सद्गुरु

ബ്ലൂംസ്ബറി ടി. വി. ഇന്ത്യ എഡിറ്റർ വിവേക് ലോ സദ്ഗുരുവുമായി  നടത്തിയ അഭിമുഖം

വിവേക് ലോ: നമുക്ക് ആദ്യം നേതൃപാടവത്തെക്കുറിച്ച് സംസാരിക്കാം. മുൻപൊരിക്കൽ താങ്കൾ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ, ഒരു നേതാവിന്റെ കഴിവിന്റെ ശരിയായ പരീക്ഷണം വരുന്നത് കാലം അയാൾക്ക് പ്രതികൂലമാകുമ്പോളാണെന്ന്. നമ്മുടെ  രാജ്യത്തെ  ഇപ്പോഴത്തെ   നേതാക്കളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? അവ൪ നമ്മുടെ  രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് താങ്കൾക്ക്  തോന്നുന്നുണ്ടോ?

സദ്ഗുരു: ഇല്ല, ഇന്ന് ആരുംതന്നെ ഈ രാജ്യത്തെ ഏതെങ്കിലും ഒരു പ്രത്യേകദിശയിൽ നയിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ  രാജ്യം സ്വതന്ത്രമാണ് - നാശത്തിലേക്ക് വീഴുവാൻ നമുക്കും സ്വാതന്ത്ര്യമുണ്ട്. 2008ൽ ആഗോളമാന്ദ്യത്തിന്റെ ആരംഭദശയിൽ  ഇത്   സംഭവിക്കുന്നത് നാം കണ്ടു. വേൾഡ് ഇക്കണോമിക്ക് ഫോറത്തില്‍ വികസിത രാജ്യങ്ങളിലെ വ്യവസായ പ്രമുഖന്മാർ  ഖിന്നരായിരിക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള സംഘം ഉത്സാഹപൂർവ്വം  "ഇന്ത്യ എല്ലായിടത്തും" എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യയെക്കുറിച്ച് പുകഴ്ത്തി  പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഈ വ്യവസായ പ്രമുഖർ മൗനം പാലിച്ചു.

നാം ഒരു പുതിയ സാധ്യതയുടെ പടിവാതിൽക്കലാണ് എന്നത് വളരെ സ്വാഗതാർഹമായ കാര്യമാണ്. ഈ സാധ്യതയെ ധനസമ്പാദന മാർഗ്ഗമായി മാത്രം കാണരുത്.

അന്ന് ഞാൻ പറഞ്ഞു; നാം ഒരു പുതിയ സാധ്യതയുടെ പടിവാതിൽക്കലാണ് എന്നത് വളരെ സ്വാഗതാർഹമായ കാര്യമാണ്. ഈ സാധ്യതയെ ധനസമ്പാദന മാർഗ്ഗമായി മാത്രം കാണരുത്. ഈ സന്ദർഭം നാം ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ഏകദേശം 600 ദശലക്ഷം ആളുകളുടെ ജീവിതനിലവാരം  ഉയർത്തുവാൻ നമുക്ക് സാധിക്കും. മറ്റൊരു രാജ്യത്തിനും 5-10 കൊല്ലം കൊണ്ട് ഇത്തരമൊരു വളർച്ച  കൈവരിക്കുവാൻ സാധിച്ചിട്ടില്ല. ചൈനക്ക് ഈ നേട്ടം കൈവരിക്കാൻ വളരെയധികം ബലപ്രയോഗം നടത്തേണ്ടിവന്നു. ബലം പ്രയോഗിക്കാതെതന്നെ ഇത് നമുക്ക് നടപ്പാക്കാൻ സാധിക്കുകയാണെങ്കിൽ  അത് ഒരു വൻ നേട്ടമായിരിക്കും. മുൻപൊരിക്കലും ഒരു തലമുറയിൽപ്പെട്ട 500 ദശലക്ഷം ജനങ്ങൾ ഒറ്റയടിക്ക് ഇത്തരമൊരു സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടില്ല.

ശരിയായ പാതയിലൂടെ തന്നെയാണ് നാം മുന്നേറിക്കൊണ്ടിരിക്കുന്നത്.  അങ്ങനെയാണെങ്കിൽപ്പോലും ആ പാതയിൽ നാം മുന്നേറിക്കൊണ്ടിരുന്നില്ലെങ്കിൽ മറ്റുള്ളവർ നമ്മെ തട്ടിമറിച്ചിട്ടു  കടന്നുപോകും. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്, "കിട്ടുന്ന സന്ദർഭങ്ങൾ കളഞ്ഞുകുളിക്കാൻ നമുക്ക്  ഒരു പ്രത്യേക കഴിവുണ്ട്. അങ്ങനെ ചെയ്തതിന്റെ ഒരു നീണ്ട ചരിത്രം തന്നെ നമുക്കുണ്ട്.”

ലോ: എന്നിട്ടും അപ്പോഴും നമ്മൾ ആ അവസരവും കളഞ്ഞു കുളിച്ചു.

സദ്ഗുരു:  മൻസൂർ  അലിഖാൻ പട്ടോഡി പറയാറുള്ളത് ഓർമ്മയില്ലേ 'വിജയത്തിന്റെ പടിവാതിൽക്കലെത്തിയിട്ട് പരാജയം ചോദിച്ചുവാങ്ങുവാൻ നമുക്കൊരു പ്രത്യേക കഴിവുണ്ട്' എന്ന്

ലോ: ഇവിടെയും നമ്മൾ അത് തന്നെ ചെയ്തു എന്നാണോ അങ്ങ്  പറയുന്നത്?

നാം ഇപ്പോഴും സമ്പൂർണ്ണ വിജയം നേടിയിട്ടില്ല. പക്ഷെ നമ്മൾ അതിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.

സദ്ഗുരു:  നാം ഇപ്പോഴും സമ്പൂർണ്ണ വിജയം നേടിയിട്ടില്ല. പക്ഷെ നമ്മൾ അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ തരണം ചെയ്യാൻ ആവശ്യമായ തിരുത്തലുകൾ നമ്മൾ കൈക്കൊണ്ടില്ലായെങ്കിൽ നമുക്ക് ആ ലക്ഷ്യത്തിലെത്താൻ സാധിച്ചേക്കില്ല.

ലോ:  സദ്ഗുരോ,   കഴിഞ്ഞ ഒരു വർഷമായിട്ട്  നമ്മുടെ രാജ്യത്തെ എല്ലാ പ്രധാന വ്യവസായങ്ങളിലും പലേ നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടതായി വന്നു. നമ്മുടെ സമ്പത് വ്യവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നതിനാലാണ് ഇത് ആവശ്യമായി വന്നത്.  വളരെ അധികം ജോലിക്കാരെ പിരിച്ചു വിടേണ്ടി വന്നു. ഔദ്യോഗീക കണക്കിനേക്കാൾ എത്രയോ അധികം തൊഴിലവസരങ്ങൾ നഷ്ട്ടപ്പെട്ടു. നിരാശരായ അനേകം പേരെ അങ്ങയ്ക്ക് 'ഇൻസൈറ്റിൽ ഇത്തവണ കാണേണ്ടി വന്നിട്ടുണ്ടായിരിക്കും. ഇന്നും ഈ ദുസ്ഥിതിയിലൂടെ കടന്നു പോയിക്കൊണ്ടിയിരിക്കുന്ന വ്യവസായികളോട് അങ്ങെയ്ക്ക് എന്താണ് പറയുവാനുള്ളത്?

സദ്ഗുരു: ആളുകളെ പിരിച്ച് വിടുന്നത് വളരെ ദുഃഖകരമാണെന്നതിന് സംശയമില്ല. ഈ പ്രശ്നത്തിന് ഞാൻ പറയാൻ ആഗ്രഹിക്കുന്ന പരിഹാരം ഒരുപക്ഷെ ഒരു ആശ്രമത്തിൽ മാത്രമേ നടപ്പാക്കാൻ പറ്റുകയുള്ളു എന്ന് പലർക്കും തോന്നിയേക്കാം. എന്നിരുന്നാലും    വ്യവസായ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കാൻ പറ്റുമെന്നാണ് എനിക്ക്   തോന്നുന്നത്. ആയിരമാളുകൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനം നഷ്ടത്തിലേക്ക് പോകുകയാണെന്ന് കാണുമ്പോൾ 100 പേരെ ജോലിയിൽനിന്ന് പിരിച്ചു വിടുന്നതിനു പകരം, ആയിരം പേരുടെയും ശമ്പളം 10% വീതം വെട്ടിക്കുറച്ചുകൂടെ? 100 പേരുടെ ജോലി പോകില്ല. ഇക്കാലത്ത് പിരിച്ചുവിടുന്നതിനു പകരം ഉള്ള ജോലിക്കാർക്ക് പ്രത്യേക പരിശീലനം നൽകി വ്യത്യസ്തമായ ഒരു ജോലി ചെയ്യാൻ പ്രാപ്തരാക്കിക്കൂടെ? നിങ്ങൾക്ക് പലേ നിയമങ്ങളും അനുസരിക്കേണ്ടതു കൊണ്ട് ഇപ്രകാരം ചെയ്യുന്നത് ഒരു പക്ഷെ പ്രയാസമായിരിക്കാം.

ഇത്തരമൊരു ആശയം വേണ്ടവിധത്തിൽ എല്ലാ ജോലിക്കാരിലും എത്തിക്കുവാൻ സാധിച്ചാൽ തീർച്ചയായും അവർ 100 പേരെ പിരിച്ച് വിടുന്നതിനുപകരം എല്ലാവരുടെയും ശമ്പളം 10% വീതം കുറയ്ക്കുക എന്നതിനോട് യോജിക്കുമെന്നാണ് എന്റെ വിശ്വാസം. 10% ചിലവ് കുറഞ്ഞു കിട്ടുന്നതുകൊണ്ട് ആ വ്യവസായം ഉടനടി രക്ഷപ്പെടുമെന്ന് പറഞ്ഞുകൂടാ. പക്ഷെ ഉള്ള ജോലിക്കാരെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിച്ചാൽ അത് തീർച്ചയായിട്ടും ഒരു നേട്ടമായിരിക്കും.

ഒരു വിഷമസന്ധിയിൽ അകപ്പെട്ടാൽ, നമുക്കോരോരുത്തർക്കും രണ്ട് തരത്തിൽ അതിനെ നേരിടാൻ സാധിക്കും. ഒന്നുകിൽ കൂടുതൽ ശക്തിയാർജ്ജിച്ച് തിരിച്ചുവരാം; അല്ലെങ്കിൽ നിരാശയിൽ ആഴ്ന്നു തകർന്നു പോകാം. ഇന്ത്യയിൽ വ്യവസായ സമൂഹം അവരുടെ ശക്തി തിരിച്ചു പിടിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. വാണിജ്യ പുരോഗതി മന്ദീഭവിച്ചിരിക്കുന്ന ഇക്കാലത്ത് ഒരു പുനർവിചിന്തനം നടത്താനും പുതിയ മാർഗ്ഗങ്ങൾ കണ്ടുപിടിക്കാനും ഉള്ള സാവകാശം ലഭിക്കും. നിങ്ങളുടെ സംരംഭങ്ങൾ നന്നായി നടക്കുന്ന കാലത്ത് ഇതിനുള്ള സമയമോ സൗകര്യമോ നിങ്ങൾക്ക് ലഭിക്കുകയില്ല.  ഇത് നിങ്ങളെ ആശ്വസിപ്പിക്കുവാൻ മാത്രം പറയുന്നതല്ല. കാലം മാറിക്കൊണ്ടിരിക്കും.  ഈ പ്രതികൂലാവസ്ഥ എന്നും നിലനിൽക്കുകയില്ല. പക്ഷെ മെച്ചപ്പെട്ട സ്ഥിതി വരുമ്പോൾ നിങ്ങൾ അത് ഉപയോഗപ്പെടുത്തുവാൻ തയ്യാറായിരിക്കണം. ഇപ്പോഴത്തെ സമയം ശരിയായി വിനിയോഗിച്ച് പുതിയ പദ്ധതികൾ തയ്യാറാക്കി വച്ചാൽ അവ നടപ്പാക്കാൻ നിങ്ങൾക്ക് സാധിക്കും.

ലോ: നമുക്ക് രാഷ്ട്രീയ നേതൃത്വത്തെ എടുക്കാം. എല്ലാവരും അതിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സന്ദേശമാണ് അങ്ങെക്ക് നൽകാനുള്ളത്?

സദ്ഗുരു: ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ മനസ്സിലാക്കേണ്ട ഒരു കാര്യം ആരായിരുന്നു നിങ്ങളുടെ മുത്തശ്ശി അല്ലെങ്കില്‍ മുത്തശ്ശന്‍ എന്ന കാര്യത്തിൽ ജനങ്ങൾക്ക് യാതൊരു താൽപ്പര്യവും ഇല്ല എന്നതാണ്.  ജനങ്ങൾക്ക് അറിയേണ്ടത് ഇതാണ്;  "ഒരു  പൗരനെന്ന നിലയിൽ എന്നെ   ശക്തിപ്പെടുത്താൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? എന്‍റെയും, എനിക്ക് ചുറ്റുമുള്ളവരുടെയും ജീവിതം മെച്ചപ്പെടുമോ? ഞങ്ങളുടെ മക്കളുടെ ഭാവി ജീവിതം മെച്ചപ്പെട്ടതായിരിക്കുമോ?" രാഷ്ട്രീയ സംവാദങ്ങളിൽ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഞാൻ കേട്ടിട്ടേ ഇല്ല. രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുന്നതു കണ്ടാൽ നാളെയാണ് തിരഞ്ഞെടുപ്പ് എന്ന് തോന്നും. വാസ്തവത്തിൽ തിരഞ്ഞെടുപ്പ് എന്നാണെന്നുപോലും തീരുമാനിച്ചിട്ടില്ല. ഇത്തരം പ്രചാരണ തന്ത്രങ്ങൾ മാറ്റിവച്ച് അവർ ശരിയായ പ്രവൃത്തിയിലേക്ക് ഇറങ്ങട്ടെ. തിരഞ്ഞെടുപ്പിന് ഒന്നോ ഒന്നരയോ മാസം മുൻപ് മതി ഇത്തരം പ്രചാരണ തന്ത്രങ്ങൾ.