മസ്തിഷ്കവും ഹൃദയവും: ഒരു കടംകഥ

തങ്ങളുടെ മസ്തിഷ്‌കം ഒരു ദിശയിലേക്കും ഹൃദയം മറ്റൊരു ദിശയിലേക്കും തങ്ങളെ നയിക്കുന്നു എന്നു സാധാരണയായി ആളുകള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. യോഗശാസ്ത്രത്തിലെ അടിസ്ഥാനതത്ത്വങ്ങളിലൊന്ന് ഇതാണ്: നിങ്ങള്‍ ഒരൊറ്റ വ്യക്തിയാണ്; ഒരു സംയോജിത മനുഷ്യജീവി. മസ്തിഷ്‌കവും ഹൃദയവും തമ്മില്‍ വിച്ഛേദമൊന്നുമില്ല. നിങ്ങള്‍ എന്നത് ഒരു പൂര്‍ണ ഏകകം.
 
 

'മസ്തിഷ്‌കം' 'ഹൃദയം എന്നീ സംജ്ഞകള്‍കൊണ്ട് അര്‍ഥമാക്കുന്നത് എന്തെന്നു ചിന്തിക്കാം. സാധാരണയായി വിചാരങ്ങള്‍ തലച്ചോറിനും വികാരങ്ങള്‍ ഹൃദയത്തിനുമായി വീതിച്ചുകൊടുക്കാറാണു പതിവ്.

തികഞ്ഞ ആത്മാര്‍ത്ഥതയോടെ സൂക്ഷ്മമായി നോക്കുകയാണെങ്കില്‍, നിങ്ങള്‍ എങ്ങനെ വികാരംകൊള്ളുന്നുവോ അതേ വിധത്തിലാണു നിങ്ങള്‍ ചിന്തിക്കുന്നത് എന്നു മനസ്സിലാക്കാം. ഏതുവിധം ചിന്തിക്കുന്നുവോ ആ വിധം വികാരംകൊള്ളുന്നു. അതിനാലാണ് യോഗ, മനോമയകോശത്തില്‍ വിചാരത്തെയും വികാരത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'മനസ്സ്' എന്നു സാധാരണ വിവക്ഷിക്കപ്പെടുന്നത് വിചാരപ്രക്രിയയെയോ ബുദ്ധിയെയോ ആണ്. വാസ്തവത്തില്‍ മനസ്സിനു പല തലങ്ങളുണ്ട്. ഒന്നു യുക്തിയുടെ തലം; മറ്റൊന്ന്, ആഴത്തിലുള്ള വികാരത്തിന്‍റെ തലം. യുക്തിയുടെ തലത്തെ സാമാന്യമായി ബുദ്ധി എന്നും, മനസ്സിന്‍റെ ആഴമുള്ള വൈകാരികതലത്തെ ഹൃദയം എന്നും വിശേഷിപ്പിക്കുന്നു. യോഗശാസ്ത്രത്തില്‍ ഈ ആഴമുള്ള തലത്തെയാണ് മനസ്സ് എന്നു വിശേഷിപ്പിക്കുക. വികാരങ്ങളെ സവിശേഷമാംവിധം വാര്‍ത്തെടുക്കുന്ന ഓര്‍മകളുടെ സങ്കീര്‍ണമിശ്രണമാണ് മനസ്സ്. അപ്പോള്‍ വിചാരിക്കുന്ന രീതിയും വികാരംകൊള്ളുന്ന രീതിയുമെല്ലാം മനസ്സിന്‍റെ പ്രവൃത്തികള്‍ തന്നെയാണ്.

വികാരങ്ങളെ സവിശേഷമാംവിധം വാര്‍ത്തെടുക്കുന്ന ഓര്‍മകളുടെ സങ്കീര്‍ണമിശ്രണമാണ് മനസ്സ്. അപ്പോള്‍ വിചാരിക്കുന്ന രീതിയും വികാരംകൊള്ളുന്ന രീതിയുമെല്ലാം മനസ്സിന്‍റെ പ്രവൃത്തികള്‍ തന്നെയാണ്.

വളരെ ലളിതമാണത്. നിങ്ങള്‍ ഒരു മികച്ച മനുഷ്യനാണെന്നു ഞാന്‍ വിചാരിക്കുന്നുവെങ്കില്‍, നിങ്ങളോട് എനിക്കു നല്ല വികാരങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ഒരു നീചമനുഷ്യനെന്നാണ് ഞാന്‍ ചിന്തിക്കുന്നതെങ്കില്‍ മോശം വികാരങ്ങളാവും എന്‍റെ മനസ്സിലുണ്ടാവുക. നിങ്ങള്‍ ഒരാളെ തന്‍റെ ശത്രുവാക്കിയതിനുശേഷം അയാളെ (അവളെ) സ്‌നേഹിക്കാന്‍ പരിശ്രമിക്കുകയെന്നത് എന്തു ക്ലേശകരമാണ്! നമുക്കു ജീവിതത്തിന്‍റെ ലളിതവശങ്ങളെ വെറുതേ ക്ലേശകരമാക്കാതിരിക്കാം.

നിങ്ങള്‍ ചിന്തിക്കുന്ന രീതിയനുസരിച്ചാണ് നിങ്ങള്‍ക്കു വികാരങ്ങളുണ്ടാകുന്നത്. എന്നാല്‍ സ്വന്തം അനുഭവത്തില്‍ ചിന്തയും വികാരവും വിഭിന്നങ്ങളാണെന്നു നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ഇതെന്തുകൊണ്ടാണിങ്ങനെ? ചിന്തകള്‍ക്ക് ഒരുതരം വ്യക്തതയും ചടുലതയുമുണ്ട്. വികാരങ്ങള്‍ കുറെക്കൂടി മന്ദഗതിയാണ്. ഇന്ന് ഒരാള്‍ ഒരു നല്ല വ്യക്തിയാണെന്നു നിങ്ങള്‍ വിചാരിക്കുകയും അയാളോടു നിങ്ങള്‍ക്ക് ഊഷ്മളമായ ഭാവം ഉണ്ടാവുകയും ചെയ്യുന്നു. പെട്ടെന്ന് അയാള്‍ ഹിതകരമല്ലാത്ത എന്തെങ്കിലും പ്രവര്‍ത്തിക്കുകയും അയാള്‍ എത്ര വൃത്തികെട്ട വ്യക്തിയാണെു തോന്നുകയും ചെയ്യുന്നു. ആദ്യം വിചാരങ്ങളാണ് അയാള്‍ 'ശരിയല്ല' എന്ന നിഗമനത്തിലെത്തുന്നത്. പക്ഷേ, നിങ്ങളുടെ വികാരങ്ങള്‍ക്ക് അത്ര വേഗം മാറാന്‍ സാധിക്കുകയില്ല. അത് അപ്പോള്‍ കുതറാന്‍ തുടങ്ങും. മധുരമായിരുന്നത് ഇത്ര പെട്ടെന്ന് കയ്പാവുന്നതെങ്ങനെ? അത് അംഗീകരിക്കപ്പെടാന്‍ സമയം വേണം. അതിന്‍റെ വൃത്തം വലുതാണ്. കറങ്ങിവരാന്‍ സമയം വേണം. നിങ്ങളുടെവികാരങ്ങളുടെ തീക്ഷ്ണതയ്ക്കനുസൃതമായി ഇതിനു മൂന്നു ദിവസമോ, മൂന്നു മാസമോ ചിലപ്പോള്‍ മൂന്നു വര്‍ഷമോ വണ്ടേിവന്നേക്കാം. സമയമെടുത്ത് അതു പൊരുത്തപ്പെടും.

മസ്തിഷ്‌കവും ഹൃദയവും തമ്മില്‍ ഈ വിധം സംഘര്‍ഷം സൃഷ്ടിക്കേണ്ട കാര്യമില്ല. വികാരമെന്നതു വിചാരത്തിന്‍റെ നീരുള്ള ഭാഗം മാത്രം. നിങ്ങള്‍ക്ക് ആ മധുരം ആസ്വദിക്കാം. പക്ഷേ, നിങ്ങള്‍ അതു തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, വിചാരംതന്നെയാണ് വികാരത്തെ നയിക്കുന്നത്. വികാരത്തിനു സ്ഥിരതയില്ല. വികാരം ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. ആ വഴി ഈ വഴിയൊക്കെ സഞ്ചരിക്കുന്നു. എന്നാല്‍ ചിന്തയെപ്പോലെ ആര്‍ജവമില്ലതാനും. അതിന്‍റെ ചക്രം മെല്ലെമാത്രം തിരിയുന്നതുകൊണ്ടും അതിന്‍റെ തീവ്രത ചിന്തകളെക്കാളും അധികമായതുകൊണ്ടുമാണ്, ചിന്തയും വികാരവും വ്യത്യസ്തമാണെന്നു തോന്നുന്നത്. വാസ്തവത്തില്‍ കരിമ്പും കരിമ്പുനീരും തമ്മിലുള്ള ഭേദമേയുള്ളൂ ഇവ തമ്മില്‍.

അധികം പേരുടെയും അനുഭവത്തില്‍ ചിന്തകള്‍ക്കു വികാരങ്ങളെപ്പോലെ തീവ്രതയില്ല (ഉദാഹരണത്തിന് ദ്വേഷ്യം തോന്നുമ്പോഴുള്ള തീവ്രത നിങ്ങള്‍ക്കു ചിന്തിക്കുമ്പോഴില്ല). എന്നാല്‍ തീവ്രതയും സാന്ദ്രതയുമുള്ള ഒരു ചിന്ത ആവിര്‍ഭവിക്കുന്നുവെങ്കില്‍ അതു നമ്മെ ആമഗ്നമാക്കിക്കളയും. വികാരം ആവശ്യമില്ലാത്തത്ര തീവ്രതയുള്ള ചിന്ത ഉത്പാദിപ്പിക്കാന്‍ ജനസംഖ്യയുടെ അഞ്ചോ പത്തോ ശതമാനം ആളുകള്‍ക്കേ കഴിയൂ. തൊണ്ണൂറു ശതമാനം ആളുകള്‍ക്കും തീവ്രമായ വികാരങ്ങള്‍ ഉത്പാദിപ്പിക്കാനേ കഴിവുള്ളൂ. കാരണം, അവര്‍ക്ക് മറ്റൊരു തയ്യാറെടുപ്പുമില്ല. പക്ഷേ, ആഴമേറിയ ചിന്തകളുള്ള വ്യക്തികളുണ്ട്. അവര്‍ക്ക് അധികം വികാരമുണ്ടാവുകയില്ല. അഗാധചിന്തകരായിരിക്കുമവര്‍.

നമ്മുടെ ഉള്ളില്‍ ദ്വന്ദ്വങ്ങള്‍ ഉണ്ടാക്കുന്നത് ഒട്ടും നന്നല്ല. അത് ആഭ്യന്തരയുദ്ധങ്ങള്‍ക്കും സ്‌കിസോഫ്രീനിയയ്ക്കും കാരണമാകും. ചിന്തയും വികാരവും വിഭിന്നമല്ല. ഒന്നു വരണ്ടതാണ്. മറ്റേത് ചാറുള്ളതും. രണ്ടും ആസ്വദിക്കുക.

 
 
 
 
  0 Comments
 
 
Login / to join the conversation1