മാതാ, പിതാ, ഗുരു, ദൈവം - എന്താണതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?

മാതാവില്‍ നിന്നും പിതാവും ഗുരുവും ദൈവവും വരെ. എന്താണിതു കൊണ്ട് അര്‍ത്ഥമാക്കുന്നത്? സദ്ഗുരു വിവരിക്കുന്നു.
 

സദ്ഗുരു :- മാതാ പിതാ ഗുരു ദൈവം എന്നു പറയുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് അച്ഛന്‍, അമ്മ, ഗുരു, ദൈവം എന്നുതന്നെയാണ്. അതിനെ അതിന്‍റേതായ പശ്ചാത്തലത്തില്‍ തന്നെ മനസ്സിലാക്കണം. പിറന്നുവീണ കുഞ്ഞിന്‍റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണ്? തീര്‍ച്ചയായും ഈശ്വരനല്ല. ഗുരുവോ അച്ഛനോ അല്ല. അമ്മതന്നെയാണ്. കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവന് എല്ലാം അമ്മയാണ്. മുലയൂട്ടുന്നതും, താലോലിക്കുന്നതും, തന്നോടു ചേര്‍ത്തു കിടത്തി ഉറക്കുന്നതും, വളര്‍ത്തികൊണ്ടുവരുന്നതും അമ്മയാണ്. പിറന്നുവീണ കുഞ്ഞിന് സര്‍വ്വസ്വവും അമ്മയാണ് എന്നു പറയുന്നത് മറ്റാരുമല്ല, അവന്‍റെ ജീവിതം തന്നെയാണ്.

കുഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍റെ ജീവിതത്തിലെ പ്രധാനസ്ഥാനത്തേക്ക് അച്ഛനെത്തുന്നു. പുറമെയുള്ള സാഹചര്യങ്ങളുമായി ഇടപെടുന്നത് അച്ഛനാണല്ലോ. ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്നും ആ പ്രസ്താവനയെ നോക്കിക്കാണരുത്. പഴയകാലത്ത് ലോകത്തെ മനസ്സില്ലാക്കണമെങ്കില്‍ കുഞ്ഞിനാശ്രയം അച്ഛന്‍ തന്നെയായിരുന്നു. അച്ഛനിലൂടെയാണ് അവന്‍ ലോകകാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ജീവിക്കാനുള്ള തൊഴില്‍ പരിശീലിക്കാനും, സമൂഹവുമായി ഇടപഴകേണ്ട രീതികള്‍ പഠിക്കാനും അച്ഛനാണവനെ സഹായിച്ചിരുന്നത്. ഇങ്ങനെയുള്ള അടിസ്ഥാന പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ഉയര്‍ന്ന അറിവു നേടാനായി അവന്‍ സമീപിച്ചത് ഗുരുവിനെയാണ്. ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ ഗുരുവിന്‍റെ സഹായം അനിവാര്യമായിരുന്നു. ഗുരുവില്‍ നിന്നും വിജയകരമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അടുത്ത സാദ്ധ്യത സ്വാഭാവികമായും തെളിഞ്ഞുവരികയായി....അതാണ് ഈശ്വരസാക്ഷാത്കാരം.

മാതാ, പിതാ, ഗുരു, ദൈവം എന്ന പ്രസ്താവനയിലൂടെ വ്യക്തമാക്കപ്പെടുന്നത്. സ്വാഭാവികമായ ജീവിത പ്രക്രിയയാണ്. സംസ്‌കൃതഭാഷയില്‍ വലിയ പാണ്ഡിത്യമൊന്നുമില്ലാത്ത ചിലര്‍ ഈ പ്രസ്താവനക്ക് അവരുടേതായ വ്യാഖ്യാനം നല്‍കുന്നത് കാണാറുണ്ട്. അമ്മ പറയുന്നു: ആദ്യം പറയുന്നത് മാതാ എന്നാണ്. അതുകൊണ്ട് എല്ലാം എനിക്കു സമര്‍പ്പിക്കണം. അച്ഛന്‍ പറയുന്നു : രണ്ടാമത്തേത് പിതാ എന്നാണ്. അതുകൊണ്ട് എന്നെ മാത്രം ആദരിക്കുകയും, അനുസരിക്കുകയും ചെയ്താല്‍ മതി. ഗുരുവിനേയും, ഈശ്വരനേയും സമീപിക്കേണ്ട ആവശ്യമില്ല.

ഈ വിധത്തിലാണ് ആളുകള്‍ ആ പ്രസ്താവനയെ മനസ്സിലാക്കിയിരിക്കുന്നതെങ്കില്‍ അത് ഖേദകരം തന്നെയാണ്. നിങ്ങളുടെ അമ്മ ഒരമ്മ മാത്രമല്ല; അച്ഛന്‍ ഒരച്ഛന്‍ മാത്രവുമല്ല. അവരും നിങ്ങളെപോലെയുള്ള മനുഷ്യരാണ്. അവരും വളര്‍ന്നു വികസിക്കേണ്ടതുണ്ട്. അതു നിങ്ങളേക്കാള്‍ മുമ്പ് വേണ്ടതാണ്. വളരാന്‍ മറന്നുപോയ അച്ഛനമ്മമാര്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കാന്‍ മക്കള്‍ക്കു സാധിച്ചാല്‍ അതു വലിയ ഭാഗ്യമാണ്. അച്ഛനും അമ്മയും നിശ്ചയമായും ആ അവസരം പ്രയോജനപ്പെടുത്തണം.

വീട്ടിലേക്കൊരു മടക്കായത്ര

സാധാരണമട്ടിലുള്ള ഒരു ജീവിതമാണ് നിങ്ങള്‍ നയിക്കുന്നതെങ്കില്‍, അത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തുടങ്ങി ശവക്കുഴിയില്‍ അവസാനിക്കുന്ന ഒരു യാത്ര മാത്രമാണ്....ചൊട്ടയില്‍ നിന്നും ചുടലവരെ എന്ന് പഴമക്കാര്‍ പറയുന്ന ജീവിതയാത്ര. എന്നാല്‍ നിങ്ങളുടെ യാത്ര ആത്മബോധത്തോടുകൂടിയും, ഈശ്വരാന്വേഷണപരവുമാണ് എങ്കില്‍ അതിനെ സ്വന്തം വീട്ടിലേക്കുള്ള മടക്കയാത്രയായി കണക്കാക്കാം. അങ്ങനെയുള്ള യാത്രയില്‍ ആദ്യസ്ഥാനം അമ്മക്കാണ്. രണ്ടാമത്തേത് അച്ഛനും, മൂന്നാമത്തേത് ഗുരുവിനും. അവസാനമായി എത്തിച്ചേരേണ്ട സ്ഥാനമാണ് ദൈവം.

ഈശ്വരനുപോലും ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന മൃദുവായ മാധുര്യമുള്ള റൊട്ടിയായി ഓരോ വ്യക്തിയും പാകപ്പെടണം. അതിനു ഗുരുവിന്‍റെ സഹായം അനിവാര്യമാണ്.

അമ്മ നിങ്ങളൈ മുലയൂട്ടി വളര്‍ത്തുന്നു. അച്ഛന്‍ നിങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശം നല്കുന്നു. ഗുരു നിങ്ങളെ കുഴച്ച് പാകപ്പെടുത്തുന്നു. ആ കുഴച്ചുരുട്ടലിലൂടെയാണ് നിങ്ങളുടെ വ്യക്തിജീവിതം രൂപപ്പെടുന്നത്. മാവ് നന്നായി കുഴച്ചു മാര്‍ദ്ദവമുള്ളതാക്കണം. ആ മാവുകൊണ്ടുണ്ടാക്കിയ റൊട്ടിയേ രുചിയോടെ കഴിക്കാനാവു. മനുഷ്യന്‍റെ കാര്യത്തിലും ഇത് അത്യാവശ്യമാണ്. ഈശ്വരനുപോലും ആസ്വദിച്ചു കഴിക്കാന്‍ പറ്റുന്ന മൃദുവായ മാധുര്യമുള്ള റൊട്ടിയായി ഓരോ വ്യക്തിയും പാകപ്പെടണം. അതിനു ഗുരുവിന്‍റെ സഹായം അനിവാര്യമാണ്.

അപ്പോഴും ഗുരു ഒരു ഉപകരണം മാത്രമാണ്. ഒരുപാധി, ഒരു പടിവാതില്‍...അപ്പുറത്തേക്ക് കടന്നുചെല്ലാനായി. അത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഗുരു എന്ന വാതില്‍ പാളിയിലൂടെയാണ് നിങ്ങള്‍ അതിനപ്പുറത്തുള്ളത് എന്താണെന്ന് നോക്കിക്കാണുന്നത്; ഈ വാതിലില്‍ കൂടിയാണ് നിങ്ങള്‍ അതിനപ്പുറത്തേക്ക് പ്രവേശിക്കുന്നത്. ഒരു മുറിക്കുള്ളില്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്ന ഒരാള്‍ക്ക്, പുറത്തേക്ക് കടക്കാനുള്ള ഒരു സാദ്ധ്യതയാണ് വാതില്‍. അതുകൊണ്ട് ഗുരുവിന്‍റെ സ്ഥാനം എപ്പോഴും അദ്വതീയമാണ്.