അതു നിങ്ങളെ നയിക്കുക സര്‍ഗാത്മകതയിലേക്കായിരിക്കും. തീര്‍ച്ചയായും വിഷാദത്തിലേക്കാവില്ല.

ഓരോ നിമിഷവും അതാതിന്‍റെ ആവശ്യമനുസരിച്ച് ബോധപൂര്‍വ്വം രൂപം മാറുന്ന മനസ്സ്, ആത്മജ്ഞാനത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ദൃഢമായ ലക്ഷ്യത്തോടുകൂടിയ തെളിവാര്‍ന്ന മനസ്സ്, ലക്ഷ്യത്തില്‍ ഏകാഗ്രത പുലര്‍ത്തുന്ന മനസ്സ്.....അപാരമായ ജ്ഞാനപ്രാപ്തിക്കുള്ള ഉപാധിയാണ്.

 
 
 
 
  0 Comments
 
 
Login / to join the conversation1