നല്ല പാഠം - കുഞ്ഞുങ്ങളാവട്ടെ നമ്മുടെ ഗുരുക്കന്മാര്‍
ഓര്‍മിക്കാനും, ഓമനിക്കാനുമായി കുറേ കൊച്ചുകൊച്ചു സന്തോഷങ്ങളും, നേട്ടങ്ങളും നിറഞ്ഞതായിരുന്നു നമ്മുടെയെല്ലാം കുട്ടിക്കാലം. അല്ലലൊന്നുമില്ലാതെ, ഉത്തരാവാദിത്തങ്ങളൊന്നുമില്ലാതെ, കളിച്ചു തിമിര്‍ത്തു നടന്ന കാലം. പക്ഷെ, അങ്ങനെയാണോ ഇന്നത്തെ കുട്ടികള്‍ വളര്‍ന്നു വരുന്നത്? വാസ്‌തവത്തില്‍ എന്തു സ്വാതന്ത്ര്യമാണവര്‍ക്കുള്ളത്‌?
 
 

सद्गुरु

ഓര്‍മിക്കാനും, ഓമനിക്കാനുമായി കുറേ കൊച്ചുകൊച്ചു സന്തോഷങ്ങളും, നേട്ടങ്ങളും നിറഞ്ഞതായിരുന്നു നമ്മുടെയെല്ലാം കുട്ടിക്കാലം. അല്ലലൊന്നുമില്ലാതെ, ഉത്തരാവാദിത്തങ്ങളൊന്നുമില്ലാതെ, കളിച്ചു തിമിര്‍ത്തു നടന്ന കാലം. പക്ഷെ, അങ്ങനെയാണോ ഇന്നത്തെ കുട്ടികള്‍ വളര്‍ന്നു വരുന്നത്? വാസ്‌തവത്തില്‍ എന്തു സ്വാതന്ത്ര്യമാണവര്‍ക്കുള്ളത്‌?

കുട്ടിക്കാലത്തിലേക്കൊന്നു തിരിഞ്ഞു നോക്കുകയെന്നത്‌ നമുക്കേവര്‍ക്കും പ്രിയമുള്ളൊരു കാര്യമാണ്‌ – ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും, നേട്ടങ്ങളും, യാതൊരു ഉത്തരവാദിത്വവുമില്ലാത്ത നാളുകള്‍, ഇഷ്‌ടംപോലെ കളിച്ചു രസിച്ച്‌ സ്വാതന്ത്ര്യത്തോടെ കഴിഞ്ഞ കാലം. എന്നാല്‍ ആഴത്തില്‍ ഒന്ന് ചിന്തിച്ചു നോക്കൂ. വാസ്‌തവത്തില്‍ ഇന്നത്തെ കുട്ടികള്‍ക്ക്‌ എന്തു സ്വാതന്ത്ര്യമാണുള്ളത്‌? നമ്മുടെ, അതായത്‌ മുതിര്‍ന്നവരുടെ പ്രതീക്ഷകളുടേയും, ആഗ്രഹങ്ങളുടേയും, ഉത്‌കണ്‌ഠകളുടേയും ഒക്കെ ഭാരവും ചുമന്നുകൊണ്ടല്ലെ ഓരോ കുട്ടിയും വളരുന്നത്‌?അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ വിഭിന്നതകളിലേക്ക്‌ സദ്‌ഗുരു വെളിച്ചം വീശുന്നു.

മുതിര്‍ന്നവരുടെ പ്രതീക്ഷകളുടേയും, ആഗ്രഹങ്ങളുടേയും, ഉത്‌കണ്‌ഠകളുടേയും ഒക്കെ ഭാരവും ചുമന്നുകൊണ്ടല്ലെ ഓരോ കുട്ടിയും വളരുന്നത്‌?

സദ്‌ഗുരു : – കുട്ടികളുടെ കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക്‌ അത്രയധികം ഉത്‌കണ്‌ഠയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടതിതാണ്‌ – തങ്ങളുടെ താത്‌പര്യങ്ങളും ആഗ്രഹങ്ങളും അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടാത്തക്കവണ്ണം മക്കളെ വളര്‍ത്തി വലുതാക്കുക. സ്‌നേഹത്തിന്റെ അര്‍ത്ഥം വരിഞ്ഞുമുറുക്കലല്ല, നേരെ മറിച്ച്‌ സ്വാതന്ത്ര്യത്തോടെ ചിറകുവിരിച്ച്‌ പറക്കാന്‍ അനുവദിക്കലാണെന്ന് ആദ്യം തന്നെ മനസ്സിലാക്കണം. കുട്ടികളെ അവനവന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കാനും, മനസ്സിലാക്കാനും, പ്രകൃതിയോടിണങ്ങി ജീവിക്കാനും അനുവദിക്കണം. സ്‌നേഹത്തിന്റേയും, സഹായത്തിന്റേതുമായ ഒരന്തരീക്ഷം സൃഷ്‌ടിച്ചെടുക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബസ്ഥിതി, സാമ്പത്തിക നില തുടങ്ങിയ സങ്കുചിത ചിന്തകള്‍ക്കതീതമായി അവര്‍ യഥേഷ്‌ടം വളരട്ടെ. പ്രകൃതിയെ അറിഞ്ഞും സ്‌നേഹിച്ചും വളരാന്‍ നമ്മളവരെ പ്രോത്സാഹിപ്പിക്കണം. അവരുടെ ബുദ്ധിയും ബോധവും സ്വതന്ത്രമായി വളര്‍ന്ന് പക്വത നേടട്ടെ. നമ്മുടെ ഇഷ്‌ടാനിഷ്‌ടങ്ങളും മുന്‍വിധികളും അവരുടെ വളര്‍ച്ചയുടെ വഴിയില്‍ തടസ്സങ്ങളായിത്തീരരുത്‌. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം അറിഞ്ഞും ആസ്വദിച്ചും വേണം അവര്‍ വളരാന്‍. അവരുടേയും, ലോകത്തിന്റേയും നന്മക്ക്‌ അതത്യന്താപേക്ഷിതമാണ്‌.

സ്വന്തം വീട്ടില്‍ കുഞ്ഞിന്‌ സുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കില്‍, സ്വാഭാവികമായും അതായിരിക്കും അവനേറ്റവും പ്രിയപ്പെട്ട സ്ഥലം.

നിങ്ങളുടെ സംസ്‌കാരവും, സങ്കല്‍പങ്ങളും, ആദര്‍ശപ്രമാണങ്ങളും കുട്ടികളില്‍ അടിച്ചേല്‍പിക്കാനുള്ള ഒരിടമായി സ്വന്തം വീടിനെ മാറ്റരുത്‌. അവരുടെ സ്വതന്ത്രമായ വളര്‍ച്ചയ്ക്ക്‌ പ്രോത്സാഹനം നല്‍കുന്നതായിരിക്കണം കുടുംബത്തിലെ അന്തരീക്ഷം. സ്വന്തം വീട്ടില്‍ കുഞ്ഞിന്‌ സുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കില്‍, സ്വാഭാവികമായും അതായിരിക്കും അവനേറ്റവും പ്രിയപ്പെട്ട സ്ഥലം. കൂടുതല്‍ സമയം സ്വന്തം വീട്ടില്‍ ചിലവഴിക്കാന്‍ അവന്‌ താല്‍പര്യം തോന്നുകയും ചെയ്യും. അതോടെ പുറമേയുള്ള അലച്ചില്‍ ക്രമേണ കുറയുകയും ചെയ്യും. പല കുട്ടികളും അവരുടെ ഒഴിവു സമയം ചിലവാക്കാനിഷ്‌ടപ്പെടുന്നത്‌ വല്ല തെരുവുമൂലകളിലോ കടകളുടെ മുമ്പിലോ ആണ്‌. വീട്ടിലെ കര്‍ക്കശമായ അന്തരീക്ഷവും, മുതിര്‍ന്നവരുടെ പെരുമാറ്റവും അവന്‌ സഹിക്കാനാവുന്നില്ല എന്നതാണ്‌ അതിനു പിന്നിലുളള കാരണം. അങ്ങനെയുള്ള ഒരു വീര്‍പ്പുമുട്ടല്‍ അവന്റെ ജീവിതത്തില്‍നിന്ന് നമുക്കൊഴിവാക്കാന്‍ സാധിച്ചാല്‍, നിശ്ചയമായും അവന്റെ സ്വഭാവത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും. കയറുപൊട്ടിച്ച്‌ തെരുവിലേക്ക്‌ ചാടാന്‍ അവന്‍ ധൃതി കൂട്ടുകയില്ല. ഇതിന്റെയര്‍ത്ഥം ലോകത്തെ കണ്ടറിയാനും, ജീവിത യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനും, അവന്‌ അവസരം കൊടുക്കേണ്ട എന്നതല്ല. അതെല്ലാം സമയാസമയങ്ങളില്‍ അവന്‍ മനസ്സിലാക്കുകതന്നെ വേണം. അതൊക്കെ അവന്റെ കാഴ്‌ചപ്പാടുകളെ, ചിന്താഗതിയെ സാരമായ രീതിയില്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. അപ്പോഴും സ്വതന്ത്രമായി ചിന്തിക്കാനും അവനവന്റേതായ അഭിപ്രായങ്ങള്‍ രൂപീകരിക്കാനും അച്ഛനമ്മമാര്‍ പിന്‍തുണ നല്‍കേണ്ടതുണ്ട്‌. നമ്മുടെ സ്‌നേഹവും, വിശ്വാസവും, പ്രോത്സാഹനവും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരോടൊപ്പമുണ്ടായിരിക്കണം. മക്കളുടെ നല്ല ഭാവിക്കുവേണ്ടി അച്ഛനമ്മമാര്‍ക്ക്‌ നല്‍കാനാവുന്ന ഏറ്റവും വലിയ സംഭാവന അതാണ്‌.

പല അച്ഛനമ്മമാരും ധരിച്ചുവച്ചിരിക്കുന്നത്‌, ഒരു കുഞ്ഞു ജനിച്ചാല്‍, അവനെ പഠിപ്പിക്കാന്‍ തുടങ്ങേണ്ട സമയമായി എന്നാണ്‌. വാസ്‌തവത്തില്‍ പഠിക്കാനുള്ളത്‌ നമ്മളാണ്‌ - കുട്ടികളില്‍നിന്ന്. ആലോചിച്ചു നോക്കൂ, നമ്മളേക്കാള്‍ എത്രയോ അധികം സന്തുഷ്‌ടരാണ്‌ നമ്മുടെ കുഞ്ഞുങ്ങള്‍. കുഞ്ഞുണ്ടാകുന്നതിനുമുമ്പ്‌ എത്ര വിരസവും, നിറം കെട്ടതുമായിരുന്നു നിങ്ങളുടെ ദൈനംദിനജീവിതം. ഇപ്പോഴോ? ചിരിക്കുന്നു, പാട്ടുപാടുന്നു, ചാടിത്തുള്ളുന്നു, വീട്ടിലെങ്ങും മുട്ടുകാലിലിഴയുന്നു, കട്ടിലിനു ചുവട്ടിലൊളിക്കുന്നു – എല്ലാം കുഞ്ഞിനോടൊപ്പം – അവനുവേണ്ടി , അവനെ സന്തോഷിപ്പിക്കാന്‍. നിങ്ങളുടെ ജീവിതം തന്നെ അവനായിത്തീരുന്നു.
പക്ഷെ നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്, അതായത് ഒന്നു രണ്ടു കാര്യം മാത്രമേ നിങ്ങള്‍ അവനെ പഠിപ്പിക്കേണ്ടതുള്ളു – ആപത്തുകള്‍ കണ്ടറിഞ്ഞ്‌ ഒഴിഞ്ഞുമാറാന്‍, ജീവിതത്തില്‍ ദൃഢതയോടെ മുന്നോട്ടു നീങ്ങാന്‍. ഇതില്‍ കൂടുതലായി ഒന്നും പരിശീലിപ്പിക്കേണ്ട ആവശ്യമില്ല. അവന്‍ തനിയെ മനസ്സിലാക്കിക്കൊള്ളും. മുതിര്‍ന്നവരുടെ മനസ്സില്‍ ഒരു നൂറായിരം പ്രശ്‌നങ്ങളും, ആശങ്കകളുമുണ്ടാകും. ചിലതൊക്കെ യഥാര്‍ത്ഥത്തിലുള്ളതാകാം, എന്നാല്‍ ഏറെയും സങ്കല്‍പിച്ചുണ്ടാക്കുന്നതായിരിക്കും. കുഞ്ഞുങ്ങള്‍ക്ക്‌ ആ ഒരു കാര്യം തീരെ വശമില്ല. അതുകൊണ്ടാണ്‌ ഞാന്‍ പറയുന്നത്‌, നമ്മളവരെ പഠിപ്പിക്കാന്‍ ശ്രമിക്കേണ്ട, അവരില്‍നിന്നും നമുക്കു പഠിക്കാം, നല്ല പാഠങ്ങള്‍ പലതും!

 
 
  0 Comments
 
 
Login / to join the conversation1