മാര്‍ക്സിസത്തില്‍ നിന്ന് ആത്മീയതയിലേക്ക്
ക്ഷോഭമാണ് ശരിയായ നടപടിയെന്ന് കമ്മ്യൂണിസം പറഞ്ഞു തന്നു. പക്ഷെ, ഞാന്‍ അതിന്‍റെ പുറത്തേക്ക് ചിന്തിച്ചു തുടങ്ങി, "നിങ്ങള്‍ ആകെ ചെയ്യുന്നത്, ഒരു അനീതിയെ മറ്റൊരു അനീതികൊണ്ട് ഇല്ലാതാക്കുക എന്നതല്ലേ?”
 
Isha Volunteers supporting Anna Hazare at India Gate
 

सद्गुरु

ഞാന്‍ എപ്പോഴും ക്ഷുഭിതനായിരുന്നു. ലോകത്തുള്ള എല്ലാത്തിനോടും എനിക്ക് ദേഷ്യമായിരുന്നു. കമ്മ്യൂണിസം അതിനുപറ്റിയ ഇടമായിരുന്നു. പക്ഷെ താമസിയാതെ തന്നെ ഞാന്‍ പുതിയൊരു മുദ്രാവാക്യം കണ്ടെത്തി – "ക്ഷോഭമില്ലെങ്കില്‍ നിങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാകും, അനന്തരഫലങ്ങളില്ലാതെ."

ഉണ്ണി ബാലകൃഷ്ണന്‍ : കേരളം കമ്മ്യൂണിസത്തിന് വേരോട്ടമുള്ള ഒരു സംസ്ഥാനമാണ്. ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണകൂടം കേരളത്തിലായിരുന്നു. 13,14,15 വയസ്സുകളില്‍ താങ്കള്‍ മാര്‍ക്സിനെകുറിച്ചും, ഏംഗല്‍സിനെകുറിച്ചും, ലെനിനെക്കുറിച്ചുമൊക്കെ ധാരാളം വായിച്ചുണ്ടെന്ന് കേട്ടിട്ടുണ്ട്. പതിനാറാമത്തെ വയസ്സില്‍ താങ്കള്‍ മാര്‍ക്സിസം ഉപേക്ഷിച്ചെന്നും കേട്ടിട്ടുണ്ട്.

സദ്‌ഗുരു : അതിനും മുന്‍പ് തന്നെ വിട്ടു. 13, 14, 15 വയസ്സുകളില്‍ ഞാന്‍ ഒരല്‍പ്പം ചൂടനായിരുന്നു. അക്കാലത്ത്, മാര്‍ക്സിസമോ അല്ലെങ്കില്‍ മറ്റേതെങ്കിലും തത്വശാസ്ത്രമോ അല്ല, ഏത് അനീതി കണ്ടാലും കുപിതനാകുന്ന സ്വഭാവം ആയിരുന്നു എന്റേത്. അനീതി പരക്കെ ഉണ്ടായിരുന്നു. ജാതി, വര്‍ണ്ണം, സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അങ്ങിനെയെല്ലാ തുറകളിലും. ആന്ധ്രപ്രദേശില്‍ സായുധ കലാപം ഉടലെടുത്തു തുടങ്ങിയ കാലമായിരുന്നു അത്. സ്കൂളിലും കോളേജുകളിലുമൊക്കെ അവര്‍ പരസ്യമായിവന്നു സായുധ കലാപത്തിന് ആളെ ചേര്‍ക്കുന്ന കാലം. ഏതെങ്കിലും തരത്തിലുള്ള അസമത്വമോ, അനീതിയോ കണ്ടാല്‍ എന്‍റെ ചോര തിളയ്ക്കുമായിരുന്നു. മാര്‍ക്സും എംഗല്‍സും വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി, അവരുടെ ചിന്തകള്‍ ഉടലെടുത്തതും സഹാനുഭൂതിയില്‍നിന്നാണ്, സഹാനുഭൂതി അടിസ്ഥാനമാക്കിയ ചിന്തകളില്‍ നിന്ന്. ആ ചിന്തകള്‍ ശരിയാണെന്ന് എനിക്കും തോന്നി.

ഏതെങ്കിലും തരത്തിലുള്ള അസമത്വമോ, അനീതിയോ കണ്ടാല്‍ എന്‍റെ ചോര തിളയ്ക്കുമായിരുന്നു.

പക്ഷേ, മാര്‍ക്സിസത്തിന്‍റെയും കമ്മ്യൂണിസത്തിന്‍റെയും പേരില്‍ ആളുകള്‍ ചെയതു കൂട്ടുന്ന കാര്യങ്ങള്‍ കണ്ണില്‍ പെട്ടപ്പോള്‍, അതും അധികാരം നേടിയെടുക്കാനുള്ള മറ്റൊരു വഴിയാണെന്ന് മനസ്സിലായി. ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്ന് ഒരു പിടിയും കിട്ടിയില്ല. മാര്‍ക്സിസത്തിന്‍റെയും കമ്മ്യൂണിസത്തിന്‍റെയും സംവിധാനങ്ങള്‍ക്കുള്ളിലും ഞാന്‍ അനീതി കണ്ടു. ആദ്യമൊക്ക ഉള്ളില്‍ ഒരു സഹാനുഭൂതിയുള്ളതു കൊണ്ട് അതിനെ അംഗീകരിച്ചിരുന്നു. മാത്രമല്ല എന്റെ ക്ഷോഭത്തിന് അത് ഒരിടം നല്‍കിയിരുന്നു. മറ്റുള്ളിടത്തൊക്കെ ക്ഷോഭത്തെ അടക്കാന്‍ പ്രേരിപ്പിക്കുമ്പോഴും, കമ്മ്യൂണിസം ക്ഷോഭത്തിന് ഇടം കൊടുക്കാറുണ്ട്.

ചെഗുവേരെ പറഞ്ഞില്ലേ “നിങ്ങള്‍ ക്ഷുഭിതനാണെങ്കില്‍ നിങ്ങള്‍ ഞങ്ങളില്‍ ഒരാളാണ്” എന്ന്? അത് എന്‍റെ കാര്യത്തില്‍ ശരിയായിരുന്നു. . ലോകത്തുള്ള എല്ലാത്തിനോടും എനിക്ക് ദേഷ്യമായിരുന്നു, അത്രയധികം അനീതി ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഞാന്‍ അതിന്‍റെ പുറത്തേക്ക് ചിന്തിച്ചു തുടങ്ങി "ഇതുതന്നെയാണോ ശരിയായ പ്രതിവിധി? നിങ്ങള്‍ ആകെ ചെയ്യുന്നത് ഒരു അനീതിയെ മറ്റൊരു അനീതികൊണ്ട് ഇല്ലാതാക്കുകയല്ലേ? "

പതിനാറു വയസ്സൊക്കെ ആയതോടെ ഭാഗ്യത്തിന് ഞാന്‍ അതിന്‍റെ പുറത്ത് കടന്നു. എനിക്ക് ഒരു കളി പകുതിയില്‍ നിര്‍ത്തിയിറങ്ങാന്‍ അറിയില്ല. അതുകൊണ്ട് ചിലപ്പോള്‍ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേനേ, സായുധ കലാപത്തില്‍ പങ്കാളിയായേനേ. പക്ഷെ താമസിയാതെ തന്നെ ഞാന്‍ പുതിയൊരു മുദ്രാവാക്യം കണ്ടെത്തി – "ക്ഷോഭമില്ലെങ്കില്‍ നിങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാകും, അനന്തരഫലങ്ങളില്ലാതെ."

ഉണ്ണി ബാലകൃഷ്ണന്‍ : മനുഷ്യന്‍റെ ആഗ്രഹങ്ങളും പ്രകൃതവുമൊന്നും മനസ്സിലാക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ് മാര്‍ക്സിസം പരാജയപ്പെട്ടതെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സദ്‌ഗുരു : കാര്‍ള്‍ മാര്‍ക്സിന് ധനതത്വശാസ്ത്രത്തെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു, പക്ഷേ മനുഷ്യന്‍റെ പ്രകൃതത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. രസകരമായ ഒരു കഥയുണ്ട്, ശരിക്ക് നടന്നതാണോ അതോ മാര്‍ക് ട്വയിനിന്‍റെ ഭാവനാ സൃഷ്ടിയാണോ എന്നറിയില്ല. ലോകത്തുള്ള എതാണ്ട് എല്ലാ ബുദ്ധിജീവികളും മാര്‍ക്സിസത്തിന്‍റെ പ്രയോഗതലത്തില്‍ ആവേശം കൊണ്ടിരിക്കുകയായിരുന്നു. ‘ആര്‍ത്തിയല്ല, ഓരോ വ്യക്തിയുടെയും ആവശ്യമാണ് പ്രധാനം’ എന്ന അടിസ്ഥാനതത്ത്വമായിരുന്നു അതിന് കാരണം. റഷ്യയില്‍ കമ്യൂണിസ്റ്റ് ഭരണകൂടം വന്നപ്പോള്‍ അമേരിക്കയില്‍ നിന്ന് നിരവധി ബുദ്ധിജീവികള്‍ അതൊന്ന് കാണാന്‍ അങ്ങോട്ട് ചെന്നു. കൂടുതല്‍ ഉള്ളവരെല്ലാം ഇല്ലാത്തവര്‍ക്ക് നല്‍കണമെന്ന ആശയം വിപ്ലവാത്മകമായിരുന്നു. നല്ല ആശയമല്ലേ? ഏറ്റവും മാനുഷികമായ ആശയമാണത്.

നിങ്ങള്‍ക്കൊരുപാടുണ്ട്, എന്നിട്ടു നിങ്ങള്‍ പങ്കു വയ്ക്കലിനെക്കുറിച്ചു സംസാരിക്കുകയാണെങ്കില്‍ അതു പ്രശംസനീയമാണ്! കൈയിലൊന്നുമില്ലാത്തവനാണ് പങ്കു വയ്ക്കലിനെക്കുറിച്ചു പറയുന്നതെങ്കില്‍, നിങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് തത്ത്വശാസ്ത്രപരമായ കൊള്ളയെക്കുറിച്ചാണ്.

കഥയിങ്ങിനെ....മാര്‍ക്ക്‌ ട്വയിനും അന്ന് റഷ്യ കാണാന്‍ പോയി. ഒരു ഗ്രാമത്തിലെത്തി. എതിരെ ഒരു നാട്ടുകാരന്‍ നടന്നു വരുന്നു. അയാളുടെ രണ്ടു കക്ഷത്തിലും ഓരോ കോഴിയുമുണ്ട്. ട്വയിന്‍ അയാളെ പിടിച്ചു നിര്‍ത്തി ചോദിച്ചു, “നിങ്ങളുടെ നാട്ടില്‍, ഒരാള്‍ക്ക്‌ രണ്ടു വീടുണ്ടെങ്കില്‍ ഇല്ലാത്തവന് ഒന്ന് കൊടുക്കും എന്ന് പറയുന്നത് നേരാണോ?”
അയാള്‍ പറഞ്ഞു, “അതെ നേരാണ്, തീര്‍ച്ചയായും കൊടുക്കും. ഞാനും ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്.”
“നിങ്ങള്‍ക്ക് രണ്ടു കുതിര വണ്ടികളുണ്ടെങ്കില്‍, ഒന്ന് മറ്റൊരാള്‍ക്ക് കൊടുക്കുമോ?”
“സംശയമില്ല, കൊടുത്തിരിക്കും.”
ട്വയിന്‍ വീണ്ടും ചോദിച്ചു, “നിങ്ങള്‍ക്കു രണ്ടു കോഴികളുണ്ടല്ലോ, ഒന്നിനെ കൊടുത്തുകൂടേ?”
“സര്‍, അതെങ്ങനെ പറ്റും? എനിക്കാകെ ഈ രണ്ടു കോഴികളല്ലേയുള്ളൂ?”
അതായത്, ഈ പങ്കുവയ്ക്കലിനു മൂല്യമുണ്ടാകുന്നത് വാക്കുകളില്‍ മാത്രമാണ്. കാര്‍ള്‍ മാര്‍ക്സിന്‍റെ സ്വപ്നം ഇതായിരുന്നു - ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങള്‍ കമ്മ്യുണിസ്റ്റ് ആകുമെന്ന്. പക്ഷെ ദരിദ്രരില്‍ ദരിദ്രര്‍ കമ്മ്യൂണിസ്റ്റായി. അതായത്, പങ്കു വയ്ക്കാന്‍ ഒന്നുമില്ലാത്തവരാണ് പങ്കു വയ്ക്കുന്നതിനെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത്. നിങ്ങള്‍ക്കൊരുപാടുണ്ട്, എന്നിട്ടു നിങ്ങള്‍ പങ്കു വയ്ക്കലിനെക്കുറിച്ചു സംസാരിക്കുകയാണെങ്കില്‍ അതു പ്രശംസനീയമാണ്! കൈയിലൊന്നുമില്ലാത്തവനാണ് പങ്കു വയ്ക്കലിനെക്കുറിച്ചു പറയുന്നതെങ്കില്‍, നിങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് തത്ത്വശാസ്ത്രപരമായ കൊള്ളയെക്കുറിച്ചാണ്.

Photo courtsey to : http://image.slidesharecdn.com/fos102-lecture-7a-1230220696219623-1/95/slide-1-728.jpg?cb=1340182606

 
 
  0 Comments
 
 
Login / to join the conversation1