നിങ്ങളെക്കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടരുത്

 

നിങ്ങളെ കുറിച്ച് മറ്റുള്ളവർ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് ഉത്കണ്ഠയുണ്ടോ? ഈ ചിന്താ ശകലത്തിൽ സദ്ഗുരു പറയുന്നു, 'അവർ എന്തെങ്കിലും പറഞ്ഞോട്ടെ നിങ്ങൾ സ്വന്തം ജോലിയിൽ ശ്രദ്ധിക്കൂ'

ചോദ്യ കർത്താവ് : നമസ്കാരം, സദ്ഗുരോ . ആളുകൾ എന്നെ പറ്റി എന്ത് പറയുന്നു എന്നത് കാര്യമായി എടുക്കുന്ന സ്വഭാവമാണ് എന്‍റെത്. അത് എങ്ങിനെ കൈകാര്യം ചെയ്യുവാൻ സാധിക്കും?

സദ്ഗുരു: ഒന്നാമത്, നിങ്ങള്‍ക്ക് പുറകിൽ എന്തെല്ലാം സംഭവിക്കുന്നുണ്ടെന്നു വാസ്തവത്തിൽ നിങ്ങൾക്ക് അറിയാമോ? അതോ അത് നിങ്ങൾ സങ്കല്പിക്കുന്നതാണോ? അങ്ങിനെ സങ്കൽപ്പിക്കുന്നത് നിർത്തൂ, ആരെങ്കിലും നിങ്ങളെപ്പറ്റി എന്തെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്; നിങ്ങളുടേതല്ല. അവരുടെ ചിന്തകൾ അവരുടെ പ്രശനം മാത്രമാണ്; അവർക്കു വേണ്ടത് അവർ ചിന്തിച്ചോട്ടെ.

എല്ലാവരും നിങ്ങളെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുവാൻ മാത്രം പ്രധാനപ്പെട്ട ആളാണ് നിങ്ങൾ എന്നാണോ വിചാരം? ആരും നിങ്ങളെപ്പറ്റി ചിന്തിക്കുന്നില്ലെങ്കിൽ അതാണ് ഏറ്റവും നല്ല സ്വാതന്ത്ര്യം. മറ്റുള്ളവർ ചിന്തിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എന്തിനു ചിന്തിക്കണം? അത് അനാവശ്യമാണ്. നിങ്ങള്‍ക്ക് ചെയ്യാനുള്ളതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവർ എന്തു വേണമെങ്കിലും ചിന്തിച്ചോട്ടെ. ഒരു പക്ഷെ അവർക്കു വേറെ ഒന്നും ചിന്തിക്കുവാൻ ഇല്ലാത്തതു കൊണ്ടാകാം നിങ്ങളെപ്പറ്റി ചിന്തിക്കുന്നത്. ആരെങ്കിലും നിങ്ങളെപ്പറ്റി ചിന്തിക്കുന്നു എന്നത് നിങ്ങളുടെ സങ്കല്‍പ്പത്തില്‍ മാത്രമാകും നടക്കുന്നത്.

എല്ലാവരും നിങ്ങളെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുവാൻ മാത്രം പ്രധാനപ്പെട്ട ആളാണ് നിങ്ങൾ എന്നാണോ വിചാരം? ആരും നിങ്ങളെപ്പറ്റി ചിന്തിക്കുന്നില്ലെങ്കിൽ അതാണ് ഏറ്റവും നല്ല സ്വാതന്ത്ര്യം.

മിക്ക ആളുകൾക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിരിക്കും. അവർ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല; അത് നല്ല കാര്യമാണ്. ഇനി ആരെങ്കിലും നമ്മളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ പോലും സാരമില്ല. മറ്റുള്ളവരെ കുറിച്ച് വിഷമിക്കണ്ട. അവരുടെ ചിന്തകളെ നിങ്ങള്‍ക്ക് ശരിയാക്കുവാൻ സാധിക്കുകയില്ല. പിന്നെ അതിനെപ്പറ്റി എന്തിന് ആലോചിക്കണം?

അവരുടെ മാനസിക പ്രശ്നങ്ങൾ അവർക്കു തന്നെ വിട്ടു കൊടുത്തേക്കൂ. അത് പരിഹരിക്കുവാൻ ശ്രമിക്കേണ്ട. എന്ത് വിഢിത്തം വേണമെങ്കിലും അവർ ചിന്തിച്ചോട്ടെ. നിങ്ങളുടെ വ്യക്തിത്വത്തെ അത് എന്തിനു ബാധിക്കണം? നിങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ല എന്ന് തീർച്ചയാണെങ്കിൽ, അതിനെ കുറിച്ച് ചിന്തിക്കേണ്ട. നിങ്ങള്‍ക്ക് പ്രശ്നങ്ങൾ ഉണ്ടെന്നു മറ്റുള്ളവർക്ക് തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്.

മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിനെപ്പറ്റി വിചാരിക്കുന്നവർക്ക് ഈ ജീവിതത്തിൽ ഒന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല. നിങ്ങള്‍ക്ക് വേണ്ടത് ചെയ്യുവാൻ എല്ലാവരുടെയും സമ്മതം വേണമെങ്കിൽ, നിങ്ങൾക്കു ഒന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല. അതുകൊണ്ട് അതിനെപ്പറ്റി വിചാരിക്കാതെ സ്വന്തം കർത്തവ്യത്തിൽ ശ്രദ്ധിക്കൂ.