മണ്ഡലക്രിയ... എന്നെ കീഴ്മേല്‍ മറിക്കുന്നു
ഇത്തരം ക്രിയകള്‍ നിങ്ങളുടെ പീനിയല്‍ ഗ്രന്ഥിയേ ഉണര്‍ത്തുന്നതിനാല്‍, അത് നിങ്ങളുടെ ഇപ്പോഴത്തെ അനുഭവതലങ്ങളെ ഇല്ലാതാക്കി തികച്ചും വ്യത്യസ്തങ്ങളായ മറ്റ് അനുഭവതലങ്ങള്‍ കാട്ടിത്തരുന്നു
 
 

सद्गुरु

സ്വബോധത്തോടെ ഇരിക്കുന്ന ആള്‍പോലും ഉണര്‍വോടെ ഇരിക്കാന്‍ പ്രയാസപ്പെടുമ്പോള്‍, ഒന്നു സങ്കല്‍പിച്ചു നോക്കൂ, മദ്യലഹരിയിലിരിക്കുന്ന ആള്‍ ഉണര്‍വിലെത്തണമെങ്കില്‍ അതിന് എത്ര വലിയ അവബോധം വേണ്ടി വരുമെന്ന്

അമ്പേഷി: സദ്‌ഗുരു'മണ്ഡലക്രിയകള്‍' ചെയ്തതിന്ശേഷം, എന്‍റെ ഉള്ളില്‍ ഒരു ചലനമുണ്ടായതായി ഞാനറിയുന്നു, അത് എന്നെ കീഴ്മേല്‍ മറിക്കുന്നു.

സദ്‌ഗുരു: ഈ ക്രിയകള്‍ നിങ്ങളുടെ പീനിയല്‍ ഗ്രന്ഥിയേ ഉണര്‍ത്തുന്നതിനാല്‍, അത് നിങ്ങളുടെ ഇപ്പോഴത്തെ അനുഭവതലങ്ങളെ ഇല്ലാതാക്കി തികച്ചും വ്യത്യസ്തങ്ങളായ മറ്റ് അനുഭവതലങ്ങള്‍ കാട്ടിത്തരുന്നു. ഹര്‍ഷോന്മാദത്തിലായിത്തീരുന്ന നിങ്ങളുടെ ശരീരത്തില്‍പ്പോലും അതിന്‍റെ മാധുര്യം തുളമ്പിനില്‍ക്കും. മണ്ഡലക്രിയകളില്‍ അനിവാര്യമായ 'കേചരിമുദ്ര' നിങ്ങള്‍ ഇനിയും പൂര്‍ണ്ണമാക്കിയിട്ടില്ല. യോഗ പരിശീലിപ്പിക്കുന്ന ചില കേന്ദ്രങ്ങളില്‍ പൂര്‍ണ്ണമായും കേചരിമുദ്ര ശീലിപ്പിക്കുന്നതിനായി ഇളം മുളന്തണ്ടിന്‍റെ കഷണമുപയോഗിച്ച് നാക്കിനെ, അണ്ണാക്കില്‍ നിന്ന് സ്വതന്ത്രമാക്കുന്നു. അതിന്‍റെ ഫലമായി ഒരാള്‍ എപ്പോഴും ഹര്‍ഷോന്മാദത്തിലായിത്തീരുന്നു. സമാധിയവസ്ഥയിലെ ഹര്‍ഷോന്മാദം ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കാന്‍ സാധിക്കും. ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ സമാധി അവസ്ഥ ആളുകള്‍ അനുഭവിക്കുന്നുള്ളു. എന്നാല്‍ ഇവിടെ ഒരാള്‍ ജീവിതകാലം മുഴുവന്‍ ആ അവസ്ഥയില്‍ കഴിയുന്നു. മോക്ഷത്തിനടുത്തുള്ള ഒരു ഉന്മാദാവസ്ഥയാണത്.

യോഗ പരിശീലിപ്പിക്കുന്ന ചില കേന്ദ്രങ്ങളില്‍ പൂര്‍ണ്ണമായും കേചരിമുദ്ര ശീലിപ്പിക്കുന്നതിനായി ഇളം മുളന്തണ്ടിന്‍റെ കഷണമുപയോഗിച്ച് നാക്കിനെ, അണ്ണാക്കില്‍ നിന്ന് സ്വതന്ത്രമാക്കുന്നു

നിങ്ങള്‍ ഈ ക്രിയകള്‍ ചെയ്യുമ്പോള്‍ നിങ്ങളിലെ പ്രാണന്‍ തടസ്സങ്ങളെല്ലാം ഭേദിച്ച് പെട്ടെന്ന് മുകളിലേക്ക് ചലിക്കുന്നു. ഭാരതത്തിലെ ക്ഷേത്രങ്ങളിലെ താന്ത്രിക വിദ്യയോട് ചെറിയ തോതില്‍ സാദൃശ്യമുള്ള ആദ്ധ്യാത്മിക ആചാരങ്ങള്‍ അമേരിക്കയിലെ ചില ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭാരതത്തില്‍ നാം ഇതിനെ ഒരു വലിയ ശാസ്ത്രമായി വികസിപ്പിച്ചിട്ടുണ്ട്. പരിമിതമായ രീതിയിലാണെങ്കിലും, അവിടെ അവര്‍ അതിന്‍റെ ചില വശങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി പ്രയോഗിക്കുന്നുണ്ട്. ഞാന്‍ ഒരു തമാശ പറയട്ടെ? അമേരിക്കയിലെ ഒരു വിശാലമായ പുല്‍പ്രദേശത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരാള്‍. അവിടുത്തെ ചെറിയ ഒരു പട്ടണത്തിലെ സത്രത്തില്‍ കയറി. ആഹാരം ഓര്‍ഡര്‍ ചെയ്തിട്ട് അയാള്‍ വെളിയില്‍ ഇറങ്ങിനിന്ന് ഒരു സിഗരറ്റ് കത്തിച്ചു. പുകവളയങ്ങള്‍ ഉണ്ടാക്കി, അവയില്‍ നോക്കി രസിച്ച്, ശാന്തനായി അയാള്‍ നിന്നു. അങ്ങിനെ ഒന്‍പതോ, പത്തോ വളയങ്ങള്‍ ഉണ്ടാക്കി വിട്ടുകഴിഞ്ഞപ്പോള്‍ ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍ വിദ്വേഷത്തോടെ അയാളെ സമീപിച്ച് ഇങ്ങിനെ പറഞ്ഞു,"ഇതുപോലെ ഒരു അഭിപ്രായപ്രകടനംകൂടി നടത്തിയാല്‍, നിന്‍റെ മുഖം ചമ്മന്തിയാക്കും"!

അമേരിക്കന്‍ ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ ഗൂഢ ക്രിയകളില്‍ പ്രാവീണ്യമുള്ള പലരുമുണ്ട്. ഞാന്‍ വാന്‍കോവറിലായിരുന്നപ്പോള്‍ അത്തരത്തിലൊരാളെയും അയാളുടെ മകളെയും കാണാനിടയായി. സാധനങ്ങള്‍ നിറച്ച പിക്കപ്പ് വാനിലായിരുന്നു അവര്‍ സഞ്ചരിച്ചിരുന്നത്. വെറുതെ സ്ഥലം കാണാനുള്ള കറക്കം. കുതിരയുടെ കാലം അസ്തമിച്ചതിനാല്‍, ട്രക്കില്‍ കറങ്ങുന്നു എന്നു മാത്രം. നീല ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു അയാളുടെ വേഷമെങ്കിലും അയാള്‍ ഒരു അസാധാരണ മനുഷ്യനായിരുന്നു. അയാള്‍ക്ക് ഏകദേശം എഴുപതും മകള്‍ക്ക് ഒരു മുപ്പതും വയസ്സ് തോന്നുമായിരുന്നു. ഞങ്ങള്‍ ഒരു പെട്രോള്‍ പമ്പില്‍ വെച്ചാണ് കണ്ടുമുട്ടി യത്. അയാള്‍ എന്‍റെ നേരെ വന്ന് വിന്‍ഡോ ഗ്ലാസ്സില്‍ തട്ടിയിട്ട് "സഹോദരാ,താങ്കളുടെ വരവിനെക്കുറിച്ച് കാറ്റു പറയുന്നുണ്ടായിരുന്നു" ഇത്രയും പറഞ്ഞ് തലകുലുക്കിയിട്ട് അയാള്‍ പോയി.

അവര്‍ ഈ രീതിയിലാണ് സംസാരിക്കാറ്. കാറ്റാണ് എപ്പോഴും സന്ദേശവാഹകന്‍. സൂക്ഷ്മബോധമുള്ള അവര്‍ക്ക് ജീവിതത്തെക്കുറിച്ച് തികച്ചും വ്യത്യസ്ത കാഴ്ചപ്പാടാണ് ഉള്ളത്. യോഗശാസ്ത്രത്തിലെ ഗൂഢതലങ്ങളെക്കുറിച്ചുള്ള അറിവ് ഈ ഗോത്രപരമ്പരകളില്‍ സജീവമായി നിലനിന്നിരുന്നു. നമുക്കുള്ളതുപോലെയൊരു ശാസ്ത്രം അവര്‍ക്കില്ലായിരിക്കാം. ബൃഹത്തായ ഒരു ശാസ്ത്രത്തിലെ, വേര്‍തിരിക്കപ്പെട്ട ചെറിയ ഒരുഭാഗം മാത്രമാണത്. കൂടുവിട്ട് കൂടു മാറുക (പരകായപ്രവേശം) പോലുള്ള പ്രവൃത്തികള്‍ അവരുടെ ഇടയില്‍ സാധാരണമായിരുന്നു. ഇങ്ങിനെ ശരീരങ്ങള്‍ മാറി ജീവിക്കുകയും പിന്നീട് വേണ്ടിവന്നപ്പോള്‍ തിരിച്ചുപോവുകയും ചെയ്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിനവരെ സഹായിക്കുന്നത് അവര്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന ചില ചെടികളാണ്. ഇവയില്‍ ചിലത് നിങ്ങളെ ഉന്മത്തരാക്കും. ഇവയെപ്പറ്റി ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്.

അനുയോജ്യമായ ചുറ്റുപാടുകളും വേണ്ട വിധത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശവും ലഭിക്കുകയാണെങ്കില്‍ ലഹരി വസ്തുക്കള്‍ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായകമാവും

അനുയോജ്യമായ ചുറ്റുപാടുകളും വേണ്ട വിധത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശവും ലഭിക്കുകയാണെങ്കില്‍ ലഹരി വസ്തുക്കള്‍ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായകമാവും. രാസപദാര്‍ത്ഥങ്ങളുടെ സഹായമുള്ളപ്പോള്‍ വളര്‍ച്ച വളരെയധികം വേഗത്തില്‍ സംഭവിക്കാം. ഇപ്പോള്‍ നാം ചെയ്യുന്നത് യോഗക്രിയകളിലൂടെ ശരീരവ്യവസ്ഥയില്‍ രാസമാറ്റങ്ങള്‍ വരുത്തുകയാണ്. ചെടിയില്‍നിന്നുള്ള സത്ത് ഉപയോഗിക്കുന്നതും രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും രണ്ടും രണ്ടാണ്. രാസപദാര്‍ത്ഥങ്ങള്‍ ശരീരത്തിന് ഹാനികരമാണ്. ഔഷധച്ചെടിയില്‍ നിന്നുള്ള പദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനവും രാസക്രിയകളിലൂടെയാണ്. അമേരിക്കന്‍ ഗോത്രവര്‍ഗക്കാര്‍ അതിനെ സഹായിക്കുന്നതിനുള്ള ചില ക്രിയകള്‍ ചെയ്യുന്നു. അതുപോലെ ചില ഔഷധസസ്യങ്ങള്‍ ആളുകളുടെ ജഡത മാറ്റി, അയവു വരുത്താന്‍ സഹായിക്കുന്നു. വെറുതെ ഉന്മത്തരാവാന്‍ വേണ്ടിയല്ല അവ ഉപയോഗിക്കുന്നത്. ഈ വഴിയില്‍ യഥാര്‍ത്ഥമായി സഞ്ചരിക്കുന്നവര്‍, ഉന്മത്തരാണെങ്കിലും, പൂര്‍ണ്ണമായും ഉണര്‍വുള്ളവരായിരിക്കും.

താന്ത്രികവിദ്യ അറിയുന്ന ഒരാള്‍ മൈസൂറിലുണ്ട്. അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ ആളുകള്‍ റം കുപ്പികളും കൂടെ കരുതും. അദ്ദേഹം വളരെക്കാലംമുമ്പ് പട്ടാളത്തില്‍ നിന്ന് വിരമിച്ചയാളായിരുന്നു. പലതരത്തിലുള്ള ദേവീ പൂജകളും, മറ്റു ഗൂഢവിദ്യകളും അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിന് പ്രസാദമായി അനുയായികള്‍ റം കുപ്പികള്‍ നല്‍കുമായിരുന്നു. വെള്ളം കുടിക്കുന്നതുപോലെ അദ്ദേഹം അത് അകത്താക്കിയിരുന്നെങ്കിലും ഒരിക്കലും തറയില്‍വീണ് ഉരുണ്ടിട്ടില്ല. ഏതുസമയത്തും തികച്ചും ജാഗരൂകനായിരുന്നു. പലപ്രാവശ്യം ഞാന്‍ അവിടെ പോയിട്ടുണ്ട്. പൂജ ചെയ്യുന്നതോടൊപ്പം വെള്ളം കുടിക്കുന്നതുപോലെ റം കുടിക്കുമായിരുന്നു. ഏത് സമയത്തും നാലഞ്ച് കുപ്പി റം അവിടെയുണ്ടാവും. അത് കുടിച്ചിട്ടേ അദ്ദേഹം ആളുകളെ കണ്ടിരുന്നുള്ളൂ. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട ആളുകളുടെ പ്രശ്നങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ രീതിയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഒരു സാധാരണ മനുഷ്യന് താങ്ങാവുന്നതിന് എത്രയോ ഇരട്ടി മദ്യം അദ്ദേഹം അകത്താക്കുമായിരുന്നെങ്കിലും ഒരിക്കലും സമനില തെറ്റിയിരുന്നില്ല. അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ച അനുയായികളില്‍ പലരും മുഴുക്കുടിയന്മാരായിത്തീര്‍ന്നത് എനിക്കറിയാം.

ഒരു സാധാരണ മനുഷ്യന് താങ്ങാവുന്നതിന് എത്രയോ ഇരട്ടി മദ്യം അദ്ദേഹം അകത്താക്കുമായിരുന്നെങ്കിലും ഒരിക്കലും സമനില തെറ്റിയിരുന്നില്ല

ആ മാര്‍ഗം അത്തരത്തിലുള്ളതാണ്. രാസപദാര്‍ത്ഥങ്ങള്‍ ആദ്ധ്യാത്മിക മാറ്റങ്ങള്‍ക്കായി ഉപയോഗിക്കുന്നവരില്‍ നൂറില്‍ ഒരാള്‍ മാത്രമേ അതില്‍ നിന്ന് സ്വതന്ത്രനാവുന്നുള്ളു. ബാക്കി തൊണ്ണൂറ്റി ഒന്‍പതും ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമയായിത്തീരുന്നു. അതിനാല്‍ ഈ പാത വളരെ അപകടം പിടിച്ചതാണ്. സ്വബോധത്തോടെ ഇരിക്കുന്ന ആള്‍പോലും ഉണര്‍വോടെ ഇരിക്കാന്‍ പ്രയാസപ്പെടുമ്പോള്‍, ഒന്നു സങ്കല്‍പിച്ചു നോക്കൂ, മദ്യലഹരിയിലിരിക്കുന്ന ആള്‍ ഉണര്‍വിലെത്തണമെങ്കില്‍ അതിന് എത്ര വലിയ അവബോധം വേണ്ടി വരുമെന്ന്. ലഹരിവസ്തുക്കളുടെ സ്വഭാവം തന്നെ നിങ്ങളെ ഉണര്‍വില്ലാതാക്കുന്നതാണ്.

അത്തരം വസ്തുക്കള്‍ ഉപയോഗിച്ച ശേഷവും പ്രജ്ഞയോടെ ഇരിക്കാന്‍ ശ്രമിക്കുന്നതു കഠിനമായ മാര്‍ഗമാണെങ്കിലും, അറിവുള്ളവര്‍ അടുത്തുണ്ടായാല്‍ അത് ഏറ്റവും വേഗതയേറിയ മാര്‍ഗമായിത്തീരും. സമാധിയുടെ വലിയ വലിയ അനുഭവങ്ങള്‍ സാധ്യമായിത്തീരുമെങ്കിലും, ലഹരിയുടെ ഭീതിദമായ ഉന്മാദാവസ്ഥകളിലേക്ക് വഴുതിവീഴാനുള്ള സാധ്യതകളും ഏറെയാണ്. സ്വയമേ ഭയമുള്ള ആളുകള്‍ ഇത്തരം മരുന്നുകള്‍ കഴിച്ചാല്‍ ഭയം കൊണ്ടുള്ള വിഭ്രാന്തിയിലെത്തിച്ചേരും. എന്നാല്‍ ഉറക്കത്തിലും പ്രജ്ഞയോടെ ഇരിക്കാന്‍ കഴിവുള്ള ഒരു സാധകന് തക്കതായ നിര്‍ദ്ദേശപ്രകാരം ഉപയോഗിച്ചാല്‍, ഈ മരുന്നുകള്‍ പ്രയോജനം ചെയ്യും, അതിന്‍റേതായ പ്രശ്നങ്ങള്‍ ഉണ്ടാകാമെങ്കില്‍പോലും.

എന്നാല്‍ യോഗമാര്‍ഗത്തില്‍ ഇത്തരം ഒരു ബാഹ്യസഹായവുമില്ലാതെതന്നെ ഹര്‍ഷോന്മാദത്തിലെത്താന്‍ വേണ്ടത്ര സൗകര്യങ്ങളുണ്ട്. നിങ്ങള്‍ അതിന് തയ്യാറാണെങ്കില്‍ ഏറ്റവും വലിയ ലഹരിയായി ഞാന്‍ ഇവിടെയുണ്ട്. ഉന്മത്തരാക്കുന്ന തരത്തിലുള്ള ഉണര്‍വിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോവാന്‍ എനിക്കാവും. അത് നിങ്ങളില്‍ത്തന്നെയുള്ളതാണ്. നിങ്ങള്‍ അതിന് തടസ്സമായി നില്‍ക്കരുത്. അത് താനേ സംഭവിക്കുവാന്‍ അനുവദിക്കുക, ഉന്മത്തരായിത്തീരുക. എല്ലാം കീഴ്മേല്‍ മറിയട്ടെ. അത് നിങ്ങളെ ഒരിക്കലും അടിമയാക്കുകയില്ല, പാര്‍ശ്വഫലങ്ങളുമില്ല.

 
 
  0 Comments
 
 
Login / to join the conversation1