നാദബ്രഹ്മം: അസ്തിത്വം മുഴുവന്‍ ശബ്ദമാണ്.
അന്വേഷി: കേദാറില്‍ വച്ച് 'നാദബ്രഹ്മ' ഗീതത്തെകുറിച്ചും അതങ്ങേക്കു പെട്ടന്നു ലഭിച്ച കാര്യവും സൂചിപ്പിക്കുകയുണ്ടായി. ആ അനുഭവത്തെക്കുറിച്ചു കൂടുതല്‍ പറയാമോ?
 
 

സദ്ഗുരു: 'നാദബ്രഹ്മം' എന്നാല്‍ ലോകത്തെ രൂപമായല്ലാതെ ശബ്ദമായി അനുഭവിക്കുക എന്നാണര്‍ത്ഥം. ആധുനിക ശാസ്ത്രവും ഇപ്പോള്‍ പറയുന്നത് എല്ലാ ശബ്ദങ്ങള്‍ക്കും ഒരു രൂപമുണ്ട്, ഓരോ രൂപത്തോടുമൊപ്പം ഒരു ശബ്ദവുമുണ്ട് എന്നാണ്. ഇത് ഒരു ശാസ്ത്രീയ സത്യമാണ്. ഇന്നു നമുക്കറിയാം, മുഴുവന്‍ അസ്തിത്വവും ഊര്‍ജത്തിന്‍റെ ഒരു സ്പന്ദനം മാത്രമാണ് എന്ന്. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, ഇനിമേല്‍ പദാര്‍ത്ഥം എന്നൊന്നില്ല. എവിടെ ഒരു സ്പന്ദനമുണ്ടോ, അവിടെ ഒരു ശബ്ദവുമുണ്ടായിരിക്കും. അതിനാല്‍ യോഗയില്‍, അസ്തിത്വം മുഴുവനും ശബ്ദമാണെന്നു നാം പറയുന്നു.

ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, ഇനിമേല്‍ പദാര്‍ത്ഥം എന്നൊന്നില്ല. എവിടെ ഒരു സ്പന്ദനമുണ്ടോ, അവിടെ ഒരു ശബ്ദവുമുണ്ടായിരിക്കും. അതിനാല്‍ യോഗയില്‍, അസ്തിത്വം മുഴുവനും ശബ്ദമാണെന്നു നാം പറയുന്നു.

ഇതു സംഭവിച്ചത് എട്ടൊമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പാണ്. എല്ലാ വര്‍ഷവും ഞാന്‍ തനിയെ ഒന്നോ രണ്ടോ മാസക്കാലത്തേക്ക് ഹിമാലയത്തിലേക്കു പോകുമായിരുന്നു.

GMOU ബസ്സില്‍ കയറുക എന്നാല്‍ എന്താണെന്നു നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ മുന്നില്‍ കാണുന്ന ഓരോ രണ്ടാമത്തെയോ മൂന്നാമത്തെയോ ബസ്സില്‍ 'GMOU ലിമിറ്റഡ്' എന്ന് എഴുതിയിരിക്കും. അതു കണ്ടിട്ടില്ലേ? വെളുപ്പിന് 3.30 നോ 3.45 നോ GMOU ബസ്സ് ഹരിദ്വാറില്‍ നിന്നു യാത്ര ആരംഭിച്ച് വൈകിട്ട് 7 നും 7.30 നും ഇടയില്‍ ബദരീനാഥിലെത്തുന്നു.

അതിനു മൂന്നുമണിക്ക് ഗേറ്റ് കടക്കേണ്ടതിനാല്‍ നാം സമയത്തിനെതിരെ പായാന്‍ ശ്രമിക്കുകയായിരുന്നു. ഏകദേശം പകുതി ദൂരത്തിലുള്ള രാംപൂറില്‍ നിന്നു വളരെ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഡ്രൈവറും എല്ലാവരും സമയത്തിനുള്ളില്‍ എത്തുമോ എന്ന കാര്യത്തില്‍ വളരെ ആകാംക്ഷയുള്ളവരായിരുന്നു.

ഈ ബസ്സുകളെ 'ഭൂഖ് ഹര്‍ത്താല്‍' എന്നാണ് വിളിക്കുക. (ചിരി) നിരാഹാര സമരത്തിലുള്ള ബസ്സ് എന്നാണ് അതിനര്‍ത്ഥം. അതില്‍ കയറിക്കഴിഞ്ഞാല്‍, ആഹാരത്തിനോ മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കോ വേണ്ടി ഡ്രൈവര്‍ ബസ്സ് നിര്‍ത്തുകയില്ല. രാവിലെ നിങ്ങള്‍ കയറിക്കഴിഞ്ഞാല്‍ വൈകുന്നേരം വരെ ഒരിടത്തും നിര്‍ത്താതെ ഒരു ഭ്രാന്തനെപ്പോലെ അയാള്‍ വണ്ടിയോടിച്ചുകൊണ്ടിരിക്കും. (ചിരി) അതിനാല്‍ ഇടയ്ക്കിടെ മൂത്രശങ്കയുള്ളവര്‍ ഇതിനുള്ളില്‍ കയറാന്‍ പാടില്ല (ചിരിക്കുന്നു); അതങ്ങനെ പോയിക്കൊണ്ടേയിരിക്കും. ആളുകളെ ഇറക്കാനും കയറ്റാനും മാത്രമേ ബസ്സ് നിര്‍ത്തുകയുള്ളൂ, അല്ലാത്തപ്പോള്‍ അതങ്ങനെ പോയിക്കൊണ്ടേയിരിക്കും. ഡ്രൈവര്‍ക്കാവശ്യമുള്ള ചപ്പാത്തിച്ചുരുളുകള്‍ അയാളുടെ പക്കലുണ്ടാകും, വണ്ടി ഓടിക്കുന്നതിനിടയില്‍ അതു കഴിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കണമെങ്കില്‍ എവിടെയെങ്കിലും വണ്ടി നിര്‍ത്തുമ്പോള്‍ തൊട്ടടുത്തുള്ള കടയില്‍ ഓടിപ്പോയി ചപ്പാത്തിയും ബജിയും വാങ്ങി പെട്ടെന്നു മടങ്ങിവന്നു ബസ്സിലിരുന്നു കഴിക്കാം. അല്ലാത്തപക്ഷം, ഈ ഉപായം വശമില്ലെങ്കില്‍, നിങ്ങള്‍ വെറുതെ വിശന്നിരിക്കും.

അങ്ങനെ, ഞാന്‍ ഈ GMOU ബസ്സുകളിലാണ് സഞ്ചരിച്ചിരുന്നത്. അവയിലെ ദുര്‍ഗന്ധവും ബഹളവുമൊക്കെ കാരണം എനിക്ക് അതിനകത്ത് ഇരിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഞാന്‍ എങ്ങനെയെങ്കിലും അനുവാദം വാങ്ങി എപ്പോഴും ബസ്സിന്‍റെ മുകളില്‍ കയറി ഇരിക്കുമായിരുന്നു. ദുര്‍ഗ്ഗന്ധത്തെ നേരിടാന്‍ തക്കവണ്ണം മൂക്കില്‍ തൂവാലയോ ടവ്വലോ കൊണ്ട് പൊതിഞ്ഞുകെട്ടി, കണ്ണടയും ധരിച്ച്, മുഴുവന്‍ സമയവും ബസ്സിന്‍റെ മുകളില്‍ തന്നെ ഇരുന്നു. ഇങ്ങനെ വൈകുന്നേരം 6.45 - 7 മണിയോടെ ഞാന്‍ കേദാറില്‍ എത്തി, ഉടന്‍തന്നെ മുകളിലേക്കു നടന്നുകയറാന്‍ തുടങ്ങി. കട്ടികുറഞ്ഞ ഒരു ഷര്‍ട്ടും കട്ടികൂടിയ ടി-ഷര്‍ട്ടും ഒന്നിനു മുകളില്‍ ഒന്നായി ധരിച്ച്, ചൂടു നല്‍കുന്ന വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ, രാത്രിയില്‍ തന്നെ കേദാറിലേക്കു കയറാന്‍ തുടങ്ങി. ചെറിയ മഴയുണ്ടായിരുന്നു.

വെളുപ്പിന് മുകളിലെത്തിയപ്പോള്‍ പൂര്‍ണ്ണമായി നനഞ്ഞിരുന്നു. (അക്കാലത്ത് എന്‍റെ ശരീരപ്രകൃതി മറ്റൊരുവിധമായിരുന്നു!) മുകളില്‍ കേദാറിലെത്തി അവിടെ കുറച്ചുസമയം ചിലവഴിച്ചു. നിങ്ങളിതു ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല: ക്ഷേത്രത്തിന്‍റെ ഇടതുവശത്തുകൂടി മുകളിലേക്കു കയറുന്ന ഒരു വഴിയുണ്ട്. അവിടെ ഒരു വലിയ പാറയുടെ സമീപം കുറെ കൊടികള്‍ നാട്ടിയിരുന്നു. ഞാന്‍ അനന്തരാവകാശിയാകേണ്ടിയിരുന്ന ഒരു ചെറിയ ആശ്രമമായിരുന്നു അത്. (ചിരിക്കുന്നു)

ആനന്ദമാര്‍ഗ്ഗത്തില്‍ നിന്നും പുറത്തായ ഒരു ആനന്ദമാര്‍ഗ്ഗി ഉണ്ടായിരുന്നു. ആനന്ദമാര്‍ഗ്ഗം എന്നാല്‍ എന്താണെന്നു നിങ്ങള്‍ക്കറിയാമോ? ഇതു സംബന്ധിച്ച സ്റ്റിക്കറുകളും പോസ്റ്ററുകളും എല്ലായിടത്തും പതിച്ചിരുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടാവണം; ആരാണിവ പതിക്കുന്നതെന്നും അതിന്‍റെ അര്‍ത്ഥവും ആര്‍ക്കുമറിയില്ല. എന്നാല്‍ 'ഐശ്വര്യത്തിന് പ്രൌട്ട്' എന്ന മുദ്രാവാക്യമാണ് അതില്‍ എപ്പോഴും കാണിച്ചിരുന്നത്. നിങ്ങള്‍ ആ മുദ്രാവാക്യം കണ്ടുവോ?

70'കളില്‍ ഒരു സമയത്ത് ഭാരതത്തിലെവിടെ നോക്കിയാലും ഈ പോസ്റ്ററുകള്‍ കാണാമായിരുന്നു. ആരാണിതു രാജ്യത്തുടനീളം എഴുതുന്നതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു, എന്നാല്‍ ഈ മുദ്രാവാക്യം എല്ലായിടത്തും ഉണ്ടായിരുന്നുതാനും. അങ്ങനെ ആനന്ദമാര്‍ഗ്ഗം ഉപേക്ഷിച്ച, അല്ലെങ്കില്‍ അതില്‍നിന്നും വിരമിച്ച ഒരാളായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹം ഫലഹാരി ബാബ എന്നാണു വിളിക്കപ്പെടുന്നത്, കാരണം ഉണങ്ങിയ കായ്കളും, ഫലങ്ങളും, വേവിച്ച ഉരുളക്കിഴങ്ങും മാത്രമാണ് അദ്ദേഹം ഭക്ഷിക്കുന്നത്.

അങ്ങിനെ ഞാന്‍ അവിടെ പോയി, കാരണം എനിക്ക് അങ്ങനെയുള്ള പശ്ചാത്തലത്തില്‍ താമസിക്കണമെന്നുണ്ടായിരുന്നു. പിന്നെ, വളരെ കുറച്ചുപണം മാത്രമേ എന്‍റെ പോക്കറ്റിലുണ്ടായിരുന്നുള്ളൂ. (ചിരിക്കുന്നു) അതിനാല്‍ ഞാനവിടെ പോയി അദ്ദേഹത്തിന്‍റെ കൂടെ താമസിച്ചു. അദ്ദേഹം രാവിലെ രണ്ടു കഷണം ഉണങ്ങിയ ആപ്പിള്‍ എനിക്കു തരുന്നു, അത്രമാത്രം.

ആശ്രമത്തില്‍ ഉച്ചഭക്ഷണമില്ല. ആശ്രമമെന്നാല്‍ നിങ്ങള്‍ കണ്ട വലിയ പാറയോട് ചേര്‍ന്ന രണ്ടുമുറികള്‍ മാത്രമാണ്. അവിടെ ഒരു ചെറിയ അരുവിയുണ്ട്, മനോഹരമായ സ്ഥലം; മുകളില്‍ ഒരു പുല്‍ത്തകിടിയുമുണ്ട്. വൈകുന്നേരം അദ്ദേഹം ഒന്നും ഭക്ഷിക്കില്ല; എനിക്ക് ഉപ്പും മറ്റും ഇല്ലാതെ വേവിച്ച അല്‍പ്പം ഉരുളക്കിഴങ്ങ് തരും. അതായത് വൈകുന്നേരം വേവിച്ച രണ്ട് ഉരുളക്കിഴങ്ങും രാവിലെ രണ്ടു കഷണം ഉണങ്ങിയ ആപ്പിളുമാണ് നിങ്ങളവിടെ കഴിക്കുന്നത്.

ഈ ഭക്ഷണക്രമവുമായി ഞാന്‍ രണ്ടുദിവസം അവിടെ കഴിഞ്ഞു, എനിക്കു വിശക്കാന്‍ തുടങ്ങി. (ചിരി) ഭയങ്കരമായ വിശപ്പ്. അപ്പോള്‍ കാന്തിസരോവര്‍ എന്ന ഈ പ്രദേശത്തെക്കുറിച്ചു ഞാന്‍ കേട്ടു, ഒരു ദിവസം ഉച്ചക്കുശേഷം അവിടേക്കു പോകുവാന്‍ തീരുമാനിച്ചു. ഈ സന്യാസിയെക്കൊണ്ടും രണ്ടുകഷണം ഉണങ്ങിയ ആപ്പിള്‍ കൊണ്ടും എനിക്കു മതിയായി; ഞാന്‍ ശിവനെ കാണാന്‍ ആഗ്രഹിച്ചു. എനിക്കുറപ്പാണ് അദ്ദേഹം ഇതിനേക്കാള്‍ നന്നായി ഭക്ഷണം കഴിക്കുമെന്ന്. (ചിരി) ഞാനദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിനും രണ്ടരയ്ക്കുമിടയില്‍ ഞാന്‍ യാത്ര തിരിച്ചു. അതൊരു വെയിലുള്ള ദിവസമായിരുന്നു. ചൂടുണ്ടായിരുന്നതിനാല്‍ ഞാന്‍ എന്‍റെ കനം കുറഞ്ഞ ടി-ഷര്‍ട്ടു ധരിച്ചാണ് പോയത്. ഒരുമണിക്കൂറില്‍ അല്‍പം കൂടുതല്‍ സമയം കൊണ്ട് ഞാനവിടെ എത്തി എന്നു തോന്നുന്നു. ഈ തടാകവും മഞ്ഞു മൂടിയ മലകളുമൊക്കെ അവിടെ ഉണ്ടായിരുന്നു. ഇത്തവണ മഞ്ഞു വളരെ കുറവാണ്, അത്ര തണുപ്പില്ലാത്തതിനാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഈ സ്ഥലം കൂടുതലായി ആസ്വദിക്കാന്‍ കഴിഞ്ഞു എന്നു തോന്നുന്നു. കഴിഞ്ഞ തവണ ഞങ്ങള്‍ ഇവിടെ വന്നപ്പോള്‍ ഊഷ്മാവ് ഇപ്പോഴത്തേക്കാള്‍ ഏഴെട്ടു ഡിഗ്രി സെന്‍റിഗ്രേഡ് കുറവായിരുന്നു. രാത്രി താപനില പൂജ്യത്തിനു താഴെ അഞ്ചോ നാലോ ആയിരുന്നു; എന്നാല്‍ ഇത്തവണ കേദാറില്‍ താപനില പൂജ്യം പോലും തൊടുമെന്നു തോന്നുന്നില്ല.

അങ്ങിനെ, ഞാന്‍ മുകളില്‍ പോയി അവിടെ ഇരുന്നു. പ്രകൃതിയെക്കുറിച്ചു പറയുകയാണെങ്കില്‍, അവിടം അതിസുന്ദരമാണെന്നതില്‍ സംശയമില്ല. ഒരു വലിയ തടാകം അവിടെയുണ്ട്. അപ്പോഴത് ഉറഞ്ഞു മഞ്ഞാകാന്‍ തുടങ്ങിയിട്ടില്ലായിരുന്നു; നിശ്ചലമായ ജലം, ഒരനക്കവുമില്ല. ഒരു തടാകമുണ്ടായിരുന്നെങ്കിലും അവിടെ സസ്യജാലങ്ങളില്ലായിരുന്നു. ആകെ നിശ്ചലമായ ജലത്തില്‍ മഞ്ഞുമൂടിയ കൊടുമുടികള്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. വശ്യമനോഹരമായ ഒരു സ്ഥലം.

>ഞാന്‍ വെറുതെ അവിടെ ഇരുന്നു. അവിടത്തെ പ്രശാന്തതയും നിശ്ശബ്ദതയും പരിശുദ്ധിയുമൊക്കെ എന്‍റെ പ്രജ്ഞയിലേക്ക് ആഴ്ന്നിറങ്ങി.

ഞാന്‍ വെറുതെ അവിടെ ഇരുന്നു. അവിടത്തെ പ്രശാന്തതയും നിശ്ശബ്ദതയും പരിശുദ്ധിയുമൊക്കെ എന്‍റെ പ്രജ്ഞയിലേക്ക് ആഴ്ന്നിറങ്ങി. ആ സ്ഥലത്തേക്കുള്ള കയറ്റം, അതിന്‍റെ ഔന്നത്യം, ഏകാന്തമായ സൗന്ദര്യം എന്നിവ എന്നെ സ്തബ്ധനാക്കി. ആ നിശ്ചലതയില്‍ ഒരു ചെറിയ പാറമേല്‍ കണ്ണുതുറന്നു ഞാനിരുന്നു, ചുറ്റുമുള്ള എല്ലാ രൂപങ്ങളെയും സ്വാംശീകരിച്ചുകൊണ്ട്. ചുറ്റുമുള്ളതെല്ലാം ക്രമേണ രൂപം നഷ്ടപ്പെട്ട് 'നാദം' - ശബ്ദം - മാത്രമായി അവശേഷിച്ചു. പര്‍വ്വതവും തടാകവും എന്‍റെ ശരീരവുമുള്‍പ്പെടെ ചുറ്റുമുള്ളതെല്ലാം അവയുടെ സാധാരണ രൂപത്തിലല്ലായിരുന്നു, എല്ലാം ശബ്ദം മാത്രമായി അവശേഷിച്ചു. അപ്പോള്‍ എന്നില്‍ നിന്നും ഒരു ഗാനം ഉതിര്‍ന്നു - 'നാദ ബ്രഹ്മ വിശ്വ സ്വരൂപ'.

സംസ്‌കൃത ഭാഷാ പഠനം എല്ലായ്‌പോഴും ഒഴിവാക്കിയിരുന്ന ഒരാളാണ് ഞാന്‍. ഞാന്‍ ആ ഭാഷ വളരെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും, അതിന്‍റെ ആഴം എനിക്കറിയാമായിരുന്നുവെങ്കിലും, അതു പഠിക്കുന്നത് ഞാനൊഴിവാക്കി; കാരണം അതു പഠിച്ചുകഴിഞ്ഞാല്‍ വേദഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ചെന്നേ അത് അവസാനിക്കൂ. എന്‍റെ സ്വന്തം ഉള്‍ക്കാഴ്ച്ച ഒന്നിലും എന്നെ പരാജയപ്പെടുത്തിയിട്ടില്ല; ഒരു നിമിഷത്തേക്കുപോലും അതെന്നെ നിരാശപ്പെടുത്തിയിട്ടില്ല. അതിനാല്‍ വേദങ്ങളും ഈ എല്ലാ പാരമ്പര്യങ്ങളും എന്‍റെയുള്ളില്‍ കുത്തിനിറയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ സംസ്‌കൃതഭാഷ ഞാന്‍ ഒഴിവാക്കി.

ഞാനവിടെ ഇരുന്നു; തീര്‍ച്ചയായും വായടച്ച് മൗനമായി. എന്‍റെ കണ്ണുകള്‍ തുറന്നുതന്നെ ഇരുന്നു. അപ്പോള്‍ ഈ പാട്ട് ഞാന്‍ ഉറക്കെ കേള്‍ക്കുന്നു, എന്‍റെ ശബ്ദത്തില്‍.

എന്‍റെ ശബ്ദമാണ് പാടുന്നത്, അതും സംസ്‌കൃതത്തില്‍ ഒരു ഗാനം. ഞാനത് ഉറക്കെ വ്യക്തമായി കേട്ടു. പര്‍വ്വതങ്ങള്‍ മുഴുവനുംകൂടി പാടുകയാണെന്ന് തോന്നുന്ന വിധം ഉച്ചത്തില്‍. എന്‍റെ അനുഭവത്തില്‍ എല്ലാം ശബ്ദമായിത്തീര്‍ന്നു.

അപ്പോഴാണ് ഞാന്‍ ഈ ഗാനം ഗ്രഹിച്ചത്. അതു ഞാന്‍ രചിച്ചതല്ല; എഴുതിയതല്ല, അത് വെറുതെ എന്നിലേക്കങ്ങനെ ഇറങ്ങിവന്നു. ആ മുഴുവന്‍ ഗാനവും സംസ്‌കൃതഭാഷയില്‍ പുറത്തേക്കൊഴുകി. ആ അനുഭവം എല്ലാറ്റിനെയും കീഴടക്കുന്നതായിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ സാവധാനം എല്ലാം പഴയരൂപത്തിലായി. എന്‍റെ അവബോധത്തിന്‍റെ പരിവര്‍ത്തനം - 'നാദ'ത്തില്‍ നിന്നും 'രൂപ'ത്തിലേക്കുള്ള തിരിച്ചുവരവ് - അതെന്‍റെ കണ്ണുകളില്‍ കണ്ണീര്‍ നിറച്ചു.

ആ ഗീതത്തില്‍ നിങ്ങള്‍ സ്വയം സമര്‍പ്പിക്കുകയാണെങ്കില്‍, അതിന് ഒരുതരം ശക്തിയുണ്ട്. നിങ്ങള്‍ ശരിക്കും ആ ഗീതത്തിലേക്ക് ആഴ്ന്നിറങ്ങുകയാണെങ്കില്‍, നിങ്ങളെ അലിയിച്ച് ഇല്ലാതാക്കാന്‍ അതിനു കഴിവുണ്ട്. നമുക്ക് പാടി ഈ പട്ടണത്തെ മുഴുവനും ഉണര്‍ത്താം, പക്ഷേ അടുത്ത തവണ ഇവിടെ വരുമ്പോള്‍ താമസസൗകര്യം ലഭിച്ചുവെന്നുവരില്ല. (ചിരി)

നാളെ വൈകുന്നേരം നാം ഋഷികേശില്‍ ഗംഗയുടെ കരയില്‍ കുറെ സമയം ചെലവഴിക്കും. അവിടെ ഗംഗയുടെ കരയില്‍ വളരെ മനോഹരമായ ഒരു ചടങ്ങുണ്ട്.

നദിക്ക് വൈകുന്നേരം ആരതി നടത്തും. ആ നിമിഷം വളരെ മനോഹരവും സ്വര്‍ഗ്ഗീയവുമാണ്. ജനങ്ങള്‍ക്ക് ഗംഗ വെറുമൊരു നദി മാത്രമല്ല, അതു മറ്റുപലതുമാണ്. നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം: 'എങ്ങനെയാണ് ഒരു നദിയിലെ ജലം പുണ്യതീര്‍ത്ഥമാകുന്നത്? എന്തൊരു വിവരക്കേടാണിതെല്ലാം?' എന്നാല്‍ നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍, എന്തും പുണ്യവസ്തുവാകും. ജനങ്ങള്‍ ഗംഗയെ ഒരു പുണ്യനദിയാക്കി, അവരുടെ അനുകൂല മനസ്ഥിതികൊണ്ട്. 'ഓ, അതിനര്‍ത്ഥം നദി പുണ്യമൊന്നുമല്ല; നിങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു എന്നേയുള്ളൂ, അല്ലേ?' അല്ല. ജനങ്ങള്‍ക്ക് എന്തിനെയും പവിത്രമാക്കാനുള്ള കഴിവുണ്ട്. അവരുടെ മനസ്സില്‍ മാത്രമല്ല; അവര്‍ക്ക് യഥാര്‍ഥത്തില്‍ എന്തിനെയും പവിത്രമാക്കുന്നതിനുള്ള കഴിവുണ്ട്. ഈ നദിയുടെ കാര്യത്തിലും അങ്ങനെയാണ് സംഭവിച്ചത്, പ്രത്യേകിച്ചും അതിന്‍റെ ചില ഭാഗങ്ങളില്‍.

നാളെത്തെ വൈകുന്നേരം വളരെ തുറന്നമനസ്സോടെ നിങ്ങള്‍ അനുഭവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചടങ്ങുകളെക്കുറിച്ചു നിങ്ങളുടെ മനസ്സ് എന്തുപറഞ്ഞാലും അതു കാര്യമാക്കേണ്ടതില്ല. ആ പ്രക്രിയയില്‍ പൂര്‍ണ്ണമായി മുഴുകുക; ഒന്നുമില്ലെങ്കില്‍ അത് ആസ്വദിക്കുകയെങ്കിലും ചെയ്യുക. കാഴ്ചയില്‍ അതു വളരെ മനോഹരമാണ്, വളരെ വളരെ മനോഹരം, ആ ദീപങ്ങളും നദിയിലെ അതിന്‍റെ പ്രതിഫലനവും എല്ലാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ചെറിയ ദീപം നദിയിലേക്കു സമര്‍പ്പിക്കാം, അത് ഒഴുകി നീങ്ങും. അതു നിങ്ങളുടെ പാപമെല്ലാം കൊണ്ടുപോകും, അതിനാല്‍ അടുത്തവര്‍ഷത്തേക്കുള്ള പാപങ്ങള്‍ പുതുതായി കണക്കുപുസ്തകത്തില്‍ ചേര്‍ത്തുതുടങ്ങാം. (ചിരി)

മനോഹരമായ ഒരു അവസരമാണത്; നിങ്ങള്‍ അത് അനുഭവിക്കുകയും ആസ്വദിക്കുകയും വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

 
 
  0 Comments
 
 
Login / to join the conversation1