सद्गुरु

കാന്തിസരോവരത്തിന്റെ തീരത്തുവെച്ചാണ്‌ യോഗവിദ്യയുടെ രഹസ്യം ആദിഗുരു തന്റെ ആദ്യത്തെ ഏഴു ശിഷ്യമാര്‍ക്ക്‌ കൈമാറിയത്‌. ആ ഏഴു ശിഷ്യന്‍മാരാണ് സപ്‌തര്‍ഷികള്‍.

2013ലെ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും കാന്തിസരോവരം നിറഞ്ഞൊഴുകി കേദാരത്തിനടുത്തെത്തി. ഇന്നെല്ലാവരും ഗാന്ധിസരോവരം എന്നാണതിനെ പറയുന്നത്‌. യഥാര്‍ത്ഥത്തില്‍ അത്‌ കാന്തിസരോവരമാണ്‌. കാന്തി എന്നാല്‍ ഈശ്വരാനുഗ്രഹമെന്നാണ്‌ അര്‍ത്ഥം. സരോവരം എന്നാല്‍ തടാകവും. അങ്ങനെ അത്‌ കൃപയുടെ തടാകമായ കാന്തിസരോവരമായി. യോഗശാസ്‌ത്രത്തില്‍ ശിവനെ ഈശ്വരനായല്ല പരിഗണിക്കുന്നത്‌. ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍, യോഗ സമ്പ്രദായത്തിന്റെ മൂലസ്രോതസ്സ്‌. ആദിയോഗിയും, ആദി ഗുരുവും ശിവനാണ്‌.

യോഗശാസ്‌ത്രത്തില്‍ ശിവനെ ഈശ്വരനായല്ല പരിഗണിക്കുന്നത്‌. ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍, യോഗ സമ്പ്രദായത്തിന്റെ മൂലസ്രോതസ്സ്‌.

കാന്തിസരോവരത്തിന്റെ തീരത്തുവെച്ചാണ്‌ യോഗവിദ്യയുടെ രഹസ്യം ആദിഗുരു തന്റെ ആദ്യത്തെ ഏഴു ശിഷ്യന്മാര്‍ക്ക്‌ കൈമാറിയത്‌. ആ ഏഴു ശിഷ്യന്‍മാരാണ് സപ്‌തര്‍ഷികള്‍. അതിനിഗൂഢമായ ഈ ആദ്ധ്യാത്മികശാസ്‌ത്രം ആദിഗുരു തന്റെ ശിഷ്യന്‍മാരായ സപ്‌തര്‍ഷിമാര്‍ക്ക്‌ ക്രമപ്രകാരം വ്യാഖ്യാനിച്ചുകൊടുത്ത പുണ്യഭൂമിയാണ്‌ കേദാര്‍നാഥത്തിലെ കാന്തിസരോവരത്തിന്റെ തീരം.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഹിമാലയത്തില്‍ ഒന്നോ രണ്ടോ മാസം ഏകാന്തയാത്രകള്‍ നടത്തിവരിക എന്റെ ഒരു പതിവായിരുന്നു. ആ ഭാഗത്തെ ബസ്സുകളില്‍ കയറി തനിയെ ആണ്‌ എന്റെ സഞ്ചാരം. ഞാന്‍ ബസ്സിനകത്തിരിക്കാറില്ല, അതിന്റെ മുകള്‍ത്തട്ടിലാണ്‌ സ്ഥലം പിടിക്കാറ്‌, ആ പര്‍വ്വതങ്ങളൊന്നുപോലും എന്റെ കണ്ണില്‍പെടാതെ പോകരുത്‌ എന്ന നിര്‍ബ്ബന്ധം കാരണം. യാതൊരു വ്യവസ്ഥയും പാലിക്കാത്ത ബസ്സുകളിലായിരുന്നു ഏറെയും യാത്ര.

പുലര്‍ച്ചെ നാലു നാലരക്ക്‌ ഹരിദ്വാരില്‍ നിന്നും പുറപ്പെടും. നേരെ ഗൌരികുണ്ഡിലേയ്ക്കോ ബദരിനാഥിലേയ്ക്കോ പോകും. ഭക്ഷണത്തിനുപോലും വഴിയില്‍ നിര്‍ത്തില്ല. യാത്രക്കാരെ കയറ്റാനോ ഇറക്കാനോ ആയി മാത്രം ഇടയില്‍ നിര്‍ത്തിയെന്നുവരാം. ആ ബസ്സുകള്‍ക്കുള്ള പരിഹാസപ്പേര്‌ ``പട്ടിണി സമര ബസ്സുകള്‍” എന്നായിരുന്നു. വണ്ടി ഓടിച്ചുകൊണ്ടിരിക്കേ തന്നെ, രണ്ടോ മൂന്നോ ചുരുട്ടിയെടുത്ത ചപ്പാത്തി ഡ്രൈവര്‍ തിന്നുന്നതുകാണാം. യാത്രക്കാര്‍ കൊതിയോടെ അത്‌ നോക്കിയിരിക്കും, തങ്ങളുടെ വിശപ്പടക്കാന്‍ എപ്പോഴാണവസരം കിട്ടുക എന്ന ചിന്തയുമായി.

ഗൌരികുണ്ഡില്‍നിന്നും 14 കിലോമീറ്ററോളം നടന്ന്‍ ഞാന്‍ കേദാര്‍നാഥിലെത്തി. അപ്പോഴാണ്‌ ആദ്യമായി കാന്തിസരോവരത്തെപറ്റി കേട്ടത്‌. ഒരു ദിവസം ഉച്ചതിരിഞ്ഞ്‌ രണ്ടു രണ്ടരയോടെ ഞാന്‍ പുറപ്പെട്ടു. അവിടെ നടന്നെത്താന്‍ ഒരു മണിക്കൂറിലധികം സമയമെടുത്തു. കണ്‍മുമ്പിലതാ അപൂര്‍വ ശോഭയോടുകൂടിയ തടാകം. ചുറ്റും മഞ്ഞണിഞ്ഞ പര്‍വതനിരകള്‍. പ്രകൃതി സൌന്ദര്യത്തിന്റെ പാരമ്യം! അലയിളക്കങ്ങളേതുമില്ലാതെ തികച്ചും ശാന്തമായിക്കിടക്കുന്ന വിശാലമായ സരോവരം. അരികത്തെങ്ങും വൃക്ഷങ്ങളോ കുറ്റിക്കാടുകളോ ഒന്നുമില്ല. ഹിമാവൃതമായ പര്‍വതശിഖരങ്ങള്‍ അതേപടി ആ തടാകജലത്തില്‍ പ്രതിബിംബിച്ചു നില്‍ക്കുന്നു. ആരേയും വിസ്‌മയ സ്‌തബ്‌ധനാക്കുന്ന അഭൌമമായൊരു ദൃശ്യം.

കാടും മലകളും തടാകവും ഈ ഞാനും – ഒന്നും അതാതിന്റെ രൂപത്തില്‍ ഇല്ലാതായി. എല്ലാം നാദമയം മാത്രം. എന്റെ ഹൃദയം ഞാനറിയാതെ പാടാന്‍ തുടങ്ങി.

ഞാന്‍ എത്രനേരം അവിടെ സ്വയം മറന്ന്‍ ഇരുന്നുവെന്ന്‍ പറയാന്‍വയ്യ. ആ പരിസരത്തിന്റെ പ്രശാന്തിയും പരിശുദ്ധിയും നിശ്ശബ്‌ദതയും എന്റെ ബോധമണ്ഡലത്തിലേക്ക്‌ ആഴ്ന്നിറങ്ങി. കുത്തനെയുള്ള ആ മലകയറ്റം, ഇത്രയും ഉയരത്തിലുള്ള ആ പ്രദേശം, അവിടെയെങ്ങും നിറഞ്ഞുനിന്നിരുന്ന പ്രകൃതിസൌന്ദര്യം, എല്ലാംകൂടി ഞാന്‍ വീര്‍പ്പുമുട്ടിയ നിലയിലായി. അവിടെക്കണ്ട ഒരു പാറക്കല്ലില്‍ ഞാന്‍ കയറിയിരുന്നു. ഒച്ചയനക്കങ്ങളേതുമില്ലാതെ, ചുറ്റുപാടും സൂക്ഷ്‌മതയോടെ നിരീക്ഷിച്ചു. അവിടെ കണ്ടതോരോന്നും എന്റെ കണ്ണുകള്‍ ആദരവോടെ ഒപ്പിയെടുക്കുകയായിരുന്നു. കാണെ കാണെ കാഴ്‌ചകളെല്ലാം എന്നില്‍നിന്നു മറഞ്ഞു, നാദം മാത്രം അവശേഷിച്ചു!

കാടും മലകളും തടാകവും ഈ ഞാനും – ഒന്നും അതാതിന്റെ രൂപത്തില്‍ ഇല്ലാതായി. എല്ലാം നാദമയം മാത്രം. എന്റെ ഹൃദയം ഞാനറിയാതെ പാടാന്‍ തുടങ്ങി.

നാദ ബ്രഹ്മ... വിശ്വ സ്വരൂപാ
നാദഹീ സകല... ജീവസ്വരൂപാ
നാദഹീ ബന്ധന്... നാദഹീ മുക്തീ
നാദഹീ ശങ്കര... നാദഹീ ശക്തീ
നാദം, നാദം, സര്‍വം നാദം
നാദം നാദം നാദം നാദം!

എന്തുകൊണ്ടോ സംസ്കൃതഭാഷ പഠിക്കാന്‍ താല്‍പര്യം കാട്ടാതിരുന്ന ഒരാളാണ് ഞാന്‍. അവസരം കിട്ടിയപ്പോഴും ഒഴിഞ്ഞുമാറുകയാണ്‌ ചെയ്‌തത്‌. ആ ഭാഷയുടെ സൌന്ദര്യവും ആഴവും ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, അതിനോട്‌ തികഞ്ഞ ആദരവുമുണ്ട്‌. എന്നിട്ടും ആ ഭാഷ ഞാന്‍ പഠിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്നോ? സംസ്‌കൃതം പഠിച്ചാല്‍ സ്വാഭാവികമായും വായന പുരാണകൃതികളില്‍ ചെന്നെത്തും. എനിക്ക്‌ എന്റേതായ ഒരു കാഴ്‌ചപ്പാടുണ്ട്, അതെന്നെ ഒരിക്കല്‍പോലും പരാജയപ്പടുത്തിയിട്ടുമില്ല. പുരാണകഥകള്‍ വായിച്ച്‌ അവയിലെ സിദ്ധാന്തങ്ങളും വിശ്വാസങ്ങളും മനസ്സില്‍ കടന്നുകൂടി എന്റെ സ്വതവേയുള്ള ചിന്താധാരയെ വികലമാക്കേണ്ടതില്ല എന്ന്‍ ഞാന്‍ നിശ്ചയിച്ചു, അത്രമാത്രം.

കാന്തിസരോവരതീരത്ത്‌ കണ്ണു തുറന്ന്‍, സ്വയം മറന്നിരിക്കവേ ആരോ ഉച്ചത്തില്‍ ആ പാട്ട് പാടുന്നത് ഞാന്‍ കേട്ടു. ക്രമേണ എനിക്കതു മനസ്സിലായി, അത്‌ ഇനിയൊരാളല്ല, എന്റെതന്നെ സ്വരമാണ്‌... വളരെ സ്‌പഷ്‌ടമായി, ഉച്ചത്തില്‍, അതും സംസ്‌കൃതഭാഷയില്‍ മുഴങ്ങുന്ന ആ ശബ്‌ദം...

പര്‍വതങ്ങളെല്ലാം അതേറ്റുപാടുന്നതുപോലെ. സര്‍വവും നാദമയമായിത്തീര്‍ന്ന നിമിഷം. ആ ഗാനം ഞാനുണ്ടാക്കിയതല്ല, എഴുതിയതല്ല, അതൊരു ദര്‍ശനമായിരുന്നു. അതെവിടെ നിന്നോ എന്റെ ഹൃദയാന്തര്‍ഭാഗത്തേയ്ക്ക്‌ ഇറങ്ങിവരുകയായിരുന്നു, സംസ്‌കൃതവാണിയില്‍. എന്നെ അഗാധമായി സ്‌പര്‍ശിച്ച ഒരനുഭവമായിരുന്നു അത്‌!

യോഗശാസ്‌ത്രം സമര്‍ത്ഥിക്കുന്നു... ഈ പ്രപഞ്ചം നാദം മാത്രമാണ്!

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എല്ലാം പഴയപടി ആയി. എന്റെ ബോധം നാദാവസ്ഥയില്‍നിന്നും വീണ്ടും രൂപാവസ്ഥയിലേക്കു വഴുതിവീണു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

നാദബ്രഹ്മം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌, ഈ പ്രപഞ്ചത്തെ നാദമായി അനുഭവിക്കുക എന്നതാണ്‌. അവിടെ രൂപത്തിന്‌ പ്രസക്തിയേ ഇല്ല. ആധുനികശാസ്‌ത്രവും അതുതന്നെ പറയുന്നു. ഓരോ ശബ്‌ദത്തിനും അതിനോടു ചേരുന്ന ഒരു രൂപമുണ്ട്‌. അതുപോലെ ഓരോ രൂപത്തിനും തനതായ ഒരു ശബ്‌ദമുണ്ട്‌. ഇത്‌ ശാസ്‌ത്രം തെളിയിച്ചു കഴിഞ്ഞ ഒരു യാഥാര്‍ത്ഥ്യമാണ്‌. സയന്‍സിനെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചത്തില്‍ ദ്രവ്യം എന്നൊന്ന്‍ ഇല്ലതന്നെ. ഒരു സ്‌പന്ദനം സംഭവിക്കുമ്പോള്‍ അവിടെ ശബ്‌മുണ്ടാകുന്നു.

അതുകൊണ്ട് യോഗശാസ്‌ത്രം സമര്‍ത്ഥിക്കുന്നു... ഈ പ്രപഞ്ചം നാദം മാത്രമാണ്!