മനുഷ്യശരീരവും ഭൂമിയുമായിട്ടുള്ള അഭേദ്യമായ ബന്ധം

 

सद्गुरु

ഈ ഗ്രഹത്തിന് എന്തു സംഭവിക്കുന്നുവോ അതുതന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നു. എന്തെന്നാല്‍ നിങ്ങളുടെ ഭൗതികശരീരത്തില്‍ ഈ ഗ്രഹത്തിലുള്ളതിനെക്കാള്‍ കൂടുതലായി ഒന്നും തന്നെയില്ല.

നിങ്ങള്‍ കഴിക്കുന്ന ആഹാരമാണ് നിങ്ങളുടെ ശരീരം. നിങ്ങള്‍ കഴിക്കുന്ന ആഹാരം ഈ ഭൂമിതന്നെയാണ്. ഭൂമിയില്‍നിന്നും പൊട്ടിമുളച്ച് അതില്‍ അലഞ്ഞുതിരിയുകയാണ് നിങ്ങള്‍. ഈ ഗ്രഹത്തിന് എന്തു സംഭവിക്കുന്നോ, അതു സൂക്ഷ്മമായ മറ്റൊരുവിധത്തില്‍ നിങ്ങള്‍ക്കും സംഭവിക്കും.

ഈ ഗ്രഹം സൗരയൂഥമെന്നു നാം പറയുന്ന മറ്റൊരു വലിയ വസ്തുവിന്‍റെ ചെറിയൊരംശം മാത്രമാണ്. സൗരയൂഥത്തിന് എന്തുസംഭവിച്ചാലും അത് ഈ ഗ്രഹത്തിനും സംഭവിക്കും. പ്രപഞ്ചമെന്ന വളരെ വിസ്തൃതമായ ഒന്നിന്‍റെ ചെറിയ ഒരംശം മാത്രമാണസൗരയൂഥം. പ്രപഞ്ചത്തിന്‍റെ ഏതൊരു ഭാഗത്തും സംഭവിക്കുന്ന ഏതൊരു കാര്യങ്ങളെല്ലാം ഏതെങ്കിലും വിധത്തില്‍ ഈ ഗ്രഹത്തിലും സംഭവിക്കുന്നുണ്ട് . ഇപ്പോള്‍ ഇതിനെക്കുറിച്ച് ആലോചിക്കുന്നത് ഒരുപക്ഷേ നിങ്ങളുടെ ചിന്താശേഷിക്കും അപ്പുറമായിരിക്കും. ഈ ഗ്രഹത്തില്‍ സംഭവിക്കുന്നതെല്ലാം നിങ്ങളിലും സംഭവിക്കും. കാരണം നിങ്ങളുടെ ഭൗതികശരീരത്തില്‍ ഈ ഗ്രഹത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ല.

നിങ്ങളുടെ ശരീരം ഒരു പ്രത്യേകരീതിയില്‍ വച്ചാല്‍ ഭൂമിയിലുണ്ടാകുന്ന വളരെ സൂക്ഷ്മവും ചെറുതുമായ എല്ലാ മാറ്റങ്ങളും ഗ്രഹിക്കുവാന്‍ കഴിയും. അതുപോലെതന്നെ പ്രപഞ്ചത്തില്‍ എവിടെയും നടക്കുന്ന കാര്യങ്ങളും വിദൂരതയില്‍ നിന്നും അറിയാനാകും. ഒരിക്കല്‍ നിങ്ങള്‍ അവ ഗ്രഹിക്കുവാനുള്ള പ്രാപ്തിനേടിയാല്‍ നിങ്ങള്‍ക്കു ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങളുടെ ശരീരത്തില്‍ എല്ലായിടത്തും അനുഭവപ്പെടുന്നതാണ്. നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിച്ച് ഭൂമിയെയും ഭൂമിയുടെ രീതികളെയും ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ഇത്തരത്തിലുള്ള സംവേദനക്ഷമത നാടകീയമായി ഉയരുന്നതു കാണാം.

ഈ ഗ്രഹത്തിന് എന്തുസംഭവിക്കുന്നുവോ അതുതന്നെ നിങ്ങള്‍ക്കും അതിസൂക്ഷ്മമായ തലത്തില്‍ സംഭവിക്കുന്നു.


ഈ ഗ്രഹത്തിന് എന്തുസംഭവിക്കുന്നുവോ അതുതന്നെ നിങ്ങള്‍ക്കും അതിസൂക്ഷ്മമായ തലത്തില്‍ സംഭവിക്കുന്നു.

ഏതാനും വര്‍ഷങ്ങളായി ഞാന്‍ ഒരു കൃഷിസ്ഥലത്തു താമസിക്കുകയായിരുന്നു. അവിടെത്തന്നെ ഗ്രാമത്തിലുള്ള ഒരാള്‍ക്ക് കേള്‍വിസംബന്ധിച്ച തകരാറുണ്ടായിരുന്നു. അതിനാല്‍ അയാള്‍ക്ക് മറ്റുള്ളവരോട് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അയാള്‍ ഒരു ബുദ്ധിശൂന്യനാണെന്ന് ധരിച്ച് ജനങ്ങള്‍ അയാളെ അവഗണിച്ചുവെന്നു മാത്രമല്ല, കളിയാക്കുകയും ചെയ്തിരുന്നു. ഞാന്‍ അയാളെ കൃഷിസ്ഥലത്ത് അനുയായി ആയി നിയോഗിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ നല്ല അനുയായിയായിരുന്നു. കാരണം, എനിക്ക് ഒട്ടും സംസാരിക്കുവാന്‍ ഇഷ്ടമായിരുന്നില്ല. കേള്‍വിയില്ലാത്തതുകൊണ്ട് അയാള്‍ക്ക് സംസാരിക്കുവാനും കഴിയുമായിരുന്നില്ല. അതിനാല്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല! സംഭവം ട്രാക്ടറുകള്‍ വരുന്നതിനുമുമ്പായിരുന്നു. കാളകളെ ഉപയോഗിച്ച് ഉഴവു നടത്തുകയായിരുന്നു പതിവ്. ഒരുദിവസം രാവിലെ നാലുമണിക്ക് ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ കലപ്പ ശരിയാക്കിയെടുക്കുന്നു.

"എന്തുപറ്റി?" ഞാന്‍ ചോദിച്ചു.

"ഞാന്‍ ഉഴവിനു പോകുകയാണ്" അയാള്‍ പറഞ്ഞു.

ഞാന്‍ മുകളിലേക്കു നോക്കി. ആകാശം തെളിഞ്ഞിരുന്നു. "എന്തൊരു വിഡ്ഢിത്തം. മഴക്കോളൊന്നുമില്ലല്ലോ?"

"അല്ല സ്വാമീ ഇന്നു മഴ പെയ്യും".

അന്നു മഴ പെയ്യുകയും ചെയ്തു.

ഞാന്‍ ദിവസങ്ങളോളം രാപ്പകല്‍ ചിന്തിച്ചു. ആ മനുഷ്യന് അറിയാന്‍ കഴിഞ്ഞത് എനിക്ക് അറിയാന്‍ കഴിയാത്തത് എന്തുകൊണ്‍ാണ്? ഞാന്‍ കൈ പലതരത്തില്‍ പിടിച്ചുകൊണ്ട് താപനിലയും നീരാവിനിലയുമൊക്കെ അറിയാന്‍ ശ്രമിച്ചു. ആകാശവും ശ്രദ്ധിച്ചു. കാലാവസ്ഥാശാസ്ത്രം സംബന്ധിച്ച എല്ലാത്തരം പുസ്തകങ്ങളും ഞാന്‍ വായിച്ചു. ഒന്നും അറിയാന്‍ കഴിഞ്ഞില്ല. എന്‍റെ ശരീരത്തെയും ചുറ്റുപാടിനെയും ശ്രദ്ധയോടെ പരിശോധിച്ചപ്പോള്‍ നാം സാധാരണ വരുത്തുന്ന അടിസ്ഥാനപരമായ പിശക് എന്താണെന്നു കണ്ടെത്തി. നാം നമ്മുടെ ശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്ന മണ്ണ്, വെള്ളം, വായു, ആഹാരം, ഇന്ധനം എന്നീ വസ്തുക്കളെ വെറും ചരക്കുകളായാണ് കാണുന്നത്. ജീവിതമെന്ന പ്രക്രിയയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി കാണാറില്ല. പതിനെട്ടു മാസം ശരിക്കും കഠിനമായി പരിശ്രമിച്ചപ്പോള്‍ എനിക്കു കാര്യങ്ങള്‍ മനസ്സിലായി. ഇപ്പോള്‍ മഴപെയ്യുവാന്‍ പോകുകയാണ് എന്നു ഞാന്‍ പറഞ്ഞാല്‍ തൊണ്ണൂറുശതമാനവും മഴപെയ്യും. ഇതു മാജിക് ഒന്നുമല്ല. നിങ്ങളുടെ ശരീരവ്യൂഹത്തിന്‍റെ തികച്ചും വ്യത്യസ്തമായ തലങ്ങള്‍, മണ്ണ്, ശ്വസിക്കുന്ന വായു, നിങ്ങളുടെ ചുറ്റുപാടുമുള്ള എല്ലാം ഇവയുടെയൊക്കെ സൂക്ഷ്മനിരീക്ഷണം കൊണ്ടാണ് ഇതു സാധിക്കുന്നത്. ഇന്നു മഴപെയ്യുമെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ അതിനനുസരിച്ച ചില മാറ്റങ്ങള്‍ ഉണ്‍ാകും. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് മനസ്സിലാകില്ല. ഗ്രാമവാസികള്‍ക്ക് അത് ശ്രമമൊന്നുമില്ലാതെ തന്നെ അറിയാന്‍ കഴിയുകയും ചെയ്യും. മിക്കവാറും കീടങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയ്ക്കും അത് അറിയാന്‍ കഴിയും.


നാം നമ്മുടെ ശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്ന മണ്ണ്, വെള്ളം, വായു, ആഹാരം, ഇന്ധനം എന്നീ വസ്തുക്കളെ വെറും ചരക്കുകളായാണ് കാണുന്നത്. ജീവിതമെന്ന പ്രക്രിയയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി കാണാറില്ല.

ഗ്രാമങ്ങളിലുണ്ടാകുന്ന ഈ ചെറിയ വ്യത്യാസങ്ങളെ അറിഞ്ഞ് പഴയകാലത്തെ ജനങ്ങള്‍ അവയെ ആധ്യാത്മിക ഉന്നമനത്തിനായി ഉപയോഗിക്കുവാന്‍ ശ്രമിച്ചു. ഭൂമിയുടെ കാന്തികമധ്യരേഖ ഭാരതത്തിലൂടെയാണ് കടന്നുപോകുന്നത് എന്നുള്ള കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഏതാനും ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ പൗരാണികര്‍ അതിന്‍റെ ദിശ കൃത്യമായി നിര്‍ണയിക്കുകയും ആ കാന്തികമധ്യരേഖ കടന്നുപോകുന്നയിടങ്ങളില്‍ നിശ്ചിത അകലത്തില്‍ ക്ഷേത്രങ്ങള്‍ ഉണ്‍ാക്കുകയും ചെയ്തു. അവയില്‍ പ്രധാനമായ ഒന്നാണ് ചിദംബരം ക്ഷേത്രം. ഗ്രഹങ്ങള്‍ ചില പ്രത്യേക നിലകളിലെത്തുമ്പോള്‍ ആധ്യാത്മിക അന്വേഷകര്‍ അവിടെ എത്തിച്ചേരുന്ന പതിവ് നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്നു. ഈ ക്ഷേത്രത്തില്‍ ശൂന്യതയെ അഥവാ പൂജ്യത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരിടമുണ്ട് . ഭൂമിയുടെ കാന്തികത പൂജ്യമായ ഇടമാണ് അവിടം. അതിനുചുറ്റും അധിവസിക്കുന്നവരില്‍ അതിന്‍റെ പ്രഭാവമുണ്ട് . ഇത് വെറുതെ പ്രതീകാത്മകമായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതല്ല. ഒരാളെ അക്ഷരാര്‍ത്ഥത്തില്‍ പ്രാപഞ്ചികതലത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി നിര്‍മിച്ചിട്ടുള്ള ശക്തമായ ഒരു ഉപാധിയാണിത്.

ഇത് ഒരു തരത്തിലുള്ള ആധ്യാത്മിക സമ്പ്രദായമാണ്.മറ്റൊന്ന്, സൃഷ്ടിയിലുണ്‍ാകുന്ന ചെറിയ മാറ്റങ്ങളെയാകെ അവഗണിച്ചുകൊണ്ട് ആത്മാവിനെ സൃഷ്ടിയുടെ പ്രഭവസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്ന രീതിയാണ്. ഇവരണ്ടുമാണ് മൗലികമായ രണ്ടു വഴികള്‍. നിങ്ങള്‍ക്കുവേണമെങ്കില്‍ സാവധാനത്തില്‍ പടിപടിയായി മുന്നോട്ടുപോകാം. അല്ലെങ്കില്‍ എല്ലാ പടികളെയും അവഗണിച്ചുകൊണ്ട് ഒരു കുതിച്ചുചാട്ടം നടത്താം. ഒന്നില്‍ പൂര്‍ണ്ണ നിമഗ്നത ആവശ്യമാണ്, മറ്റേതില്‍ നാം നിലകൊള്ളുന്ന ചുറ്റുപാടുകളില്‍ നിന്നും മാറേണ്ടത് അനിവാര്യമാണ്. ഓരോരുരത്തര്‍ക്കും അവരവര്‍ക്കു യോജിച്ച രീതി തെരഞ്ഞെടുക്കാം. നാം ജീവിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ രണ്ടിന്‍റെയും സന്തുലിതമായ ഒരു രീതിയാണ് നല്ലത്.

 
 
  0 Comments
 
 
Login / to join the conversation1