सद्गुरु

വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കാം. നിങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ളത് ആരോടാണ്? എന്‍റെ ഭാര്യ, ഭര്‍ത്താവ്, എന്‍റെ കുഞ്ഞ്, അല്ല സുഹൃത്ത് അച്ഛന്‍, അമ്മ ഇങ്ങനെ ഏതു മറുപടി പറഞ്ഞാലും അതെല്ലാം കള്ളമാണ്.

ഈ പറഞ്ഞ ഓരോരുത്തര്‍ക്കും നിങ്ങള്‍ അതിര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ക്കു വീടിന്‍റെ വാതില്‍വരെ, ചിലര്‍ക്ക് കൈയെത്തും ദൂരത്തോളം, ചിലര്‍ക്കു കിടപ്പറ വരെ. പക്ഷേ എത്ര അടുപ്പമുള്ള ആളും അറിയാത്ത ഒന്നുരണ്ടു രഹസ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ പുതഞ്ഞു കിടക്കുന്നില്ലേ? പക്ഷേ അതും അറിഞ്ഞുവെച്ചിരിക്കുന്ന അത്രയ്ക്ക് അടുപ്പമുള്ള ഒരാള്‍ ഉണ്ട്.
ആരാണത്?

ഈശ്വരന്‍ എന്ന മണ്ടന്‍ എന്ന് മറുപടി പറയേണ്ടതില്ല. കാരണം നിങ്ങളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ എത്രയോ വലിയ കാര്യങ്ങള്‍ അദ്ദേഹത്തിനുണ്ട്.
അപ്പോള്‍ പിന്നെ ആര്?

നിങ്ങള്‍ തന്നെ അതേ. നിങ്ങള്‍മാത്രം. നിങ്ങളേക്കാള്‍ നിങ്ങള്‍ക്ക് അടുപ്പമുള്ള ആരുണ്ട്? ജീവിതത്തെപ്പറ്റി എന്ത് അറിയണമെങ്കിലും അതിന്‍റെ പ്രാരംഭമായി ആ അടുപ്പക്കാരനെപ്പറ്റി പൂര്‍ണ്ണമായും അറിയേണ്ടതാണ്. ഓരോ നിമിഷവും നിങ്ങളുടെ ഇച്ഛക്കനുസരിച്ച് രൂപപ്പെടുത്താന്‍ ലഭിച്ചിരിക്കുന്ന അവസരമാണ് ഈ ജീവിതം.

നിങ്ങളേക്കാള്‍ നിങ്ങള്‍ക്ക് അടുപ്പമുള്ള ആരുണ്ട്? ജീവിതത്തെപ്പറ്റി എന്ത് അറിയണമെങ്കിലും അതിന്‍റെ പ്രാരംഭമായി ആ അടുപ്പക്കാരനെപ്പറ്റി പൂര്‍ണ്ണമായും അറിയേണ്ടതാണ്.

ഈ ഭൂമിയുടെ തലവിധി മാറ്റിയെഴുതിയ അനേകമാളുകള്‍ ഉണ്ട്. അവരൊക്കെത്തന്നെ അപ്പോള്‍ വേണ്ടതില്‍ മാത്രം പൂര്‍ണ്ണമായും ശ്രദ്ധിച്ച്, അതില്‍തന്നെ അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിച്ചവരാണ്. അവര്‍ ആരുംതന്നെ കുറെക്കാലം കഴിഞ്ഞ് ആരെങ്കിലും ഇതൊക്കെ ചെയ്യട്ടെ എന്ന് മാറ്റിവച്ചു കാത്തിരുന്നില്ല. ഒരു മണ്ണുനുള്ളി ഇടാന്‍പോലും മെനക്കെടാത്ത അനേകമനേകം ആളുകള്‍ ഈ ദേശമാകെ മൈക്കിലൂടെ പൊള്ളയായ വാക്കുകള്‍ എറിഞ്ഞ് ശബ്ദമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒന്നിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഭാഷയോ, ദേശമോ, സംസ്കാരമോ തടസ്സമാകുന്നില്ല. നൂതന സാങ്കേതികപരിജ്ഞാനം അതിനുവേണ്ട എല്ലാ സാധ്യതകളും ഒരുക്കിത്തന്നിരിക്കുന്നു. അതിജാഗ്രതയോടെ, സന്തോഷത്തോടെ, അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ ചുറ്റുമുള്ള നൂറുപേര്‍ക്ക് പ്രയോജനമുണ്ടാവും. അവരുടെ ചുറ്റുമുള്ള പതിനായിരങ്ങള്‍ അതു പ്രയോജനപ്പെടുത്തും. അങ്ങനെ പെരുകി, പെരുകി പത്തുലക്ഷം എന്ന തോതിലെത്താന്‍ കുറച്ചു സമയമേ ആവശ്യമുള്ളൂ. പത്തുലക്ഷം ആളുകള്‍ ശ്രദ്ധയോടെ, അര്‍പ്പണബുദ്ധിയോടെ, പൂര്‍ണ്ണമായ താല്പര്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അതിനുതുല്യമായ ഒരു ശക്തി എവിടെയുണ്ട്?

ഒരു വലിയ സൈന്യം കൂടെയുള്ളതല്ല ശക്തിയുടെ അടയാളം. ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി മറ്റുള്ളവര്‍ നിങ്ങളെ സമീപിക്കുമ്പോഴാണ്, നിങ്ങളെ ആശ്രയിക്കുമ്പോഴാണ്, നിങ്ങള്‍ യഥാര്‍ത്ഥ ശക്തിമാനാകുന്നത്.

ഒരു വലിയ സൈന്യം കൂടെയുള്ളതല്ല ശക്തിയുടെ അടയാളം. ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി മറ്റുള്ളവര്‍ നിങ്ങളെ സമീപിക്കുമ്പോഴാണ്, നിങ്ങളെ ആശ്രയിക്കുമ്പോഴാണ്, നിങ്ങള്‍ യഥാര്‍ത്ഥ ശക്തിമാനാകുന്നത്. അതുണ്ടെങ്കില്‍ ഈ നിമിഷംതന്നെ കോടിക്കണക്കിന് ആളുകളെ ഭാവനാതീതമായ ഉയരത്തിലെത്തിക്കാന്‍ നിങ്ങള്‍ക്കാവും.

ഇതൊരു നിയമനിര്‍മ്മാണം കൊണ്ടു സാധിക്കാന്‍ ആവില്ല. നേതാക്കന്മാരെക്കൊണ്ട് അടിച്ചേല്‍പ്പിക്കാന്‍ പറ്റുകില്ല. ഓരോ വ്യക്തിയും സ്വന്തം ചുമതല തിരിച്ചറിഞ്ഞ്, സന്തോഷത്തോടെ പ്രവര്‍ത്തിച്ചാല്‍ ഈ രാജ്യം മാത്രമല്ല ഭൂഗോളത്തെപ്പോലും സ്വന്തം ഇഷ്ടപ്രകാരം മാറ്റിമറിക്കാന്‍ കഴിയും. അതു നടപ്പിലാക്കാന്‍ ഇനി ആരെ കാത്താണ് ഇരിക്കുന്നത്?