എന്‍റെ ജീവിതത്തില്‍ തന്നെ ഒരുപാടു പ്രവണതകളുടേയും മാതൃകകളുടേയും സ്വാധീനം ഞാന്‍ കണ്ടു. അഭിലാഷങ്ങള്‍ പലതും ഉളളിലുയര്‍ന്നു. പക്ഷേ എന്തു കൊണ്ടോ അവയെ പാതിവഴിയില്‍, നിരുത്സാഹത്തോടെ ഉപേക്ഷിച്ചു. എല്ലാം അവസാനിപ്പിക്കണമെന്ന് വിചാരിക്കും, എന്നാല്‍ വീണ്ടും ജീവിതത്തിന്‍റെ പതിവ് കറക്കത്തില്‍പ്പെട്ട് കറങ്ങാന്‍ തുടങ്ങും. ഇങ്ങനെ വട്ടം കറങ്ങുന്നത് അവസാനിപ്പിക്കാന്‍ എന്തൊരു വഴി. കുറഞ്ഞപക്ഷം അതിനെക്കുറിച്ച് ബോധവാനായി കൂടുതല്‍ ശുഭകരമായൊരു ദിശയിലേക്ക് നീങ്ങുവാന്‍!

സദ്ഗുരു: വ്യാമോഹം, മോഹം, ആഗ്രഹം എന്നൊക്കെ പലസംഗതികളുമുണ്ട്. ഇന്ന് ഒരു വ്യാമോഹമാണെങ്കില്‍ നാളെ മറ്റൊന്നാവാം. ഇന്ന് ഒരാഗ്രഹമാണെങ്കില്‍ പിന്നെ വേറൊന്ന്. എന്നാല്‍ ഒരു അഭിലാഷം മനസ്സിലേക്ക് വരുന്നത് തിരിച്ചു വിടാന്‍ ആവാത്ത വാല്‍വിലൂടെയാണ്. ഒരു തവണ തുറന്നു വിട്ടാല്‍, നിലയ്ക്കാത്ത പ്രവാഹം. ഉള്ളിലൊരു ആഗ്രഹമുണരാന്‍ ഒരു നിമിഷം മതി. എന്തിനോടെങ്കിലും ഒരു മോഹം തോന്നാന്‍ അഞ്ചുനിമിഷം പോലും വേണ്ട. എന്നാല്‍ അഭിലാഷം അങ്ങനെയൊന്നും വരില്ല. മനുഷ്യര്‍ക്ക് മിക്കവാറും ഇല്ലാത്തതും അതാണ്. മോഹങ്ങളും വ്യാമോഹങ്ങളും ആഗ്രഹങ്ങളും ഉണ്ട്. പക്ഷേ അഭിലാഷമില്ല.

തോന്നുമ്പോള്‍ സ്വീകരിക്കാനും, മടുക്കുമ്പോള്‍ ഉപേക്ഷിക്കാനും പറ്റുന്നതല്ല അത്. ജീവിതത്തിന്‍റെ ഒരു വഴിത്തിരിവിലാണ് ഞാന്‍ എന്ന് നിങ്ങള്‍ പറയുകയുണ്ടായി. എന്നാല്‍ ഞാന്‍ കരുതിയത്, സ്വന്തം അഭിലാഷത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കാന്‍ പോവുന്നതെന്നാണ്. അല്ലാ, നിങ്ങള്‍ ഇപ്പോഴും തുച്ഛമായ മോഹങ്ങളെക്കുറിച്ചാണ് സാസാരിച്ചു കൊണ്ടിരിക്കുന്നത്, ഇടയ്ക്ക് തെളിഞ്ഞും ഇടയ്ക്ക് അണഞ്ഞും പോവുന്ന മോഹങ്ങളെക്കുറിച്ച്.

മോഹങ്ങളുടെ ചൂടൂം തണുപ്പും

മോഹങ്ങള്‍ക്ക് ചിലപ്പോള്‍ ചൂടുപിടിക്കും. എല്ലാ യന്ത്രങ്ങള്‍ക്കും ചൂടുപിടിക്കുന്ന പോലെ. യന്ത്രത്തിനകത്തെ ഉരസല്‍ എത്രയുണ്ടോ, അത്രയ്ക്കും അതീവ ചൂടേറും. ഒരു നിശ്ചിത തലത്തിലെത്തുമ്പോള്‍ തേയ്മാനത്താല്‍ ഉരസ്സല്‍ കുറയുകയും, യന്ത്രം തണുക്കുകയും ചെയ്യും. ഒരു അഭിലാഷമെന്നതും ഇതു പോലൊന്നാണ്. അതിലും മോഹത്തിന്‍റെ ഒരംശമുണ്ട്, എന്നാല്‍ അതിനകത്ത് പിന്നെ ചൂടോ തണുപ്പോ ഇല്ല. അതങ്ങിനെ പ്രവര്‍ത്തിക്കുക മാത്രമാണ്. പതിവായി ഇന്ധനം നല്‍കേണ്ടി വരുന്നില്ല. ഒരു തവണ ആ അഭിലാഷം ഉള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ പിന്നെയത് നിലയ്ക്കില്ല. പിന്നെ ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ഇനി ഒരു പക്ഷെ മരണം സംഭവിച്ചാലും അഭിലാഷത്തിന്‍റെ ആ തിരി അണയുകയില്ല. തന്‍റെ ജീവിതത്തെ മറ്റു ജീവിതങ്ങളുമായി തുന്നിച്ചേര്‍ക്കുന്ന നൂലാണത്. അനേകം ജീവിതങ്ങളെ ഒന്നിച്ചു ചേര്‍ക്കാന്‍ അഭിലാഷത്തിന്‍റെ ഒരൊറ്റ നൂലുമതി. ഒരു തവണ അങ്ങനെ തുന്നിച്ചേര്‍ത്താല്‍ പിന്നെ ജീവിതത്തിന്‍റെ ചാക്രികതയെപ്പറ്റിയൊന്നും ഉള്ള ചോദ്യങ്ങള്‍ വേണ്ടി വരില്ല.

മരണം വന്നരികെ നില്‍ക്കുമ്പോള്‍

എന്‍റെ അഭിലാഷമെന്തെന്ന് കണ്ടെത്താന്‍ ഒരല്‍പസമയം ചെലവഴിക്കുക. വളരെ പ്രധാനമാണത്, അല്ലെങ്കില്‍ ജീവിതം വളരെ വരണ്ടതായി മാറും. അതുതന്നെയാണ് ജീവിതമെന്ന് നിങ്ങള്‍ വിശ്വസിച്ചു പോവും. മരണം വന്നെത്തുന്ന നിമിഷം വരെ! മരിച്ചു കൊണ്ടിരിക്കുന്നവരെ നിരീക്ഷിച്ച് നോക്കൂ, എങ്ങനെയാണ് അവരുടെ മരണമെന്ന് കാണാം. ജീവിതത്തിലെ വളരെ വേണ്ടപ്പെട്ടവരെല്ലാം അടുത്തുണ്ടാവും, ഏതാനും മണിക്കൂറുകള്‍ മുമ്പു വരെ അവരെല്ലാം ഏറ്റവും പ്രിയപ്പെട്ടവര്‍ തന്നെ, എന്നാല്‍ മരണം വന്നെത്തുന്ന നിമിഷം, അവരെല്ലാം ഏതോ അപരിചിതരാണെന്ന പോലെയാവും മരിക്കുന്നയാളുടെ നോട്ടം, അവസാന ശ്വാസമടുക്കുമ്പോഴും ഉറ്റവരുടെ കൈകളില്‍ പിടിച്ച് രമിക്കുന്ന കഥാപാത്രങ്ങള്‍ തെളിയുന്ന സിനിമകള്‍ മറന്നേക്കൂ. സംഭവിക്കുന്നത് അങ്ങനെയൊന്നുമല്ല.

എന്‍റെ അഭിലാഷമെന്തെന്ന് കണ്ടെത്താന്‍ ഒരല്‍പസമയം ചെലവഴിക്കുക. വളരെ പ്രധാനമാണത്, അല്ലെങ്കില്‍ ജീവിതം വളരെ വരണ്ടതായി മാറും.

രണ്ട് വ്യക്തികള്‍ക്കിടയില്‍ എത്രത്തോളം വൈകാരിക ബന്ധമുണ്ടായിരുന്നു എന്നതൊരു വിഷയമല്ല. മരണത്തിന്‍റെ നിമിഷങ്ങളില്‍ അയാള്‍ മറ്റെയാളെ നോക്കുന്നത്, ഏതോ അപരിചിതനെയെന്ന പോലെയാവും! ജീവിച്ചിരിക്കേ ഭൗതിക ശരീരത്തിന്‍റെ കേളികള്‍ നമുക്ക് ഒരുപാട് മായക്കാഴ്ചകള്‍ സമ്മാനിക്കുന്നുണ്ടെന്നത് നേര്. സത്യമെന്ന് തോന്നിക്കുന്ന മിഥ്യകള്‍. എന്നാല്‍ ശാരീരികമായ ആ മായാവിനോദങ്ങള്‍ പ്രായത്തിനൊപ്പം ക്ഷയിക്കവെ, അവയെല്ലാം എത്ര അര്‍ത്ഥശൂന്യമാണെന്ന സത്യം തെളിയുന്നു.

ഇത്, ജീവിതത്തിലെ അവസാന നിമിഷമാണെങ്കില്‍ ചുറ്റുമുള്ളവരെ നിങ്ങള്‍ എങ്ങനെയാവും നിരീക്ഷിക്കുക? ഓരോരുത്തരേയും നാം നിരീക്ഷിക്കേണ്ടത് അങ്ങിനെയാണ്. സദാ സാധിച്ചില്ലെങ്കിലും, അതിനു നമുക്ക് സാധിക്കണം. എങ്കില്‍, മനുഷ്യരില്‍ എല്ലാവരിലും നാം നേരത്തെ പറഞ്ഞ, ആ അഭിലാഷം ഉണ്ടാവും, മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം, അത് എന്തൊരു വിശുദ്ധ ഗ്രന്ഥത്തേക്കാളും മഹത്തരമാണ്. കാരണം ആ ഒരൊറ്റനിമിഷത്തിലൂടെ കടന്നു പോവുന്നവന് ജീവിതത്തോടുളള മനോഭാവം തന്നെ അടിമുടി മാറുന്നു.

അത് ഓരോ മനുഷ്യനിലും സംഭവിക്കേണ്ട ഒന്നാണ്, ജീവിതത്തോടുള്ള കാഴ്ചപ്പാടിലെ മാറ്റം മനുഷ്യന്‍റെ അസ്തിത്വത്തില്‍, അതിന്‍റെ പ്രകൃതത്തിലുള്ള മാറ്റം. അല്ലാതെ നമ്മുടെ ചുറ്റുപാടിലുള്ള മാറ്റമല്ല. ഒരു ആശ്രമമായാലും, സമൂഹമായാലും, നഗരമായാലും അത് കേവലം ചെറിയൊരു ചുറ്റുപാട് മാത്രമാണ്. അത് ജീവിതത്തിന്‍റെ അവസാന ഇടങ്ങളല്ല. ഞാനും നിങ്ങളും ഇല്ലാതേയും ഈ ഭൂമുഖത്ത് ഒരു ലോകം ഉണ്ടായിരുന്നു. അതിലേക്ക് നാം ഒന്നു തിരിഞ്ഞു നോക്കണം, ഞാനും നിങ്ങളും ഇല്ലാത്ത, ഇല്ലാതിരുന്ന ആ ലോകത്തേക്ക്! എങ്കില്‍ ജീവിതത്തെക്കുറിച്ച് ഒരല്‍പം കൂടി മെച്ചപ്പെട്ട ഒരു കാഴ്ചപ്പാട് ലഭിക്കും. നിങ്ങളുടേയും എന്‍റേയും ഉള്ളിലെ അഭിലാഷം അതിന്‍റെ ശരിയായ സ്ഥാനത്തു പുനസ്ഥാപിക്കപ്പെടും. അല്ലാത്തപക്ഷം, നമ്മുടെ മോഹങ്ങളും വ്യാമോഹങ്ങളുമൊക്കെ നമ്മെ അതിനു തോന്നിയ ലോകങ്ങളിലേക്ക് നമ്മെ വലിച്ചിഴച്ചു കൊണ്ടു പോവും. അതു തന്നെയാണ് സത്യമെന്ന് നമ്മെ വിശ്വസിപ്പിക്കുകയും ചെയ്യും.