सद्गुरु

ഇത്തരത്തിലുള്ള ചിന്തകള്‍ മനസ്സില്‍ കടന്നുകൂടിയാല്‍ തന്നെ മെച്ചപ്പെട്ട മനുഷ്യനാകാനുള്ള വഴിയും മുന്നില്‍ തെളിയും.

 

അറിഞ്ഞൊ, അറിയാതെയോ ജീവിതം എന്ന പ്രക്രിയയിലൂടെ ഓരോ മനുഷ്യനും തന്‍റെതു മാത്രമായ ഒരു വ്യക്തിത്വം അല്ലെങ്കില്‍ ഒരു പ്രതിഛായ മെനഞ്ഞെടുക്കുന്നുണ്ട്‌.

സദ്‌ഗുരു: അറിഞ്ഞൊ, അറിയാതെയോ ജീവിതം എന്ന പ്രക്രിയയിലൂടെ ഓരോ മനുഷ്യനും തന്‍റെതു മാത്രമായ ഒരു വ്യക്തിത്വം അല്ലെങ്കില്‍ ഒരു പ്രതിഛായ മെനഞ്ഞെടുക്കുന്നുണ്ട്‌. സ്വയം മെനഞ്ഞെടുത്ത ഈ പ്രതിച്ഛായയ്ക്ക്‌ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല. നിങ്ങളുടെ അന്തരാത്മാവുമായൊ, സഹജസ്വഭാവവുമായൊ അതിനൊട്ടുംതന്നെ ചേര്‍ച്ചയുണ്ടാവില്ല. ആകസ്മികമായി വാര്‍ത്തെടുത്ത ഒരു പ്രതിബിംബമാകാനാണ്‌ കൂടുതല്‍ സാദ്ധ്യത. ബോധപൂര്‍വം ഇങ്ങനെയുള്ള പ്രതിരൂപം സൃഷിക്കുന്നവര്‍ വളരെ ചുരുക്കമാണ്‌. അധികംപേരും ഇത്‌ ചെയ്യുന്നത്‌ ബാഹ്യമായ സാഹചര്യങ്ങള്‍ക്കും പ്രേരണകള്‍ക്കും വശംവദരായാണ്‌. അതാകട്ടെ, മിക്കവാറും അവരുടെ അറിവോടെയല്ലാതെ, അബദ്ധത്തില്‍ വന്നു ഭവിക്കുന്നതുമായിരിക്കും.

ബോധപൂര്‍വം, അവനവന്‍റെ ഇച്ഛയ്ക്കനുസരിച്ച്‌ സ്വന്തമായൊരു വ്യക്തിത്വം വാര്‍ത്തെടുക്കാന്‍ സാധിക്കും. വേണ്ടത്ര വിവേകവും വിവരവുമുണ്ടെങ്കില്‍, ഇന്നുള്ള നിങ്ങളെ പൂര്‍ണമായും ഉടച്ചുകളഞ്ഞ്‌, പുതിയൊരു നിങ്ങളെ സൃഷ്‌ടിച്ചെടുക്കാനാകും. അതിനൊന്നേ ചെയ്യേണ്ടതുള്ളൂ - പഴയ നിങ്ങളെ പൂര്‍ണമായും ഉപേക്ഷിക്കുക. പക്ഷെ, ഇത്‌ വെറും നാട്യത്തിലൊതുങ്ങരുത്‌. അല്ലെങ്കില്‍, അരങ്ങറിയാത്ത നാട്യത്തിനു പകരം അറിഞ്ഞുംകൊണ്ടുള്ള നാട്യമാവട്ടെ!

നിങ്ങള്‍ക്ക്‌ ഏറ്റവുമധികം പിന്തുണലഭിക്കുന്ന വിധത്തിലുള്ള ഒരു പ്രതിച്ഛായ ആയിരിക്കണം അത്‌. സ്വന്തം ചുറ്റുപാടുമായി ഏറ്റവും നന്നായി ഇണങ്ങിച്ചേരുന്ന, അന്യര്‍ക്കോ അവനവനോ യാതൊരു തരത്തിലുള്ള വൈഷമ്യവും തോന്നാത്ത വിധത്തിലുള്ള ഒന്നാന്തരമൊരു പ്രതിഛായ. ഒരു കാര്യം ശ്രദ്ധിക്കണം, അത്‌ അവനവന്‍റെ സഹജമായ പ്രകൃതവുമായി ഏറ്റവുമധികം ലയിച്ചുചേരുന്ന തരത്തിലുള്ള വ്യക്തിത്വമായിരിക്കണം.

ഉള്‍പ്രകൃതം എന്നുപറയുന്നത്‌ അങ്ങേയറ്റം നിശ്ശബ്‌ദമായിരിക്കും, അതേ സമയം വളരെ വളരെ പ്രബലവും. അത്‌ സാമാന്യ രീതിയില്‍ പ്രകടമായിരിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ജീവിതം തികച്ചും അതിന്‍റെ കൈപ്പിടിയിലായിരിക്കും. സൂക്ഷ്‌മമായിരിക്കുന്നതോടൊപ്പംതന്നെ അത്‌ വളരെയേറെ ശക്തവുമാണ്‌.

അപ്പോള്‍ ചെയ്യേണ്ടതെന്താണ്‌? നമ്മളിലുള്ള സ്തൂലപ്രകൃതിയെ തീര്‍ത്തും മുറിച്ചുമാറ്റുക. എന്നുവെച്ചാല്‍ ക്രോധം, വാശി, അഹങ്കാരം തുടങ്ങി എല്ലാ പോരായ്‌മകളേയും പരിമിതികളേയും മറികടക്കുക. അതിസൂഷ്‌മവും അതിപ്രബലവുമായ ഒരു വ്യക്തിത്വം സ്വയം രൂപപ്പെടുത്തിയെടുക്കുക. അടുത്ത രണ്ടു ദിവസം ആ ഒരു വ്യക്തിത്വത്തെപ്പറ്റി നല്ലതുപോലെ ചിന്തിക്കാം. അതിനുശേഷമാവാം അവനവനുവേണ്ടിയുള്ള ഈ പ്രതിച്ഛായയുടെ സൃഷ്‌ടി.

നിങ്ങളുടെ വിചാരവികാരങ്ങളുടെ സഹജമായ ഭാവം എങ്ങനെയുള്ളതാവണം? നമ്മള്‍ മെനഞ്ഞെടുക്കുന്നത്‌ ഇപ്പോഴത്തേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു പ്രതിഛായതന്നെയല്ലെ? സൃഷ്‌ടി തുടങ്ങുന്നതിനു മുമ്പുതന്നെ ഇതെല്ലാം തീരുമാനിച്ചുറച്ചിരിക്കണം.

ആദ്യം തന്നെ, ആരും വന്നു സ്വൈരം കെടുത്താത്ത ഒരു സമയവും സ്ഥലവും തിരഞ്ഞെടുക്കണം. സുഖമായി, സ്വസ്ഥമായി പുറംചാരി ഇരിക്കാം. ഇനി കണ്ണുകളടച്ച്‌ സങ്കല്‍പിക്കാം; മറ്റുള്ളവര്‍ ഏതുവിധത്തിലാണ്‌ നിങ്ങളെ കാണേണ്ടത്‌? നിങ്ങളുടെ സാമീപ്യം ഏതുതരത്തിലുള്ള അനുഭവമാണ്‌ അവരില്‍ ഉളവാക്കേണ്ടത്‌? തികച്ചും പുതിയതായ ഒരു വ്യക്തിയെ സ്വന്തം മനസ്സുകൊണ്ട് സൃഷ്‌ടിക്കുക. എന്തെല്ലാം വിശദാംശങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവൊ, അതെല്ലാം അതില്‍ ഉണ്ടായിരിക്കട്ടെ. കൂടുതല്‍ അലിവും, കനിവും, സ്‌നേഹവും, കാര്യപ്രാപ്‌തിയും ആ പുതിയ വ്യക്തിയില്‍ നിറഞ്ഞുനില്‍ക്കട്ടെ.

നിങ്ങളുടെ സങ്കല്‍പവും ഇച്ഛയും അത്രത്തോളം തീവ്രമാണെങ്കില്‍, അതിന്‌ കര്‍മത്തിന്‍റെ ചങ്ങലക്കെട്ടുകള്‍പോലും അറുത്തുമാറ്റാനാകും.

കഴിയുന്നത്ര തീവ്രമായി ഈ പുതിയ നിങ്ങളെ സങ്കല്‍പിക്കുക. സ്വന്തം മനസ്സില്‍ ആ വ്യക്തി ഏറ്റവും ജീവസ്സുറ്റതായി തെളിഞ്ഞു നില്‍ക്കട്ടെ. നിങ്ങളുടെ സങ്കല്‍പവും ഇച്ഛയും അത്രത്തോളം തീവ്രമാണെങ്കില്‍, അതിന്‌ കര്‍മത്തിന്‍റെ ചങ്ങലക്കെട്ടുകള്‍പോലും അറുത്തുമാറ്റാനാകും. നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസൃതമായി മനസ്സില്‍ ദൃഢമായ, തീവ്രമായ സങ്കല്‍പങ്ങള്‍ ഉണ്ടായിരിക്കണം. അത്തരം സങ്കല്‍പങ്ങള്‍ക്ക്‌ കര്‍മബന്ധങ്ങളെപ്പോലും മറികടക്കാനുള്ള പ്രാപ്‌തിയുണ്ടാകും. സ്വന്തം വിചാരങ്ങളുടെ, വികാരങ്ങളുടെ, കര്‍മങ്ങളുടെയൊക്കെ പരിമിതികള്‍ കടന്ന്‍ മുന്നോട്ട്‌ പോകാനുള്ള ഒരവസരമാണിത്‌.