മോക്ഷപ്രാപ്തിക്ക് ശബ്ദത്തെ ഉപയോഗിക്കാന്‍ കഴിയുമോ?
ആ, ഊ, മ്, ഈ മൂന്നു ശബ്ദങ്ങള്‍ ഒന്നിച്ചുപയോഗിച്ചാല്‍ എന്ത് കിട്ടും? 'ഓം'. ഓം എന്നത് ഏതെങ്കിലും ഒരു മതത്തിന്‍റെ ചിഹ്നമല്ല ചിലര്‍ അതിനെ അത്തരത്തില്‍ കാണുന്നുണ്ടെങ്കിലും അസ്തിത്വത്തിന്‍റെ അടിസ്ഥാന ശബ്ദമാണ് 'ഓം'.
 
 

सद्गुरु

നിങ്ങള്‍ക്ക് നാവ് ഉപയോഗിക്കാതെ മൂന്നു ശബ്ദങ്ങള്‍ മാത്രമേ ഉണ്ടാക്കനാവൂ. 'ആ' 'ഊ' 'മ്'. നിങ്ങളുടെ നാവ് മുറിച്ചു കളഞ്ഞാലും ഈ ശബ്ദങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാനാവും.

അന്വേഷി: സദ്‌ഗുരു 'നാദബ്രഹ്മ' എന്ന് തുടങ്ങുന്ന ശ്ലോകം അങ്ങ് ചൊല്ലുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്താണ് അതിന്‍റെ അര്‍ത്ഥം? മോക്ഷപ്രാപ്തിക്ക് നമുക്ക് ശബ്ദത്തെ ഉപയോഗിക്കാന്‍ കഴിയുമോ?

സദ്‌ഗുരു: നാദം എന്നാല്‍ ശബ്ദം. ബ്രഹ്മം എന്നാല്‍ എല്ലാം ഉള്‍ക്കൊള്ളുന്നത് 'ദൈവികത'. അടിസ്ഥാനപരമായി മൂന്ന് ശബ്ദങ്ങളാണ് ഈ പ്രപഞ്ചത്തിലുള്ളത്. ഈ മൂന്ന് ശബ്ദങ്ങളില്‍ നിന്ന് മറ്റേതു ശബ്ദവും സൃഷ്ടിക്കാന്‍ കഴിയും. കളര്‍ ടിവിയെക്കുറിച്ചറിയാമോ? കളര്‍ ടെലിവിഷനില്‍ മൂന്നു നിറങ്ങളാണുള്ളത്. ഇതില്‍ നിന്ന് മറ്റ് ഏതുനിറം വേണമെങ്കിലും ഉണ്ടാക്കാനാവും. അതുപോലെ ഈ മൂന്ന് ശബ്ദങ്ങളില്‍ നിന്നും ഏതു ശബ്ദം വേണമെങ്കിലും സൃഷ്ടിക്കാം. ഒരു ചെറിയ പരീക്ഷണത്തിലൂടെ ഇത് ഞാന്‍ മനസ്സിലാക്കിത്തരാം. നിങ്ങള്‍ക്ക് നാവ് ഉപയോഗിക്കാതെ മൂന്നു ശബ്ദങ്ങള്‍ മാത്രമേ ഉണ്ടാക്കനാവൂ. 'ആ' 'ഊ' 'മ്'. നിങ്ങളുടെ നാവ് മുറിച്ചു കളഞ്ഞാലും ഈ ശബ്ദങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാനാവും. മറ്റ് ഏതു ശബ്ദമുണ്ടാക്കണമെങ്കിലും നാവ് ആവശ്യമാണ്. എന്നാല്‍ ഈ മൂന്നു ശബ്ദങ്ങളെ വേണ്ട രീതിയില്‍ യോജിപ്പിക്കുക മാത്രമാണ് നാവ് ചെയ്യുന്നത്. ലക്ഷക്കണക്കിന് വ്യത്യസ്ത ശബ്ദങ്ങള്‍ നിങ്ങള്‍ക്ക് വായിലൂടെ സൃഷ്ടിക്കാനാവും, ശരിയല്ലേ? മൂകനായ ഒരാള്‍ക്ക് ആ, ഊ, മ് ഈ മൂന്ന് ശബ്ദങ്ങള്‍ മാത്രമേ പുറപ്പെടുവിക്കാനാവൂ. നാവ് എങ്ങിനെ ഉപയോഗിക്കണമെന്നറിയാത്തതുകൊണ്ട് അയാള്‍ക്ക് മറ്റ് ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനാവില്ല. ഈ മൂന്നു ശബ്ദങ്ങള്‍ ഒന്നിച്ചുപയോഗിച്ചാല്‍ എന്ത് കിട്ടും? 'ഓം'. ഓം എന്നത് ഏതെങ്കിലും ഒരു മതത്തിന്‍റെ ചിഹ്നമല്ല ചിലര്‍ അതിനെ അത്തരത്തില്‍ കാണുന്നുണ്ടെങ്കിലും അസ്തിത്വത്തിന്‍റെ അടിസ്ഥാന ശബ്ദമാണ് 'ഓം'.

ഓം എന്നത് ഏതെങ്കിലും ഒരു മതത്തിന്‍റെ ചിഹ്നമല്ല ചിലര്‍ അതിനെ അത്തരത്തില്‍ കാണുന്നുണ്ടെങ്കിലും അസ്തിത്വത്തിന്‍റെ അടിസ്ഥാന ശബ്ദമാണ് 'ഓം'.

'ഓം' എന്ന് അടുപ്പിച്ച് മൂന്നു പ്രാവശ്യം ഉച്ചരിച്ച്, മഹാദേവനായ ശിവന് ഒരു പ്രപഞ്ചം തന്നെ പുതുതായി സൃഷ്ടിക്കാനാവും എന്ന് പറയപ്പെടുന്നുണ്ട്. അതൊരു യാഥാര്‍ത്ഥ്യം മാത്രമല്ല, സത്യവുമാണ്. യാഥാര്‍ത്ഥ്യവും സത്യവും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്കറിയുമോ? എന്‍റെ മുന്‍പിലിരിക്കുന്ന നിങ്ങള്‍ സ്ത്രീയാണ്. അതിന്‍റെയര്‍ത്ഥം, നിങ്ങളുടെ സൃഷ്ടിയില്‍ നിങ്ങളുടെ അച്ഛന് പങ്കില്ല എന്നാണോ? യാഥാര്‍ത്ഥ്യത്തില്‍ നിങ്ങള്‍ ഒന്നുകില്‍ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ, എന്നാല്‍ സത്യത്തില്‍ നിങ്ങള്‍ രണ്ടുമാണ്. ശിവന്‍ എവിടെയെങ്കിലുമിരുന്ന് 'ഓം' ഉച്ചരിക്കുന്നുവോ എന്നതല്ല ഇവിടെ വിഷയം. ആധുനിക ശാസ്ത്രം പറയുന്നതനുസരിച്ച് പ്രപഞ്ച നിലനില്‍പ്പ് സ്പന്ദനം മാത്രമാണ്. നിങ്ങള്‍ക്കിതറിയുമോ? വസ്തു എന്നൊന്നില്ല. റിലേറ്റിവിറ്റി, ക്വാണ്ടം എന്നീ സിദ്ധാന്തങ്ങള്‍ വന്നതിനുശേഷം വസ്തു എന്നൊന്നില്ല. എല്ലാം സ്പന്ദനങ്ങള്‍ മാത്രമാണെന്ന് സംശയാതീതമായി തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എവിടെയൊക്കെ സ്പന്ദനമുണ്ടോ അവിടെയൊക്കെ ശബ്ദവും അനിവാര്യമാണ്.

ഈ മൈക്ക് ഘടിപ്പിച്ചിരിക്കുന്ന സ്റ്റീല്‍ കമ്പി സത്യത്തില്‍ കമ്പിയല്ല, സ്പന്ദനമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് ഒരു തരത്തിലുള്ള ശബ്ദമാണ്. 'അത് ശബ്ദമാണെങ്കില്‍ എന്തുകൊണ്ട് എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല'? ഈ ചോദ്യം സ്വാഭാവികമായി ഉയര്‍ന്നുവരാം. നിങ്ങള്‍ക്കത് കേള്‍ക്കാന്‍ കഴിയാത്തതിന് കാരണം പ്രത്യേക തരംഗ ദൈര്‍ഘ്യങ്ങള്‍ക്കുള്ളിലുള്ള ശബ്ദങ്ങള്‍ മാത്രമേ നിങ്ങളുടെ ചെവികളിലൂടെ ശ്രവിക്കാനാവൂ എന്നതാണ്. അതിന് മുകളിലും താഴെയുമുള്ള ശബ്ദങ്ങള്‍ നിങ്ങള്‍ക്ക് ശ്രാവ്യമല്ല. മുകളിലുള്ളതിനെ 'അള്‍ട്രാസോണിക്ക്' എന്നും താഴെയുള്ളതിനെ 'സബ്സോണിക്ക്' എന്നും വിളിക്കുന്നു. നിങ്ങള്‍ ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോയില്‍ ഒരു സ്റ്റേഷന്‍ ട്യൂണ്‍ ചെയ്യുന്നു എന്ന് വിചാരിക്കുക. ഒരു പാട്ട് നിങ്ങള്‍ക്ക് കേള്‍ക്കാനാവുന്നു. അത് എവിടെ നിന്നു വരുന്നു? റേഡിയോ ആണോ പാടുന്നത്? ഇപ്പോള്‍ ആ ശബ്ദം എവിടെയാണ്? എല്ലായിടത്തും എന്നാണ് ഉത്തരം. അത് അന്തരീക്ഷത്തിലുണ്ടെങ്കിലും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ഈ അന്തരീക്ഷത്തില്‍ പല തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്കത് കേള്‍ക്കുവാന്‍ കഴിയുന്നില്ല. എന്നാല്‍ ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ ട്യൂണ്‍ ചെയ്താല്‍ നിങ്ങള്‍ക്കത് കേള്‍ക്കാന്‍ കഴിയും. ട്രാന്‍സിസ്റ്റര്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത ഒരു ഫ്രീക്വന്‍സിയെ കേള്‍ക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സിയിലാക്കുകയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് കേള്‍ക്കാനാവാത്ത നിരവധി ശബ്ദങ്ങള്‍ ഇവിടെയുണ്ടെന്നും, ഈ പ്രപഞ്ചം തന്നെ ഒരു ശബ്ദമാണെന്നും അറിയുക.

നിങ്ങള്‍ക്ക് കേള്‍ക്കാനാവാത്ത നിരവധി ശബ്ദങ്ങള്‍ ഇവിടെയുണ്ടെന്നും, ഈ പ്രപഞ്ചം തന്നെ ഒരു ശബ്ദമാണെന്നും അറിയുക

ഏതുതരത്തില്‍ വേണമെങ്കിലും ഇതിനെ നോക്കിക്കാണാം. നിങ്ങള്‍ കേദാര്‍നാഥില്‍ പോയിട്ടുണ്ടോ? ഭാരതത്തില്‍ ജനിച്ചിട്ടും ഹിമാലയത്തില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ അത് കനത്ത നഷ്ടം തന്നെയാണ്. പ്രായമായി, ഒന്നും ചെയ്യാന്‍ കഴിയാതാവുന്നതിന് മുന്‍പ് നിങ്ങള്‍ ഒരിക്കലെങ്കിലും ഹിമാലയത്തില്‍ പോകണം. എല്ലാവരും ചെയ്യേണ്ട കാര്യമാണത്. അതില്‍ ആദ്ധ്യാത്മികമായി ഒന്നും കാണേണ്ടതായിട്ടില്ല. ആ മഹാപര്‍വതം തന്നെ ധാരാളമാണ്. കേദാര്‍നാഥ് വളരെയധികം ശക്തിപ്രഭാവമുള്ളതും അത്ഭുതപ്പെടുത്തുന്നതുമായ സ്ഥലമാണ്. കേദാറിന് മുകളിലായി കാന്തിസരോവര്‍ എന്നൊരു സ്ഥലമുണ്ട്. വിഷമം പിടിച്ച കയറ്റമായതിനാല്‍ ജനങ്ങള്‍ സാധാരണ അവിടേക്ക് പോകാറില്ല. ഞാന്‍ ആ കയറ്റം കയറി അവിടെച്ചെന്ന് ഒരു പാറയുടെ മുകളില്‍ ഇരുന്നു.

അവിടെയെന്താണുണ്ടായതെന്ന് വാക്കുകളാല്‍ വിവരിക്കാന്‍ പ്രയാസമാണ്. എന്നാല്‍ കുറച്ചു സമയത്തിനുശേഷം എന്‍റെ അനുഭവതലത്തിലുള്ള എല്ലാം, എന്‍റെ ശരീരം, എന്‍റെ ചുറ്റിനുമുള്ള മലനിരകള്‍, എന്‍റെ മുന്‍പിലുള്ള തടാകം, എല്ലാം ശബ്ദമായിത്തീര്‍ന്നു. ശബ്ദരൂപമായ അവയെല്ലാം വ്യത്യസ്തമായ ഒരു അനുഭവമായി എന്നിലൂടെ കടന്നുപോയി. എന്‍റെ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും സംസ്കൃതത്തെ ഒരു ഭാഷയെന്ന രീതിയില്‍ വളരെ ആദരിച്ചിരുന്നു. അത് പഠിക്കുവാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നെങ്കിലും ഞാന്‍ അതിന് ശ്രമിച്ചില്ല. ഇതിന് കാരണം സംസ്കൃതം പഠിച്ചാല്‍ പിന്നെ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളുമെല്ലാം വായിക്കുന്നതിലെത്തിച്ചേരും എന്നതാണ്. എനിക്ക് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നതിനാല്‍ ഇവയെല്ലാം വായിച്ച് മനസ്സിലാക്കുക ഒരു ലക്ഷ്യമായിരുന്നില്ല. അതിനാല്‍ സംസ്കൃതം പഠിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. എന്നാല്‍ അവിടെ വായടച്ച് ശബ്ദിക്കാതെയിരുന്ന എന്‍റെ സ്വന്തം ശബ്ദത്തില്‍ ഉച്ചഭാഷിണിയില്‍ നിന്നെന്ന പോലെ ഉറച്ച ശബ്ദത്തില്‍ ഒരു സംസ്കൃതശ്ലോകം മുഴങ്ങിക്കൊണ്ടിരുന്നു. നമുക്ക് അത് ഒരുമിച്ച് ചൊല്ലാം. ഞാന്‍ ചൊല്ലുന്നതു കേട്ട് നിങ്ങള്‍ ഏറ്റുചൊല്ലിയാല്‍ മതി. കണ്ണടച്ച് ആ ശബ്ദം കേട്ടനുഭവിച്ച്, ഏറ്റുചൊല്ലുക. അപ്പോള്‍ നിങ്ങള്‍ക്ക്അതെന്താണെന്ന് മനസ്സിലായിക്കൊള്ളും.

നാദബ്രഹ്മ വിശ്വസ്വരൂപാ
നാദഹി സകല ജീവാരൂപാ
നാദ ഹി കര്‍മ്മ, നാദഹി ധര്‍മ്മാ
നാദഹി ബന്ധന്‍, നാദഹി മുക്തി
നാദ ഹി ശങ്കര, നാദഹി ശക്തി
നാദം നാദം സര്‍വ്വം നാദം
നാദം നാദം നാദം നാദം.

ശബ്ദം ബ്രഹ്മമാണ്, അത് തന്നെയാണ് പ്രത്യക്ഷപ്രപഞ്ചവും. എല്ലാ ജീവരൂപങ്ങളും ശബ്ദമാണ്. ശബ്ദം തന്നെയാണ് എല്ലാ ബന്ധനങ്ങളും ശബ്ദം തന്നെ മുക്തിയും. മഹാദേവനായ ശിവനും ശക്തിസ്വരൂപിണിയായ പാര്‍വതിയും ശബ്ദമാണ്. എല്ലാം പ്രദാനം ചെയ്യുന്നതും എല്ലാറ്റിനും പിന്നിലെ ശക്തിയും ശബ്ദമാണ്. എല്ലാം ശബ്ദം മാത്രമാണ്.

 

 
 
  0 Comments
 
 
Login / to join the conversation1